Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു വീട്ടിൽ തന്നെയുള്ള വിവിധ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരേ ഫോണിൽ പലവട്ടം മദ്യം ബുക്ക് ചെയ്യാം; ദിവസം 15 ലിറ്റർ വരെ വാങ്ങിയവരും കേരളത്തിൽ; വ്യത്യസ്ത പിൻകോഡുകൾ നൽകി ആപ്പിനെ പറ്റിക്കാം; ആധാർ കാർഡോ ഇലക്ഷൻ ഐഡിയോ ആയി ബന്ധിപ്പിക്കാത്തതും വിനയായി; ആവശ്യക്കാർക്ക് ഒടിപിയും ഇല്ല; ലോക്ഡൗൺ കാലത്ത് പലരും ടോക്കണുമായി പോകുന്നത് 50 കിലോമീറ്റർ വരെ ദൂരത്തുള്ള ബാറുകളിൽ; ബെവ് ക്യൂ ആപ്പിന്റെ റേറ്റിങ് കുത്തനെ ഇടിച്ചു താഴ്‌ത്തി മലയാളികൾ

ഒരു വീട്ടിൽ തന്നെയുള്ള വിവിധ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരേ ഫോണിൽ പലവട്ടം മദ്യം ബുക്ക് ചെയ്യാം; ദിവസം 15 ലിറ്റർ വരെ വാങ്ങിയവരും കേരളത്തിൽ; വ്യത്യസ്ത പിൻകോഡുകൾ നൽകി ആപ്പിനെ പറ്റിക്കാം; ആധാർ കാർഡോ ഇലക്ഷൻ ഐഡിയോ ആയി ബന്ധിപ്പിക്കാത്തതും വിനയായി; ആവശ്യക്കാർക്ക് ഒടിപിയും ഇല്ല; ലോക്ഡൗൺ കാലത്ത് പലരും ടോക്കണുമായി പോകുന്നത് 50 കിലോമീറ്റർ വരെ ദൂരത്തുള്ള ബാറുകളിൽ; ബെവ് ക്യൂ ആപ്പിന്റെ റേറ്റിങ് കുത്തനെ ഇടിച്ചു താഴ്‌ത്തി മലയാളികൾ

ആർ പീയൂഷ്

കൊച്ചി: ബെവ് ക്യൂ ആപ്പിന്റെ റേറ്റിങ് കുത്തനെ ഇടിച്ചു താഴ്‌ത്തി മലയാളികൾ. പ്ലേസ്റ്റോറിൽ ആപ്പിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് റേറ്റിങ് കുറച്ച് മലയാളികൾ പ്രതിഷേധിക്കുന്നത്. പ്രധാനമായും ഒ.ടി.പി ലഭിക്കുന്നില്ല എന്നാണ് പരാതി. വീടിന് സമീപത്തുള്ള ഔട്ട്ലെറ്റുകളിൽ നിന്നും 50 കിലോ മീറ്ററോളം അകലെയുള്ള ഔട്ട്ലെറ്റുകളും ബാറുകളുമാണ് പലർക്കും കിട്ടുന്നത്.

കൂടാതെ ബെവ്കോ ഔട്ടലെറ്റുകളെ തള്ളി പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ് സാധാരണക്കാർക്ക് മദ്യം ലഭിക്കാനുള്ള കൂപ്പൺ ലഭിക്കുന്നത്. ഇവിടെ മുന്തിയ ഇനം വിദേശ മദ്യം മാത്രമേ ഉള്ളതിനാൽ വാങ്ങാൻ സാധ്യവുമല്ല. ഇതും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ബുക്ക് ചെയ്ത് ഔട്ട്ലെറ്റുകളിൽ എത്തുമ്പോൾ കണക്ഷൻ എറർ എന്നാണ് കാണിക്കുന്നത്. ഇതുമൂലം പലർക്കും മദ്യം വാങ്ങാൻ കഴിഞ്ഞില്ല. ഇക്കാര്യങ്ങളും പ്ലേ സ്റ്റോറിൽ രേഖപ്പെടുത്തി നിർമ്മാതാക്കൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർത്തുകയാണ്.

ഒരാൾക്ക് 3 ലിറ്റർ മദ്യം മാത്രമേ ഒരു സമയം വാങ്ങാൻ കഴിയൂ എന്നും പിന്നീട് 4 ദിവസത്തിന് ശേഷം മാത്രമേ വീണ്ടും ആപ്പ് വഴി വാങ്ങാൻ കഴിയൂ എന്നും കമ്പനി അറിയിച്ചു. എന്നാൽ നിരവധി പേർ പല മൊബൈൽ നമ്പർ വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും വ്യത്യസ്ഥ പിൻകോഡ് നൽകി മദ്യം മറ്റ് ഔട്ട്ലറ്റുകളിൽ നിന്നും വാങ്ങുകയും ചെയ്യുന്നുണ്ട്. ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയായിരുന്നു ആപ്പിന്റെ പ്രവർത്തനമെങ്കിൽ ഇവർ പറഞ്ഞ രീതിയിൽ കാര്യം നടന്നേനെ. ഒരു വീട്ടിൽ തന്നെയുള്ള വിവിധ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരേ ഫോണിൽ പലവട്ടമായി മദ്യം ബുക്ക് ചെയ്യാം. ഇത്തരത്തിൽ ദിവസം 15 ലിറ്റർ വരെ വാങ്ങിയവരും ഉണ്ട്.

ഇത്തരത്തിൽ മദ്യം വാങ്ങുന്നവർ കൂടിയ വിലയ്ക്ക് മറിച്ചു വിൽക്കുകയും ചെയ്യുന്നുണ്ട്. ജവാൻ ലിറ്ററിന് 570 രൂപയാണ് ബിവറേജിൽ. നിരവധി മൊബൈൽ നമ്പർ വഴി നിരവധി കുപ്പികൾ വാങ്ങുന്നവർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ അറിയാത്തവർക്ക് ആയിരം മുതൽ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് വരെ മദ്യം വിൽക്കുന്നുണ്ട്. അതു പോലെ തന്നെ മറ്റ് മദ്യവും ഇതുപോലെ തന്നെ ബ്ലാക്കിൽ വിറ്റ് കാശു വാരുന്നുണ്ട്. ബിവറേജുകളിൽ ഒരു ദിവസം 500 ൽ താഴെയാണ് നിലവിൽ ബുക്കിങ് നടക്കുന്നത്. ഇത്തരം ഒരു ആപ്പ് ഉപയോഗിക്കുന്നതു കൊണ്ട് സാധാരണക്കാരായവർ ചൂഷണത്തിനിരയാകുന്നുണ്ട്.

ഫെയർ കോഡ് ടെക്നോളജിസ് ആണ് ബെവ് ക്യൂ ആപ്പ് നിർമ്മിച്ചത്. ആദ്യം തന്നെ ആപ്പിൽ നിരവധി പോരായ്മകൾ ഉണ്ടായിരുന്നു. ട്രയൽ റൺ നടത്തിയ ശേഷം ആപ്പിന്റെ എപികെ ഫയൽ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പലരും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. വൈകുന്നേരം തന്നെ വകുപ്പ് മന്ത്രിയുടെ പത്ര സമ്മേളനത്തിന് ശേഷം ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചെങ്കിലും രാത്രി പത്തിന് ശേഷമാണ് ഉപഭോക്താക്കൾക്ക് ലഭ്യമായത്. എന്നാൽ വൈകുന്നേരം തന്നെ ട്രയൽ റൺ നടത്തിയ ആപ്ലിക്കേഷന്റെ ബീറ്റാ വെർഷൻ ഉപയോഗിച്ച് നിരവധിപേർ മദ്യം വാങ്ങാനുള്ള ബുക്കിങ് നടത്തി.

എന്നാൽ ഇത് അസാധുവാണ് എന്ന് കമ്പനി അറിയിക്കുകയും ബീറ്റാ വെർഷൻ ഉപയോഗിക്കുകയും ചെയ്യരുത് എന്നും വ്യക്തമാക്കി. എന്നാൽ രാത്രിയിൽ ഇത്തരത്തിൽ ബുക്ക് ചെയ്തവർക്ക് മദ്യം വാങ്ങാം എന്ന് കമ്പനി നിലപാട് മാറ്റി. ഇത്തരത്തിൽ നിരവധി തവണ ഉപഭോക്താക്കളെ കമ്പനി കബളിപ്പിച്ചതും പ്ലേ സ്റ്റോറിൽ റേറ്റിങ് കുറയാൻ കാരണമായി. നിവലവിൽ സാധാരണ നിലയിൽ പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്താൽ ആപ് ലഭ്യമാകുന്നില്ല. പലരും ലിങ്കുകൾ വഴിയാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത്.

ബവ്ക്യൂ ആപ്പിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരവധി ആക്ഷേപങ്ങൾ ഉന്നയിച്ചു കഴിഞ്ഞു. അഴിമതിയാണ് പ്രതിപക്ഷ നേതാവ് ചർച്ചയാക്കിയത്. ഇതെല്ലാം ശരിയാണോ എന്ന ചർച്ച സജീവമാക്കിയാണ് ഈ ആപ്പിന്റെ പ്രവർത്തനം. ആപ്പിന്റെ കൃത്യത കുറവ് കാരണം താളപ്പിഴകളോടെ ആണ് സംസ്ഥാനത്തു മദ്യവിൽപന പുനരാരംഭിച്ചത്. ഏറെ വിവാദങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നു കഴിഞ്ഞു. ആപ്പുമായി സർക്കാർ പറഞ്ഞതെല്ലാം വെറും തള്ളൽ മാത്രമാണെന്ന സൂചനകളാണ് ആപ്പ് പ്രത്യക്ഷത്തിൽ നൽകുന്നത്.

ആപ്പിലൂടെ ആദ്യദിവസം ടോക്കൺ എടുത്തതു 2.25 ലക്ഷം പേരാണ്. രാവിലെ 6 മുതൽ രാത്രി 10 വരെ ടോക്കൺ എടുക്കാമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ ആപ് തുറന്നപ്പോൾ ടോക്കൺ രാവിലെ 6 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മാത്രം. ഒട്ടേറെപ്പേർക്ക് ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിച്ചില്ല. രാവിലെ തന്നെ ആപ് ഹാങ് ആകുകയും ചെയ്തു. ആപ്പിന്റെ പരാജയമാണഅ ഇതിന് കാരണം. ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചു കഴിഞ്ഞു. ഇതോടൊപ്പം മറ്റ് പല ഗുരുതരമായ ആരോപണങ്ങളും സജീവമാകുകയാണ്. വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ബിവറേജസ് കോർപ്പറേഷൻ തയാറാക്കിയ മൊബൈൽ ആപ്പിൽ പൊല്ലാപ്പുകളാണ് ഇപ്പോൾ ചർച്ച. രണ്ടുമാസത്തിനുശേഷം ആരംഭിച്ച മദ്യവിൽപ്പന ആപ്പിന്റെ സാങ്കേതികപ്രശ്‌നംമൂലം താളംതെറ്റുകയായിരുന്നു.

ബവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ഏത് കട അഥവാ ബാറിലേക്ക് ആ ഓർഡർ പോകണമെന്ന് സോഫ്റ്റ്‌വെയർ തീരുമാനിക്കുന്നത് എങ്ങനെയെന്നതു ദുരൂഹം. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതല്ല ഇത്. സ്റ്റാർട്ടപ് മിഷൻ പ്രസിദ്ധീകരിച്ച ടെക്നിക്കൽ പ്രപ്പോസലിൽ ഉപയോക്താവിനു മദ്യശാല തിരഞ്ഞെടുക്കാൻ ഓപ്ഷൻ വേണമെന്നു നിർദ്ദേശിച്ചിരുന്നു. എന്നാൽ ആപ്പിൽ ഇത്തരമൊരു സേവനമില്ലെന്നു മാത്രമല്ല ഏതു മദ്യശാലയാണെന്നു തീരുമാനിക്കുന്നതു പ്ലാറ്റ്ഫോം സ്വയമാണ്. ഇതോടെ മദ്യം ആപ്പ് പറയുന്നിടത്ത് പോയി വാങ്ങേണ്ടി വരുന്നു. ചില ബാറുകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള നീക്കമാണോ ഇതെന്ന സംശയം സജീവമാണ്.

ഒന്നിലധികം ബാറുകളുള്ള സ്ഥലങ്ങളിൽ ബുക്ക് ചെയ്യുമ്പോൾ നിശ്ചിത ബാറിലേക്ക് അല്ലെങ്കിൽ ഔട്‌ലെറ്റിലേക്ക് എങ്ങനെയാണു ടോക്കൺ ജനറേറ്റ് ചെയ്യുന്നതെന്നു വ്യക്തമല്ല. കടകൾ തിരഞ്ഞെടുക്കുന്ന കംപ്യൂട്ടർ അൽഗോരിതം പുറത്തുവിടണമെന്നും ആവശ്യം ഉയരുന്നുണ്ട്. പലർക്കും വളരെയകലെയുള്ള സ്ഥലങ്ങളിലെ ഔട്‌ലെറ്റുകളോ ബാറുകളോ ആണു ലഭിക്കുന്നത്. അതായത് ആപ്പിന് താൽപ്പര്യമുള്ള ബാറുകളിലേക്ക് ആളുകളെ എത്തിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇതും എക്സൈസ് വകുപ്പിനും സർക്കാരിനും തലവേദനയാകും. എല്ലാ കുറവുകളും ഉടൻ പരിഹരിക്കുമെന്നാണ് ഫയർ കോഡ് പറയുന്നത്.

സ്റ്റാർട്ടപ് മിഷൻ മെയ് 7നു തയാറാക്കിയ ടെക്നിക്കൽ പ്രപ്പോസലിൽ ആവശ്യപ്പെട്ട ഫീച്ചറുകൾ അംഗീകരിക്കപ്പെട്ടില്ലെന്നതാണ് വസ്തുത. പിൻകോഡ് നൽകിയോ ജില്ല നൽകിയോ സമീപത്തുള്ള മദ്യശാലകൾ തിരഞ്ഞെടുക്കാൻ അവസരം വേണമെന്നായിരുന്നു നിർദ്ദേശം. Earliest Slot Wise Search: സോഫ്റ്റ്‌വെയർ തന്നെ തൊട്ടടുത്തുള്ള കടകളിൽ ഉടൻ ലഭ്യമായ ടൈം സ്ലോട്ടുകൾ നൽകി തനിയെ ടോക്കൺ ജനറേറ്റ് ചെയ്യുന്നു. Shop Wise Search: സമീപത്തുള്ള മദ്യശാല തിരഞ്ഞെടുക്കാൻ അവസരം. ലഭ്യമായ ടൈം സ്ലോട്ടുകളിൽ നിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം-എന്നതായിരുന്നു മറ്റൊരു പ്രൊപ്പോസൽ ഫീച്ചർ. ഇത് പൂർണ്ണമായും അട്ടിമറിക്കപ്പെട്ടു. ജിപിഎസ് ലൊക്കേഷൻ, മദ്യശാലയിലേക്കുള്ള ദൂരം, പിൻകോഡ് എന്നിവ ഉപയോഗിച്ചുള്ള റാൻഡം തിരഞ്ഞെടുപ്പിലൂടെയാണു ടോക്കൺ ജനറേറ്റ് ചെയ്യുന്നതെന്നാണ് വിവാദങ്ങളോട് ഫയർകോഡിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP