Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പി.വി.അൻവർ എംഎ‍ൽഎക്കെതിരെ പരാതി നൽകിയ ജയ മുരുഗേഷിന്റെ എസ്റ്റേറ്റിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തി; ട്രാക്ടർ സഹിതം പൊലീസ് പിടിച്ചെടുത്തു; രണ്ടു പേർക്കെതിരെ കേസ്; മരംകടത്താൻ ഉപയോഗിച്ചത് നമ്പർ പ്ലേറ്റില്ലാത്ത ട്രാക്ടർ; റീഗൽ എസ്റ്റേറ്റിൽ അതിക്രമിച്ച് കടന്നത് മരങ്ങൾ മുറിക്കരുതെന്ന മഞ്ചേരി സബ് കോടതി ഉത്തരവ് നിലനിൽക്കെ; പരാതിയുടെ പേരിൽ വേട്ടയാടലെന്ന് ജയ

പി.വി.അൻവർ എംഎ‍ൽഎക്കെതിരെ പരാതി നൽകിയ ജയ മുരുഗേഷിന്റെ എസ്റ്റേറ്റിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തി; ട്രാക്ടർ സഹിതം പൊലീസ് പിടിച്ചെടുത്തു; രണ്ടു പേർക്കെതിരെ കേസ്; മരംകടത്താൻ ഉപയോഗിച്ചത് നമ്പർ പ്ലേറ്റില്ലാത്ത ട്രാക്ടർ; റീഗൽ എസ്റ്റേറ്റിൽ അതിക്രമിച്ച് കടന്നത് മരങ്ങൾ മുറിക്കരുതെന്ന മഞ്ചേരി സബ് കോടതി ഉത്തരവ് നിലനിൽക്കെ; പരാതിയുടെ പേരിൽ വേട്ടയാടലെന്ന് ജയ

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ എംഎ‍ൽഎ പി.വി.അൻവറിനെതിരെയുള്ള പരാതിക്കാരിയുടെ എസ്റ്റേറ്റിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തി. ട്രാക്ടർ സഹിതം പൊലീസ് പിടിച്ചെടുത്തു. രണ്ടു പേർക്കെതിരെ കേസ്. നമ്പർ പ്ലേറ്റില്ലാത്ത ട്രാക്ടറാണ് മരംകടത്താൻ ഉപയോഗിച്ചത്. നിലമ്പൂർ പൂക്കോട്ടുമ്പാടം മാമ്പറ്റയിലെ കൈനോട്ട് അൻവർ സാദത്ത് (35), മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ് (63) എന്നിവർക്കെതിരെയാണ് കേസെടുത്തതത്. എ.കെ.എസ് സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംഎ‍ൽഎക്കെതിരെയുള്ള പരാതിക്കാരിയായ ജയ മുരുഗേഷിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള റീഗൾ എസ്റ്റേറ്റിൽ നിന്നും മരങ്ങൾ മുറിക്കരുതെന്ന് മഞ്ചേരി സബ് കോടതി ഉത്തരവുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മരങ്ങൾ മുറിക്കരുതെന്ന് പൊലീസ് നോട്ടീസും നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് മരം മുറിച്ചു കടത്തിയതോടെയാണ് പൊലീസ് നടപടി.

പൂക്കോട്ടുംപാടം ഇൻസ്പെക്ടർ പി.വിഷ്ണു, എസ്‌ഐ രാജേഷ് അയോടൻ എന്നിവരുടെ നേതൃത്വത്തിൽ എസ്റ്റേറ്റിലെത്തിയ പൊലീസ് സംഘം ട്രാക്ടറിൽ കയറ്റി കൊണ്ടുപോകാനായി ഒരുക്കിയ മരങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടപ്പോൾ ട്രാക്ടറിന്റെ ചാവിയുമായി ഡ്രൈവർ കടന്നുകളഞ്ഞു. പകരം ഡ്രൈവറെ എത്തിച്ചാണ് മരമടങ്ങിയ ട്രാക്ടർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. നമ്പർ പ്ലേറ്റില്ലാത്ത ട്രാക്ടറാണ് മരംകടത്താൻ ഉപയോഗിച്ചത്. ലോറിയിൽ കടത്തിയ ഒരു ലോഡ് മരം പിടിച്ചെടുക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരം മുറിക്കരുതെന്ന് കാണിച്ച് രണ്ടു തവണ പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇത് ലംഘിച്ചാണ് എസ്റ്റേറ്റിൽ നിന്നും തേക്കും റബർ മരങ്ങളും മുറിച്ചത്. പരാതി ലഭിച്ചതോടെ പൊലീസെത്തി മരം മുറി നിർത്തിവെപ്പിച്ചു. മരംമുറിക്കരുതെന്ന ഉത്തരവും രേഖാമൂലം നൽകി. ഈ ഉത്തരവ് ലംഘിച്ചാണ് രാത്രി തന്നെ വീണ്ടും മരം മുറി പുനരാരംഭിച്ചത്.

നേരത്തെ എസ്റ്റേറ്റിൽ നിന്നും മരം മുറിച്ചു കടത്തിയ കേസിലും കുഴൽകിണർ നശിപ്പിച്ച കേസിലും പ്രതികളാണ് എ.കെ.എസ് സിദ്ദിഖും കൈനോട്ട് അൻവർ സാദത്തും. ഇക്കഴിഞ്ഞ ഏപ്രിൽ 13ന് ജയമുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ 16 ഏക്കർ തീവെച്ച് നശിപ്പിച്ചിരുന്നു. കോവിഡ് ലോക്ഡൗണും നിരോധനാജ്ഞയും ലംഘിച്ചാണ് എസ്റ്റേറ്റ് കത്തിച്ചത്. ഈ കേസിലെ പ്രതികളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. റീഗൾ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയിൽ നേരത്തെ പി.വി അൻവർ എംഎ‍ൽഎയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തിരുന്നു. എംഎ‍ൽഎക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ നിരന്തരം വേട്ടയാടുകയും എസ്റ്റേറ്റിൽ നാശനഷ്ടങ്ങളുണ്ടാക്കുകയുമാണെന്ന് ജയ മുരുഗേഷ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP