Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിനെ കോവിഡ് മരണത്തിനു വിട്ടുകൊടുക്കാതെ ഭാര്യ തിരിച്ചു കൊണ്ട് വന്നത് ജീവിതത്തിലേക്ക്; യുകെയിൽ ഏറ്റവും കൂടുതൽ കാലം കോവിഡിനോട് പൊരുതിയും ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടും ജീവൻ തിരികെ പിടിച്ചതും ആൻഡോവറിലെ അമ്പലപ്പുഴക്കാരൻ; ഭാഗ്യ ജീവിതം കയ്യെത്തിപ്പിടിക്കുന്ന മലയാളികളിൽ റോയിയും

ഭർത്താവിനെ കോവിഡ് മരണത്തിനു വിട്ടുകൊടുക്കാതെ ഭാര്യ തിരിച്ചു കൊണ്ട് വന്നത് ജീവിതത്തിലേക്ക്; യുകെയിൽ ഏറ്റവും കൂടുതൽ കാലം കോവിഡിനോട് പൊരുതിയും ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടും ജീവൻ തിരികെ പിടിച്ചതും ആൻഡോവറിലെ അമ്പലപ്പുഴക്കാരൻ; ഭാഗ്യ ജീവിതം കയ്യെത്തിപ്പിടിക്കുന്ന മലയാളികളിൽ റോയിയും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഡോക്ടർമാർ ആശുപത്രിയിലേക്ക് വിളിപ്പിച്ചു ഇനിയൊന്നും ചെയ്യാൻ ബാക്കിയില്ലെന്നു അറിയിക്കുക. ആശുപത്രി ചാപ്ലയിൻ എത്തി അവസാന നിമിഷ പ്രാർത്ഥനകൾ നടത്തുക. സ്വന്തം ഭർത്താവ് ഇത്തരം ഒരാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ഒരു ഭാര്യ തകർന്നു പോകാൻ വേറെന്തു വേണം. അത്തരം ഒരാവസ്ഥയിലൂടെ കടന്നു പോയ ദിവസങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ആൻഡോവറിലെ റോയിച്ചൻ ചാക്കോ എന്ന റോയിയുടെ ഭാര്യ ലിജിക്ക് ഇപ്പോഴും ഒരുൾക്കിടിലമാണ്.

പക്ഷെ തന്റെ ഭർത്താവിനെ മരണത്തിനു വിട്ടുകൊടുക്കില്ല എന്നൊരു നിശ്ചയദാർഢ്യം കൂടെയുണ്ടായിരുന്നു എന്ന് ലിജി വ്യക്തമായി ഓർക്കുന്നു. ഇനി ഒരു മിറാക്കിൾ സംഭവിക്കണം എന്ന് മൂന്നംഗ ഡോക്ടർമാരിൽ ഒരാൾ വന്നു പറയുമ്പോൾ കരളുറപ്പുള്ള മനസോടെ അതുണ്ടാകും എന്ന് ഏതോ ഒരദൃശ്യ ശക്തിയുടെ ബലത്തിൽ പറയാൻ ലിജിക്ക് കഴിഞ്ഞിരുന്നു. ഭാര്യയുടെ ആ പ്രതീക്ഷയും കലർപ്പില്ലാത്ത സ്‌നേഹവും അമ്പലപ്പുഴക്കാരൻ റോയിയെ മരണ തീരത്തു നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് തിരികെ നടത്തി എന്ന സത്യം കോവിഡ്കാലത്തെ ഏറ്റവും ധീരമായ ചെറുത്തു നിൽപ്പായി മാറുകയാണ്.

ഇതുവരെ കോവിഡിനെ ധീരമായ ചെറുത്തുനിൽപ്പ് നടത്തിയവർ അനേകമാണ്. അക്കൂട്ടത്തിൽ ക്രോയ്‌ഡോണിലേ ജ്യോതി, കാന്റർബെറിയിലെ ജോജോ, സൗത്താംപ്ടണിലെ ജോഷി, ഹാരോവിലെ എബിൻ എന്നിവരൊക്കെ ഹീറോ വേഷം അണിഞ്ഞാണ് ജീവിതത്തിലേക്ക് മടങ്ങിയതെങ്കിൽ അവർക്കിടയിൽ സൂപ്പർ ഹീറോ പരിവേഷമാണ് റോയിച്ചന് നൽകേണ്ടത്. കാരണം നീണ്ട 58 ദിവസമാണ് റോയി കോവിഡുമായി പൊരുതിയത്. ഇത്രയും നീണ്ട കാലം ആശുപത്രിയിൽ കഴിയേണ്ടി വന്ന മറ്റൊരു മലയാളി യുകെയിൽ ഇല്ല. മിക്കവർക്കും ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ വീട്ടിലേക്കു മടങ്ങാൻ ആയെങ്കിലും തങ്ങൾക്കിടയിലേക്കു ഗുരുതരാവസ്ഥയിൽ വന്ന ആദ്യ കോവിഡ് രോഗി എന്ന നിലയിൽ റോയിയുടെ പരിപൂർണ സുഖപ്രാപ്തി വിഞ്ചസ്റ്റർ ഹോസ്പിറ്റലിന്റെ കൂടി ആവശ്യമായിരുന്നു. ഒരു ഘട്ടത്തിൽ ഹൃദയ താളം ഗതി തെറ്റുകയും രക്ത സമ്മർദം 200 പോയിന്റ് കടക്കുകയും ചെയ്ത രോഗി ജീവിതത്തിലേക്ക് മടങ്ങി വന്നത് ചികിത്സകരെ പോലും അമ്പരപ്പിക്കുകയാണ്.

മൂന്നു വട്ടം വീട്ടിൽ തളർന്നു വീണിട്ടും ആശുപത്രി സേവനം ലഭിച്ചില്ല

കോവിഡ് അതിന്റെ സംഹാര ശേഷി കാട്ടിയ മാർച്ച് അവസാന വാരമാണ് റോയിയേയും കോവിഡ് പിടികൂടുന്നത്. നേഴ്സിങ് ഹോമിൽ നഴ്‌സ് ആയ ഭാര്യ ലിജിയിൽ നിന്നും മൂത്തമകൾ അന്നുവിനും രോഗം പകർന്ന ശേഷമാണു റോയി രോഗബാധിതൻ ആകുന്നത്. കേരളത്തിൽ പൊലീസിൽ സേവനം ചെയ്തിരുന്ന റോയി യുകെയിലും കൃത്യമായ അച്ചടക്കം ജീവിതത്തിൽ കാട്ടിയിരുന്നതിനാൽ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നുമില്ല. എന്നാൽ കോവിഡ് റോയിയുടെ ശരീരത്തിൽ നടത്തിയ ആക്രമണം അതിവേഗത്തിൽ ഉള്ളതും കടുത്തതും ആയിരുന്നു.

ദിവസങ്ങളോളം പനി 40 ഡിഗ്രിയിൽ തന്നെ തുടർന്നു. ഇതിനിടയിൽ മൂന്നുവട്ടം ടോയ്ലെറ്റിൽ തളർന്നു വീണു. ഈ ഘട്ടത്തിൽ ആംബുലൻസ് സഹായം തേടിയപ്പോൾ അവരുടെ പരിശോധനയിൽ ശരീരത്തിൽ ഓക്‌സിജൻ സാച്ചുറേഷൻ ലെവൽ 95 ശതമാനം ഉണ്ടെന്നും 93ൽ എത്തിയാൽ മാത്രമേ ആശുപത്രിയിലേക്കു മാറ്റാൻ കഴിയൂ എന്ന നിലപാടിൽ ആയതോടെ തികച്ചും നിസ്സഹായമായി മാറുകയായിരുന്നു ലിജി.

നിമിത്തമായത് ജിപിയിലെ ഡോക്ടറുടെ സഹായം, വെന്റിലേറ്ററിലെ ആദ്യ രോഗികളിൽ ഒരാൾ

എങ്കിലും കണ്ടു നിൽക്കാൻ കഴിയാതെ ലിജി സാധ്യമായ നിലയിൽ ഒക്കെ റോയിക്കു വൈദ്യ സഹായം എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആരോ നൽകിയ ധൈര്യം പോലെയാണ് ആ നിമിഷങ്ങളിൽ ലിജിയുടെ പ്രവർത്തനം. പ്രതീക്ഷ കൈവിടാതെ 111 ലും ജിപിയിലും എല്ലാം മുടക്കമില്ലാതെ വിളിച്ചു കൊണ്ടിരുന്നു. ഒടുവിൽ ജിപിയിൽ നിന്നും മറുപടിയായി വിളിയെത്തി, രോഗിയുമായി നേരിട്ടെത്താൻ. എന്നാൽ കാറിൽ കയറാൻ പോലും അവശനാണെന്നും ആംബുലൻസ് ജീവനക്കാർ നൽകിയ മറുപടി എന്താണെന്നും വ്യക്തമാക്കിയപ്പോൾ സഹായത്തിന്റെ രൂപത്തിൽ എത്തിയത് ജിപിയിലെ ഇംഗ്ലീഷുകാരിയായ ഡോക്ടറാണ്. അവർ തന്നെ ആംബുലൻസ് വിളിച്ചു റോയിയെ ആശുപത്രിയിൽ എത്തിക്കാൻ ഉള്ള ശ്രമം നടത്തുകയായിരുന്നു. അങ്ങനെ ഏപ്രിൽ മാസം ഒന്നാം തിയതി നീണ്ട 58 ദിവസത്തെ ആശുപത്രി വാസത്തിലേക്കു റോയി എത്തുക ആയിരുന്നു. കോവിഡ് ബാധിച്ചു വിഞ്ചസ്റ്റർ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആകുന്ന ആദ്യ രോഗികളിൽ ഒരാളും റോയിയാണ്.

ആദ്യ രോഗിയായത് എക്‌മോയിലേക്കു മാറാൻ തടസമായി, പക്ഷെ സാധാരണ വെന്റിലേറ്റർ തന്നെ ഒടുവിൽ സഹായമായി ആദ്യ രോഗി ആയി എത്തിയതോടെ ഡോക്ടർമാർക്കിടയിൽ ഉണ്ടായിരുന്ന സംശയങ്ങൾ റോയിയെ വേഗത്തിൽ എക്മോ വെന്റിലേറ്ററിൽ എത്തിക്കാൻ തടസമായി. രോഗം കലശലായി 13 ദിവസം എത്തിയപ്പോഴാണ് ലണ്ടൻ സെന്റ് തോമസ് ഹോസ്പിറ്റലുമായി വിഞ്ചസ്റ്റർ ഹോസ്പിറ്റലിൽ നിന്നും ബന്ധപ്പെടുന്നത്. അപ്പോഴാണ് എക്മോ പരിഗണിക്കാൻ പറ്റുന്ന നിലയിൽ നിന്നും റോയിയുടെ നില വഷളായി എന്നറിയുന്നത്. ഒരാഴ്ചയിൽ കൂടുതൽ വെന്റിലേറ്ററിൽ കിടന്ന ആളെ എക്മോയിൽ പ്രവേശിപ്പിക്കുക സാധാരണമല്ല. ഇതോടെ ഡോക്ടർമാരുടെ പ്രതീക്ഷകളും അസ്തമിച്ചു. കുടുംബത്തെ ഇങ്ങനെയാണ് ഡോക്ടർമാർ തങ്ങളുടെ നിസ്സഹായത അറിയിക്കുന്നത്.

ഇതിനിടയിൽ എത്തിയ മറ്റൊരു മലയാളിയെ അധികനാൾ വെന്റിലേറ്ററിൽ കിടത്താതെ ലണ്ടനിൽ എക്മോ ചികിത്സക്ക് അയക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞതും റോയിയെ ചികിൽസിച്ച അനുഭവ പരിചയമാണ്. ആകെ 32 ദിവസം വെന്റിലേറ്ററിലും പിന്നീട് ഏതാനും ദിവസം ട്രക്കിയോസ്റ്റമി അടക്കമുള്ള ചികിത്സയും നടത്തിയാണ് റോയ് ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നത്. അവിശ്വസനീയമായ ഈ തിരിച്ചു വരവ് ആഘോഷമാക്കാൻ ആൻഡോവർ മലയാളികൾ ഒന്നടങ്കം റോയിയുടെ വീട്ടുമുറ്റത്ത് എത്തിയാണ് സ്വീകരണം ഒരുക്കിയത്. വെൽകം ബാക് റോയ് അങ്കിൾ എന്ന് വിളിച്ചു പറഞ്ഞാണ് അന്നുവിന്റെയും ഗ്രേസിന്റെയും കൂട്ടുകാർ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്.

കരുണക്കൊന്തയും ജപമാലയും വഴി അനുഗ്രഹവും ആത്മവിശ്വാസവും

ലോകമെങ്ങുമുള്ള വിശ്വാസികളുടെ പ്രാർത്ഥന തങ്ങളെ കാത്തുരക്ഷിക്കാൻ കൂടെയുണ്ടായി എന്നാണ് ലിജിക്ക് പറയാനുള്ളത്. ഡോക്ടർമാർ പറഞ്ഞതു പോലെ അത്ഭുതമായി റോയി മടങ്ങി വന്നതിനു മറ്റൊരു കാരണം ലിജിക്ക് കണ്ടെത്താനാകുന്നില്ല. വെറും 30 ഓളം മലയാളി കുടുംബങ്ങൾ ഉള്ള ആൻഡോവറിൽ ഏവരും കഴിയുന്നത് ഒരു കുടുംബം എന്നപോലെയാണ്. അതിനാൽ തന്നെ ലിജിയുടെയും പെണ്മക്കളായ അന്നുവിന്റേയും ഗ്രേസിന്റെയും കണ്ണീർ ഓരോരുത്തരും തങ്ങളുടേതാക്കി മാറ്റി. സേക്രട്ട് ഹാർട്ട് പ്രയാർ സംഘം 24 മണിക്കൂർ ജപമാല നടത്തിയും പുലർച്ചെ മൂന്നു മണിക്ക് അരമണിക്കൂറോളം ആൻഡോവർ മലയാളികൾ കരുണക്കൊന്ത ചൊല്ലിയുമൊക്കെ റോയിയുടെ മടങ്ങി വരവിനായി ഹൃദയം നൊന്തു പ്രാർത്ഥിച്ചു. ഉയിർത്തെഴുന്നേൽപ്പിന്റെ സമയം എന്ന നിലക്ക് പുലർച്ചെ മൂന്നുമണിക്കുള്ള പ്രാർത്ഥനയ്ക്ക് വിശ്വാസികൾ അതിയായ പ്രാധാന്യമാണ് നൽകുന്നത്.

തനിക്കു വേണ്ടി പ്രിയപ്പെട്ടവർ നടത്തിയ ത്യാഗങ്ങൾ ചികിത്സയുടെ അവസാന ഘട്ടത്തിൽ തിരിച്ചറിഞ്ഞ റോയ് അതിവേഗമാണ് പൂർണ ആരോഗ്യം വീണ്ടെടുത്തത്. ചികിത്സയ്ക്കിടയിൽ എത്തിയ വിവാഹ വാർഷികത്തിന് ആശുപത്രി ജീവനക്കാർ തന്നെ ആശംസ കാർഡ് ഉണ്ടാക്കി റോയിക്കു നൽകി അദ്ദേഹത്തെ ഞെട്ടിക്കുകയും ചെയ്തു. ഇപ്പോൾ ഒരു പുനർജന്മത്തിലൂടെ കടന്നു പോകുന്ന അനുഭവമാണ് തനിക്കുള്ളതെന്നും റോയ് പറയുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം റോയ് ജീവിച്ചിരിക്കുന്നത് അവരുടെ പ്രാർത്ഥനയുടെ ശക്തി കൊണ്ടാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് മാൽക്കവും സൂചിപ്പിക്കുന്നു. ഇപ്പോഴും പലരും തങ്ങൾക്കായി പ്രാർത്ഥിക്കുന്നുണ്ടെന്നും ലിജി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP