Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് നിയന്ത്രണത്തിൽ കേരളത്തിന്റെ നേട്ടം ലോകോത്തരം; കോവിഡിൽ രാജ്യങ്ങളുടെ ശ്രമം ദക്ഷിണ കൊറിയയുടെ ഒപ്പമെത്താൻ; കേരളം ഇതു നേടിയെന്ന് മുഖ്യമന്ത്രി; കേരളത്തിൽ പരിശോധിക്കുന്ന 100 പേരിൽ 1.7 ശതമാനം പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിക്കുന്നത്; ദേശീയ ശരാശരി അത് അഞ്ച് ശതമാനമാണ്; സംസ്ഥാനത്തെ മരണനിരക്കും ദേശീയ ശരാശരിയേക്കാൾ താഴെ; മെച്ചപ്പെട്ട പ്രതിരോധ സംവിധാനം, കാര്യക്ഷമമായ കോൺടാക്ട് ട്രേസിങ്, ശാസ്ത്രീയമായ ക്വാറന്റീൻ എന്നിവ കേരളത്തിന് നേട്ടമായെന്നും പിണറായി

കോവിഡ് നിയന്ത്രണത്തിൽ കേരളത്തിന്റെ നേട്ടം ലോകോത്തരം; കോവിഡിൽ രാജ്യങ്ങളുടെ ശ്രമം ദക്ഷിണ കൊറിയയുടെ ഒപ്പമെത്താൻ; കേരളം ഇതു നേടിയെന്ന് മുഖ്യമന്ത്രി; കേരളത്തിൽ പരിശോധിക്കുന്ന 100 പേരിൽ 1.7 ശതമാനം പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിക്കുന്നത്; ദേശീയ ശരാശരി അത് അഞ്ച് ശതമാനമാണ്; സംസ്ഥാനത്തെ മരണനിരക്കും ദേശീയ ശരാശരിയേക്കാൾ താഴെ; മെച്ചപ്പെട്ട പ്രതിരോധ സംവിധാനം, കാര്യക്ഷമമായ കോൺടാക്ട് ട്രേസിങ്, ശാസ്ത്രീയമായ ക്വാറന്റീൻ എന്നിവ കേരളത്തിന് നേട്ടമായെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിൽ കേരളത്തിന്റെ നേട്ടം ലോകോത്തരമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പരിശോധനയിൽ സംസ്ഥാനത്ത് പോസിറ്റീവാകുന്നവരുടെ ശതമാനം ദേശീയ ശരാശരിയേക്കാൾ ഒരുപാട് പിന്നിലാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് പരിശോധിക്കുന്ന 100 പേരിൽ 1.7 ശതമാനം പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ ദേശീയ ശരാശരി അഞ്ചുശതമാനമാണ്. ഇക്കാര്യത്തിൽ ദക്ഷിണ കൊറിയയെയാണ് എല്ലാ ലോകരാജ്യങ്ങളും മാതൃകയാക്കുന്നത്. കൊറിയയുടെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് രണ്ടുശതമാനത്തിൽ താഴെയാണ്.

ദക്ഷിണ കൊറിയ കൈവരിച്ചതുപോലെ ഇത് 2 ശതമാനത്തിൽ താഴെയെത്തിക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം. കേരളം നിലവിൽ ഇതു കൈവരിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് കേസ് ഫെറ്റാലിറ്റി റേറ്റ് 0.5 ശതമാനമാണ്. സിഎഫ്ആറും ടിപിആറും ഉയർന്ന നിരക്കിൽ ആകുന്നതിന് അർഥം ആവശ്യത്തിന് പരിശോധന ഇല്ലെന്നാണ്. ഇവിടെ നേരേ മറിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടിപിആറും മരണനിരക്കും ഉയർന്നു നിൽക്കുന്നു എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പരിശോധനയുടെ കുറവിനെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് വിവിധ തലങ്ങളിൽ 80091 കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. ടെസ്റ്റുകളുടെ എണ്ണത്തിൽ സംസ്ഥാനം മുന്നേറ്റം കാഴ്ചവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഒരു ദശലക്ഷത്തിന് 2035 എന്നതാണ് കേരളത്തിന്റെ പരിശോധന കണക്കുകൾ. കേരളത്തിൽ 71 ടെസ്റ്റ് നടത്തുമ്പോൾ മാത്രമാണ് ഒരു കോവിഡ് പോസിറ്റീവ് കേസ് കണ്ടെത്തുന്നത്. ദേശീയ ശരാശരി 23 ന് ഒന്ന് എന്ന നിലയിലാണ്. അതായത് അഖിലേന്ത്യാ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റുകളുടെ എണ്ണം കേരളത്തിൽ 3 ഇരട്ടിയാണ്. കാര്യക്ഷമമായ പൊതുജനാരോഗ്യം, സമ്പർക്കത്തിലുള്ളവരെ കണ്ടെത്തൽ, ശാസ്ത്രീയമായ ക്വാറന്റൈൻ എന്നിവയാണ് കേരളത്തിന്റെ നേട്ടത്തിന് നിദാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐസിഎംആർ നിർദ്ദേശം അനുസരിച്ച് പരിശോധന വേണ്ടവരെയെല്ലാം കേരളത്തിൽ പരിശോധിക്കുന്നുണ്ട്. അതിനായി കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ രോഗികളുടെ എണ്ണത്തിലുള്ള വർധനവിൽ ആശങ്കപ്പെടേണ്ടതില്ല. ലോക്ഡൗണിൽ ഇളവു നൽകുമ്പോൾ ഇതുണ്ടാവുമെന്നു പ്രതീക്ഷിച്ചതാണ്. കോവിഡ് മാനേജ്‌മെന്റിന് മാത്രമായി മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന ഇതുവരെ 620.71 കോടി രൂപ ലഭ്യമാക്കി. അതിൽ 227.35 കോടി ചെലവാക്കി. സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ 12191 ഐസലേഷൻ കിടക്കകൾ സജ്ജമാണ്. അതിൽ ഇപ്പോൾ 1080 പേരാണ് ഉള്ളത്.

1296 സർക്കാർ ആശുപത്രികളിൽ 49702 കിടക്കകൾ, 1369 ഐസിയു, 1045 വെന്റിലേറ്റർ എന്നിവയുണ്ട്. സ്വകാര്യ മേഖലയിൽ 866 ആശുപത്രികളിലായി 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളും ഉണ്ട്. 851 കൊറോണ കെയർ സെന്ററുകളാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇപ്പോൾ രോഗികൾ വർധിക്കുന്നു എന്നതിൽ പരിഭ്രമം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കണ്ണൂർ ജില്ലയിൽ കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ കർക്കശമായ നിലപാടിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ ജില്ലയിൽ സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നതിനാലാണ് ഇത്. സംസ്ഥാന ശരാശരിയേക്കാൾ ഇരട്ടിയാണ് കണ്ണൂരിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് 10 ശതമാനമാണെങ്കിൽ കണ്ണൂരിൽ അത് 20 ശതമാനമാണ്.

ജില്ലയിൽ ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളിൽ 19 എണ്ണം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. കണ്ണൂർ ജില്ലയിലെ സാഹചര്യം പരിഗണിച്ച് കൂടുതൽ കർക്കശ നിലപാടിലേക്ക് പോകേണ്ടിവരുമെന്നും രോഗവ്യാപനം അധികമായി വരുന്ന സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഉൾപ്പെടെ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ ഇന്ന് ഏഴ് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ 62 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 33 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 23 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും. സമ്പർക്കത്തിലൂടെ ഒരാൾക്കും ജയിലിൽ കഴിയുന്ന രണ്ടുപേർക്കും ഒരു ആരോഗ്യപ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP