Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നേരിടാൻ പോകുന്നത് ബ്രിട്ടന്റെ 300 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; കൊറോണക്കാലത്ത് തൊഴിൽ നഷ്ടവും പട്ടിണിയും ബ്രിട്ടനെയും കാർന്ന് തിന്നുമെന്ന് സൂചിപ്പിച്ച് ചാൻസലർ ഋഷി സുനക്

നേരിടാൻ പോകുന്നത് ബ്രിട്ടന്റെ 300 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; കൊറോണക്കാലത്ത് തൊഴിൽ നഷ്ടവും പട്ടിണിയും ബ്രിട്ടനെയും കാർന്ന് തിന്നുമെന്ന് സൂചിപ്പിച്ച് ചാൻസലർ ഋഷി സുനക്

സ്വന്തം ലേഖകൻ

യുകെയിൽ കൊറോണ വൈറസ് തീർത്ത പ്രതിസന്ധി രോഗബാധയും മരണങ്ങളും നിലച്ചാലും അത്ര വേഗമൊന്നും കെട്ടടങ്ങില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. നേരിടാൻ പോകുന്നത് ബ്രിട്ടന്റെ 300 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നതിനെ തുടർന്ന് മലയാളി കുടിയേറ്റക്കാർ അടക്കമുള്ള അനേകം വിദേശികൾ ബ്രിട്ടനിൽ നിന്നും കെട്ട് കെട്ടി സ്വന്തം നാടുകൽലേക്ക് മടങ്ങാനുള്ള സാധ്യതയും ശക്തമാകുന്നുണ്ട്. ഇതിന് പുറമെ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന പട്ടിണിയും ബ്രിട്ടനെയും കാർന്ന് തിന്നുമെന്ന കടുത്ത മുന്നറിയിപ്പാണ് ചാൻസലർ ഋഷി സുനക് ഉയർത്തിയിരിക്കുന്നത്.

മൂന്ന് ശതാബ്ദങ്ങളുടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തി പ്രതിസന്ധിയെ നേരിടുന്നതിനായി ചാൻസലർ എമർജൻസി ബഡ്ജറ്റിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് വരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതിസന്ധിയുടെ ഫലമായി വരാനിരിക്കുന്ന മാസങ്ങളിൽ മില്യൺ കണക്കിന് തൊഴിലുകൾ രാജ്യത്ത് നിന്നും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ മലയാളികൾ അടക്കമുള്ള നിരവധി കുടിയേറ്റക്കാർ ഇവിടെ നിന്നും വിട്ട് പോകാൻ നിർബന്ധിതരാകുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട്. ദിവസങ്ങളോളം നീണ്ട ലോക്ക്ഡൗൺ മൂലം സമ്പദ് വ്യവസ്ഥയിലെ എല്ലാ മേഖലകളും വൻ പ്രതിസന്ധിയിലായിരിക്കുന്നതിനെ തുടർന്നാണ് വൻ തോതിൽ തൊഴിലുകൾ നഷ്ടപ്പെടാൻ പോകുന്നത്.

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഉടനെയൊന്നും കരകയറില്ലെന്ന മുന്നറിയിപ്പ് ആവർത്തിച്ച് മുഴക്കിയാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ മുന്നോട്ട് വന്നിരിക്കുന്നത്.കൊറോണ പ്രതിസന്ധിയിൽ വ്യക്തികളും സ്ഥാപനങ്ങളും സ്ഥിരമായ തകർച്ചയിലേക്ക് കൂപ്പ് കുത്തുന്നത് തടയുന്നതിനായി ചാൻസലർ തുടർച്ചയായി സാമ്പത്തിക സഹായങ്ങൾ ഏകിക്കൊണ്ടിരിക്കുന്നതിനാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിനൊരു പരിഹാരമെന്ന നിലയിലാണ് ചാൻസലർ എമർജൻസി ബഡ്ജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

കൊറോണ പ്രതിസന്ധിയിൽ നിന്നും തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ഫർലോ സ്‌കീം, സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള പദ്ധതികൾ തുടങ്ങിയവക്ക് മാത്രം സർക്കാരിന് ഇത് വരെ 100 ബില്യൺ പൗണ്ട് ചെലവാക്കേണ്ടി വന്നിട്ടുണ്ട്. ഈ വർഷം മാത്രം ട്രഷറി 300 ബില്യൺ പൗണ്ടാണ് കടം വാങ്ങാൻ ലക്ഷ്യമിടുന്നത്. ഇതെല്ലാം രാജ്യത്തിന് മേൽ വൻ സാമ്പത്തിക ഭാരം വരും വർഷങ്ങളിലുണ്ടാക്കുകയും കാര്യങ്ങൾ കൈവിട്ട് പോകുമെന്നുമാണ് മുന്നറിയിപ്പുയർന്നിരിക്കുന്നത്.ഇതിനൊരു പരിഹാര ശ്രമമെന്ന നിലയിലാണ് ജൂലൈ ആറിന് എമർജൻസി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനായി ചാൻസലർ തയ്യാറെടുത്ത് വരുന്നതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തൊഴിലുകൾ നിലനിർത്തുന്നതിനുള്ള കഠിന പരിശ്രമത്തിന് മുൻതൂക്കം നൽകിയുള്ള ബഡ്ജറ്റായിരിക്കുമിത്.

ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും കൊണ്ട് കടുത്ത മാന്ദ്യത്തിലേക്കും പ്രതിസന്ധിയിലേക്കും കൂപ്പ് കുത്തിയിരിക്കുന്ന സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനുള്ള ' വൺ-ടു-പഞ്ച് ' സ്ട്രാറ്റജിയുടെ ഭാഗമായിട്ടാണ് എമർജൻസി ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ജൂൺ അവസാനം രാജ്യത്തോട് സംസാരിക്കുമെന്നും റിപ്പോർട്ടുണ്ട്.സമ്പദ് വ്യവസ്ഥയെ എത്രയും വേഗം പഴയ അവസ്ഥയിലേക്ക് എത്തിക്കുന്നതിന് ഉത്സുകത പുലർത്തുന്ന മന്ത്രിമാരുടെ കൂട്ടത്തിൽ മുൻനിരയിലാണ് ചാൻസലറുള്ളത്. ഈ സമ്മറോടെ ഹോസ്പിറ്റാലിറ്റി മേഖല തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ രണ്ട് മില്യണോളം ജോലികൾ ഇല്ലാതാകുമെന്നാണ്ചാൻസലർ ടോറി എംപിമാരോട് മുന്നറിയിപ്പേകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP