Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസിന്റെ ഊഴം കഴിഞ്ഞാൽ അടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഊഴം! ഉത്രയുടെ കൊലപാതകിയായ ഭർത്താവിന് കുറച്ചുകാലം കൂടി ഉദ്യോഗസ്ഥർക്കൊപ്പം ഊരുചുറ്റാം; സൂരജിന്റെയും സുരഷിന്റെയും കസ്റ്റഡി അപേക്ഷയുമായി വനംവകുപ്പും രംഗത്ത്; പാമ്പിനെ അനധികൃതമായി കൈവശം വെച്ചതും പണത്തിനായി കൈമാറ്റം ചെയ്തതും അടക്കമുള്ള കേസുകളിലും ശക്തമായ നടപടി വരുന്നു; സ്ത്രീധനം കിട്ടിയ ബലേനോ കാറിൽ പാമ്പിനെ കൊണ്ടുപോയതും വനം വകുപ്പു സൂരജിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ

പൊലീസിന്റെ ഊഴം കഴിഞ്ഞാൽ അടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഊഴം! ഉത്രയുടെ കൊലപാതകിയായ ഭർത്താവിന് കുറച്ചുകാലം കൂടി ഉദ്യോഗസ്ഥർക്കൊപ്പം ഊരുചുറ്റാം; സൂരജിന്റെയും സുരഷിന്റെയും കസ്റ്റഡി അപേക്ഷയുമായി വനംവകുപ്പും രംഗത്ത്; പാമ്പിനെ അനധികൃതമായി കൈവശം വെച്ചതും പണത്തിനായി കൈമാറ്റം ചെയ്തതും അടക്കമുള്ള കേസുകളിലും ശക്തമായ നടപടി വരുന്നു; സ്ത്രീധനം കിട്ടിയ ബലേനോ കാറിൽ പാമ്പിനെ കൊണ്ടുപോയതും വനം വകുപ്പു സൂരജിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ

എസ് രാജീവ്

അഞ്ചൽ: ഉത്രയുടെ കൊലപാതകത്തിലെ പ്രതികൾക്കായി വനംവകുപ്പും കസ്റ്റഡി അപേക്ഷയുമായി രംഗത്ത്. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികൾക്കെതിരെയുള്ള തുടരന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഉത്രയുടെ ഭർത്താവ് സൂരജ്, സഹായി സുരേഷ് എന്നിവർക്കെതിരേ വനം വകുപ്പ് കേസെടുത്തിതിട്ടുള്ളത്. പാമ്പിനെ അനധികൃതമായി കൈവശം വെക്കൽ, പണത്തിനായി കൈമാറ്റം, വാഹനത്തിൽ കടത്തൽ, കൊലപാതകത്തിന് വേണ്ടി ഉപയോഗിക്കൽ, പാമ്പിനെ കൊന്ന് കുഴിച്ചിടൽ മുതലായവയുടെയെല്ലാം സമഗ്രമായ തെളിവെടുക്കൽ പ്രത്യേകം വനം വകുപ്പിന് നടത്തേണ്ടതുണ്ട്.

ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ കൈവശം വച്ചിരുന്ന സുരേഷിന്റെ കല്ലുവാതുക്കലിലെ വീട്, കുടുംബാംഗങ്ങൾ എന്നിവരെ ചോദ്യം ചെയ്ങ്കിൽ മാത്രമേ കേസിൽ തുടർനടപടി സാധ്യമാകൂ. പാമ്പിനെ ഇയാൾ പിടിച്ച സ്ഥലത്തുനിന്നും തെളിവെടുക്കണം. പാമ്പിന്റെ പോസ്റ്റ്‌മോർട്ടം അസി. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. കിഷോർകുമാറിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം നേരത്തേ നടത്തിയിരുന്നു. ദൃക്‌സാസാക്ഷികളില്ലാത്ത കേസായതിനാൽ പഴുതടച്ച തെളിവെടുക്കലും വിവരശേഖരണവുമാണ് പൊലീസും വനംവകുപ്പും നടത്തുന്നത്.

നിരവധി തവണ പാമ്പുകടിയേറ്റിട്ടുള്ള വാവാ സുരേഷിന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും മറ്റും കേസന്വേഷണത്തിന് സഹായകമാകും എന്ന നിലപാടിലാണ് പൊലീസും വനംവകുപ്പും പ്രതികളെ കഡിയിൽ വിട്ടുകിട്ടുന്നതിനായി ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വനം വകുപ്പധികൃതർ കോടതിയിൽ അപേക്ഷ നൽകും. പ്രതികളെ വിട്ടുകിട്ടുന്ന മുറക്ക് വിശദമായ ചോദ്യം ചെയ്യലും തെളിവ് ശേഖരണവും നടത്തുമെന്ന് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ. ജയൻ അറിയിച്ചു

വിവാഹസമയത്ത് സ്ത്രീധനമായി ഉത്രയുടെ വീട്ടുകാർ സമ്മാനിച്ച കാറിലാണ് സൂരജ് പാമ്പിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാഹനത്തിൽ പാമ്പിനെ കടത്തിയതും കുറ്റകരമാണെന്നാണ് വനംവകുപ്പ് പറയുന്നത്. അതുകൊണ്ട് ഇതും സൂരജിനെതിരായ കേസായി മാറും. ഉത്രയുടെ മരണശേഷം ഏറത്തെ വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന ഈ കാർ കഴിഞ്ഞ ദിവസം വിരലടയാള വിദഗ്ദ്ധർ പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെ വാഹനം അന്വേഷകസംഘം കസ്റ്റഡിയിലുമെടുത്തു. സൂരജിന്റെ ഡ്രൈവിങ് ലൈസൻസ്, കാറിന്റെ ആർസി ബുക്ക്, ഇൻഷുറൻസ് പേപ്പർ എന്നിവയും കണ്ടെടുത്തു.

വിവാഹ നിശ്ചയം കഴിഞ്ഞയുടൻ അൾട്ടോ കാർ വാങ്ങി നൽകാമെന്ന് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ബൊലേനോ തന്നെ വേണമെന്ന് സൂരജ് വാശി പിടിക്കുകയായിരുന്നു. അങ്ങനെയാണ് ഉത്രയുടെ പേരിൽ ബലേനോ കാർ വാങ്ങിക്കൊടുക്കുന്നത്. ഉത്രയക്ക് ഡ്രൈവിങ് അറിയാത്തതിനാൽ സൂരജ് തന്നെയാണ് വാഹനം ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ആറിനു രാത്രിയാണ് ഈ ചുവന്ന ബൊലേനോയിൽ പാമ്പിനെ പ്ലാസ്റ്റിക് ജാറിലാക്കി സൂരജ് ഉത്രയുടെ വീട്ടിൽ കൊണ്ടുവന്നത്. ഏഴാം തീയ്യതി രാവിലെ ഇതേ കാറിൽ തന്നെയാണ് ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോയതും എന്ന് പൊലീസ് പറയുന്നു. പാമ്പ് കടിയേറ്റ് കട്ടിൽ കിടന്നിരുന്ന ഉത്രയെ സൂരജും ഉത്രയുടെ മാതാപിതാക്കളും സഹോദരനും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ ഈ സമയം കാറോടിക്കാൻ തനിക്കാകില്ലെന്നു പറഞ്ഞ് സൂരജ് ഒഴിഞ്ഞുമാറിയിരുന്നു. തുടർന്ന് ഉത്രയുടെ സഹോദരൻ വിഷുവാണ് വാഹനം ഓടിച്ചത്.

സൂരജിന്റെ ഡ്രൈവിങ് ലൈസൻസിനും കാറിന്റെ ആർസി ബുക്കിനും ഇൻഷുറൻസ് പേപ്പറിനും ഒപ്പം ഉത്രയ്ക്ക് നൽകിയ ടാബ് ലറ്റിന്റെ സ്ട്രിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പത്ത് ടാബ് ലറ്റിന്റെ സ്ട്രിപ്പിൽ എട്ടെണ്ണം ഉപയോഗിച്ച നിലയിലാണ്. ഈ ടാബ്‌ലെറ്റ് വാങ്ങിയ മെഡിക്കൽ സ്റ്റോറിലും പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. പാമ്പിനെ കൊണ്ടുവന്ന ബാഗ്, പ്ലാസ്റ്റിക് കുപ്പി എന്നിവ നേരത്തെ കണ്ടെത്തിയിരുന്നു. ഉത്ര പാമ്പുകടിയേറ്റു കിടന്ന കട്ടിലിലെ ബെഡ് ഷീറ്റ്, പാമ്പിനെ അടിച്ചുകൊന്ന വടി എന്നിവ തെളിവായി ശേഖരിച്ചു.

ഇതിനിടെ, സൂരജിന്റെ സഹോദരി ഉൾപ്പടെയുള്ളവരെ ഉടൻ ചോദ്യം ചെയ്യും. കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. ഉത്രയെ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതിന് സമാനമായ സംഭവങ്ങൾ രാജ്യത്ത് മുൻപും ഉണ്ടായിട്ടുണ്ട്. അക്കേസിലെ പ്രതികൾക്ക് തെളിവുകളുടെ അഭാവത്തിൽ മതിയായ ശിക്ഷ ലഭിച്ചിട്ടില്ല. ഉത്രയുടെ കേസിൽ ഇത് ഒഴിവാക്കാനാണ് പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത്.

ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പുറത്തെടുത്തും പോസ്റ്റ്‌മോർട്ടം ചെയ്തതും ഇതിന്റെ ഭാഗമായാണ്. പാമ്പിന്റെയും, ഉത്രയുടെ ആന്തരീകാവയവങ്ങളുടെയും രാസപരിശോധന ഫലം കേസിനെ ബലപ്പെടുത്തുമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. സൂരജ് ഉത്രയുടെ പേരിൽ വലിയ തുകയുടെ ഇൻഷുറൻസ് പോളി എടുത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP