Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ചാംഘട്ട ലോക്ക് ഡൗണിലെ കേന്ദ്ര സർക്കാർ നിർദേശങ്ങൾ കേരളം അതേപടി നടപ്പാക്കില്ല; ഇ-പാസില്ലാതെ അന്യ സംസ്ഥാനങ്ങളിൽ നിന്നു ജനങ്ങളെത്തുന്നതു രോഗവ്യാപനത്തിന് ഇടയാക്കും; യാത്രാ പാസിൽ പറയുന്ന സമയത്ത് അതിർത്തിയിൽ എത്തിയാൽ മാത്രം കേരളത്തിലേക്കു പ്രവേശനം; ആരാധനാലയങ്ങളിലും തീരുമാനം കൂടിയാലോചനകളിലൂടെ; ലോക് ഡൗൺ ഇളവുകളിൽ കരുതലോടെ പിണറായി സർക്കാർ

അഞ്ചാംഘട്ട ലോക്ക് ഡൗണിലെ കേന്ദ്ര സർക്കാർ നിർദേശങ്ങൾ കേരളം അതേപടി നടപ്പാക്കില്ല; ഇ-പാസില്ലാതെ അന്യ സംസ്ഥാനങ്ങളിൽ നിന്നു ജനങ്ങളെത്തുന്നതു രോഗവ്യാപനത്തിന് ഇടയാക്കും; യാത്രാ പാസിൽ പറയുന്ന സമയത്ത് അതിർത്തിയിൽ എത്തിയാൽ മാത്രം കേരളത്തിലേക്കു പ്രവേശനം; ആരാധനാലയങ്ങളിലും തീരുമാനം കൂടിയാലോചനകളിലൂടെ; ലോക് ഡൗൺ ഇളവുകളിൽ കരുതലോടെ പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ലോക്ഡൗണിൽ ഇളവു വരുത്തിയെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു വരുന്നവർക്കു പാസ് നൽകിയുള്ള നിയന്ത്രണം തുടരും. ഈ മാസം എട്ടു മുതൽ ലോക്ക്ഡൗണിനു പുറത്തേക്കിറങ്ങാൻ കേന്ദ്ര സർക്കാർ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനം കരുതലോടെയേ തീരുമാനം എടുക്കൂ. ഇളവുകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ ഇന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോഗം ചർച്ച ചെയ്യും. പാസ് ഉൾപ്പെടെ ഇതരസംസ്ഥാന യാത്രാ നിയന്ത്രണങ്ങൾ തുടരും.

അഞ്ചാംഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിർദേശങ്ങൾ കേരളം അതേപടി നടപ്പാക്കില്ലെന്ന് തന്നെയാണ് ലഭിക്കുന്ന സൂചകൾ. അന്തർസംസ്ഥാന യാത്രയിലടക്കം കടുത്ത നിയന്ത്രണം വേണമെന്ന നിലപാടാണ് കേരളം സ്വീകരിക്കുക. ഇ-പാസില്ലാതെ ഇതരസംസ്ഥാനങ്ങളിൽനിന്നു ജനങ്ങളെത്തുന്നതു രോഗവ്യാപനത്തിന് ഇടയാക്കുമെന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്. അന്തർസംസ്ഥാന യാത്രകൾക്കും നിയന്ത്രണം കൊണ്ടുവരും.

കോവിഡ് കേരളത്തിൽ ദിനം പ്രതി കൂടുകയാണ്. ഈ സാഹചര്യത്തിൽ സമൂഹ വ്യാപന സാധ്യത കുറയ്ക്കാനാണ് കേരളത്തിന്റെ തീരുമാനം. അതിനാൽ സംസ്ഥാനത്തേക്കുള്ള യാത്രകളിൽ നിയന്ത്രണം തുടരും. യാത്രാ പാസിൽ പറയുന്ന സമയത്ത് അതിർത്തിയിൽ എത്തിയാലേ കേരളത്തിലേക്കു പ്രവേശനം നൽകൂ എന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകൾ നടപ്പാക്കുമ്പോഴും സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ആരാധനാലയങ്ങൾ തുറക്കണമോയെന്നു ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാടും ഇപാസ് തുടരും. റോഡ്, ട്രെയിൻ, വ്യോമ മാർഗമെത്തുന്നവർക്കെല്ലാം ഇതു ബാധകം. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുവർക്കെല്ലാം 14 ദിവസം ഹോം ക്വാറന്റീനിൽ കഴിയേണ്ടിവരും. അതിനു സൗകര്യമില്ലെങ്കിൽ 7 ദിവസം പണം നൽകിയുള്ള സർക്കാർ ക്വാറന്റീനും നിർബന്ധമാകും. എന്നാൽ കേരളത്തിൽനിന്നു തമിഴ്‌നാട്ടിലെത്തുന്നവരിൽ ഇനി കോവിഡ് പരിശോധന രോഗ ലക്ഷണമുള്ളവർക്കു മാത്രമായി ചരുക്കിയിട്ടുമുണ്ട്. കർണാടകയിലേക്കുള്ള യാത്രയ്ക്ക് ഇനി പാസ് വേണ്ട. എന്നാൽ സേവാസിന്ധു വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കേരളത്തിൽനിന്നു ചെല്ലുന്നവർക്ക് 14 ദിവസം ഹോം ക്വാറന്റീൻ. മഹാരാഷ്ട്രയിൽനിന്നുള്ളവർക്ക് 7 ദിവസം പണം നൽകിയുള്ള സർക്കാർ ക്വാറന്റീൻ. അടുത്ത 7 ദിവസം ഹോം ക്വാറന്റീൻ. കർണ്ണാടകയുടെ ഈ മാതൃക കേരളം തൽകാലം സ്വീകരിക്കില്ല.

ആരാധനാലയങ്ങൾ തുറക്കുന്നതിനു മുമ്പ് മതമേലധ്യക്ഷന്മാർ അടക്കമുള്ളവരുമായി സംസ്ഥാന സർക്കാർ കൂടിയാലോചന നടത്തും..മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്കു പാസ് നിബന്ധന തുടരുന്നതിനൊപ്പം പൊതുഗതാഗതം പുനരാരംഭിക്കുന്നതിൽ തീരുമാനം ഉന്നതാധികാര സമിതിയുടെ അഭിപ്രായവും തേടും. കേന്ദ്ര സർക്കാർ നൽകുന്ന പല ഇളവുകളിലും സംസ്ഥാനത്തിന് ആശങ്കയുണ്ട്. ആരാധനാലയങ്ങൾ എട്ടു മുതൽ തുറക്കാമെന്നു കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷം നേരത്തേതന്നെ ഇത് ആവശ്യപ്പെട്ടതുമാണ്. എന്നാലും മതമേലധ്യക്ഷന്മാർ ഉൾപ്പെടെയുള്ളവരുമായി വിശദമായി കൂടിയാലോചിച്ചാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ആരാധനാലയങ്ങൾ തുറന്നാൽത്തന്നെ കർശനമായ നിയന്ത്രണങ്ങളുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചർച്ചകൾക്ക് നേതൃത്വം നൽകും.

കേന്ദ്രം പ്രഖ്യാപിച്ച എല്ലാ മേഖലകളും ഇവിടെ തുറന്നുകൊടുക്കാൻ ഇടയില്ല. പാസില്ലാതെയുള്ള അന്തർ സംസ്ഥാന യാത്രകളുടെ കാര്യത്തിലാണു വലിയ ആശങ്ക. മറ്റു സംസ്ഥാനങ്ങളിലെ രോഗതീവ്ര മേഖലകളിൽനിന്ന് ആളുകൾ ഒഴുകിവരുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങൾ ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താകും തീരുമാനം. അന്തർ സംസ്ഥാന യാത്ര അനുവദിക്കാമെന്നാണു കേന്ദ്രത്തിന്റെ അറിയിപ്പെങ്കിലും മുൻകൂർ അറിയിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ കഴിഞ്ഞേക്കും.

മാളുകളും ഹോട്ടലുകളും തുറക്കുമ്പോഴും ഒരേസമയം എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. റോഡ് യാത്രകളെ സംബന്ധിച്ച് കേന്ദ്ര നിർദേശങ്ങളിൽ അവ്യക്തതയുള്ളതിനാൽ സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുന്നത് ഉന്നതാധികാര സമിതിയുടെ അഭിപ്രായം അനുസരിച്ച് തീരുമാനിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. സാമൂഹിക അകലം പാലിച്ചുമാത്രമേ യാത്രകൾ അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ബസുകൾ ഓടിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ ഒട്ടേറെയാണ്. ഒരാഴ്ചയിലേറെയായി രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ അതേപടി സ്വീകരിക്കുന്നതിൽ കേരളം മടി കാണിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP