Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

83ാം വയസ്സിൽ വിഎസിന് കേരള മുഖ്യമന്ത്രിയാവാമെങ്കിൽ 60 കാരനായ ജേക്കബ് തോമസിന് പത്ത് വർഷത്തിനകം അത് സാധിക്കില്ലേ? അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും ബലത്തിൽ കോട്ടകൊത്തളങ്ങൾ തീർത്ത് മുന്നേറുന്ന കൂട്ടുകച്ചവടരാഷ്ട്രീയ മാഫിയയുടെ ഉറക്കം കെടുത്തി നവരാഷ്ട്രീയത്തിന്റെ തുടക്കക്കാരനാവാൻ ജേക്കബ് തോമസിന് കഴിയുമോ?കേരളത്തിൽ ഒരു ആംആദ്മി വിപ്ലവത്തിന് സമയമാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി സർക്കാർ ഉദ്യോഗസ്ഥന്മാർ അവരുടെ സേവനം മതിയാക്കി വിരമിച്ചിരിക്കുന്നു. അതിൽ ഏറ്റവും ശ്രദ്ധനേടിയത് മൂന്ന് വിരമിക്കലുകളാണ്. കേരള സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായ ടോം ജോസിന് ഇന്നലെ വീരോജിതമായ യാത്രയയപ്പാണ് മുഖ്യമന്ത്രി നൽകിയത്.

അദ്ദേഹം റിട്ടേർഡ് ചെയ്താലും ഏതാനം ദിവസങ്ങൾക്കകം ചീഫ് സെക്രട്ടറിക്ക് തുല്യമായ ഒരു പദവിയിൽ വീണ്ടും സർക്കാരിന്റെ ശമ്പളം കൈപ്പറ്റിക്കൊണ്ട് സേവനം അനുഷ്ഠിക്കാൻ തിരിച്ചുവരും എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. കാരണം സർക്കാരിന്റെ ഏറ്റവും വേണ്ടപ്പെട്ട ഉദ്യോഗസ്ഥന്മാർ എക്കാലത്തും സർക്കാരിന്റെ ആനുകൂല്യങ്ങൾ മരിക്കുന്നത് വരെ കൈപ്പറ്റുന്നവരാകും. മറ്റ് രണ്ട് പേർ ഫയർഫോഴ്‌സ് മേധാവിയായിരുന്ന ഡി.ജി.പി ഹേമചന്ദ്രനും ഷൊർണൂരിലെ ഒരു ഇരുമ്പ് കമ്പിനിയുടെ മാനേജിങ് ഡയറക്ടറുമായ ഡോക്ടർ ജേക്കബ് തോമസുമാണ്.

ഹേമചന്ദ്രൻ എന്ന ഐ.പി.എസ് ഓഫീസർ ഇന്ന് വിരമിക്കുന്നത് സംസ്ഥാന സർക്കാർ സർവീസിലിരുന്ന സീനിയറായ രണ്ടാമത്തെ ഡി.ജി.പി എന്ന നിലയിലാണ്. അദ്ദേഹം സർക്കാരിന് അനഭിമതനായതുകൊണ്ട് ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡി.ജി.പിയാകാൻ ഭാഗ്യമൊന്നും ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന് സങ്കടപ്പെടേണ്ട കാര്യമില്ല. കാരണം മറ്റ് പലരോടും ചെയ്തത് പോലെയുള്ള ക്രൂരമായ സസ്‌പെൻഷനോ, അപമാനിക്കലോ അദ്ദേഹത്തിന് നേരിടേണ്ടി വന്നില്ല. എങ്കിലും അദ്ദേഹം പിണറായി വിജയന്റെ ഗുഡ്‌ലിസ്റ്റിൽ ഇടം പിടിക്കാത്തതുകൊണ്ട്.

അദ്ദേഹത്തിന്റെ റിട്ടേർമെന്റ് വളരെ സ്വാഭാവികമായി എന്നാൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പിയായി കഴിഞ്ഞ മൂന്നോ നാലോ വര്ഷം ഇവിടെ ജീവിച്ച ഡോ.ജേക്കബ് തോമസ് റിട്ടയർ ചെയ്യുന്നത് ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥൻ ചെയ്യേണ്ട ജോലിയിൽ നിന്നാണ്.

ഷൊർണൂരിലെ സർക്കാർ വക ഇരുമ്പ് കമ്പനിയിലെ മാനേജിങ് ഡയറക്ടർ. അദ്ദേഹത്തിന് ഇരിക്കാൻ നല്ലൊരു കസേരയോ, സന്ദർശകരെ സ്വീകരിക്കാൻ നല്ലൊരു മുറിയോ, ഉറങ്ങാനൊരു വീടോ, സംസാരിക്കാനൊരു ഫോണോ പോലും ഈ സർക്കാർ കൊടുത്തില്ല. ഇന്നലെ റിട്ടയർമെന്റിന്റെ തലേദിവസം ഓഫീസ് മുറിയിൽ നിലത്ത് പാ വിരിച്ച് കിടന്ന് ഉറങ്ങിയ ശേഷം ആ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് റിട്ടയർമെന്റ് എടുക്കേണ്ട ഗതികേട് ഇന്ത്യാ ചരിത്രത്തിൽ ആദ്യമായിട്ടാകാം ഒരു മുതിർന്ന ഐ.പി.എസ് ഓഫീസർക്ക്. പക തീർക്കലിന്റേയും വൈരനിര്യാണ ബുദ്ധിയുടേയും ഉഗ്രരൂപമാണ് പിണറായി വിജയൻ എന്നതിന് ഇതിനേക്കാൾ വലിയ തെളിവുകൾ ആവശ്യമില്ല.

എന്നാൽ മൂന്നര പതിറ്റാണ്ടോളം ഈ സംസ്ഥാനത്തെ സേവിച്ചതിന് ശേഷം റിട്ടേർഡ് ചെയ്യുന്ന ജേക്കബ് തോമസ് തന്റെ റിട്ടേയർഡ് ദിനത്തിൽ തന്റെ ഒറ്റ ഫോട്ടോയിലൂടെ, ഒരു നിശബ്ദമായ ചിത്രത്തിലൂടെ പിണറായി വിജയനെന്ന ഏകാധിപതിയുടെ, പിണറായി വിജയനെന്ന വൈര്യനിര്യാണ ബുദ്ധിക്കാരന്റെ തനിനിറം ലോകത്തോട് പറഞ്ഞു കൊടുത്തിരിക്കുന്നു. ജേക്കബ് തോമസ് ലോകത്തിന് ആ നിശബ്ദ ചിത്രത്തിലൂടെ കൊടുത്ത സന്ദേശം പിണറായിയുടെ ഉറക്കം കെടുത്തിയില്ലെങ്കിൽ അദ്ദേഹം മനസാക്ഷിയുള്ള ഒരു മനുഷ്യനെയല്ല എന്ന് തീർച്ച. എന്നാൽ ജേക്കബ് തോമസിന്റെ ഈ നിശബ്ദ ചിത്രവും ഈ റിട്ടയർമെന്റും ഒരു പുതിയ തുടക്കത്തിന്റെ ആരംഭമായിട്ടാണ് ഞാൻ വിലയിരുത്തുന്നത്.

60 വയസുള്ള ഡോക്ടർ ജേക്കബ് തോമസിന് തന്റെ അഴിമതി വിരുദ്ധ പോരാട്ടവും ആരുടേയും മുന്നിൽ അടിയറവ് വയ്ക്കാത്ത ആത്മാഭിമാനവും ഇനി വരുന്ന കാൽനൂറ്റാണ്ട് കാലം ഈ കേരളത്തെ സേവിക്കുന്നതിന് വിനിയോഗിക്കാൻ കഴിയും. വി എസ് അച്യുതാനന്ദന് 83ാം വയസിൽ കേരളത്തിലെ മുഖ്യമന്ത്രിയാകാൻ കഴിയുമെങ്കിൽ ജേ്കബ് തോമസിന് മുന്നിൽ ഇനിയുള്ള കാൽനൂറ്റാണ്ട് ഈ നാടിന്റെ ഭാഗദേയം മാറ്റി എഴുതുന്നതിന് ആവശ്യത്തിലധികമാണ്.( ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണ രൂപം വീഡിയോ കാണാം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP