Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രമിക് ട്രെയിനുകളിലെ യാത്രക്കിടെ മരിച്ചത് 80ഓളം കുടിയേറ്റ തൊഴിലാളികൾ; മരണകാരണം യാത്രക്കിടയിലെ തിക്കും തിരക്കും ഭക്ഷണലഭ്യതക്കുറവും അമിതോഷ്ണവും; ട്രെയിനുകൾക്കുള്ളിലെ മരണം സംബന്ധിച്ച് രാഷ്ട്രീയ വിവാദം കനക്കുന്നതിനിടെ അപൂർണമായ കണക്കുമായി റയിൽവെ

ശ്രമിക് ട്രെയിനുകളിലെ യാത്രക്കിടെ മരിച്ചത് 80ഓളം കുടിയേറ്റ തൊഴിലാളികൾ; മരണകാരണം യാത്രക്കിടയിലെ തിക്കും തിരക്കും ഭക്ഷണലഭ്യതക്കുറവും അമിതോഷ്ണവും; ട്രെയിനുകൾക്കുള്ളിലെ മരണം സംബന്ധിച്ച് രാഷ്ട്രീയ വിവാദം കനക്കുന്നതിനിടെ അപൂർണമായ കണക്കുമായി റയിൽവെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്വന്തം നാടുകളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികളിൽ ശ്രമിക് ട്രെയിനുകളിൽ വെച്ച് മരണമടഞ്ഞത് 80 ഓളം പേർ. മെയ് 9 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേർ മരിച്ചത്. റെയിൽവെ സുരക്ഷാസേനയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശ്രമിക് ട്രെയിനുകൾക്കുള്ളിൽ കുടിയേറ്റ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ബിജെപിയും തൃണമൂൽ കോൺ​ഗ്രസും തമ്മിൽ വാക്പോര് തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

മെയ് ഒന്ന് മുതൽ മെയ് 27 വരെ 3,840 ട്രെയിനുകൾ വഴി അഞ്ച് ദശലക്ഷം തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ശ്രമിക് പ്രത്യേക ട്രെയിനുകൾക്ക് സാധിച്ചു. എന്നാൽ യാത്രക്കിടയിലെ തിക്കും തിരക്കും ഭക്ഷണലഭ്യതക്കുറവും അമിതോഷ്ണവും തൊഴിലാളികളുടെ മരണത്തിന് കാരണമായതായി റെയിൽവെ സൂചന നൽകിയിരുന്നു. മരിച്ചവരിൽ പലരും ഗുരുതര രോഗങ്ങളുള്ളവരും ചികിത്സയിൽ തുടരുന്നവരുമാണെന്നും അത്തരത്തിലുള്ളവർ യാത്ര ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും റെയിൽവെ നിർദ്ദേശം നൽകിയിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച വിവരം അടിസ്ഥാനമാക്കി അന്തിമ റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും ഉടനെ പ്രസിദ്ധീകരിക്കുമെന്നും ആർപിഎഫ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആരുടെ മരണവും നികത്താനാവാത്ത നഷ്ടമാണെന്നും യാത്രക്കിടെ ആർക്കെങ്കിലും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ട്രെയിൻ നിർത്തി അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം റെയിൽവെ തുടരുന്നുണ്ടെന്നും റെയിൽവെ ബോർഡ് ചെയർമാൻ വി കെ യാദവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ഭക്ഷണം ലഭിക്കാത്തതിനാൽ ചില തൊഴിലാളികൾ മരിച്ചതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ശ്രമിക് ട്രെയിൻ യാത്രയ്ക്കിടെ മരിച്ചവരുടെ കണക്കുകൾ ലഭ്യമായ ശേഷം കൃത്യമായ വിവരം പുറത്തു വിടുമെന്നും യാദവ് അറിയിച്ചു. മെയ് ഒന്ന് മുതൽ എട്ട് വരെയുള്ള വിവരം ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർത്ത് ഈസ്‌റ്റേൺ റെയിൽവെ സോണിൽ 18,നോർത്ത് സെൻട്രൽ സോണിൽ 19, ഈസ്റ്റ് കോസ്റ്റ് റെയിൽവെ സോണിൽ 13 തുടങ്ങി മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ശ്രമിക് ട്രെയിനുകളുടെ 80 ശതമാനവും ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലേക്കാണ്. മരിച്ചവരിൽ ഹൃദയവാൽവ് മാറ്റി വെച്ചയാളും അമിത രക്തസമ്മർദമുള്ളവരും ഉൾപ്പെടുന്നു. ഗുരുതര രോഗമുള്ളവർ ശ്രമിക് ട്രെയിനുകളിലെ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയൽ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. സുരക്ഷ മുൻനിർത്തി പത്ത് വയസിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും യാത്ര ഒഴിവാക്കണമെന്നും ഗോയൽ പറഞ്ഞു.

ശ്രമിക് ട്രെയിനുകളിൽ കുടിയേറ്റ തൊഴിലാളികൾ മരിച്ച് വീഴുന്ന സംഭവം നിസാരവത്കരിച്ച്‌ ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷനായ ദിലീപ് ഘോഷ് എംപി രം​ഗത്തെത്തിയിരുന്നു. 'ചെറുതും ഒറ്റപ്പെട്ടതുമായ സംഭവം'എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. ഇതോടെ വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസും സിപിഎമ്മും രം​ഗത്തെത്തിയിരുന്നു. ബിജെപി കുറച്ചുകൂടി പക്വത കാണിക്കണമെന്ന് തൃണമൂൽ കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

'നിർഭാഗ്യകരമായ ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ പേരിൽ റെയിൽവേയെ കുറ്റം പറയാൻ കഴിയില്ല. കുടിയേറ്റക്കാരെ കൊണ്ടുപോകാൻ അവർ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ചില മരണങ്ങൾ നടന്നിട്ടുണ്ട്. അത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. യാത്രക്കാർക്ക് വേണ്ടി റെയിൽവേ ചെയ്യുന്ന സേവനങ്ങളുടെ ഒരുപാട് ഉദാഹരണങ്ങൾ നമ്മുടെ പക്കലുണ്ട്. നിസാരമായ ചില സംഭവങ്ങൾ നടന്നതിന്റെ പേരിൽ റെയിൽവേയെ താഴ്‌ത്തി കാണിക്കാൻ കഴിയില്ല' ദിലീപ് ഘോഷ് പറഞ്ഞു. അതേസമയം, ദിലീപ് ഘോഷിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ബിജെപി കുറച്ചുകൂടി പക്വത കാണിക്കണമെന്ന് ഇരുകക്ഷികളും ആവശ്യപ്പെട്ടു.

ലോക്ക്ഡൗണും കൊവിഡ് പ്രശ്‌നവും കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ചയുടെ ഫലമാണ് അതിഥി തൊഴിലാളികൾ അനുഭവിക്കുന്നത്. നിരവധി പേർ മരിച്ചുവീഴുന്നു. ബിജെപി നേതാക്കൾ ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഞങ്ങൾക്കു നേരെ വിരൽ ചൂണ്ടുന്നതിനു മുൻപ് ദിലീപ് ഘോഷ് കുറച്ചുകൂടി പക്വതയോടെ സംസാരിക്കണമെന്ന് ടിഎംസി നേതാവും എംപിയുമായ സൗഗത റോയ് പറഞ്ഞു. ബിജെപിയുടെ ഭരണകാലത്ത് എല്ലാം നന്നായി മാത്രമേ സംഭവിക്കൂവെന്ന ചിന്തയാണ് ദിലീപ് ഘോഷിനെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP