Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിന്റെ മദ്യപാനിയായ സഹോദരൻ ഒരിക്കൽ എന്നെ വേശ്യയെന്ന് വിളിച്ചു; ആ വീട്ടിലെ ആരും അത് കേട്ട് പ്രതികരിച്ചില്ല; എന്റെ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി.. എന്താണിത് നിങ്ങൾ എല്ലാവരും മിണ്ടാതെ നിൽക്കുന്നത് എന്ന ചോദ്യത്തിന് അവർ തന്ന മറുപടി 'ഓ അവൻ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു; ഞാൻ മടല് വെട്ടി അവനെ അടിച്ചു കലിയടങ്ങും വരെ; പിറകേ വന്ന ഭർത്താവ് ചോദിച്ചു എന്താണ് ഈ കാട്ടിയത്; പരമപുശ്ചത്തോടെ അയാളെ നോക്കി; കുറിപ്പുമായി ഭാഗ്യലക്ഷ്മി  

മറുനാടൻ ഡെസ്‌ക്‌

ന്നെ അപമാനിച്ച ഭർത്താവിന്റെ അനിയനെ തല്ലിച്ചതച്ചതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മദ്യപാനിയായ അനുജൻ തന്നെ വേശ്യയെന്ന് വിളിച്ചപ്പോൾ ഭർത്താവും കുടുംബവും ഒന്നും മിണ്ടിയില്ലെന്നും, ക്ഷമകെട്ട് താന്റെ നിയന്ത്രണം വിട്ടെന്നും താരം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം ഓർത്തെടുക്കാൻ കാരണം ടിവിയിൽ കണ്ട ഒരു റിയാലിറ്റി ഷോയാണെന്നും നടി കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-

അപൂർവ്വം ചിലർക്കേ ഭദ്രകാളി ആവാനും സ്വന്തം ശക്തി തിരച്ചറിയാനും സാധിക്കൂവെന്നും താരം കുറിച്ചു.ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപംഏഴിലോ എട്ടിലോ പഠിക്കുന്ന പെൺകുട്ടി മഹാഭാരതത്തിലെ വസ്ത്രാക്ഷേപത്തെ ഇന്നത്തെ സാമൂഹത്തിലെ സ്ത്രീകൾക്ക് നേരെയുള്ള അധിക്ഷേപവുമായി ബന്ധപ്പെടുത്തി ഒരു റിയാലിറ്റി ഷോയിൽ സംസാരിക്കുന്നത് കണ്ടു.

'സ്ത്രീ സുരക്ഷയുടെ കാണാപ്പുറങ്ങൾ' എന്നായിരുന്നു വിഷയം..കൗരവ സഭയിൽ വെച്ച് വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കപ്പെട്ടപ്പോൾ അഞ്ച് പുരുഷന്മാർ(ഭർത്താക്കന്മാർ) തനിക്ക് ഉണ്ടായിട്ടും, സഭ നിറയെ ബന്ധുക്കളും ഗുരുക്കന്മാരും(സമൂഹം) ഉണ്ടായിട്ടും തന്നെ രക്ഷിക്കാൻ ആരുമില്ലല്ലോ എന്നവൾ നിലവിളിച്ചു, അവിടെ ദൈവത്തെ വിളിക്കുകയല്ലാതെ അവൾക്ക് മറ്റു മാർഗ്ഗമില്ല. ഭഗവാൻ വന്ന് അവളെ രക്ഷിക്കുന്നു..ആധുനിക കാലത്തെ സ്ത്രീ അപമാനിതയാവുമ്പോൾ ആരെ വിളിച്ചു കരയും? ഏത് ഭഗവാൻ വരും? അവൾക്ക് സ്വയം ഭദ്രകാളി ആവാനേ പറ്റൂ...

ഇത് കേട്ടപ്പോൾ എന്റെ ജീവിതത്തിലെ ഒരു സംഭവമാണ് എനിക്ക് ഓർമ്മ വന്നത്. ഒരു 30 കൊല്ലം മുൻപ്, അദ്ധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയായ ഞാൻ ഭർത്താവിനേയും കുഞ്ഞിനെയും ഭർത്താവിന്റെ വീട്ടുകാരെയും സ്‌നേഹിച്ച് നല്ല കുലസ്ത്രീയായി ജീവിച്ച കാലം.. ഭർത്താവിന്റെ അനുജൻ (ഒരു തികഞ്ഞ മദ്യപാനി) സ്വന്തം ജേഷ്ടനോടുള്ള പകയിൽ എന്നെ വേശ്യ എന്ന് വിളിച്ചു (യഥാർത്ഥ വാക്ക് എഴുതാനാവില്ല) അത് കേട്ട് യാതൊരു കൂസലുമില്ലാതെ നിന്നു ഭർത്താവും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം.. എന്റെ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി.. എന്താണിത് നിങ്ങൾ എല്ലാവരും മിണ്ടാതെ നിൽക്കുന്നത് എന്ന ചോദ്യത്തിന് അവർ തന്ന മറുപടി 'ഓ അവൻ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു.. അന്നെനിക്ക് മനസ്സിലായി അപമാനിക്കപ്പെടുന്ന സ്ത്രീ അത് സഹിക്കുക എന്നത് കുടുംബത്തിൽ പിറന്ന പെണ്ണിന്റെ കടമയാണ്.. അങ്ങനെ ഞാനിപ്പൊ കുടുംബത്തിൽ പിറന്ന പെണ്ണാവാൻ ഉദ്ദേശിക്കുന്നില്ല..

എന്നെ രക്ഷിക്കാൻ ഒരു കൃഷ്ണനും വരാനും പോകുന്നില്ല. ഞാൻ തന്നെയാണ് എന്റെ സംരക്ഷക,ഞാൻ തന്നെയാണ് എന്റെ ശക്തി.. ഞാനവന്റെ അടുത്ത് ചെന്ന് പറഞ്ഞു ഒരിക്കൽ കൂടി പറ ആ വാക്ക്.. അവൻ ആ വാക്ക് വീണ്ടും ആവർത്തിച്ചു..പിന്നെ എന്റെ നിയന്ത്രണം വിട്ടു... ഉണങ്ങാൻ ഇട്ടിരുന്ന വിറക് കൈയിലെടുത്തതേ എനിക്ക് ഓർമ്മയുള്ളു.. തലങ്ങും വിലങ്ങും നോക്കാതെ ഞാനവനെ അടിക്കാൻ തുടങ്ങി..പറയടാ പറയടാ എന്ന് ഞാൻ അലറുന്നുണ്ട്...ഭർത്താവും അമ്മയും അച്ഛനും സഹോദരിയും അളിയനും എല്ലാവരും കൂടി എന്നെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ അവനെ ജീവശ്ചവമാക്കിയിട്ടേ എന്റെ കലി അടങ്ങിയുള്ളു. ഇനി ഒരു പെണ്ണിനേയും നീ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞിട്ടാണ് ഞാൻ അകത്തേക്ക് കയറിപ്പോയത്.

പിറകേ വന്ന ഭർത്താവ് ചോദിച്ചു എന്താണ് ഈ കാട്ടിയത് പെണ്ണുങ്ങൾക്ക് ഇത്ര ദേഷ്യം പാടില്ല????????, പരമ പുച്ഛത്തോടെ ഒരു പുഴുവിനെ നോക്കുന്നത് പോലെ ഞാനയാളെ നോക്കി.. എന്നിട്ടും ജീവിച്ചു അയാളോടൊപ്പം പിന്നെയും പതിനഞ്ചു വർഷം..???????? ഇത് ഞാൻ മാത്രമല്ല ഈ സമൂഹത്തിൽ പല വീടുകളിലും പല സ്ത്രീകളും അനുഭവിക്കുന്നതാണ് വ്യത്യസ്ത രീതികളിൽ... അപൂർവ്വം ചിലർക്കേ ഭദ്രകാളി ആവാനും സ്വന്തം ശക്തി തിരച്ചറിയാനും സാധിക്കൂ.. അത് തിരിച്ചറിയാത്തിടത്തോളം അവൾ അപമാനിക്കപ്പെട്ടു കൊണ്ടേയിരിക്കും അമ്മമാർ പെൺ മക്കളോട് പറയണം നീതന്നെയാണ് നിന്റെ സുരക്ഷിതത്വം നീ മാത്രമേയുള്ളു നിന്നെ സംരക്ഷിക്കാൻ.. ആൺമക്കളോടും പറയണം അവളുടെ ഉള്ളിലെ കാളിയെ നീ ഉണർത്തരുത്. അവളുടെ ശക്തി അത് നീ കരുതുന്നതിനും അപ്പുറമാണ് എന്ന് പറഞ്ഞു തന്നെ വളർത്തണം.. ഭാഗ്യലക്ഷ്മി 30.5.20

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP