Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെവ് ക്യൂ ആപ്പ് ഉപേക്ഷിച്ചാൽ പ്രതിപക്ഷം വിജയം ആഘോഷിക്കുമെന്ന് ഭയം; ആപ്പ് ഉപേക്ഷിക്കേണ്ടെന്ന് സർക്കാർ; തീരുമാനം എക്സൈസ് മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ; പോരായ്മകൾ പരിഹരിച്ചാൽ ആപ്പ് പ്രവർത്തന സജ്ജമാക്കാമെന്ന ഐ ടി വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചു തീരുമാനം; ബെവ് ക്യൂ ആപ്പിന്റെ പ്രവർത്തനം സ്റ്റാർട്ട്അപ്പ് മിഷൻ നേരിട്ടു പരിശോധിക്കും; വേണ്ടത്ര പരിചയം ഇല്ലാത്ത കമ്പനിയെ ഏൽപ്പിച്ചതാണ് ബെവ് ക്യൂ ആപ്പ് തകരാറിലാകാൻ കാരണമെന്ന് ഐടി വിദഗ്ദ്ധർ

ബെവ് ക്യൂ ആപ്പ് ഉപേക്ഷിച്ചാൽ പ്രതിപക്ഷം വിജയം ആഘോഷിക്കുമെന്ന് ഭയം; ആപ്പ് ഉപേക്ഷിക്കേണ്ടെന്ന് സർക്കാർ; തീരുമാനം എക്സൈസ് മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ; പോരായ്മകൾ പരിഹരിച്ചാൽ ആപ്പ് പ്രവർത്തന സജ്ജമാക്കാമെന്ന ഐ ടി വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചു തീരുമാനം; ബെവ് ക്യൂ ആപ്പിന്റെ പ്രവർത്തനം സ്റ്റാർട്ട്അപ്പ് മിഷൻ നേരിട്ടു പരിശോധിക്കും; വേണ്ടത്ര പരിചയം ഇല്ലാത്ത കമ്പനിയെ ഏൽപ്പിച്ചതാണ് ബെവ് ക്യൂ ആപ്പ് തകരാറിലാകാൻ കാരണമെന്ന് ഐടി വിദഗ്ദ്ധർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിതരണത്തിനായി വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കേണ്ടെന്ന് കേരള സർക്കാർ. ആപ്പ് ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ പ്രതിപക്ഷം മുതലെടുക്കുമെന്ന ഭയത്തിലാണ് സർക്കാർ തീരുമാനം. നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് എക്സൈസ് മന്ത്രി ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ബെവ് ക്യൂ ആപ്പിൽ രണ്ടാമത്തെ ദിവസവും സാങ്കേതിക പ്രശ്നങ്ങൾ കണ്ടതിനെ തുടർന്നാണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചത്.

ചെറിയ ചില പോരായ്മകൾ പരിഹരിച്ചാൽ ആപ്പ് പ്രവർത്തന സജ്ജമാക്കാമെന്ന ഐ.ടി വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് ബെവ് ക്യൂ ആപ്പുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചത്. ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ന് വൈകീട്ടോടെ പരിഹരിക്കണമെന്ന് മന്ത്രി ടി. പി രാമകൃഷ്ണൻ യോഗത്തിൽ ആവശ്യപ്പെട്ടു. ആപ്പിന്റ പ്രവർത്തനം ഐ. ടി സെക്രട്ടറി എം. ശിവശങ്കറും സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ സജി ഗോപിനാഥും നേരിട്ട് പരിശോധിക്കാനും തീരുമാനമായി. കൊച്ചി ആസ്ഥാനമായ ഫെയർകോഡ് എന്ന ഐ. ടി കമ്പനിയാണ് ആപ്പിന്റെ നിർമ്മാതാക്കൾ. അതിനിടെ പല ബാറുകളും ആപ്പ് വഴിയുള്ള ടോക്കൺ ഇല്ലാതെ തന്നെ മദ്യവിൽപ്പന നടത്തിയതായുള്ള റിപ്പോർട്ടുകളും ഉണ്ട്. മൊബൈൽ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസം മദ്യം വാങ്ങാനായി ബാറുകളിലെത്തിയത്.

അതേസമയം വേണ്ടത്ര പരിചയം ഇല്ലാത്ത കമ്പനിയെ ഏൽപ്പിച്ചതാണ് ബെവ് ക്യൂ ആപ്പ് തകരാറിലാകാൻ കാരണമെന്നാണ് ഐടി വിദഗ്ദ്ധരുടെ നിഗമനം. കൊച്ചി കേന്ദ്രമാക്കി 2019-ൽ പ്രവർത്തനം ആരംഭിച്ച ഫെയർകോഡ് എന്ന കമ്പനിയാണ് ബെവ്ക്യൂ ആപ്പ് നിർമ്മിച്ചത്. കൊച്ചി എളംകുളത്തുള്ള ഓഫീസിലാണ് സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബെവ് ക്യൂ എന്ന ആപ്പ് തയ്യാറാക്കിയത്. 2019 ഇൽ ആണ് ഫെയർകോഡ് ടെക്‌നോളജി എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. കേരള സ്റ്റാർട്ടപ് മിഷന് കീഴിലെ സ്റ്റാർട്ടപ് ഐടി കമ്പനിയാണിത്.

നവീൻ ജോർജ്, എ.ജി.കെ വിഷ്ണു എന്നിവരാണ് സ്ഥാപകർ. ഇടതു സഹയാത്രികൻ എന്ന് പ്രതിപക്ഷം ആരോപിക്കുന്ന രജിത് രാമചന്ദ്രൻ കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസറാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ 32 മൊബൈൽ, വെബ് ആപ്പുകളാണ് കമ്പനി ഇതു വരെ വികസിപ്പിച്ചത്. സ്‌കൂളുകളിലെ ഓൺലൈൻ ക്ലാസ്സിനു വേണ്ടിയുള്ള ആപ്പാണ് ഇവർ പുറത്തിറക്കിയതിൽ പ്രധാനം. ലോക്ക് ഡൗണിന് ശേഷം മദ്യവിൽപന ആരംഭിക്കുമ്പോൾ ഉണ്ടാവുന്ന തിരക്കൊഴിവാക്കാൻ മദ്യ വിതരണത്തിന് വെർച്വൽ ക്യൂ ഏർപ്പെടുത്താൻ രണ്ടാഴ്ച മുൻപാണ് സർക്കാർ തീരുമാനിച്ചത്. ഇതിനായി ഒരു ആപ്പ് വേണമെന്നാവശ്യപ്പെട്ട് ബിവറേജസ് കോർപറേഷൻ മെയ് ഏഴിന് സ്റ്റാർട്ടപ് മിഷനെ സമീപിച്ചു. ആപ്പ് നിർമ്മിക്കാൻ താത്പര്യം പ്രകടിപ്പിച്ച് 29 കമ്പനികൾ സ്റ്റാർട്ടപ്പ് മിഷനെ സമീപിച്ചു.

ഇതിൽ നിന്നും അഞ്ച് കമ്പനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. സാങ്കേതിക മികവ് പരിശോധനയിൽ ഒന്നാം സ്ഥാനം ലഭിച്ചത് സ്മാർട് ഇ 3 സൊലൂഷൻസ് എന്ന കമ്പനിക്കാണ്. ടെക്‌നിക്കൽ സ്‌കിൽ ടെസ്റ്റിൽ ഇവരുടെ സ്‌കോർ 86. 79 ആയിരുന്നു. എന്നാൽ നിർമ്മാണ കരാർ ലഭിച്ച ഫെയർകോഡ് രണ്ടാം സ്ഥാനത്തായിരുന്നു. ആപ്പ് വികസിപ്പിക്കുന്നതിന് സ്മാർട്ട് ഇ സൊലൂഷൻസ് ആവശ്യപ്പെട്ടത് 1,85, 50,000 രൂപ (1.85 കോടി). ഫെയർകോഡ് 2,48,203 (2.48 ലക്ഷം) രൂപയും. വളരെ കുറഞ്ഞ തുക ബിഡ് ചെയ്തതോടെയാണ് ആപ്പ് നിർമ്മാണത്തിനായി ഫെയർ കോഡിനെ തെരഞ്ഞെടുത്തത്. ഐടി സെക്രട്ടറി എം ശിവശങ്കരന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആപ്പ് നിർമ്മാതാക്കളെ തെരഞ്ഞെടുത്തത്.

പ്രതീക്ഷിച്ചതിലും ദിവസങ്ങൾ വൈകിയാണ് ആപ്പ് റിലീസായത്. എന്നാൽ ബീറ്റാ റിലീസ് മുതൽ തന്നെ ബെവ്ക്യൂ ആപ്പിൽ വിവാദം തുടങ്ങി. 35 ലക്ഷം പേർ ഒരുമിച്ച് ഉപയോഗിച്ചാൽ പോലും ആപ്പിൽ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നായിരുന്നു ഫെയർ കോഡിന്റെ അവകാശവാദം. എന്നാൽ പത്ത് ലക്ഷം പേർ ആപ്പിലെത്തിയപ്പോൾ തന്നെ എല്ലാം താറുമാറായി. രജിസ്‌ട്രേഷന് വേണ്ടിയുള്ള ഒടിപി നൽകാൻ ഒരു സേവന ദാതാവിനെ മാത്രമാണ് ആപ്പുമായി ബന്ധിപ്പിച്ചിരുന്നത്.

പ്ലേസ്റ്റോറിൽ ആപ്പിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് റേറ്റിങ് കുറച്ച് മലയാളികൾ പ്രതിഷേധിക്കുന്നത്. പ്രധാനമായും ഒ.ടി.പി ലഭിക്കുന്നില്ല എന്നാണ് പരാതി. വീടിന് സമീപത്തുള്ള ഔട്ട്‌ലെറ്റുകളിൽ നിന്നും 50 കിലോ മീറ്ററോളം അകലെയുള്ള ഔട്ട്‌ലെറ്റുകളും ബാറുകളുമാണ് പലർക്കും കിട്ടുന്നത്. കൂടാതെ ബെവ്‌കോ ഔട്ടലെറ്റുകളെ തള്ളി പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ് സാധാരണക്കാർക്ക് മദ്യം ലഭിക്കാനുള്ള കൂപ്പൺ ലഭിക്കുന്നത്. ഇവിടെ മുന്തിയ ഇനം വിദേശ മദ്യം മാത്രമേ ഉള്ളതിനാൽ വാങ്ങാൻ സാധ്യവുമല്ല. ഇതും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ബുക്ക് ചെയ്ത് ഔട്ട്‌ലെറ്റുകളിൽ എത്തുമ്പോൾ കണക്ഷൻ എറർ എന്നാണ് കാണിക്കുന്നത്. ഇതുമൂലം പലർക്കും മദ്യം വാങ്ങാൻ കഴിഞ്ഞില്ല. ഇക്കാര്യങ്ങളും പ്ലേ സ്റ്റോറിൽ രേഖപ്പെടുത്തി നിർമ്മാതാക്കൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർത്തുകയാണ്.

ഒരാൾക്ക് 3 ലിറ്റർ മദ്യം മാത്രമേ ഒരു സമയം വാങ്ങാൻ കഴിയൂ എന്നും പിന്നീട് 4 ദിവസത്തിന് ശേഷം മാത്രമേ വീണ്ടും ആപ്പ് വഴി വാങ്ങാൻ കഴിയൂ എന്നും കമ്പനി അറിയിച്ചു. എന്നാൽ നിരവധി പേർ പല മൊബൈൽ നമ്പർ വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും വ്യത്യസ്ഥ പിൻകോഡ് നൽകി മദ്യം മറ്റ് ഔട്ട്‌ലറ്റുകളിൽ നിന്നും വാങ്ങുകയും ചെയ്യുന്നുണ്ട്. ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയായിരുന്നു ആപ്പിന്റെ പ്രവർത്തനമെങ്കിൽ ഇവർ പറഞ്ഞ രീതിയിൽ കാര്യം നടന്നേനെ. ഒരു വീട്ടിൽ തന്നെയുള്ള വിവിധ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരേ ഫോണിൽ പലവട്ടമായി മദ്യം ബുക്ക് ചെയ്യാം. ഇത്തരത്തിൽ ദിവസം 15 ലിറ്റർ വരെ വാങ്ങിയവരും ഉണ്ട്.

ഇത്തരത്തിൽ മദ്യം വാങ്ങുന്നവർ കൂടിയ വിലയ്ക്ക് മറിച്ചു വിൽക്കുകയും ചെയ്യുന്നുണ്ട്. ജവാൻ ലിറ്ററിന് 570 രൂപയാണ് ബിവറേജിൽ. നിരവധി മൊബൈൽ നമ്പർ വഴി നിരവധി കുപ്പികൾ വാങ്ങുന്നവർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ അറിയാത്തവർക്ക് ആയിരം മുതൽ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് വരെ മദ്യം വിൽക്കുന്നുണ്ട്. അതു പോലെ തന്നെ മറ്റ് മദ്യവും ഇതുപോലെ തന്നെ ബ്ലാക്കിൽ വിറ്റ് കാശു വാരുന്നുണ്ട്. ബിവറേജുകളിൽ ഒരു ദിവസം 500 ൽ താഴെയാണ് നിലവിൽ ബുക്കിങ് നടക്കുന്നത്. ഇത്തരം ഒരു ആപ്പ് ഉപയോഗിക്കുന്നതു കൊണ്ട് സാധാരണക്കാരായവർ ചൂഷണത്തിനിരയാകുന്നുണ്ട്.

ഫെയർ കോഡ് ടെക്‌നോളജിസ് ആണ് ബെവ് ക്യൂ ആപ്പ് നിർമ്മിച്ചത്. ആദ്യം തന്നെ ആപ്പിൽ നിരവധി പോരായ്മകൾ ഉണ്ടായിരുന്നു. ട്രയൽ റൺ നടത്തിയ ശേഷം ആപ്പിന്റെ എപികെ ഫയൽ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പലരും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. വൈകുന്നേരം തന്നെ വകുപ്പ് മന്ത്രിയുടെ പത്ര സമ്മേളനത്തിന് ശേഷം ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചെങ്കിലും രാത്രി പത്തിന് ശേഷമാണ് ഉപഭോക്താക്കൾക്ക് ലഭ്യമായത്. എന്നാൽ വൈകുന്നേരം തന്നെ ട്രയൽ റൺ നടത്തിയ ആപ്ലിക്കേഷന്റെ ബീറ്റാ വെർഷൻ ഉപയോഗിച്ച് നിരവധിപേർ മദ്യം വാങ്ങാനുള്ള ബുക്കിങ് നടത്തി.

എന്നാൽ ഇത് അസാധുവാണ് എന്ന് കമ്പനി അറിയിക്കുകയും ബീറ്റാ വെർഷൻ ഉപയോഗിക്കുകയും ചെയ്യരുത് എന്നും വ്യക്തമാക്കി. എന്നാൽ രാത്രിയിൽ ഇത്തരത്തിൽ ബുക്ക് ചെയ്തവർക്ക് മദ്യം വാങ്ങാം എന്ന് കമ്പനി നിലപാട് മാറ്റി. ഇത്തരത്തിൽ നിരവധി തവണ ഉപഭോക്താക്കളെ കമ്പനി കബളിപ്പിച്ചതും പ്ലേ സ്റ്റോറിൽ റേറ്റിങ് കുറയാൻ കാരണമായി. നിവലവിൽ സാധാരണ നിലയിൽ പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്താൽ ആപ് ലഭ്യമാകുന്നില്ല. പലരും ലിങ്കുകൾ വഴിയാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത്.

ബവ്ക്യൂ ആപ്പിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരവധി ആക്ഷേപങ്ങൾ ഉന്നയിച്ചു കഴിഞ്ഞു. അഴിമതിയാണ് പ്രതിപക്ഷ നേതാവ് ചർച്ചയാക്കിയത്. ഇതെല്ലാം ശരിയാണോ എന്ന ചർച്ച സജീവമാക്കിയാണ് ഈ ആപ്പിന്റെ പ്രവർത്തനം. ആപ്പിന്റെ കൃത്യത കുറവ് കാരണം താളപ്പിഴകളോടെ ആണ് സംസ്ഥാനത്തു മദ്യവിൽപന പുനരാരംഭിച്ചത്. ഏറെ വിവാദങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നു കഴിഞ്ഞു. ആപ്പുമായി സർക്കാർ പറഞ്ഞതെല്ലാം വെറും തള്ളൽ മാത്രമാണെന്ന സൂചനകളാണ് ആപ്പ് പ്രത്യക്ഷത്തിൽ നൽകുന്നത്.

ആപ്പിലൂടെ ആദ്യദിവസം ടോക്കൺ എടുത്തതു 2.25 ലക്ഷം പേരാണ്. രാവിലെ 6 മുതൽ രാത്രി 10 വരെ ടോക്കൺ എടുക്കാമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ ആപ് തുറന്നപ്പോൾ ടോക്കൺ രാവിലെ 6 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മാത്രം. ഒട്ടേറെപ്പേർക്ക് ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിച്ചില്ല. രാവിലെ തന്നെ ആപ് ഹാങ് ആകുകയും ചെയ്തു. ആപ്പിന്റെ പരാജയമാണഅ ഇതിന് കാരണം. ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചു കഴിഞ്ഞു. ഇതോടൊപ്പം മറ്റ് പല ഗുരുതരമായ ആരോപണങ്ങളും സജീവമാകുകയാണ്. വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ബിവറേജസ് കോർപ്പറേഷൻ തയാറാക്കിയ മൊബൈൽ ആപ്പിൽ പൊല്ലാപ്പുകളാണ് ഇപ്പോൾ ചർച്ച. രണ്ടുമാസത്തിനുശേഷം ആരംഭിച്ച മദ്യവിൽപ്പന ആപ്പിന്റെ സാങ്കേതികപ്രശ്നംമൂലം താളംതെറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP