Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനമില്ലെന്ന് ആരോ​ഗ്യ മന്ത്രി; പോസിറ്റീവ് കേസുകൾ വർധിക്കുന്നത് രോ​ഗബാധിത പ്രദേശങ്ങളിൽ നിന്നും ആളുകൾ വലിയ തോതിൽ തിരിച്ചെത്തുന്നതിനാൽ; സംസ്ഥാനത്തേക്ക് എത്തുന്ന രോ​ഗബാധിതരിൽ പലരും അവശനിലയിൽ എന്നും കെ കെ ശൈലജ ടീച്ചർ; സമ്പർക്കം മൂലമുള്ള രോഗപ്പകർച്ച കേരളത്തിൽ താരതമ്യേന കുറവെന്നും വിശദീകരണം

സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനമില്ലെന്ന് ആരോ​ഗ്യ മന്ത്രി; പോസിറ്റീവ് കേസുകൾ വർധിക്കുന്നത് രോ​ഗബാധിത പ്രദേശങ്ങളിൽ നിന്നും ആളുകൾ വലിയ തോതിൽ തിരിച്ചെത്തുന്നതിനാൽ; സംസ്ഥാനത്തേക്ക് എത്തുന്ന രോ​ഗബാധിതരിൽ പലരും അവശനിലയിൽ എന്നും കെ കെ ശൈലജ ടീച്ചർ; സമ്പർക്കം മൂലമുള്ള രോഗപ്പകർച്ച കേരളത്തിൽ താരതമ്യേന കുറവെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. ഭാവിയിൽ അതുണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓരോ ദിവസവും 3000 ത്തിനടുത്ത് ടെസ്റ്റുകൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മെയ് ഏഴിന് ശേഷം രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. മെയ് ഏഴ് വരെ 512 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് രോഗികൾ വളരെയധികം വർധിച്ചു. രോഗബാധിതർ കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഇപ്പോൾ വരുന്നവരിൽ ഭൂരിഭാഗവും. പലരും അവശനിലയിലാണെത്തുന്നത്. എന്നാൽ സംസ്ഥാനത്ത് ഇതുവരെ സാമൂഹിക വ്യാപനമില്ലെന്നും മന്ത്രി അറിയിച്ചു. സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകൾ കേരളത്തിലില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

സമ്പർക്കം മൂലമുള്ള രോഗപ്പകർച്ച കേരളത്തിൽ താരതമ്യേന കുറവാണ്. ഒരു ടെസ്റ്റിന് 4000 ത്തോളം രൂപ ചിലവുണ്ടെങ്കിലും ചികിത്സ സൗജന്യമായി തന്നെ തുടരും. ടെസ്റ്റ്‌ കുറവാണെന്ന് പറയുന്നതിന്റെ മാനദണ്ഡം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. ഗൾഫിൽ നിന്ന് പത്തനംതിട്ടയിലെത്തിയ കൊവിഡ് ബാധിച്ച തൊടുപുഴ സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നെന്നും എന്നാൽ അദ്ദേഹത്തിന് കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതിനാൽ തന്നെ രക്ഷിക്കാനായില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തുകൊവിഡിന്റെ അടുത്ത വേവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മെയ് 7 വരെ കേരളത്തിൽ 512 രോഗികളേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് മരണങ്ങൾ അന്ന് സംഭവിച്ചിരുന്നു. ബാക്കിയെല്ലാവരേയും അസുഖം ഭേദമാക്കി വീട്ടിലേക്ക് അയക്കാൻ സാധിച്ചു. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും തടസ്സമായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന പത്തനംതിട്ട സ്വദേശി ജോഷിയാണ് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്.

അബുദാബിയിൽ നിന്ന് ഈ മാസം 11-നാണ് ജോഷി നാട്ടിലെത്തിയത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ കൊവിഡ് മരണമാണ് ഇദ്ദേഹത്തിൻറേത്. 18-ാം തീയതി മുതൽ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് ഈ മാസം 27-ാം തീയതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. അബുദാബിയിൽ നിന്ന് ഈ മാസം 11-ന് എത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് ചികിത്സയിലേക്ക് മാറ്റുകയായിരുന്നു.

ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിച്ചപ്പോൾ ആകാശമാർഗവും റോഡ് മാർഗവും കപ്പൽ മാർഗവും ആളുകൾ വരാൻ തുടങ്ങിയതാണ് രോ​ഗബാധികരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ വരുന്നവർ കൂടുതലായി രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ നിന്നാണ്. നമ്മുടെ രാജ്യത്ത് തന്നെ മുംബൈയൊക്കെ വലിയ വൈറസ് ബാധിത ഇടമായി. ചെന്നൈയിൽ നിന്നും വരുന്നവരിൽ വലിയൊരു ശതമാനവും പോസിറ്റീവാണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് പോസിറ്റീവ് കേസുകൾ വർധിക്കുന്നത്.

മാത്രമല്ല രോഗികളായി എത്തുന്ന പലരും അവശ നിലയിലാണ്. മഹാരാഷ്ട്രയിൽ നിന്നും മലപ്പുറത്ത് എത്തിയ സ്ത്രീയെ ചികിത്സിക്കാൻ കൂടി കഴിഞ്ഞില്ല. അതിന് മുൻപ് തന്നെ മരിച്ചു പോയി. ആരും മരണപ്പെടാതെ രക്ഷപ്പെടുത്താനുള്ള കഠിന ശ്രമമാണ് നടത്തുന്നത്. മരണനിരക്ക് കുറച്ചുകൊണ്ടുവരാൻ തന്നെയാണ് ശ്രമം. സംശയകരമായ കേസുകൾ എല്ലാം നേരെ ആശുപത്രിയിൽ അഡ്‌മിറ്റ് ആക്കുന്നുണ്ട്. പഴുതടച്ച പ്രവർത്തനം തന്നെയാണ് നടത്തുന്നത്. രണ്ട് പേരിൽ മാത്രമാണ് കൊവിഡ് ഉറവിടം കണ്ടെത്താൻ കഴിയാത്തത്. അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP