Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലിക്കറ്റ് സർവകലാശാലാ വി സി നിയമനത്തിൽ വീണ്ടും പ്രതിസന്ധി; സംസ്ഥാന സർക്കാർ നിർദ്ദേശിച്ച ഡോ. കെ.എം. സീതിയുടെ പ്രായപരിധി കഴിഞ്ഞു; കഴിഞ്ഞ ദിവസം അദ്ദേഹത്തിന് 60 വയസ് തികഞ്ഞതോടെ സർവകലാശാല ചട്ടം അനുസരിച്ച് യോ​ഗ്യത നഷ്ടമായി

കാലിക്കറ്റ് സർവകലാശാലാ വി സി നിയമനത്തിൽ വീണ്ടും പ്രതിസന്ധി; സംസ്ഥാന സർക്കാർ നിർദ്ദേശിച്ച ഡോ. കെ.എം. സീതിയുടെ പ്രായപരിധി കഴിഞ്ഞു; കഴിഞ്ഞ ദിവസം അദ്ദേഹത്തിന് 60 വയസ് തികഞ്ഞതോടെ സർവകലാശാല ചട്ടം അനുസരിച്ച് യോ​ഗ്യത നഷ്ടമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ വി സി നിയമന വിവാദം പുതിയ വഴിത്തിരിവിൽ. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച ഡോ. കെ.എം. സീതിയുടെ പ്രായപരിധി കഴിഞ്ഞതാണ് ഇപ്പോൾ സർക്കാരിന് വിനയായിരിക്കുന്നത്. മെയ്‌ 28-ന് അദ്ദേഹത്തിന് 60 വയസ് തികഞ്ഞതോടെ അദ്ദേഹം പരിഗണിക്കപ്പെടാനുള്ള സാധ്യത ഇല്ലാതായി. വി സി. സ്ഥാനത്തേക്ക് വരുന്നയാളിന് നിയമനസമയത്ത് 60 വയസ്സ് തികയരുതെന്നാണ് കാലിക്കറ്റ് സർവകലാശാലാ നിയമത്തിലെ വ്യവസ്ഥ. ജന്മദിനത്തിന്റെ തലേന്നാണ് സർക്കാർ ചട്ടമനുസരിച്ച് വിരമിക്കൽ. അദ്ദേഹത്തിന് നിയമനം നൽകണമെങ്കിൽ മുൻതീയതിയിൽ ഗവർണർ നിയമനഉത്തരവ് ഒപ്പിടണം.

അതിനുള്ള സാധ്യത ഇപ്പോഴത്തെ സാഹചര്യത്തിൽ കുറവാണ്. ഡോ. സീതിയെ നിയമിക്കാനാണെങ്കിൽ അവസാനമണിക്കൂർവരെ തീരുമാനം വൈകിപ്പിച്ച് നിയമനം ഗവർണർ അനിശ്ചിതത്വത്തിലാക്കാൻ മുതിരില്ലെന്നും സർക്കാർ കരുതുന്നു. പുതിയ യുജിസി. ചട്ടത്തിൽ വി സി.യായി നിയമിക്കപ്പെടാൻ പരമാവധിപ്രായം പറയുന്നില്ല. എന്നാൽ, സർവകലാശാലാനിയമം 60 വയസ്സെന്നു നിഷ്‌കർഷിക്കുന്നതിനാൽ നിയമം മറികടക്കുക എളുപ്പമല്ല. അത് നിയമയുദ്ധങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്യും.

വി സി. നിർണയസമിതി നൽകിയ പാനലിൽ സർക്കാരിന് ആഭിമുഖ്യമുള്ള എം.ജി. സർവകലാശാലയിലെ ഡോ. സുരേഷ് മാത്യു, സിംല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഡോ. എം വി നാരായണൻ, കുസാറ്റിലെ ഡോ. ജയരാജ് എന്നിവരുണ്ട്. ഡോ. സീതിയെ നിയമിക്കണമെന്നാണ് സർക്കാരിന്റെ താത്പര്യമെന്ന് ചീഫ് സെക്രട്ടറി ടോംജോസ് ഗവർണറെ നേരിട്ടുകണ്ട് അറിയിച്ചിരുന്നു.

സമിതിയിലെ അംഗമായിരുന്ന യുജിസി. പ്രതിനിധി ഡോ. ജഗദീഷ്‌കുമാർ, കേന്ദ്ര കിഴങ്ങ് ഗവേഷണകേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി.ആർ. ജയപ്രകാശിനെയാണു നിർദ്ദേശിച്ചത്. കേന്ദ്രസർക്കാരിന്റെ താത്പര്യം ഇതിനുപിന്നിലുണ്ടെന്നു കരുതുന്നു. സംസ്ഥാന സർക്കാരിന്റെ പാനലിന് ബദലായി യുജിസി. മറ്റൊരു പേര് നിർദേശിക്കുകയായിരുന്നു.

എം.ജി. സർവകലാശാലാ അദ്ധ്യാപകനാണ് കെ.എം. സീതി. കേന്ദ്ര കിഴങ്ങ് ഗവേഷണകേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി.ആർ. ജയപ്രകാശിന്റെ പേരാണ് വി സി. നിർണയസമിതിയിൽ യുജിസി. പ്രതിനിധി ഡോ. ജഗദീഷ്‌കുമാർ നിർദേശിച്ചത്. ജെ.എൻ.യു. വി സി.യായ ഡോ. ജഗദീഷ്‌കുമാർ കേന്ദ്ര ഭരണകൂടവുമായി വളരെയടുത്ത ബന്ധമുള്ളയാളായാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ കേന്ദ്രഭരണ നേതൃത്വത്തിന്റെ താത്പര്യം നിർദേശത്തിന് പിന്നിലുണ്ടാകുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാന സർക്കാരിന്റെ താത്പര്യം നിരാകരിച്ച് മറ്റൊരു പേരിലേക്ക് പോകുന്നതാണ് ഗവർണറുടെ ധർമസങ്കടം. അങ്ങനെവന്നാൽ സർക്കാർ-രാജ്ഭവൻ പോരിന് അത് വീണ്ടും തുടക്കമിടും. കാലിക്കറ്റ് പോലെയുള്ള പ്രമുഖ സർവകലാശാലയിൽ സർക്കാർ താത്പര്യത്തിന് വിരുദ്ധമായി മറ്റൊരു നിയമനം നടത്തുന്നത് സിപിഎമ്മിനെ പ്രകോപിപ്പിക്കും. ഇടക്കാലത്ത് വഷളാവുകയും പിന്നീട് മെച്ചപ്പെടുകയും ചെയ്ത ബന്ധം ഉലയാൻ ഗവർണർ ഇടം നൽകുമോയെന്നാണ് സർക്കാർ ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP