Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്ത് ഏറ്റവും അധികം സന്ദർശകരെത്തുന്ന നഗരങ്ങളിൽ ഒന്നായ ദുബായ് തകർച്ചയുടെ വക്കിലേക്ക്; വരുമാനത്തിന്റെ 11% നൽകുന്ന വിനോദ സഞ്ചാര മേഖല ആദ്യ മൂന്ന് പാദങ്ങളിലും പ്രവർത്തിക്കാതിരിക്കുന്നത് നഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കും; നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം; റിയൽ എസ്റ്റേറ്റ് മേഖലയുടെയും നട്ടെല്ലൊടിയും; എണ്ണവിലയിലെ ഇടിവും കൊറോണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ദുബായ് എന്ന നഗരത്തിന്റെ കഥ.... ഒപ്പം യു എ ഇ യുടേയും

ലോകത്ത് ഏറ്റവും അധികം സന്ദർശകരെത്തുന്ന നഗരങ്ങളിൽ ഒന്നായ ദുബായ് തകർച്ചയുടെ വക്കിലേക്ക്; വരുമാനത്തിന്റെ 11% നൽകുന്ന വിനോദ സഞ്ചാര മേഖല ആദ്യ മൂന്ന് പാദങ്ങളിലും പ്രവർത്തിക്കാതിരിക്കുന്നത് നഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കും; നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം; റിയൽ എസ്റ്റേറ്റ് മേഖലയുടെയും നട്ടെല്ലൊടിയും; എണ്ണവിലയിലെ ഇടിവും കൊറോണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ദുബായ് എന്ന നഗരത്തിന്റെ കഥ.... ഒപ്പം യു എ ഇ യുടേയും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കേന്ദ്രീകൃതമായി ആസൂത്രണം ചെയ്യപ്പെട്ട സ്വതന്ത്രവിപണിയായ ദുബായിയുടെ സമ്പദ്ഘടന കെട്ടിപ്പടുത്തത് എണ്ണപ്പണത്തിൽ തന്നെയാണ്. എന്നാൽ ഇന്ന് മൊത്തം അഭ്യന്തര ഉദ്പാദനത്തിന്റെ (ജി ഡി പി) കേവലം 5% മാത്രമാണ് എണ്ണപ്പണം. 1970 കളിലും 80 കളിലും സുപ്രധാനമായ ഒരു വാണിജ്യകേന്ദ്രമായി ദുബായ് ഉയർന്നു.

ഏകദേശം 90 കൾ വരെ നിലനിന്നിരുന്ന സ്വർണ്ണത്തിന്റെ സ്വതന്ത്രവിപണി ലോകത്തിന്റെ പല രാജ്യങ്ങളിൽ നിന്നുമുള്ള സ്വർണ്ണക്കച്ചവടക്കാരെ ആകർഷിച്ചിരുന്നു. സ്വർണം ഇറക്കുമതിക്ക് നിയന്ത്രണമുള്ള രാജ്യങ്ങളിലേക്കുള്ള സ്വർണ്ണ കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രവും ദുബായ് ആയിരുന്നു.

ഏതാണ്ട് ഇതേ കാലഘട്ടത്തിൽ തന്നെ സാമ്പത്തിക രംഗത്ത് വൈവിധ്യം കൊണ്ടുവരുവാൻ ദുബായ് ശ്രമിച്ചിരുന്നു. ടൂറിസം മേഖലയിലായിരുന്നു പ്രധാനമായും ശ്രദ്ധയൂന്നിയത്. ഇതിനോടനുബന്ധിച്ച്, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, കെട്ടിടനിർമ്മാണം തുടങ്ങിയ മേഖലകളും പുഷ്ടിപ്രാപിച്ചുവന്നു. ഐ. ടി, ഫിനാൻസ് എന്നിവയാണ് പിന്നീട് ഇവിടെ വികാസം പ്രാപിച്ച രണ്ട് മേഖലകൾ.

റിയൽ എസ്റ്റേറ്റ് മേഖല

എണ്ണപ്പണത്തിൽ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയെ ദിശമാറ്റുവാൻ തീരുമാനിച്ചപ്പോൾ ആദ്യം ആശ്രയിച്ചത് വിനോദ സഞ്ചാര മേഖലയേയാണ്. അതിന്റെ ഭാഗമായി നിരവധി ഹോട്ടലുകൾ, മാളുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ ഉയര്ന്നു വന്നു. ഇത് റിയൽ എസ്റ്റേറ്റ് രംഗത്ത് ഒരു പുത്തൻ ഉണർവ്വുണ്ടാക്കി. അംബരചുംബികളും, കൃത്രിമ ദ്വീപുകളുമൊക്കെയായി ദുബായുടെ റിയൽ എസ്റ്റേറ്റ് മേഖല പുഷ്ടിപ്പെട്ടുവരുകയായിരുന്നു.

ഇതുമാത്രമല്ല, അതീവ ബുദ്ധിപരമായ നീക്കത്തിലൂടെ വിദേശ കമ്പനികളെ ആകർഷിക്കാൻ ഐ ടി പാർക്കുകൾ, ബയോടെക്നോളജി പാർക്കുകൾ, ഫാർമസ്യുട്ടിക്കൽ എസ്റ്റേറ്റ്, ജെനെടിക് റിസർച്ച് എസ്റ്റേറ്റുകൾ തുടങ്ങി വിവിധ മേഖലകളിലും ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖല കൈകടത്തി. ഇതിന്റെ തണലിൽ വളർന്ന് വന്ന കെട്ടിടനിർമ്മാണ മേഖല അവിദഗ്ദരായ ലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് തൊഴിൽ ഉറപ്പാക്കിയത്. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും കുടിയേറിയ അവിദഗ്ദ തൊഴിലാളികളുടെ ചോരയും നീരും ഊറ്റിയാണ് ഇവിടെ കെട്ടിട നിർമ്മാണ മേഖല വളർന്ന് പന്തലിച്ചത്.

ഈ അടിസ്ഥാന സൗകര്യ വികസനം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം ദുബായിലേക്ക് ഒഴുകുവാൻ കാരണമായി. ഇറാനിൽ നിന്നു മാത്രം 2000 ങളിൽ ഏകദേശം 200 ബില്ല്യൺ ഡോളറിന്റെ നിക്ഷേപമാണ് ദുബായിലുണ്ടായത്. ഈ കാലയളവിൽ ഇറാനുമായുള്ള വ്യാപാരവും വർദ്ധിച്ചു. 2000 ത്തിൽ ആരംഭിച്ച ഈ വളർച്ച അതിന്റെ ഔന്നത്യത്തിൽ എത്തിയത് 2008 ൽ ആയിരുന്നു. ഇടയ്ക്കൊരു തളർച്ച അനുഭവപ്പെട്ടെങ്കിലും 2013 വരെ ഈ നില തുടർന്നു.

2014 മുതൽ ഈ മേഖലയിൽ ചില നിയന്ത്രണങ്ങൾ സർക്കാർതലത്തിൽ കൊണ്ടുവന്നു. കെട്ടിട കൈമാറ്റ നികുതി 2% ഉണ്ടായിരുന്നത് 4% ആക്കി ഉയർത്തി. മാത്രമല്ല, ദുബായിയിൽ വസ്തു വാങ്ങുവാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്ക് രാജ്യത്ത് ശക്തമായ സാന്നിദ്ധ്യം വേണമെന്ന നിയമം കൊണ്ടുവന്നു. മാത്രമല്ല, ഈ കമ്പനികൾ വേറെ കമ്പനികളുടെ ഉടമസ്ഥതയിൽ ആകരുത്, ഒരു വ്യക്തിയുടേയോ ഒരു കൂട്ടം വ്യക്തികളുടേയോ ഉടമസ്ഥതയിൽ ഉള്ളതായിരിക്കണം എന്നുള്ള നിബന്ധനയും കൊണ്ടുവന്നു. ഈ രംഗത്തെ ഊഹക്കച്ചവടം അവസാനിപ്പിക്കുവാനായിരുന്നു ഈ നടപടികൾ.

വിനോദ സഞ്ചാര മേഖല

റിയൽ എസ്റ്റേറ്റ് പോലെത്തന്നെ ദുബായിയുടെ സമ്പദ്ഘടനയിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന മറ്റൊരു മേഖലയാണ് വിനോദ സഞ്ചാര മേഖല. ലോകത്ത് ഏറ്റവുമധികം വിനോദ സഞ്ചാരികളെത്തുന്ന നഗരങ്ങളിൽ ഒന്നാണ് ഇന്നത്തെ ദുബായ്. 2019 ജനുവരി മുതൽ ജൂൺ വരെ ഏകദേശം 8.36 സഞ്ചാരികളാണ് ദുബായ് സന്ദർശിച്ചത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യാക്കാർ ആയിരുന്നു. 2017 ൽ ഒരു ദിവസം വിനോദ സഞ്ചാരികൾ ദുബായിൽ ചെലവഴിച്ചത് 29.70 മില്ല്യൺ ഡോളറായിരുന്നെങ്കിൽ 2018 ൽ അത് 30.82 ഡോളറായി ഉയർന്നു. ദുബായിൽ എത്തുന്ന മൊത്തം വിനോദസഞ്ചാരികളിൽ നിന്നുള്ള ഒരു ദിവസത്തെ വരുമാനമാണിത്.

അൽ ഫഹിദി കോട്ട, ഹട്ടാ പൈതൃക ഗ്രാമം തുടങ്ങിയ പൈതൃകങ്ങൾക്കൊപ്പം ആധുനിക തീം പാർക്കുകളും സാഹസിക ടൂറിസത്തിനുള്ള ഇടങ്ങളും. ദുബായിലുണ്ട്. ലോകത്തിലെ ഏറ്റവും വിലകൂടിയ കുതിരപ്പന്തയമായ ദുബായ് വേൾഡ് കപ്പ്, ദുബായ് ക്ലാസിക് ഗോൾഫ് ചാമ്പ്യൻഷിപ്പ്, ദുബായ് ഇന്റർനാഷണൽ റാലി തുടങ്ങി കായികപ്രേമികളെ ആകർഷിക്കാനുള്ള നിരവധി സാഹചര്യങ്ങളും ദുബായിലുണ്ട്.ഇത് കൂടാതെയാണ് അത്യാധുനിക ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ ടൂറിസം.ലോകത്തിലേതന്നെ ഏറ്റവും വലിയ ഷോപ്പിങ് ഹബ്ബുകളിൽ ഒന്നായ ദുബായ്, ഷോപ്പിങ് ശീലമാക്കിയവർക്കും പ്രിയപ്പെട്ട ഇടമാണ്.

ഈ പശ്ചാത്തലത്തിലാണ് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ദുബായിലെത്തിക്കുവാനുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് ദുബായ് മുന്നോട്ട് പോയത്. 2013ൽ സർക്കാർ മുന്നോട്ട് വച്ച ദുബായ് ടൂറിസം സ്ട്രാറ്റജി 2020 അതിന്റെ ഭാഗമായിരുന്നു. 2020 ഓടെ പ്രതിവർഷം 20 ദശലക്ഷം സന്ദർശകരെ ദുബായിൽ എത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശം. ലോകത്തിലെ വിനോദ സഞ്ചാരികളുടെയും ബിസിനസ്സ് യാത്രകൾ നടത്തുന്നവരുടെയും ആദ്യ പരിഗണന ദുബായിക്കായിരിക്കണം എന്ന രീതിയിലായിരുന്നു ആസൂത്രണം. പിന്നീട് 2018-ൽ ഈ പദ്ധതി നവീകരിച്ച് 2022 -ൽ 21-23 ദശലക്ഷം സന്ദർശകരേയും 2025 -ക് 23-25 ദശലക്ഷം സന്ദർശകരേയും എത്തിക്കുക എന്ന ലക്ഷ്യം വച്ചു.

2009-ലെ സാമ്പത്തിക പ്രതിസന്ധി

എണ്ണപ്പണം അടിസ്ഥാനമാക്കിയാണ് ദുബായുടെ സമ്പദ്ഘടന കെട്ടിപ്പടുത്തതെങ്കിലും 2019 ആയപ്പോഴേക്കും മൊത്തം സമ്പദ് വ്യവസ്ഥയിൽ എണ്ണപ്പണത്തിന്റെ പങ്ക് 6% മാത്രമായി കുറഞ്ഞിരുന്നു. മാത്രമല്ല, യു എ ഇ യുടെ എണ്ണ പ്രകൃതിവാതക സമ്പത്തിൽ ദുബായുടെ പങ്ക് വെറും 2% മാത്രമായി കുറയുകയും ചെയ്തിരുന്നു. റിയൽ എസ്റ്റേറ്റും കെട്ടിടനിർമ്മാണവും സമ്പദ് വ്യവസ്ഥയുടെ 22.6% കൈയാളുവാൻ തുടങ്ങിയിരുന്നു. വ്യാപാരം 15%, സാമ്പത്തിക സേവന മേഖല 11% എന്നിങ്ങനെയായിരുന്നു മറ്റ് മേഖലകളുടെ സംഭാവന.

കൃത്രിമമായി ഉണ്ടാക്കിയ റിയൽ എസ്റ്റേറ്റ് മേഖലയിൽ വാങ്ങിയ വായ്പ തിരിച്ചുനൽകാനുണ്ടായ കാലതാമസമാണ് ഈ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്. അഗോളതലത്തിൽ തന്നെ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഉപോത്പന്നമായിരുന്നു ഇതെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തിയത്. ഏതായാലും ഇത് കനത്ത ആഘാതമാണ് ഈ മേഖലയിൽ ഉണ്ടാക്കിയത്. ചില വസ്തുക്കൾക്ക് 64% വരെ വിലയിടിഞ്ഞു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ ദുരന്തം റിയൽ എസ്റ്റേറ്റ് മേഖലയിൽ മാത്രമായി ഒതുങ്ങി നിന്നില്ലെന്നതാണ് വാസ്തവം. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഓഹരിക്കമ്പോളവും കുത്തനെ ഇടിഞ്ഞു. ലോകത്തിലെ സമ്പദ്ഘടനകളിൽ ഏറ്റവുമധികം ലോലമായ സമ്പദ്ഘടനകളിലൊന്നാണ് ദുബായിയുടേതെന്ന് ഈ സംഭവം തെളിയിച്ചു.

തകർന്നുകൊണ്ടിരിക്കുന്ന വിപണിയും കൊറോണയുടെ ആക്രമണവും

2009-ലെ തകർച്ചയിൽ നിന്നും പൂർണ്ണമായും കരകയറുവാൻ ദുബായിക്കായിരുന്നില്ല, പ്രത്യേകിച്ച് സമ്പദ്ഘടനയിൽ സ്വാധീനം ചെലുത്തുന്ന റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക്. 2014 ൽ ഉണ്ടായിരുന്നതിനേക്കാൾ വസ്തുക്കാൾക്ക് വില ഏകദേശം 30% വരെ കുറഞ്ഞു എന്നാണ് കണക്കാക്കപ്പെടുന്നത്. അതുപോലെ ലഭ്യമായ ഹോട്ടലുകളിലെ ഒരു മുറിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ 25% ത്തിന്റെ കുറവും വന്നു. കഴിഞ്ഞ വർഷം ദുബായുടെ സാമ്പത്തിക വളർച്ച് 1.94% മാത്രമായിരുന്നു. 2009 ലെ ഇരുണ്ട ദിനങ്ങൾക്ക് ശേഷമുള്ള ഏറ്റവും സാവധാനത്തിലുള്ള വളർച്ചയായിരുന്നു അത്.

പുറമേ ദൃശ്യമായില്ലെങ്കിലും ദുബായിയുടെ സമ്പദ്ഘടന മെല്ലേ തകർന്നു കൊണ്ടിരിക്കുകയായിരുന്നു. അല്ലെങ്കിൽ, 2009 ലെ തകർച്ച്ക്ക് ശേഷം സ്ഥിരതയ്യാർന്ന ഒരു വളർച്ച രേഖപ്പെടുത്താൻ ദുബായിക്കായില്ല. 2019 ൽ ദുബായിയുടെ സോവറിൻ ഡെബ്റ്റ് ജി ഡി പി യുടെ 110% ആയിരുന്നു. ഐ എം എഫ് ന്റെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന ഡെബ്റ്റ്-ടു-ജിഡിപി അനുപാതങ്ങളിലൊന്ന്.

ഈ പശ്ചാത്തലത്തിൽ വേണം ദുബായിയിൽ കോവിഡ് ബാധ ഉണ്ടാക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം പരിശോധിക്കുവാൻ. നഗരത്തിലെ ബിസിനസ്സ് സ്ഥാപനങ്ങളി എഴുപത് ശതമാനവും സാമ്പത്തിക ബുദ്ധിമുട്ടിൽ അടുത്ത ആറ് മാസത്തിനുള്ളിൽ ഒരുപക്ഷെ പ്രവർത്തനം നിർത്തേണ്ടിവരിക തന്നെ ചെയ്യും എന്ന് ഭയക്കുന്ന ഒരവസ്ഥയിൽ എത്തിയിരിക്കുകയാണ്. ദുബായിയിൽ ലോക്ക്ഡൗൺ ഉണ്ടാക്കിയ പ്രതിസന്ധികളുടെ ആഴം അറിയുവാൻ ദുബായി ചേമ്പർ ഓഫ് കോമേഴ്സ്, രാജ്യത്തെ ബിസിനസ്സുകാർക്കിടയിൽ നടത്തിയ സർവ്വേ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോർട്ട് കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് പുറത്തുവന്നത്.

മഹാവ്യാധിയുടെ വ്യാപനം തടയുവാൻ എടുത്ത നടപടികൾ ജനങ്ങളെ വീടുകൾക്കുള്ളിൽ അടച്ചിട്ടു. അത്യാവശ്യ സാധനങ്ങളുടെ വിപണനമല്ലാതെ വിപണി തീർത്തും ഉറങ്ങുകയായിരുന്നു. വലിയൊരു വ്യാപാരം പ്രതീക്ഷിച്ചിരുന്ന ഈദ് വിപണിയും ലോക്ക്ഡൗണിൽ മുങ്ങിപ്പോയി. കോവിഡിന്റെ രണ്ടാം വരവിന്റെ ഭീഷണി ഇപ്പോഴും ദുബായ്ക്ക് മീതെയുണ്ട്. ഇത് ലോക്ക്ഡൗൺ ഇനിയും നീട്ടിക്കൊണ്ടുപോകുമോ എന്ന ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. . ഏപ്രിൽ 16 നും 22 നും ഇടയിൽ നടന്ന സർവ്വേയിൽ പങ്കെടുത്ത 1,228 സി ഇ ഒ മാരിൽ ഭൂരിഭാവം പേരും ഈ ആശങ്ക പങ്കുവച്ചു.

എണ്ണവിപണിയെ ആശ്രയിക്കാനാകാതെ ദുബായ്

പടുത്തുയർത്തിയത് എണ്ണപ്പണത്തിനു മേലാണെങ്കിലും ഇന്ന് എണ്ണയിൽ നിന്നുള്ള വരുമാനം കൊണ്ടുമാത്രം നടത്തിക്കൊണ്ടുപോകാനാകാത്തതാണ് ദുബായ് എന്ന നഗരം. മാത്രമല്ല, യു എ ഇ യുടെ തലസ്ഥാനമായ അബുദാബിയെപ്പോലെ വലിയ എണ്ണശേഖരമൊന്നും ദുബായിക്കില്ല.മൊത്തം സമ്പദ്ഘടനയുടെ 5% മാത്രമാണ് എണ്ണപ്പണം ഉള്ളത് എന്നതോർക്കണം.അന്ന് എണ്ണപ്പണത്തെ മാത്രം ആശ്രയിക്കാതിരിക്കാനായി കെട്ടിപ്പടുത്ത മേഖലകളാണ് ഇന്ന് ദുബായിയുടെ പ്രധാന വരുമാന സ്രോതസ്സ്. ഈ മേഖലകളാണ് ഇന്ന് ഏറെ തകർച്ചയെ അഭിമുഖീകരിക്കുന്നത്. മാത്രമല്ല, കുറയുന്ന എണ്ണവിലയും അതിന്റേതായ ഒരു പങ്ക് ഈ പ്രതിസന്ധിയിൽ വഹിക്കുന്നുണ്ട്.

തകരുന്ന വിനോദ സഞ്ചാരമേഖല

ഒരു തരത്തിൽ പറഞ്ഞാൽ ദുബായിയുടെ സാമ്പത്തികാഭിവൃദ്ധി പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടായ പുരോഗതി മുതൽ, വിവിധ മേഖലകളിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കാനായത് വരെ വിനോദ സഞ്ചാര സൗകര്യം വർദ്ധിപ്പിച്ചുകൊണ്ട് സന്ദർശകരെ ആകർഷിച്ചതുവഴിയായിരുന്നു. ഈ മേഖലയാണ് ഇന്ന് അതീവ ഗുരുതര പ്രതിസന്ധിയിൽ ആയത്.

ഈ വർഷത്തിന്റെ മൂന്ന് പാദങ്ങളോളം അടഞ്ഞുകിടക്കേണ്ടിവരും ഈ മേഖലക്ക് എന്നാണ് സൂചന. ഇത് ഈ മേഖലയിൽ വരുത്താൻ പോകുന്ന നഷ്ടം ചില്ലറയൊന്നുമല്ല. ഇവിടെ എത്തുന്ന സന്ദർശകരെ മുഖ്യമായും ആശ്രയിക്കുന്ന വ്യോമയാന മേഖല, ഹോസ്പിറ്റാലിറ്റി സെക്ടർ, ചില്ലറ വിപണന മേഖല തുടങ്ങി നിരവധി മേഖലകൾ ഇതുമൂലം ബുദ്ധിമുട്ടിലാകും.അതിനേ തുടര്ന്നുള്ള തൊഴിൽ നഷ്ടം, വരുമാന നഷ്ടം തുടങ്ങിയവ റിയൽ എസ്റ്റേറ്റ് - കെട്ടിട നിർമ്മാണ മേഖലകളേയും വിപരീതമായി ബാധിക്കും.

തകരുന്ന സമ്പദ്വ്യവസ്ഥയെ പിടിച്ചുനിർത്താൻ 408മില്ല്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് ഇതിനകം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വയം പ്രശ്നങ്ങളിൽ ഉഴലുകയാണെങ്കിലും 27 ബില്ല്യൺ ഡോളറിന്റെ സഹായം അബുദാബിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ 70 ബില്ല്യൺ ഡോളറിന്റെ കടാശ്വാസ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു. എന്നാലും ഇതുകൊണ്ടൊന്നും സാമ്പത്തിക നില പഴയപടി ആക്കുവാൻ കഴിയില്ലെന്നാണ് ബിസിനസ്സ് രംഗത്തുള്ളവർ പറയുന്നത്. കോവിഡ് ബാധമുല്ലം 2020 ൽ ഉണ്ടാകാൻ പോകുന്ന സാമ്പത്തിക തകർച്ച 2008-2009 ലേതിനേക്കാൾ ഭീകരമായിരിക്കും എന്ന് സാമ്പത്തിക വിദഗ്ദരും പറഞ്ഞിട്ടുണ്ട്.

സാമ്പത്തിക തകർച്ചയും തൊഴിൽ നഷ്ടവും

2008-2009 കാലഘട്ടത്തിലേതിനേക്കാൾ ഭീകരമായിരിക്കും 2020-ൽ കൊറോണ മൂലമുള്ള സമ്പത്തിക നഷ്ടം എന്നാണ് ഐ എം എഫ് പറയുന്നത്. മദ്ധ്യപൂർവ്വ ദേശങ്ങളിൽ പൊതുവേ കനത്ത സാമ്പത്തിക മാന്ദ്യം പ്രവചിച്ചിട്ടുണ്ട്. ഇത്തരം ഒരു അവസ്ഥയിൽ നിരവധി ബിസിനസ്സ് സ്ഥാപനങ്ങളായിരിക്കും പൂട്ടിപ്പോവുക. അല്ലാത്ത സ്ഥാപനങ്ങളിൽ തന്നെ ജീവനക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തേണ്ടിവരും.

യു എ ഇ യിൽനിന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ റെജിസ്‌റ്റ്രേഷൻ സൗകര്യം എർപ്പെടുത്തി കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഏകദേശം 1,50,000 ഇന്ത്യാക്കാർ അതിൽ റെജിസ്ട്രർ ചെയ്തു എന്നുള്ളത് വരാനുള്ള നാളുകളുടെ ഭീകരത വിളിച്ചോതുന്നു. ഇവരിൽ 40% പേരും പ്രത്യേക നൈപുണ്യം ആവശ്യമില്ലാത്ത തൊഴിൽ മേഖലകളിൽ ജോലിചെയ്തിരുന്ന തൊഴിലാളികളാണ്. ഇതിൽ 25% പേർക്കും ജോലി നഷ്ടപ്പെട്ടതിനാൽ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടിവന്നത്.

കെട്ടിട നിർമ്മാണ മേഖലയിലാണ് അവിദഗ്ദ തൊഴിലാളികൾ ഏറെ ജോലിചെയ്യുന്നത്. ഈ മേഖലയുടെ തകർച്ച രണ്ടുവിധത്തിലാണ് തൊഴിൽ നഷ്ടത്തിന് കാരണമാകുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന തൊഴിൽ നഷ്ടം ഒരു ഭാഗത്ത് ഉണ്ടാകുമ്പോൾ, ചെലവു ചുരുക്കലിന്റെ ഭാഗമായി ഈ മേഖലയിൽ നടത്തുന്ന ഓട്ടോമേഷനും നിരവധി തൊഴിൽ നഷ്ടത്തിന് കാരണമാകും. ഇത്തരം തൊഴിലിടങ്ങളിൽ, യന്ത്രസാമഗ്രികൾ ഉപയോഗിക്കുവാൻ തുടങ്ങിയതോടെ കയറ്റിറക്ക് തൊഴിലാളികളുടെ സാദ്ധ്യത കുറഞ്ഞത് നാം കണ്ടതാണ്. കോൺക്രീറ്റ് മിക്സർ പോലെയുള്ളവ വീണ്ടും തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്തി. ആ പ്രവണത ഇനിയും തുടരുമ്പോൾ അനവധി പേർക്ക് ഇനിയും തൊഴിൽ നഷ്ടപ്പെടും.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ഏറ്റവും അധികം ജോലിചെയ്യുന്ന മറ്റു രണ്ട് മേഖലകളാണ് ഹോസ്പിറ്റാലിറ്റി മേഖലയും ചില്ലറ വില്പന മേഖലയും. പൂർണ്ണമായും ഇവിടെയെത്തുന്ന സഞ്ചാരികളിൽ ആശ്രയിച്ച് കഴിയുന്ന ഈ രണ്ട് മേഖലകളും, വിനോദ സഞ്ചാരമേഖല തകർന്ന് കഴിഞ്ഞാൽ പിന്നെ നിലനില്പില്ലാതെയാകും. ഇവിടെയും ജോലി നഷ്ടപ്പെടുന്നത് ആയിരങ്ങൾക്കായിരിക്കും. പുതിയ പാക്കേജുകൾ കൊണ്ടൊന്നും ഈ മേഖലകളെ ഉണർത്താവുമെന്ന വിശ്വാസം ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്നില്ലാതെയായിരിക്കുന്നു. യു എ ഇ ആകമാനം 64% പേരാണ് തൊഴിൽ നഷ്ടമോ ശമ്പളം വെട്ടിച്ചുരുക്കുന്ന നടപടിയോ അഭിമുഖീകരിക്കാൻ പോകുന്നത് എന്നാണ് കണക്കുകൾ പറയുന്നത്.

ഉള്ളതൊഴിൽ നഷ്ടപ്പെടുകയും മറ്റൊന്ന് ലഭിക്കാൻ സാദ്ധ്യത തീരെയില്ലാതെയാവുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇന്ന് യു എ ഇയിലെ വിദേശ തൊഴിലാളികൾക്ക് മുന്നിലുള്ളത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുമ്പോൾ വിദേശികളെയായിരിക്കണം ആദ്യം പിരിച്ചുവിടേണ്ടതെന്ന നിലപാട് പല രാജ്യങ്ങളും സ്വീകരിച്ചതോടെ വിദേശികളുടെ പ്രശ്നം കൂടുതൽ ഗുരുതരമായി. ഇന്ത്യാ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, തുടങ്ങിയ രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യം കൂടിയാണിത്, കാരണം ഏറ്റവും അധികം കുടിയേറ്റ തൊഴിലാളീകളുള്ളത് ഈ രാജ്യങ്ങളീൽ നിന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP