Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചട്ടമ്പിസ്വാമി ഭൂസമരത്തിലൂടെ എഡിജിപി സന്ധ്യയുടെ കണ്ണിലെ കരടായി; സമരത്തിനിടെ ആത്മഹത്യാ ഭീഷണിയുമായി കണ്ണമൂലയിലെ താരമായി; സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചതിൽ ഗൂഢാലോചന സംശയിച്ച് ക്രൈംബ്രാഞ്ച്; ജനനേന്ദ്രീയം മുറിക്കുന്ന വീഡിയോ സംഭവത്തിന് രണ്ടു മാസം മുൻപ് പെൺകുട്ടി ഇന്റർനെറ്റിൽ കണ്ടെന്ന മൊബൈൽ ഫോൺ ഫൊറൻസിക് റിപ്പോർട്ട് നിർണ്ണായകം; ഗംഗേശാനന്ദ സ്വാമിയുടെ കേസ് വീണ്ടും തുറക്കും; അന്വേഷണം അട്ടിമറിക്കാൻ ഐപിഎസിലെ ഉന്നതരും; തച്ചങ്കരിക്ക് പുതിയ വെല്ലുവിളി

ചട്ടമ്പിസ്വാമി ഭൂസമരത്തിലൂടെ എഡിജിപി സന്ധ്യയുടെ കണ്ണിലെ കരടായി; സമരത്തിനിടെ ആത്മഹത്യാ ഭീഷണിയുമായി കണ്ണമൂലയിലെ താരമായി; സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചതിൽ ഗൂഢാലോചന സംശയിച്ച് ക്രൈംബ്രാഞ്ച്; ജനനേന്ദ്രീയം മുറിക്കുന്ന വീഡിയോ സംഭവത്തിന് രണ്ടു മാസം മുൻപ് പെൺകുട്ടി ഇന്റർനെറ്റിൽ കണ്ടെന്ന മൊബൈൽ ഫോൺ ഫൊറൻസിക് റിപ്പോർട്ട് നിർണ്ണായകം; ഗംഗേശാനന്ദ സ്വാമിയുടെ കേസ് വീണ്ടും തുറക്കും; അന്വേഷണം അട്ടിമറിക്കാൻ ഐപിഎസിലെ ഉന്നതരും; തച്ചങ്കരിക്ക് പുതിയ വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പെൺകുട്ടി ജനനേന്ദ്രീയം മുറിച്ച സംഭവത്തിൽ പൊലീസ് പറയുന്നതെല്ലാം കളവെന്ന് ഗംഗേശാനന്ദ സ്വാമി വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് താൻ പറഞ്ഞതായി പൊലീസ് പുറത്തുവിടുന്ന മൊഴി തെറ്റാണെന്നും ഗംഗേശാനന്ദ വ്യക്തമാക്കിയിരുന്നു. ഈ മൊഴിയാകും ഇനി പൊലീസ് അന്വേഷിക്കുക. ബലാത്സംഗം ചെയ്യുമ്പോൾ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന കേസ്. എന്നാൽ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പെൺകുട്ടി തന്നെ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ കേസ് നിലനിൽക്കില്ല. എന്നാൽ സ്വാമിയുടെ ജനനേന്ദ്രീയം മുറിയുകയും ചെയ്തു. ഇതിന് തെളിവുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വാമിയുടെ ഭാഗം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എന്നാൽ ഒരു സാഹചര്യത്തിലും ഈ അന്വേഷണം മുമ്പോട്ട് പോകില്ല. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്ക് മേൽ വലിയ സമ്മർദ്ദം ഐപിഎസ് അസോസിയേഷൻ ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയ അന്വേഷണം തുടക്കത്തിലേ അട്ടിമറിക്കുമെന്നാണ് സൂചന.

ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവിയാണ് കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ടത്. കൃത്യം ചെയ്തെന്ന് പറയുന്ന പെൺകുട്ടി പരാതി പിൻവലിച്ചതും അന്വേഷിക്കും. പീഡന ശ്രമത്തിനിടെ അക്രമിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ മൊഴി. അതേ സമയം സ്വന്തം സഹായിയാണ് അക്രമിച്ചതെന്നായിരുന്നു സ്വാമി ഗംഗേശാനന്ദ നൽകിയ പരാതി. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ അക്രമിക്കാൻ തുനിഞ്ഞപ്പോൾ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് ആദ്യം പരാതി ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും. പിന്നാലെ പെൺകുട്ടി കോടതിയിലടക്കം മൊഴി മാറ്റി പറയുകയും ചെയ്തു. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം പറഞ്ഞ് ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും പരാതികൾ അടിസ്ഥാനമാക്കി ഒരു പുനരന്വേഷണം നടത്താനാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിട്ടിരിക്കുന്നത്. അതിനിടെ ഈ കേസ് അട്ടിമറിക്കാൻ സമ്മർദ്ദവും ശക്തമാണ്. ഈ കേസിൽ ഇനി സ്വാമിയുടെ മൊഴിയാകും നിർണ്ണായകം. ജനനേന്ദ്രീയം അറത്തെടുത്തത് താനാണെന്ന് സ്വാമി പറഞ്ഞാൽ അന്വേഷണം അപ്രസക്തമാകും. അതിനിടെ ജനനേന്ദ്രീയം അറത്തെടുക്കുന്ന വീഡിയോ കണ്ട് പരിശീലനം നേടിയിരുന്നതിന്റെ തെളിവുകൾ പെൺകുട്ടിയുടെ ഫോൺ പരിശോധനയിൽ കിട്ടിയെന്നും സൂചനയുണ്ട്.

സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർത്ഥിനി സ്വയംരക്ഷയ്ക്കായി ചെയ്‌തെന്നായിരുന്നു പരാതി. പ്രായപൂർത്തിയാകുന്നതിന് മുൻപ് മുതൽ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി മൊഴി നൽകി. ഇതോടെ ഗംഗേശാനന്ദയെ അറസ്റ്റു ചെയ്ത പൊലീസ് കുറ്റപത്രം നൽകാനും തീരുമാനിച്ചിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മൂന്ന് വർഷം പിന്നിടുമ്പോൾ കേസ് മറ്റൊരു വഴിത്തിരിവിലാണ്. പെൺകുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രീയം മുറിച്ചത് പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്താലാണെന്നും പോക്‌സോ കോടതിയിലും ഹൈക്കോടതിയിലും തിരുത്തി പറഞ്ഞിരുന്നു. ഇതുകൂടാതെ ഗൂഢാലോചന സംശയിക്കുന്ന ഒട്ടേറെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുമുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ജനനേന്ദ്രീയം മുറിക്കുന്നതിനേക്കുറിച്ചുള്ള ദൃശ്യങ്ങൾ സംഭവത്തിന് രണ്ടു മാസം മുൻപ് പെൺകുട്ടി ഇന്റർനെറ്റിൽ കണ്ടതായുള്ള മൊബൈൽ ഫോണിന്റെ ഫൊറൻസിക് റിപ്പോർട്ടാണ്. അതിനാൽ പെൺകുട്ടിയുടെ കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കും പ്രാദേശിക തർക്കങ്ങളെ തുടർന്നുള്ള ഉന്നത ഇടപെടലും അന്വേഷിക്കാനാണ് തീരുമാനം.

താൻ ഉറങ്ങി കിടക്കുമ്പോഴാണ് പെൺകുട്ടി ജനനേന്ദ്രീയം അറത്തെടുത്തത് എന്നായിരുന്നു പൊലീസ് കസ്റ്റഡിയിലെ സ്വാമിയുടെ മൊഴി. അതിന് പെൺകുട്ടിയുടെ കാമുകനായ അയ്യപ്പദാസിന്റേയും സഹായം കിട്ടിയിരുന്നു. ഇപ്പോൾ അന്വേഷണം നടക്കുന്നത് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. ആരേയും ലൈംഗികമായി പീഡിപ്പിച്ചിട്ടുമില്ല. അറസ്റ്റിലായ ശേഷം പൊലീസുകാരുമായുള്ള യാത്രയ്ക്കിടെ മാധ്യമ പ്രവർത്തകരോട് സ്വാമി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പെൺകുട്ടിയാണ് ലിംഗം മുറിച്ചതെന്നും യുവതിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നും സ്വാമി സമ്മതിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഇത് കള്ളമാണെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസും. തന്റെ അടുപ്പക്കാരനായി യുവതിയുടെ വീട്ടിലെത്തിയ ആളാണ് അയ്യപ്പദാസ്. ഇയാളുടെ സഹായത്തോടെയാണ് തന്റെ ലിംഗം മുറിച്ചതെന്നാണ് സ്വാമി വിശദീകരിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന തന്നെ പെൺകുട്ടിയും കാമുകനും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് സ്വാമി പറയുന്നത്. എന്നാൽ ഈ ഭാഗത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നില്ല.

പെൺകുട്ടിക്കെതിരെ സ്വാമിയുടെ അമ്മയും പെൺകുട്ടിയുടെ അമ്മയും പരാതി നൽകിയിരുന്നു. സ്വാമി നിരപരാധിയാണെന്നും ലിംഗം മുറിച്ചത് പെൺകുട്ടിയും കാമുകനും ചേർന്നാണെന്നുമായിരുന്നു പരാതി. എന്നാൽ പൊലീസ് ഈ പരാതി ഗൗരവത്തോടെ എടുത്തില്ല. പെൺകുട്ടിക്കെതിരെ കേസ് എടുക്കേണ്ടെന്നായിരുന്നു സർക്കാർ നിലപാട്. എല്ലാ പിന്തുണയും പെൺകുട്ടിക്ക് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. സ്വാമിക്കെതിരെ പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥയാണ് ചരട് വലികൾ നടത്തുന്നതെന്നായിരുന്നു സ്വാമിയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. അയ്യപ്പദാസാണ് എല്ലാത്തിനും പിന്നിലെന്നും ഇവർ നേരത്തെ തന്നെ സൂചിപ്പിച്ചു. സംഭവം നടന്ന ദിവസം അയ്യപ്പദാസ് എന്ന തന്റെ സഹായിയും തിരുവനന്തപുരത്ത് പെൺകുട്ടിയുടെ വീട്ടിൽ ഉണ്ടായിരുന്നെന്ന് ഗംഗേശാനന്ദ വെളിപ്പെടുത്തിയിരുന്നു.

വർഷങ്ങളായി പെൺകുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നതായും ഇയാൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ലിംഗം ഛേദിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സ്വാമി പറഞ്ഞിരുന്നു. താൻ നിരപരാധിയാണെന്നും തന്നെ യുവതിയും അവരുടെ ആൾക്കാരും ചേർന്ന് കണിയിൽപ്പെടുത്തുകയായിരുന്നുവെന്നുമാണ് സ്വാമി ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ, ഇത് മുഖവിലയ്‌ക്കെടുക്കാൻ പൊലീസ് തയ്യാറായില്ല. ചട്ടമ്പി സ്വാമിയുടെ പിന്മുറക്കാരനായിരുന്നു ഗംഗേശാനന്ദ തീർത്ഥപാഥർ. ചട്ടമ്പി സ്വാമിയുടെ യഥാർത്ഥ ശിഷ്യനാകാൻ സാമൂഹിക പരിഷ്‌കരണത്തിന് ഇറങ്ങിയ നേതാവ്.

ചട്ടമ്പിസ്വാമിയുടെ യഥാർത്ഥ ജനനസ്ഥലത്തെ കുറിച്ച് ഏറെ ചർച്ചയുണ്ട്. പന്മന ആശ്രമവും എൻഎസ്എസും കരുതുന്നത് കണ്ണമൂലയിലാണ് സ്വാമിയുടെ വീടെന്നാണ്. ഈ വീടിരുന്ന സ്ഥലം തലമുറകൾ കൈമാറി ഐപിഎസുകാരിയായ ബി സന്ധ്യയുടെ കൈയിലെത്തി. അവിടെ വീടു വയ്ക്കാനും തീരുമാനിച്ചു. ഇതോടെ പ്രശ്നങ്ങൾക്ക് തുടക്കവുമായി. ഈ സ്ഥലം സംരക്ഷിക്കാൻ ചട്ടമ്പിസ്വാമിയുടെ ഭക്തർ തീരുമാനിച്ചു. വലിയ പ്രക്ഷോഭവും നിയമപോരാട്ടവും നടന്നു. ഇതിന്റെ മുൻനിരയിൽ സ്വാമി ഗംഗേശാനന്ദ സ്വാമികളായിരുന്നു. സന്ധ്യയെ വെല്ലുവിളിച്ച് കണ്ണമൂലയിൽ സമര കാഹളം മുഴക്കിയ സന്ന്യാസി. കണ്ണമൂലയുമായുള്ള സ്വാമിയുടെ ബന്ധം തുടങ്ങുന്നത് ഇങ്ങനെയാണ്. തീവ്ര നിലപാടുകളുമായി സമരത്തിൽ സജീവമായ സ്വാമി ഭൂമി വിട്ടുകിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പോലും ഭീഷണിപ്പെടുത്തി. എന്നാൽ അതൊന്നും സംഭവിച്ചില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സന്ധ്യയ്ക്ക് ഈ ഭൂമിയിൽ ഉടമസ്ഥാവകാശം കിട്ടുകയും ചെയ്തു. അവിടെ വീടുവച്ച് അവർ താമസിക്കുകയും ചെയ്യുന്നു.

ഈ സമരവുമായി ബന്ധപ്പെട്ടാണ് കണ്ണമൂല-പേട്ട ഭാഗത്ത് ഗംഗേശാനന്ദ സ്വാമി താരമാകുന്നത്. സന്ധ്യയ്ക്ക് കടുത്ത വൈരാഗ്യമാണ് തന്നോടുള്ളതെന്നും വകവരുത്തുമെന്നെല്ലാം പറഞ്ഞായിരുന്നു സ്വാമി ഇവിടുത്തെ വീടുകളിലെ സാന്നിധ്യമായത്. അതുകൊണ്ട് തന്നെ ഗംഗേശാനന്ദയുടെ ലിംഗം മുറിക്കലിലും സംശയങ്ങൾ പലതരത്തിലായിരുന്നു. ഇതെല്ലാം പുതിയ അന്വേഷണത്തിന്റെ ഭാഗമാകണമെന്നാണ് ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ പക്ഷം. എന്നാൽ ഇതൊന്നും നടക്കാനിടയില്ലെന്ന് പൊലീസിലെ ഉന്നതൻ മറുനാടനോട് പറഞ്ഞു. മുഖ്യമന്ത്രി ഈ കേസിന് പച്ചക്കൊടി കാട്ടില്ലെന്ന ചർച്ചയും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP