Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപന്മാരിൽ പകുതിയോളം മദ്യപാനം ഉപേക്ഷിക്കാൻ തയ്യാറാണെന്ന് പഠനഫലം; മദ്യത്തിന്റെ ലഭ്യത കുറഞ്ഞത് കുടുംബത്തിന്റെ സന്തോഷവും വരുമാനവും വർദ്ധിപ്പിച്ചെന്ന് സ്ത്രീകൾ; ലോക്ഡൗൺ കാലത്ത് ക്യാപ്സൂൾ കേരള നടത്തിയ സർവേയുടെ ഫലം ശ്രദ്ധേയമാകുന്നു

മദ്യപന്മാരിൽ പകുതിയോളം മദ്യപാനം ഉപേക്ഷിക്കാൻ തയ്യാറാണെന്ന് പഠനഫലം; മദ്യത്തിന്റെ ലഭ്യത കുറഞ്ഞത് കുടുംബത്തിന്റെ സന്തോഷവും വരുമാനവും വർദ്ധിപ്പിച്ചെന്ന് സ്ത്രീകൾ; ലോക്ഡൗൺ കാലത്ത് ക്യാപ്സൂൾ കേരള നടത്തിയ സർവേയുടെ ഫലം ശ്രദ്ധേയമാകുന്നു

സിന്ധു പ്രഭാകരൻ

മദ്യപന്മാരിൽ പകുതിയോളം പേരും മദ്യം കുടിക്കുന്ന തങ്ങളുടെ സ്വഭാവം മാറ്റുമെന്ന് സർവേഫലം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയ ആരോഗ്യ കൂട്ടായ്മയായ ക്യാപ്സ്യൂൾ കേരള, തിരുവനന്തപുരം ജില്ലയിൽ ലോക്ഡൗൺ കാലത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. തുടർച്ചയായ പിന്തുണ ലഭിച്ചാൽ ഇവർ മദ്യപാനം നിർത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന് സർവേ വെളിപ്പെടുത്തുന്നു. സർവ്വേയിൽ പങ്കെടുത്തവരിൽ 13% പേർ പൂർണമായും മദ്യപാനം ഉപേക്ഷിക്കാൻ തയ്യാറാണെന്ന് ക്യാപ്സൂളിനോട് പറയുകയുണ്ടായി.

 

ക്യാമ്പയിൻ എഗനിസ്റ്റ് സ്യൂഡോ സയൻസ് യൂസിങ് ലോ ആൻഡ് എത്തിക്സ് (ക്യാപ്സൂൾ) ന്റെ ചെയർമാനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ഡോക്ടർ യു നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 148 മദ്യപന്മാരെ ഇൻറർവ്യൂ ചെയ്തതാണ് പഠനഫലം ക്രോഡീകരിച്ചത്. കൂലിപ്പണിക്കാരും മത്സ്യത്തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരുടെ ഇടയിലാണ് ഈ പഠനം നടത്തിയത്.

മദ്യപാനവുമായി ബന്ധപ്പെട്ട കുടുംബാന്തരീക്ഷം അറിയുന്നതിന് ഇത്തരം കുടുംബങ്ങളിൽ നിന്നുള്ള 18 സ്ത്രീകളെയും ഈ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ലോക്ഡൗൺ കാലം അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ജീവിതഗുണതയെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിലും ക്യാപ്സൂൾ പഠനം നടത്തിയിരുന്നു. നീൽസൺ, സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമി (സി എം ഐ ഇ) എന്നീ ഏജൻസികൾ ഇന്ത്യയൊട്ടാകെ നടത്തിയ പഠനങ്ങളുടെ റിസൽട്ടിന് സമാനമായിരുന്നു ക്യാപ്സൂളിന്റേയും പഠനഫലം.

ലോക്ഡൗൺ കാലത്ത് മറ്റ് സ്ഥാപനങ്ങളോടൊപ്പം മദ്യശാലകളും അടഞ്ഞു കിടന്നത് മദ്യത്തിന്റെ ലഭ്യത കുറച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് മദ്യപന്മാരിലും അതോടൊപ്പം അവരുടെ കുടുംബങ്ങളിലും എന്ത് മാറ്റങ്ങളുണ്ടാക്കി എന്നറിയാൻ പഠനം നടത്തിയത്. ഇക്കാലത്ത് 65 ശതമാനം പേർക്കും മദ്യം ലഭിക്കുകയുണ്ടായില്ല. മറ്റുള്ളവർ അധിക വില നൽകി വാങ്ങുകയോ വാറ്റുകയോ ചെയ്തു. അരിഷ്ടങ്ങളിൽ അഭയംതേടിയവരും കുറവല്ല. മദ്യം ലഭിക്കാതെ വന്നപ്പോൾ അപൂർവ്വം ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നും സർവേ വെളിപ്പെടുത്തുന്നു.

 

ഇവരിൽ ഭൂരിപക്ഷം പേരെയും അലട്ടിയത് വിറയലും ഉറക്കമില്ലായ്മയുമാണ്. എങ്കിലും ഈ കാലഘട്ടം വീട്ടിൽത്തന്നെ കഴിച്ചുകൂട്ടിയതിനാൽ കുട്ടികൾ കൂടുതൽ സന്തോഷിച്ചിരുന്നതായി 83 ശതമാനം പേരും അഭിപ്രായപ്പെട്ടു. മദ്യപാനം ഇല്ലാതെ വീട്ടിൽ സമയം ചെലവഴിക്കുന്നതിൽ 46 ശതമാനം പേരും സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. ലോക്ഡൗൺ കാലത്തിന് മുമ്പ് മദ്യപന്മാരിൽ 48 ശതമാനം പേരും ആയിരം മുതൽ രണ്ടായിരം രൂപ വരെ ആഴ്ചതോറും മദ്യപാനത്തിന് ചെലവാക്കിയിരുന്നു. എന്നാൽ മദ്യപാനശീലം ഇല്ലാതായപ്പോൾ ചെലവ് കുറഞ്ഞു എന്ന് 71 ശതമാനം പേർ അഭിപ്രായപ്പെട്ടു.

 

ഇത് കുടുംബാന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സഹായിച്ചു എന്ന് സ്ത്രീകളും കരുതുന്നു. 13% പേർ മദ്യത്തിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കുമെന്നും 46% പേർ ഉപയോഗം കുറയ്ക്കുമെന്നും സർവേ ഫലം വെളിപ്പെടുത്തുന്നു. ഇതൊരു സാമ്പിൾ പഠനമാണെന്നും കൂടുതൽ പേരെ ഉൾപ്പെടുത്തി വിശദമായ പഠനം ഈ വിഷയത്തിൽ നടത്തേണ്ടത് ആവശ്യമാണെന്നും ക്യാപ്സൂൾ കേരള കൺവീനർ എം പി അനിൽകുമാർ പറഞ്ഞു.

ബാറുകൾ തുറന്നാൽ ഉടൻതന്നെ മദ്യം വാങ്ങാനും കുടിക്കാനും കാത്തിരിക്കുന്ന 50% പേരുണ്ടെന്നത് സർവേയിലൂടെ വെളിപ്പെടുന്ന ഏറെ കൗതുകകരമായ മറ്റൊരു വസ്തുതയാണ്. ഈ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി ബിവറേജസ് കോർപ്പറേഷന്റെ മൊബൈൽ ആപ്ലിക്കേഷനിലും ബാറുകളിലുമായി കേരളം നേരിട്ടു കണ്ടുകൊണ്ടിരിക്കുന്നത്. എന്തായാലും മദ്യപാനം നിർത്താൻ ആഗ്രഹിക്കുന്നവർക്കെങ്കിലും മതിയായ പിന്തുണാ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂടി ബാധ്യതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP