Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുടർച്ചയായ പത്താമത്തെ ആഴ്‌ച്ചയും നഴ്സുമാർക്കും ഡോക്ടർമാർക്കുമായി കൈയടിച്ച് ബ്രിട്ടൻ; എൻ എച്ച് എസ് ജീവനക്കാർക്കായുള്ള ബാൽക്കണി കൈയടി ഇനി ഉണ്ടായേക്കില്ല; ഐക്യദാർഢ്യവുമായി ആയിരങ്ങൾ

തുടർച്ചയായ പത്താമത്തെ ആഴ്‌ച്ചയും നഴ്സുമാർക്കും ഡോക്ടർമാർക്കുമായി കൈയടിച്ച് ബ്രിട്ടൻ; എൻ എച്ച് എസ് ജീവനക്കാർക്കായുള്ള ബാൽക്കണി കൈയടി ഇനി ഉണ്ടായേക്കില്ല; ഐക്യദാർഢ്യവുമായി ആയിരങ്ങൾ

സ്വന്തം ലേഖകൻ

ബ്രിട്ടന് കനത്ത നാശം വരുത്തിയ, ഇപ്പോഴും വരുത്തിക്കൊണ്ടിരിക്കുന്ന കൊറോണക്കെതിരേയുള്ള യുദ്ധത്തിന്റെ മുന്നണിപ്പോരാളികളെ ആദരിക്കാനാണ് ഇക്കഴിഞ്ഞ മാർച്ച് 26 ന് ആളുകൾ വീടിന്റെ ബാൽക്കണിയിലും പൂമുഖത്തും ഇറങ്ങിനിന്ന് കരഘോഷം തുടങ്ങുന്ന പരിപാടി ആരംഭിച്ചത്. അന്നേമാരി പ്ലാസ് എന്ന ലണ്ടനിൽ താമസിക്കുന്ന ഡച്ചുകാരി, നെതർലാൻഡ്സിൽ കണ്ട ഒരു പരിപാടി ലണ്ടനിലും മുന്നോട്ട് വയ്ക്കുകയായിരുന്നു.

വിവിധരംഗങ്ങളിലെ പ്രശസ്തർ അത് ഏറ്റുപിടിച്ചതോടെ മുഴുവൻ ബ്രിട്ടീഷുകാരും അത് ആഘോഷമാക്കുവാൻ ഒത്തുകൂടി. മാർച്ച് 26 ന് ആരംഭിച്ച പരിപാടി ഇന്നലെ പത്ത് ആഴ്‌ച്ചകൾ പിന്നിട്ടു. എല്ലാ വ്യാഴാഴ്‌ച്ചകളിലുമാണ് ജനങ്ങൾ നഴ്സുമാരേയും ഡോക്ടർമാരേയും മറ്റ് ആരോഗ്യപ്രവർത്തകരേയും ആദരിച്ചുകൊണ്ട് കരഘോഷം മുഴക്കുന്നത്. പല രംഗത്തെ പ്രമുഖരും ഏറ്റെടുത്ത ഈ പരിപാടി ഈ ആഴ്‌ച്ചയോടെ സമാപിക്കുകയാണെന്ന് ഇതിന് തുടക്കം കുറിച്ച പ്ലാസ് അറിയിച്ചു.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങൾ രാജകുടുംബാംഗങ്ങൾ എന്നിവർ ഇന്നലേയും ഈ പരിപാടിയിൽ പങ്കെടുത്തു. അവരോടൊപ്പം ബ്രിട്ടനിലെ ഏതാണ്ട് മുഴുവൻ ആളുകളും പൂമുഖത്തും ബാൽക്കണിയിലും നിരന്ന് നിന്ന് എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും കരഘോഷം മുഴക്കി അഭിവാദ്യം അർപ്പിച്ചു. സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുക എന്നതിനാലാണ് ഇത് പത്താമത്തെ ആഴ്‌ച്ചയോടെ നിർത്താൻ തീരുമാനിച്ചതെന്ന് പ്ലാസ് പറയുന്നു.

അധികം രാഷ്ട്രീയം കലർത്താതെയാണ് ഞാൻ ഈ അഭിപ്രായം പറഞ്ഞത്. ജനങ്ങൾ അത് ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. ഇപ്പോൾ സ്ഥിതിഗതികൾ മാറുകയാണെന്ന് തോന്നുന്നു. കരഘോഷങ്ങൾ നെഗറ്റീവ് ആകുന്നതിന് മുൻപ് അത് നിർത്തുന്നതാണ് നല്ലത് എന്ന് വിചാരിക്കുന്നു. അവർ കൂട്ടിച്ചേർത്തു.

അതെ സമയം നിസ്വാർത്ഥതയോടെയും അർപ്പണമനോഭാവത്തോടെയും ജോലിചെയ്യുന്ന എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് പത്താമത്തെ കരഘോഷ പരിപാടിയെ കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ലേബർ പാർട്ടി എം പി ആഞ്ചെല റേയ്നോർ ഉൾപ്പെടെ പല എം പിമാരും ഈ അവസാന കരഘോഷ മാമാങ്കത്തിന് എത്തിയിരുന്നു. അതിനിടയിൽ ഇതുവരെ ഈ യുദ്ധത്തിൽ മരണമടഞ്ഞ ആരോഗ്യപ്രവർത്തകരെ അനുസ്മരിച്ചുകൊണ്ട് മെഡിക്സ്, ഡൗണിങ് സ്ട്രീറ്റിനു മുന്നിൽ 237 മിനിറ്റ് നിശബ്ദ പ്രാർത്ഥന നടത്തി.

ഇതിൽ പങ്കെടുത്തവർക്കെല്ലാം നന്ദി പ്രകാശിപ്പിച്ച പ്ലാസ്, ഇനി കൂടുതൽ നിർമ്മാണാത്മകമായ പ്രവർത്തനങ്ങളാണ് ബ്രിട്ടനെ ഈ ദുരിതത്തിൽ നിന്നും കരകയറ്റുവാൻ ആവശ്യമെന്നും പറഞ്ഞു. തങ്ങളെ ആദരിക്കുന്ന ഈ കരഘോഷ മാമങ്കത്തെ പല എൻ എച്ച് എസ് ജീവനക്കാരും സന്തോഷത്തോടെ സ്വീകരിക്കുമ്പോൾ, ഇതുകൊണ്ട് തങ്ങൾക്ക് പ്രത്യേകിച്ച് ഒരു സഹായവും ലഭിക്കുന്നില്ല എന്ന പരാതിയായിരുന്നു മറ്റ് ചിലർക്ക്. ആരോഗ്യ പ്രവർത്തകരെ ആദരിക്കാനായി ആരംഭിച്ച ചടങ്ങ് ഒരു രാഷ്ട്രീയ നാടകമായി അധപതിച്ചു എന്നും ചിലർക്ക് പരാതിയുണ്ട്.

ഈ പരിപാടിയിൽ പങ്കെടുത്ത് ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചശേഷം ചിലർ ഡൗണിങ് സ്ട്രീറ്റിൽ പോയി എൻ എച്ച് എസ് ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും വിപരീതഫലം നൽകുന്ന നയങ്ങൾ രൂപീകരിക്കുകയാണെന്നും ഇക്കൂട്ടർ പറയുന്നു. രാഷ്ട്രീയ നേതാക്കൾ ഇതിൽ ഇടപെടരുത് എന്നല്ല, മറിച്ച് ആ ഉദ്ദേശശുദ്ധി അവരുടെ പ്രവർത്തനങ്ങളീലും പ്രതിഫലിപ്പിക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP