Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇഷ്ടമുള്ള കട തിരഞ്ഞെടുക്കാൻ അവസരം നൽകാതെ ആപ് കമ്പനി ടോക്കൺ നൽകിയത് പലർക്കും ദൂരെയുള്ള ബാറുകളിലേക്ക്; നടന്നതെല്ലാം സ്റ്റാർട്ടപ് മിഷന്റെ ടെക്‌നിക്കൽ പ്രപ്പോസലിൽ ഉപയോക്താവിനു മദ്യശാല തിരഞ്ഞെടുക്കാൻ ഓപ്ഷൻ വേണമെന്നു നിർദ്ദേശിച്ചിരുന്നതിന് വിരുദ്ധം; രാത്രി 10 വരെ ബുക്കിങ് എന്ന് പറഞ്ഞിട്ട് ഉച്ചയ്ക്ക് മുമ്പ് നിർത്തി; ബാറുകൾക്ക് മുൻഗണന നൽകുന്നതിനാൽ ബിവ്‌കോ ഔട്ട്‌ലെറ്റുകൾ ശൂന്യം; മദ്യവിൽപ്പന തുടങ്ങിയപ്പോൾ ബാക്കിയാവുന്നത് തള്ളൽ മാത്രം

ഇഷ്ടമുള്ള കട തിരഞ്ഞെടുക്കാൻ അവസരം നൽകാതെ ആപ് കമ്പനി ടോക്കൺ നൽകിയത് പലർക്കും ദൂരെയുള്ള ബാറുകളിലേക്ക്; നടന്നതെല്ലാം സ്റ്റാർട്ടപ് മിഷന്റെ ടെക്‌നിക്കൽ പ്രപ്പോസലിൽ ഉപയോക്താവിനു മദ്യശാല തിരഞ്ഞെടുക്കാൻ ഓപ്ഷൻ വേണമെന്നു നിർദ്ദേശിച്ചിരുന്നതിന് വിരുദ്ധം; രാത്രി 10 വരെ ബുക്കിങ് എന്ന് പറഞ്ഞിട്ട് ഉച്ചയ്ക്ക് മുമ്പ് നിർത്തി; ബാറുകൾക്ക് മുൻഗണന നൽകുന്നതിനാൽ ബിവ്‌കോ ഔട്ട്‌ലെറ്റുകൾ ശൂന്യം; മദ്യവിൽപ്പന തുടങ്ങിയപ്പോൾ ബാക്കിയാവുന്നത് തള്ളൽ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബവ്ക്യൂ ആപ്പിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരവധി ആക്ഷേപങ്ങൾ ഉന്നയിച്ചു കഴിഞ്ഞു. അഴിമതിയാണ് പ്രതിപക്ഷ നേതാവ് ചർച്ചയാക്കിയത്. ഇതെല്ലാം ശരിയാണോ എന്ന ചർച്ച സജീവമാക്കിയാണ് ഈ ആപ്പിന്റെ പ്രവർത്തനം. ആപ്പിന്റെ കൃത്യത കുറവ് കാരണം താളപ്പിഴകളോടെ ആണ് സംസ്ഥാനത്തു മദ്യവിൽപന പുനരാരംഭിച്ചത്. ഏറെ വിവാദങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നു കഴിഞ്ഞു. ആപ്പുമായി സർക്കാർ പറഞ്ഞതെല്ലാം വെറും തള്ളൽ മാത്രമാണെന്ന സൂചനകളാണ് ആപ്പ് പ്രത്യക്ഷത്തിൽ നൽകുന്നത്.

ആപ്പിലൂടെ ആദ്യദിവസം ടോക്കൺ എടുത്തതു 2.25 ലക്ഷം പേരാണ്. രാവിലെ 6 മുതൽ രാത്രി 10 വരെ ടോക്കൺ എടുക്കാമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ ആപ് തുറന്നപ്പോൾ ടോക്കൺ രാവിലെ 6 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മാത്രം. ഒട്ടേറെപ്പേർക്ക് ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിച്ചില്ല. രാവിലെ തന്നെ ആപ് ഹാങ് ആകുകയും ചെയ്തു. ആപ്പിന്റെ പരാജയമാണഅ ഇതിന് കാരണം. ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചു കഴിഞ്ഞു. ഇതോടൊപ്പം മറ്റ് പല ഗുരുതരമായ ആരോപണങ്ങളും സജീവമാകുകയാണ്. വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ബിവറേജസ് കോർപ്പറേഷൻ തയാറാക്കിയ മൊബൈൽ ആപ്പിൽ പൊല്ലാപ്പുകളാണ് ഇപ്പോൾ ചർച്ച. രണ്ടുമാസത്തിനുശേഷം ആരംഭിച്ച മദ്യവിൽപ്പന ആപ്പിന്റെ സാങ്കേതികപ്രശ്നംമൂലം താളംതെറ്റുകയായിരുന്നു.

ബവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ഏത് കട അഥവാ ബാറിലേക്ക് ആ ഓർഡർ പോകണമെന്ന് സോഫ്റ്റ്‌വെയർ തീരുമാനിക്കുന്നത് എങ്ങനെയെന്നതു ദുരൂഹം. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതല്ല ഇത്. സ്റ്റാർട്ടപ് മിഷൻ പ്രസിദ്ധീകരിച്ച ടെക്‌നിക്കൽ പ്രപ്പോസലിൽ ഉപയോക്താവിനു മദ്യശാല തിരഞ്ഞെടുക്കാൻ ഓപ്ഷൻ വേണമെന്നു നിർദ്ദേശിച്ചിരുന്നു. എന്നാൽ ആപ്പിൽ ഇത്തരമൊരു സേവനമില്ലെന്നു മാത്രമല്ല ഏതു മദ്യശാലയാണെന്നു തീരുമാനിക്കുന്നതു പ്ലാറ്റ്‌ഫോം സ്വയമാണ്. ഇതോടെ മദ്യം ആപ്പ് പറയുന്നിടത്ത് പോയി വാങ്ങേണ്ടി വരുന്നു. ചില ബാറുകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള നീക്കമാണോ ഇതെന്ന സംശയം സജീവമാണ്.

ഒന്നിലധികം ബാറുകളുള്ള സ്ഥലങ്ങളിൽ ബുക്ക് ചെയ്യുമ്പോൾ നിശ്ചിത ബാറിലേക്ക് അല്ലെങ്കിൽ ഔട്ലെറ്റിലേക്ക് എങ്ങനെയാണു ടോക്കൺ ജനറേറ്റ് ചെയ്യുന്നതെന്നു വ്യക്തമല്ല. കടകൾ തിരഞ്ഞെടുക്കുന്ന കംപ്യൂട്ടർ അൽഗോരിതം പുറത്തുവിടണമെന്നും ആവശ്യം ഉയരുന്നുണ്ട്. പലർക്കും വളരെയകലെയുള്ള സ്ഥലങ്ങളിലെ ഔട്ലെറ്റുകളോ ബാറുകളോ ആണു ലഭിക്കുന്നത്. അതായത് ആപ്പിന് താൽപ്പര്യമുള്ള ബാറുകളിലേക്ക് ആളുകളെ എത്തിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇതും എക്‌സൈസ് വകുപ്പിനും സർക്കാരിനും തലവേദനയാകും. എല്ലാ കുറവുകളും ഉടൻ പരിഹരിക്കുമെന്നാണ് ഫയർ കോഡ് പറയുന്നത്.

സ്റ്റാർട്ടപ് മിഷൻ മെയ്‌ 7നു തയാറാക്കിയ ടെക്‌നിക്കൽ പ്രപ്പോസലിൽ ആവശ്യപ്പെട്ട ഫീച്ചറുകൾ അംഗീകരിക്കപ്പെട്ടില്ലെന്നതാണ് വസ്തുത. പിൻകോഡ് നൽകിയോ ജില്ല നൽകിയോ സമീപത്തുള്ള മദ്യശാലകൾ തിരഞ്ഞെടുക്കാൻ അവസരം വേണമെന്നായിരുന്നു നിർദ്ദേശം. Earliest Slot Wise Search: സോഫ്റ്റ്‌വെയർ തന്നെ തൊട്ടടുത്തുള്ള കടകളിൽ ഉടൻ ലഭ്യമായ ടൈം സ്ലോട്ടുകൾ നൽകി തനിയെ ടോക്കൺ ജനറേറ്റ് ചെയ്യുന്നു. Shop Wise Search: സമീപത്തുള്ള മദ്യശാല തിരഞ്ഞെടുക്കാൻ അവസരം. ലഭ്യമായ ടൈം സ്ലോട്ടുകളിൽ നിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം-എന്നതായിരുന്നു മറ്റൊരു പ്രൊപ്പോസൽ ഫീച്ചർ. ഇത് പൂർണ്ണമായും അട്ടിമറിക്കപ്പെട്ടു. ജിപിഎസ് ലൊക്കേഷൻ, മദ്യശാലയിലേക്കുള്ള ദൂരം, പിൻകോഡ് എന്നിവ ഉപയോഗിച്ചുള്ള റാൻഡം തിരഞ്ഞെടുപ്പിലൂടെയാണു ടോക്കൺ ജനറേറ്റ് ചെയ്യുന്നതെന്നാണ് വിവാദങ്ങളോട് ഫയർകോഡിന്റെ വിശദീകരണം.

കണ്ടെയ്ന്മെന്റ് സോണുകളിൽ മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട്. എന്നാൽ ബെവ് ക്യൂ ആപ്പിന് ഇതൊന്നും ബാധകമല്ല. ഈ മേഖലയിലെ അടച്ചിട്ട മദ്യവിൽപ്പന കേന്ദ്രങ്ങളിലേക്കും ആപ്പ് ടോക്കൺ നൽകി. മദ്യവും കിട്ടിയില്ല. ടോക്കണും പോയി. അടുത്ത ബുക്കിങ്ങിന് ഇനി നാലുദിവസം കാക്കണം. ഉപഭോക്താവ് നിൽക്കുന്ന പ്രദേശം തിരിച്ചറിയാൻ ആപ്പ് ഉപയോഗിക്കുന്ന സൂചകം പിൻകോഡാണ്. പകരം ജി.പി.എസ്. സംവിധാനമായിരുന്നു ഫലപ്രദമെന്ന് വിദഗ്ദ്ധർ പറയുന്നു. ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലകളുടെ മൊബൈൽ ആപ്പുകളെല്ലാം ജി.പി.എസ്. അധിഷ്ഠിതമാണ്. പ്രവർത്തിക്കാൻ പാടില്ലാത്ത മേഖലകളിലേക്കുള്ള സേവനം നിർത്തിവെക്കാൻ ഇതിലൂടെ കഴിയും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നേരിട്ട് തിരയുന്നവർക്ക് ബെവ് ക്യൂ ആപ്പ് വ്യാഴാഴ്ചയും കാണാൻ കഴിഞ്ഞില്ല. കമ്പനി വാട്സാപ്പിൽ പ്രചരിപ്പിച്ച ലിങ്ക് വഴിയാണ് മിക്കവരും ആപ്പ് സ്വന്തമാക്കിയത്. ബിവറേജസ് കോർപ്പറേഷന്റെ പേരിലാണ് ആപ്പ്. കോർപ്പറേഷന്റെ പേരിൽ തിരഞ്ഞാലും കിട്ടുന്നുണ്ട്. കിട്ടിയ പലർക്കും രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുമുമ്പേ ഹാങ്ങായി. അടുത്ത പേജിലേക്ക് പോകാതെ വിൻഡോ കറങ്ങി നിൽക്കും. ഒപ്പം ഒരു മെസേജും വരും 'സംതിങ് വെന്റ് റോങ്'. അതെ,

ഇഷ്ടമുള്ള കട തിരഞ്ഞെടുക്കാൻ അവസരം നൽകാതെ ആപ് കമ്പനി പലർക്കും ദൂരെയുള്ള ബാറുകളിലേക്കു ടോക്കൺ നൽകി. ചില ബാറുകളിൽ, ചോദിക്കുന്ന മദ്യത്തിനു പകരം സ്റ്റോക്കുള്ളതാണു കിട്ടിയത്. മിക്കയിടത്തും സുരക്ഷിത അകലം പാലിക്കാതെ തിക്കും തിരക്കുമായി.

11-ന് ബുക്കിങ്, ടോക്കൺ സമയം 9.15

ടോക്കൺ കിട്ടിയപ്പോൾ മദ്യം വാങ്ങാനുള്ള സമയംകഴിഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ 11-ന് ഏറെനേരത്തെ പരിശ്രമത്തിനുശേഷം ആപ്പ് ഇൻസ്റ്റാൾ ചെയ്തപ്പോഴാണ് അന്നേദിവസം രാവിലെ 9.15-ന് സമയമനുവദിച്ചത്. ടോക്കൺ കൈയിൽ കിട്ടിയപ്പോൾ ഒന്നേമുക്കാൽ മണിക്കൂർ കഴിഞ്ഞിരുന്നു. ഇത്തരം കോമഡികളും ആപ്പിൽ ഉണ്ട്. മൊബൈൽ ആപ്പ് രജിസ്റ്റർ ചെയ്യണമെങ്കിൽ കമ്പനിയിൽനിന്നുള്ള ഒറ്റത്തവണ പാസ്വേഡ് വേണം. ഇത് മിക്കപ്പോഴും കിട്ടില്ല. പേരും മൊബൈൽ നമ്പറും പിൻകോഡും നൽകി ആദ്യ പേജ് പൂരിപ്പിച്ചുകഴിഞ്ഞാൽ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് അടുത്തപേജിലേക്ക് നീങ്ങാം. അപ്പോൾ എസ്.എം.എസായി പാസ്വേഡ് കിട്ടുമെന്ന് സന്ദേശം വരും. എന്നാൽ പാസ്വേഡ് വരില്ല. അഞ്ചുമിനിറ്റാണ് ഇതിനുള്ള സമയം. എന്നാൽ സമയംതീർന്നാലും പാസ്വേഡ് കിട്ടില്ല. ലോഗിൻ ചെയ്യാനും കഴിയില്ല. അതോടെ ചെയ്തതെല്ലാം വെറുതെയാകും.

മുന്നോട്ട് പോയാൽ മദ്യവും ബിയറും തിരഞ്ഞെടുക്കുന്നിടത്ത് ആപ്പ് വീണ്ടും പണിമുടക്കും. അടുത്ത പേജിലേക്ക് പോകില്ല. ഏറെനേരം ശ്രമിക്കുമ്പോഴാകും ടോക്കൺ കിട്ടുക. ഒ.ടി.പി. നൽകുന്ന കമ്പനികളുടെ എണ്ണം കൂട്ടുമെന്നായിരുന്നു ആദ്യവിശദീകരണം. ഒരുകമ്പനിയെയാണ് ഒ.ടി.പി. നൽകാൻ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ അവർക്ക് കൈകാര്യം ചെയ്യാവുന്നതിലേറെ രജിസ്ട്രേഷനുകളാണ് എത്തിയത്. ടോക്കണിന്റെ സാധുത പരിശോധിക്കാനുള്ള മൊബൈൽ ആപ്പ് മദ്യവിൽപ്പന കേന്ദ്രങ്ങൾക്ക് ബുധനാഴ്ച രാത്രി കൈമാറേണ്ടിയിരുന്നു.

എന്നാൽ വ്യാഴാഴ്ച രാവിലെ വിൽപ്പന തുടങ്ങിയപ്പോൾ മിക്കസ്ഥലങ്ങളിലും ജീവനക്കാർക്ക് ആപ്പ് കിട്ടിയില്ല. ആപ്പ് നിശ്ചലമായതിനാൽ പലർക്കും രജിസ്ട്രേഷൻ പൂർത്തീകരിക്കാനായില്ല. ടോക്കണിലെ ബാർകോഡ് സ്‌കാൻ ചെയ്തശേഷം വേണം മദ്യം നൽകേണ്ടത്. മിക്കയിടത്തും ഇത് തടസ്സപ്പെട്ടു. ഇതോടെ ടോക്കണിന്റെ ചിത്രമെടുത്തശേഷം മദ്യംനൽകാൻ അധികൃതർ നിർദ്ദേശംനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP