Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭർതൃ വീട്ടുകാരുടെ പീഡനം സഹിക്കാതെ ജനുവരിയിൽ കുഞ്ഞുമായി വീട്ടിലേക്ക് വരാൻ ഉത്ര തുനിഞ്ഞിരുന്നു; കൊണ്ടു പോകരുതെന്നും ഇനി ഒരു വിഷമവും ഉണ്ടാക്കില്ലെന്നും സൂരജ് പറഞ്ഞതു കൊണ്ടാണ് അന്ന് അവിടെ നിർത്തി പോന്നത്; സാമ്പത്തിക ആവശ്യങ്ങൾ നേടുന്നതിനുള്ള കുറുക്കുവഴിയായി മാത്രമാണ് അവർ ഉത്രയെ കണ്ടത്; അവർ കൊന്ന ശേഷം തനിക്കെതിരെ പരാതി കൊടുത്തതും സ്വത്ത് തട്ടാൻ മാത്രം; അഞ്ചലിലെ ചതിയുടെ വഴി ഉത്രയുടെ സഹോദരൻ വിഷു വിശദീകരിക്കുമ്പോൾ

ഭർതൃ വീട്ടുകാരുടെ പീഡനം സഹിക്കാതെ ജനുവരിയിൽ കുഞ്ഞുമായി വീട്ടിലേക്ക് വരാൻ ഉത്ര തുനിഞ്ഞിരുന്നു; കൊണ്ടു പോകരുതെന്നും ഇനി ഒരു വിഷമവും ഉണ്ടാക്കില്ലെന്നും സൂരജ് പറഞ്ഞതു കൊണ്ടാണ് അന്ന് അവിടെ നിർത്തി പോന്നത്; സാമ്പത്തിക ആവശ്യങ്ങൾ നേടുന്നതിനുള്ള കുറുക്കുവഴിയായി മാത്രമാണ് അവർ ഉത്രയെ കണ്ടത്; അവർ കൊന്ന ശേഷം തനിക്കെതിരെ പരാതി കൊടുത്തതും സ്വത്ത് തട്ടാൻ മാത്രം; അഞ്ചലിലെ ചതിയുടെ വഴി ഉത്രയുടെ സഹോദരൻ വിഷു വിശദീകരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ: സൂരജും കൂട്ടുകാരും കുടുംബവും ശ്രമിച്ചത് ഉത്രയുടെ മരണത്തിൽ ഉത്രയുടെ അച്ഛനേയും അമ്മയേയും സഹോദരനേയും കുടുക്കാനായിരുന്നു. അതിനുള്ള തിരക്കഥയാണ് മുൻകൂട്ടി ഒരുക്കിയത്. ഉത്രയുടെ മരണ ശേഷം ചർച്ചയും കാര്യങ്ങളും അങ്ങനെ എത്തിക്കാനും ശ്രമിച്ചു. പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. കൈവിലങ്ങ് വീണതുകൊലപാതകിയായ സൂരജിന്റെ കൈയിലായിരുന്നു. സൂരജിന്റെ കുടുംബം സംശയ നിഴലിലുമായി. ഇതോടെ ഉത്രയുടെ അച്ഛനും അമ്മയും സഹോദരനും രക്ഷപ്പെട്ടു. ഈ സാഹചര്യത്തിൽ സഹോദരിക്ക് നേരെയുണ്ടായ ഗൂഢാലോചനയിൽ സൂരജിന്റെ കുടുംബത്തിന്റെ പങ്ക് തുറന്നു പറയുകയാണ് ഉത്രയുടെ സഹോദരൻ വിഷു.

ഭർതൃ വീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ ജനുവരിയിൽ കുഞ്ഞുമായി വീട്ടിലേക്ക് വരാൻ ഉത്ര തുനിഞ്ഞിരുന്നുവെന്ന് വിഷു പറയുന്നു. ഉത്രയെ കൊണ്ടുപോകരുതെന്നും ഇനി ഒരു വിഷമവും ഉണ്ടാക്കില്ലെന്നും സൂരജ് പറഞ്ഞതു കൊണ്ടാണ് അച്ഛൻ അന്ന് അവിടെ നിർത്തി പോന്നതെന്നും സഹോദരൻ വിഷു പറയുന്നു. സാമ്പത്തിക ആവശ്യങ്ങൾ നേടുന്നതിനുള്ള കുറുക്കുവഴിയായി മാത്രമാണ് സൂരജും വീട്ടുകാരും ഉത്രയെ കണ്ടതെന്ന് വളരെ വൈകിയാണ് ഉത്രയുടെ മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. കുഞ്ഞായാൽ ജീവിതം ശരിയാകുമെന്നും അവഗണന അവസാനിക്കുമെന്നും ഉത്ര കരുതി. അത് വെറും തോന്നലായിരുന്നു. ഉത്രയുടെ സ്വത്ത് കൈക്കലാക്കാൻ പല വഴികളും സൂരജ് നോക്കി. ഉത്രയുടെ മരണത്തിന് ശേഷം തന്നെ കൊലപാതകിയാക്കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്നും വിഷു പറയുന്നു.

പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സൂരജും ബന്ധുക്കളും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു വിഷു പറയുന്നു. ഉത്രയുടെ മരണത്തിൽ സഹോദരൻ വിഷുവിനു പങ്കുണ്ടെന്ന് ആരോപിച്ചു സൂരജ് പരാതി നൽകിയിരുന്നു. വിഷുവും ഉത്രയും തമ്മിൽ സ്വത്തുവിഷയത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിവാഹശേഷം വിഷു ഉത്രയോടു ഫോണിൽ പോലും സംസാരിക്കാറില്ല എന്ന ചർച്ചയാണ് സജീവമാക്കാൻ ശ്രമിച്ചത്. സൂരജിന്റെ സഹോദരി സൂര്യയടക്കം മാധ്യമങ്ങളോടു ഇത് തുറന്നു പറയുകയും ചെയ്തു. ഉത്ര മരിച്ച ദിവസം മുറിയുടെ ജനാല തുറന്നിട്ടതും പാമ്പിനെ പിടിച്ചപ്പോൾ കൊന്നതുമൊക്കെ വിഷുവാണെന്നും സൂര്യ പറഞ്ഞിരുന്നു. അങ്ങനെ സൂര്യയുടെ കൊലപാതകം വിഷുവിന്റെ തലയിൽ വച്ചു കെട്ടാനായിരുന്നു തന്ത്രങ്ങളൊരുക്കിയത്.

'കൂടുതലൊന്നും പറയാനില്ല. ഞാനാണ് ഉത്രയെ കൊന്നതെന്നു വരെ കേസു കൊടുത്തവരാണ്. അത് അവർ ചെയ്തതു മറയ്ക്കാനാണ്. അതിൽ വേറെന്ത് പറയാനാണ്.' വിഷു പറഞ്ഞു. അവളെ അവൻ ആദ്യം പാമ്പിനെ കൊണ്ടു കടുപ്പിച്ച അന്നു മുതൽ അവൾക്കൊപ്പം ഞാൻ ആശുപത്രിയിലുണ്ട്. അവളുമായി എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഞാനങ്ങനെ നിൽക്കേണ്ട കാര്യമുണ്ടോ? ഈ പറയുന്ന ആരും അവളെ തിരിഞ്ഞുപോലും നോക്കാത്ത ആളുകളാണ്. ആദ്യ രണ്ടു ദിവസം മാത്രം അവർ വന്നു. പിന്നീട് അവൾ അനങ്ങാനാകാതെ കിടന്നിട്ടു പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഞാനും അമ്മയും അച്ഛനുമാണു നോക്കിയത്, സൂരജും ഒപ്പം ഉണ്ടായിരുന്നു.-വിവാദങ്ങളോട് വിഷു പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

ഉത്രയും സൂരജും തമ്മിൽ നേരത്തേ മുതൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പല തവണ പ്രശ്‌നങ്ങൾ ഉണ്ടാവുകയും പരിഹരിക്കുകയും ചെയ്തു. എന്നാൽ പ്രശ്‌നങ്ങൾ തുടർന്നപ്പോൾ ജനുവരിയിൽ ഉത്രയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ചെന്നു. അപ്പോൾ ഇനി പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നു പറഞ്ഞു സൂരജ് മാതാപിതാക്കളെയും സഹോദരനെയും അനുനയിപ്പിക്കുകയായിരുന്നു ചെയ്തത്. ഇനി പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ അത് ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും അവളുടെ കുടുംബജിവിതം തകരരുതെന്നു മാത്രമാണ് ആഗ്രഹിച്ചതെന്നും വിഷു പറഞ്ഞു.

'ഞങ്ങൾ അവളെ വിളിച്ചുകൊണ്ടു പോരുമെന്ന് മനസ്സിലാക്കിയതു മുതൽ അവൻ പ്ലാൻ മാറ്റി. വഴക്കോ കാര്യങ്ങളോ ഒന്നും ഉണ്ടാക്കാൻ നിൽക്കാതെ ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇങ്ങനെ എന്തെങ്കിലും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ അന്നേ എന്തെങ്കിലും ചെയ്‌തേനെ. ഇതുവരെ വിവാഹമോചനത്തിനു ശ്രമിച്ചിട്ടില്ല.-ിഷു പറഞ്ഞു. കൊലപാതകത്തെ കുറിച്ച് സൂരജിന്റെ കുടുബാംഗങ്ങൾക്കും വ്യക്തമായി അറിയാമായിരുന്നെന്ന് വിഷു ആരോപിച്ചു.

ഉത്ര നേരത്തെ പാമ്പിനെ കണ്ടിരുന്നെന്ന് പറഞ്ഞപ്പോഴും അവർ കാര്യമായി എടുത്തിരുന്നില്ല. അതു ചേരയോ മറ്റോ ആയിരിക്കും, കാര്യമാക്കേണ്ടെന്നാണു സൂരജിന്റെ വീട്ടുകാർ പറഞ്ഞത്. അവർക്കു കൃത്യമായി അറിയാമായിരുന്നു സൂരജ് ഇങ്ങനെ ചെയ്യാൻ പോവുകയാണെന്ന്. അതുകൊണ്ടാണ് അന്ന് അവരത് കാര്യമാക്കാതെ വിട്ടതെന്നും ഉത്രയുടെ സഹോദരൻ ആരോപിക്കുന്നു. ആകെ അവളല്ലേ ഉള്ളൂ, അവൾ നന്നായി ജീവിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് വിഷു പറയുന്നു. അവളുടെ കണ്ണ് നിറയാതിരിക്കാൻ സൂരജ് ആവശ്യപ്പെട്ട പണമെല്ലാം നൽകി. പിതാവിനു ജോലിയില്ലാത്തതിനാൽ ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകണമെന്നു സൂരജ് നിർബന്ധം പിടിച്ച് ഉത്രയെ വിഷമത്തിലാക്കി. ഇതേച്ചൊല്ലി ഭർതൃമാതാവും സഹോദരിയും നിരന്തരം ഉത്രയെ ബുദ്ധിമുട്ടിച്ചു.

മകളുടെ വിഷമം മനസ്സിലാക്കിയ ഉത്രയുടെ മാതാപിതാക്കൾ 3 ലക്ഷത്തോളം രൂപ മുടക്കി സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങി നൽകി. വീട് പുതുക്കി പണിയണമെന്നായി അടുത്ത ആവശ്യം . മകളുടെ സന്തോഷകരമായ ജീവിതത്തെ കരുതി അതും ഉത്രയുടെ വീട്ടുകാർ പരിഹരിച്ചു. ഭർതൃസഹോദരുടെ ഉപരിപഠനത്തിനു പണം വേണമെന്നു പറഞ്ഞു വീണ്ടും മാനസിക പീഡനം തുടങ്ങി. അതിനും നല്ലൊരു തുക ഉത്രയുടെ വീട്ടിൽനിന്നു നൽകി. 15 ലക്ഷത്തോളം രൂപയാണ് പണമായി മാത്രം സൂരജിനും വീട്ടുകാർക്കും നൽകിയത്. വാഹനങ്ങളും വീട്ടിലേക്കുള്ള വസ്തുക്കൾ വേറെയും. മാർച്ച് 2ന് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ വിവരമറിഞ്ഞാണു ബെംഗളൂരിൽ ജോലി ചെയ്യുന്ന വിഷു സഹോദരിയെ കാണാനായി പിറ്റേന്നു തന്നെ നാട്ടിലെത്തിയത്. ഉത്ര ചികിത്സയിൽ കഴിയുന്ന തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്കാണു വിഷു എത്തിയത്.

പാമ്പുകടിയേറ്റ് ചികിൽസയിൽ കഴിയുമ്പോൾ ചെലവായ പത്തുലക്ഷം രൂപയും ഉത്രയുടെ വീട്ടുകാരാണ് മുടക്കിയത്. 15 ദിവസം ഐസിയുവിലായിരുന്നു ഉത്ര. സാമ്പത്തികവും മാനസികവുമായ ഒരു പിന്തുണയും സൂരജിന്റെ വീട്ടിൽ നിന്ന് ഉണ്ടായില്ലെന്നും വിഷു പറയുന്നു. എങ്കിലും സഹോദരിയുടെ മരണത്തിൽ സത്യം പുറത്തു വന്നതിന്റെ ആശ്വാസം വിഷുവിന് ഇപ്പോഴുണ്ട്. സഹോദരിയുടെ മകനെ വേദനകൾ അറിയിക്കാതെ വളർത്തുകയാണ് വിഷുവിന്റെ ഇനിയുള്ള ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP