Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാടിന്റെ വീരനായകന് അന്തിമോപചാരം അർപ്പിക്കാൻ പുളിയാർമലയിലെ വീട്ടിൽ എത്തിയത് അനേകം പേർ; മൃതദേഹം സംസ്‌ക്കരിച്ചത് പൂർണ്ണ സംസ്ഥാന ബഹുമതികളോടെ: അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി മുതൽ പ്രധാനമന്ത്രി വരെ

വയനാടിന്റെ വീരനായകന് അന്തിമോപചാരം അർപ്പിക്കാൻ പുളിയാർമലയിലെ വീട്ടിൽ എത്തിയത് അനേകം പേർ; മൃതദേഹം സംസ്‌ക്കരിച്ചത് പൂർണ്ണ സംസ്ഥാന ബഹുമതികളോടെ: അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി മുതൽ പ്രധാനമന്ത്രി വരെ

സ്വന്തം ലേഖകൻ

കൽപറ്റ: വയനാടിന്റെ വീരനായകന് അന്തിമോപചാരം അർപ്പിക്കാൻ പുളിയാർമലയിലെ വീട്ടിൽ എത്തിയത് അനേകം പേർ. ലോക്ഡൗൺ നിയന്ത്രണങ്ങളിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും വീട്ടിലേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ജനത്തെ നിയന്ത്രിക്കാൻ പൊലീസും പാടുപെട്ടു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് രാവിലെ മുതൽ ഏറെ പേർ അന്ത്യാഞ്ജലിയർപ്പിച്ചു.

പൊതുദർശനത്തിനു വെച്ചതിനു ശേഷം 4.40-ഓടെയാണ് മൃതദേഹം പുളിയാർമലയിലെ വീട്ടിൽനിന്ന് സമുദായ ശ്മശാനത്തിലെത്തിച്ചത്. ജൈന മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ. അഞ്ചുമണിയോടെ മകൻ എം വി ശ്രേയാംസ് കുമാർ ചിതയ്ക്ക് തീകൊളുത്തി. പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു എംപി. വീരേന്ദ്രകുമാറിന്റെ അന്ത്യം സംഭവിച്ചത്. ചാലപ്പുറത്തെ വസതിയിൽ എത്തിച്ച ഭൗതികദേഹം രാവിലെയാണ് വയനാട്ടിലെ വീട്ടിലെത്തിച്ചത്.

വീരേന്ദ്രകുമാറിന്റെ മരണത്തോടെ അവസാനിച്ചത് കേരളത്തിന്റെ രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിലെ ഒരുജ്ജ്വലയുഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരടക്കം നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 1936 ജൂലായ് 22ന് വയനാട്ടിലെ കല്പറ്റയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭ ഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായി ജനിച്ചു.

വയനാട്ടിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളേജിൽനിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജിൽനിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽനിന്ന് എം.ബി.എ. ബിരുദവും നേടി. സ്‌കൂൾവിദ്യാർത്ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണാണ് പാർട്ടിയിൽ അംഗത്വം നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ജയിൽവാസമനുഭവിക്കുകയും ചെയ്തു. 1987ൽ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.

കേന്ദ്ര മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004'09 കാലത്ത് പാർലമെന്റ് അംഗമായും പ്രവർത്തിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനിടെ 1979 നവംബർ 11ന് മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായി. ബഹുരാഷ്ട്രക്കുത്തകകൾക്കെതിരായ പോരാടി. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായി അദ്ദേഹത്തിന്റെ പുസ്‌കങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടി.

ഹൈമവതഭൂവിൽ, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങൾ സ്മരണകൾ, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര, ഡാന്യൂബ് സാക്ഷി, ഹൈമവതഭൂവിൽ, സ്മൃതിചിത്രങ്ങൾ ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോൾ, പ്രതിഭയുടെ വേരുകൾ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, രോഷത്തിന്റെ വിത്തുകൾ, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങി ഒട്ടേറെ സാഹിത്യകൃതികളുടെ കർത്താവാണ്.

ഭാര്യ: ഉഷ വീരേന്ദ്രകുമാർ. മക്കൾ: എം വി ശ്രേയാംസ്‌കുമാർ (മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടർ), എം വി ആശ, എം വി നിഷ, എം വി ജയലക്ഷ്മി. മരുമക്കൾ: കവിത ശ്രേയാംസ് കുമാർ, ദീപക് ബാലകൃഷ്ണൻ (ബെംഗളൂരു), എം.ഡി. ചന്ദ്രനാഥ് (വയനാട്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP