Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംപി. വീരേന്ദ്രകുമാറിന് മിലന്റെ യാത്രാമൊഴി

എംപി. വീരേന്ദ്രകുമാറിന് മിലന്റെ യാത്രാമൊഴി

ജോയിച്ചൻ പുതുക്കുളം

മിഷിഗൺ: സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുൻനിര നേതാവും മലയാള സാഹിത്യരംഗത്തെ അതുല്യ പ്രതിഭയുമായ മുൻ കേന്ദ്രമന്ത്രി എം. പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് സോഷ്യലിസ്റ്റ് സമദർശനത്തിനായി ജീവിതാവസാനം വരെ സന്ധിയില്ലാത്ത നിലപാടുകൾ സ്വീകരിച്ച അദ്ദേഹം അനേകം വൈജ്ഞാനിക ഗ്രന്ഥാവലികളുടെ കർത്താവും, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ഉൾപ്പെടെ അസംഖ്യം അംഗീകാരങ്ങൾ നേടിയ പ്രതിഭാ ധനനുമായിരുന്നു. ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യവുമായ സാംസ്‌കാരികതയെ അടുത്തറിയുവാൻ ഇന്ദ്രപ്രസ്ഥം മുതൽ ഹിമാലയ സാനുക്കൾ വരെ തീർത്ഥയാത്ര നടത്തി ഹരിദ്വാറിനേയും ഭതൃഹരിയേയും, കേദാർനാഥിനെയും വരരുചിയേയും ഹൈമവതഭൂവിൽ എന്ന രചനയിലൂടെ മഹനീയമായി മലയാളികൾക്കായി വരച്ചുകാട്ടിയ വീരേന്ദ്രകുമാർ, ആമസോൺ ജീവിതവും, ഡാന്യൂബ് കാഴ്ചകളും നേരിട്ട് അനുഭവിച്ചു പുസ്തകങ്ങളിലൂടെ വായനക്കാർക്ക് നിറഞ്ഞ അനുഭൂതികൾ പകർന്ന മഹാ പ്രതിഭയായിരുന്നു.

അൻപതിലേറെ രാജ്യങ്ങൾ സഞ്ചരിച്ചു അവിടത്തെ മനുഷ്യരുടെ ജീവിതവും സംസ്‌കാരവും അടുത്തറിയാൻ ശ്രമിച്ച അദ്ദേഹം തന്റെ അമേരിക്കൻ സഞ്ചാരങ്ങൾക്കിടയിൽ ഡെട്രോയിറ്റിൽ വളരെക്കുറച്ചു സാഹിത്യാസ്വാദകർ ചേർന്ന് രൂപംകൊടുത്തു അധികം നാളുകൾ പിന്നിടാത്ത മിലന്റെ വാര്ഷികാഘോഷത്തിൽ പങ്കെടുത്തു നടത്തിയ പ്രഭാഷണവും നൽകിയ പ്രോത്സാഹനവും മിഷിഗൺ മലയാളികൾ രണ്ടു പതിറ്റാണ്ടിനുശേഷവും ഇന്നും മനസ്സിൽ മായാതെ സൂക്ഷിക്കുന്നു.

ആശയങ്ങളുടെ ധവളകാന്തി കൊണ്ടും ആവിഷ്‌കാരത്തിന്റെ ആകർഷകത്വം കൊണ്ടും വ്യത്യസ്തനായ വീരേന്ദ്രകുമാർ തന്റെ അടിയുറച്ച മാനവീകതയിലൂടെയും ആധ്യാത്മികബോധത്തിലൂടെയും സ്വാമി വിവേകാനന്ദനെ കണ്ടെത്താൻ ശ്രമിക്കുന്നതാണ് അദ്ദേഹത്തിന്റെ വിവേകാനന്ദൻ സന്യാസിയും മനുഷ്യനും എന്ന മികച്ച ആഖ്യായിക ഗ്രന്ഥം. അതെന്നും അദ്ദേഹത്തിന്റെ ഒരു മാസ്റ്റർപീസായി നിലനിൽക്കുകയും ചെയ്യും. പറഞ്ഞാൽ തീരാത്ത പലവിധ വിജ്ഞാന ശാഖകലെ നിരന്തര നിരീക്ഷണങ്ങളിലൂടെ നിരൂപണ വിധേയമാക്കിയ വീരേന്ദ്രകുമാർ അമേരിക്കയിലെ ഭാഷാസ്നേഹികളുടെ അടുത്ത സുഹൃത്തും മാർഗദർശിയുമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് മലയാള സാഹിത്യ ശാഖക്ക് തീരാനഷ്ടമാണെന്നു മിലന്റെ അനുസ്മരണ കുറിപ്പിലൂടെ പ്രസിഡന്റ് സുരേന്ദ്രൻ നായർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP