Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചുടീവിക്കും കാർട്ടൂണിനുമെല്ലാം ഇനി അവധി; നാളെ കഴിഞ്ഞാൽ പുതിയ അധ്യായനവർഷം ആരംഭിക്കുമ്പോൾ പുതിയ രീതികൾ; ഓൺലൈൻ വിദ്യാഭ്യാസത്തിൽ ആശങ്ക അകലാതെ സർക്കാർ/എയ്ഡഡ് സ്കൂളുകൾ; മികവ് കാട്ടാൻ ഒരുങ്ങി അൺ എയ്ഡഡ് വിദ്യാലയങ്ങൾ; ഒരുപാട് മുന്നിലോടി സിബിഎസ്ഇയും ഐസിഎസ്ഇയും

കൊച്ചുടീവിക്കും കാർട്ടൂണിനുമെല്ലാം ഇനി അവധി; നാളെ കഴിഞ്ഞാൽ പുതിയ അധ്യായനവർഷം ആരംഭിക്കുമ്പോൾ പുതിയ രീതികൾ; ഓൺലൈൻ വിദ്യാഭ്യാസത്തിൽ ആശങ്ക അകലാതെ സർക്കാർ/എയ്ഡഡ് സ്കൂളുകൾ; മികവ് കാട്ടാൻ ഒരുങ്ങി അൺ എയ്ഡഡ് വിദ്യാലയങ്ങൾ; ഒരുപാട് മുന്നിലോടി സിബിഎസ്ഇയും ഐസിഎസ്ഇയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അലസതയോടെ കൊച്ചു ടീവിയും കാർട്ടൂണും കണ്ടിരിക്കാൻ ഇനു രണ്ടുനാൾ മാത്രം. ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുകയാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ സ്കൂൾ കെട്ടിടങ്ങൾ അടഞ്ഞ് കിടക്കുകയും വിദ്യാർത്ഥികൾ എവിടെയാണോ ഉള്ളത് അവിടം ക്ലാസ് മുറിയായി മാറുകയും ചെയ്യും. മാറിയ കാലത്തെ പഠനം എങ്ങനെയാകും എന്ന ആശങ്ക കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മാത്രമല്ല, അദ്ധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കുമുണ്ട്. പഠനം സു​ഗമമാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹായം സംസ്ഥാന സർക്കാർ തേടിയിട്ടുണ്ട്.

കേന്ദ്ര തീരുമാനം വന്ന ശേഷമേ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കൂ എങ്കിലും, പഠനം മുടങ്ങാതിരിക്കാൻ ജൂൺ ഒന്നിനു തന്നെ ഓൺലൈൻ ക്ലാസ് ആരംഭിക്കാനാണ് സർക്കാർ തീരുമാനം. പ്രത്യേക ക്ലാസുകൾക്കു നൽകിയിരിക്കുന്ന പേര് ‘ഫസ്റ്റ് ബെൽ’. കൈറ്റ് വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പല സമയങ്ങളിലായാണ് ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ (പ്ലസ് വൺ ഒഴികെ) ക്രമീകരിച്ചിരിക്കുന്നത്. യുട്യൂബിലും ലഭ്യമാകും.

ആദ്യ ആഴ്ച ട്രയൽ അടിസ്ഥാനത്തിൽ സംപ്രേഷണം; 10,12 ക്ലാസുകാർക്കായി അതേ ദിവസം വൈകിട്ടും മറ്റുള്ളവർക്കു ശനി, ഞായർ ദിവസങ്ങളിലും പുനഃസംപ്രേഷണമുണ്ട്. ആദ്യ ആഴ്ചയിലെ ക്ലാസുകൾ ജൂൺ 8നു തുടങ്ങുന്ന ആഴ്ചയിൽ ആവർത്തിക്കുകയും ചെയ്യും. ആദ്യ ആഴ്ച ക്ലാസ് നഷ്ടമായവരെ കണ്ടെത്തി സൗകര്യം ഉറപ്പു വരുത്തിയ ശേഷമാകും പുനഃസംപ്രേഷണം. സ്കൂൾ തുറക്കുമ്പോൾ മാത്രം അദ്ധ്യാപകർ എത്തിയാൽ മതിയെന്നും സ്കൂൾ ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ ധാരണയായി.

സർക്കാർ സ്കൂളുകളിൽ ആശങ്ക

ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും തുറക്കും എന്ന് പറയുമ്പോഴും സർക്കാർ സജ്ജമാക്കിയിട്ടുള്ളത് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ മാത്രമാണ്. ആപ് ഡൗണ‍ലോഡ് ചെയ്ത് മൊബൈലിലും വിക്ടേഴ്സ് ചാനൽ ലഭ്യമാകും. എന്നാൽ ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾ ഭൂരിഭാ​ഗവും പഠിക്കുന്നത് സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലാണ് എന്നത് വലിയ ഒരു പ്രശ്നമായി സർക്കാരിന് മുന്നിലുണ്ട്. ഇത്തരം വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് പൊതുവായി സംവിധാനങ്ങൾ ​ഗ്രന്ഥശാലകൾ പോലുള്ള പൊതു ഇടങ്ങളിൽ സജ്ജമാക്കണമെന്ന് സർക്കാർ എംഎൽഎമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ, ക്ലാസ് മുറികളിലിരുന്ന് സംശയങ്ങൾ ചോദിച്ചും ഉത്തരങ്ങൾ പറഞ്ഞും നടത്തുന്ന ഇന്ററാക്ടീവ് ക്ലാസുകളുടെ നിലവാരം ഈ സംവിധാനത്തിന് ഉണ്ടാകുമോ എന്ന ചോദ്യം രക്ഷകർത്താക്കളും വിദ്യാഭ്യാസ പ്രവർത്തകരും ഉയർത്തുന്നു. ഈ സാഹതര്യത്തിൽ അൺ എയ്ഡഡ് സ്കൂളുകൾ തങ്ങളുടെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന സജ്ജീകരണങ്ങളും പുത്തൻസങ്കേതങ്ങളും പല രക്ഷിതാക്കളേയും ആകർഷിക്കുന്നുണ്ട്.

മികവ് കാട്ടാൻ അൺ എയ്ഡഡ് സ്കൂളുകൾ

പുത്തൻ സാഹചര്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് അൺ എയ്ഡഡ് സ്കൂളുകൾ ചിന്തിക്കുന്നത്. ഇതിനായി സർക്കാർ/ എയ്ഡഡ് സ്കൂളുകളെ മറികടന്ന് സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് അൺ എയ്ഡഡ് സ്കൂളുകൾ തയ്യാറായിട്ടുള്ളത്. പിഡിഎഫ് രൂപത്തിലുള്ള പാഠപുസ്തകങ്ങൾ മുതൽ വാട്സാപ് ക്ലാസ് റൂമും സൂം ക്ലാസ് മുറികളുമെല്ലാം അൺ എയ്ഡഡ് സ്കൂളുകൾ സജ്ജമാക്കി കഴിഞ്ഞു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏത് സമയവും അദ്ധ്യാപകരെ വിളിച്ച് സംശയനിവാരണം വരുത്തുന്നതിനും അൺ എയ്ഡഡ് സ്കൂളുകൾ ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. സൂം ആപ്ലിക്കേഷൻ ഉപയോ​ഗിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവർക്ക് വാട്സാപ്പ് ക്ലാസുകളും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനും അൺ എയ്ഡഡ് സ്കൂളുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഓരേ സിലബസ് തന്നെ പഠിപ്പിക്കുന്ന സർക്കാർ/ എയ്ഡഡ് വിദ്യാലയങ്ങളെക്കാൾ പാഠ്യ-പാഠ്യേതര മേഖലകളിൽ വളരെ മുന്നിൽ നിൽക്കുന്ന അൺ എയ്ഡഡ് വിദ്യാലയങ്ങൾ കൂടുതൽ മികവ് പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഈ സാഹചര്യത്തെ കാണുന്നത്.

സജ്ജമായി സിബിഎസ്ഇ

സംസ്ഥാത്തെ സിബിഎസ്ഇ സ്കൂളുകൾ വളരെ നേരത്തേ തന്നെ സജ്ജമായിക്കഴിഞ്ഞു. ഓൺലൈൻ ക്ലാസുകൾ എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികൾക്കായി ആരംഭിച്ചിട്ട് ഒരു മാസമാകുന്നു. പ്ലസ് വൺ ക്ലാസിലേക്കുള്ള പ്രിപ്പറേഷൻ ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്. സൂമിന് പകരം ​ഗൂ​ഗിളിനെയാണ് സിബിഎസ്ഇ സ്കൂളുകൾ ആശ്രയിക്കുന്നത്. സൂമിനെക്കാൾ സ്വകാര്യത ​ഗൂ​ഗിൾ ക്ലാസ് റൂമിനാണ് എന്ന് സിബിഎസ്ഇ സ്കൂളുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്വന്തം വീടുകളിൽ ഇരുന്നാണ് ​ഗൂ​ഗിൾ ക്ലാസ് മുറിയിൽ പങ്കാളികളാകുന്നത്. പാഠപുസ്തകങ്ങൾ പഠിപ്പിക്കുകയും ടെസ്റ്റ് പേപ്പറുകൾ നടത്തുകയും എല്ലാം ചെയ്യുന്നു. ഇതെല്ലാം മാനേജ്മെന്റ് പ്രതിനിധിയുടെ നിരീക്ഷണത്തിലുമാണ്. ജൂൺ ഒന്ന് മുതൽ അദ്ധ്യാപകർ സ്കൂളുകളിൽ എത്തി ഓൺലൈൻ ക്ലാസ് എടുക്കുന്നതിനുള്ള സംവിധാനമാണ് സിബിഎസ്ഇ സ്കൂളുകൾ ആലോചിക്കുന്നത്.

ഐസിഎസ്ഇയും ക്ലാസുകൾ തുടങ്ങി

സിബിഎസ്ഇ സ്കൂളുകൾക്കൊപ്പം ഐസിഎസ്ഇ സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് കഴിഞ്ഞു. വിവിധ ഐടി കമ്പനികളുമായി ചേർന്ന് സ്വന്തം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സജ്ജമാക്കിയാണ് സ്കൂളുകൾ ക്ലാസുകൾ ആരംഭിച്ചത്. ആഴ്‌ച്ചയിൽ ഒരിക്കൽ ക്ലാസ് ടെസ്റ്റുകൾ ഉൾപ്പെടെ നടത്തിയാണ് ക്ലാസുകൾ മുന്നോട്ട് പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP