Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തലേ ദിവസം മകളെ കാണാൻ ഷാർജയിൽ പോയി; വിമാന യാത്ര തുടങ്ങുന്നത് അറിഞ്ഞ് എംബസിയിൽ പേര് രജിസ്റ്റർ ചെയ്തപ്പോൾ മടങ്ങാൻ അനുമതി കിട്ടിയത് ഭർത്താവിന് മാത്രം; കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പ്രമേഹ രോഗിയെ പിടികൂടി കോവിഡ് വൈറസ്; നിരീക്ഷണത്തിനിടെ രോഗ സ്ഥിരീകരണം; കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് മരിച്ചത് തിരവല്ലയിലേയും ചങ്ങനാശ്ശേരിയിലേയും പച്ചക്കറി ഹോൾസെയിൽ വ്യാപാരി; പ്രക്കാട്ടെ ജോഷിക്ക് അന്ത്യയാത്ര നൽകാൻ ഭാര്യയും മക്കളുമെത്തില്ല

ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തലേ ദിവസം മകളെ കാണാൻ ഷാർജയിൽ പോയി; വിമാന യാത്ര തുടങ്ങുന്നത് അറിഞ്ഞ് എംബസിയിൽ പേര് രജിസ്റ്റർ ചെയ്തപ്പോൾ മടങ്ങാൻ അനുമതി കിട്ടിയത് ഭർത്താവിന് മാത്രം; കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പ്രമേഹ രോഗിയെ പിടികൂടി കോവിഡ് വൈറസ്; നിരീക്ഷണത്തിനിടെ രോഗ സ്ഥിരീകരണം; കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് മരിച്ചത് തിരവല്ലയിലേയും ചങ്ങനാശ്ശേരിയിലേയും പച്ചക്കറി ഹോൾസെയിൽ വ്യാപാരി; പ്രക്കാട്ടെ ജോഷിക്ക് അന്ത്യയാത്ര നൽകാൻ ഭാര്യയും മക്കളുമെത്തില്ല

എസ് രാജീവ്‌

തിരുവല്ല : കോവിഡ് ബാധിച്ച് വിട പറഞ്ഞത് തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം മാർക്കറ്റുകളിലെ പ്രമുഖ പച്ചക്കറി ഹോൾ സെയിൽ വ്യാപാരി. മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ . രോഗം പിടിപെട്ടത് ഷാർജയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമനയാത്രയ്ക്കിടെയെന്ന് സംശയിക്കുന്നതായി ആരോഗ്യ വിഭാഗം. മരിച്ചത് തിരുവല്ല പെരുംതുരുത്തി പ്രക്കാട് വീട്ടിൽ അറുപത്തിയഞ്ചുകാരനായ പി ടി ജോഷി. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു അന്ത്യം.

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തലേ ദിവസമാണ് ജോഷിയും ഭാര്യ ലീലാമ്മയും യു എ ഇ യിലുള്ള മക്കളെ സന്ദർശിക്കാൻ വിസിറ്റിങ് വിസയിൽ പോയത്. യു എ ഇയിലെത്തി ലോകം മുഴുവൻ ലോക്ക് ഡൗണിലായതോടെ ജോഷിയും ഭാര്യയും രണ്ട് മാസക്കാലമായി മകനൊപ്പം ഷാർജയിൽ തങ്ങി. നാട്ടിലേക്ക് മടങ്ങുന്നതിനായി ജോഷിയും ഭാര്യയും എംബസിയിലടക്കം പേര് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ജോഷിക്ക് മാത്രമാണ് യാത്രാ അനുമതി ലഭിച്ചത്. ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി വിമാന സർവ്വീസ് പുനരാരംഭിച്ചതോടെ ഈ മാസം 11 ന് വിമാന മാർഗം കൊച്ചിയിൽ മടങ്ങിയെത്തിയ ജോഷി പത്തനംതിട്ട ശാന്തി റെസിഡൻസിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

18 ന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും ഈ 25 നാണ് കോട്ടയം മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിലേക്ക് മാറ്റിയത്. മക്കൾ : ലിജോ, ലിജി, ലിജു. മരുമക്കൾ : ജോമോൾ , ലിജോ, ലിബി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സംസ്‌കാര ചടങ്ങുകൾ ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ ഇന്ന് നടക്കും. തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നും സ്വന്തം ഉടമസ്ഥതയിലുള്ള ലോറിയിൽ പച്ചക്കറികൾ വിവിധ മാർക്കറ്റുകളിൽ എത്തിച്ചു നൽകുന്ന ബിസിനസായിരുന്നു ജോഷിക്ക്.

യു എ ഇ യിലുള്ള മൂന്ന് മക്കളും ഭാര്യയും സംസ്‌കാര ചടങ്ങുകൾക്ക് എത്തില്ല. ജോഷിയുടെ സംസ്‌കാര ചടങ്ങുകൾ ഭാര്യയും മക്കളും ഷാർജയിലെ മകന്റെ വീട്ടിലിരുന്ന് മൊബൈൽ വീഡിയോ കോളിലൂടെ കാണുന്നതിനുള്ള സംവിധാനം ഒരുക്കിയതായി ബന്ധുക്കൾ പറഞ്ഞു. മെയ് 11ന് അബുദാബിയിൽ നിന്നു നാട്ടിലെത്തിയ ജോഷിയെ 18നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26നു കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ കേരളത്തിൽ 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ തിരുവനന്തപുരം ജില്ലയിൽ ഇന്നലെ നിര്യാതനായ തെലുങ്കാന സ്വദേശിക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഡൽഹിയിൽ ഇന്ന് ട്രയിൻ മാറി കയറി തിരുവനന്തപുരത്ത് എത്തിയ ആളായിരുന്നു മരിച്ചത്. അതായത് തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണം കേരളത്തിലുണ്ടാകുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. മരണ സംഖ്യ പതിയെ കേരളത്തിലും ഉയരുകയാണ്. ഇതോടെപ്പം വൈറസ് ബാധിതരുടെ എണ്ണവും കൂടുന്നു. കരുതലുകൾ കൂടുതൽ എടുക്കേണ്ടതിന്റെ സൂചനയാണ് ഇത് നൽകുന്നത്.

കാസർഗോഡ് ജില്ലയിൽ നിന്നുള്ള 18 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 16 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 8 പേർക്കും തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേർക്കും, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 31 പേർ വിദേശത്ത് നിന്നും (യു.എ.ഇ.-15, കുവൈറ്റ്-5, സൗദി അറേബ്യ-5, ഒമാൻ-3, ഖത്തർ-2, മാലിദ്വീപ്-1) 48 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-31, തമിഴ്‌നാട്-9, കർണാടക-3, ഡൽഹി-2, ഗുജറാത്ത്-2, ആന്ധ്രാപ്രദേശ്-1) വന്നതാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട്, കണ്ണൂർ ജില്ലകളിലെ 2 പേർക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 2 പേരുടെയും (ഒരു മലപ്പുറം സ്വദേശി), കണ്ണൂർ ജിലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 555 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. എയർപോർട്ട് വഴി 12,388 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 91,966 പേരും റെയിൽവേ വഴി 6494 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,12,469 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,15,297 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,14,305 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 992 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 210 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 60,685 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 58,460 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 9937 സാമ്പിളുകൾ ശേഖരിച്ചതിൽ 9217 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 6 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, പുതുശേരി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുൻസിപ്പാലിറ്റി, കാസർഗോഡ് ജില്ലയിലെ മധൂർ, ഉദുമ, മഞ്ചേശ്വരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 82 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP