Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർപ്പദോഷം എന്നൊരു അഖിലേന്ത്യാ ഉഡായിപ്പ് ഉണ്ട്; അതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു എക്സ്‌ക്ലൂസീവ് ഷോറൂം ആലപ്പുഴ ജില്ലയിൽ കാണാനാവും; അന്ധവിശ്വാസങ്ങൾ കുറ്റകൃത്യങ്ങളുടെ ഇന്ധനശക്തിയായി മാറുന്ന രാജ്യാന്തര മോഡൽ കേരളത്തിലും വ്യാപകമാണ്; അന്ധവിശ്വാസങ്ങളുടെ അനോഫിലസ് കൊതുകുകളായി മാധ്യമങ്ങൾ മാറിയിട്ടുണ്ട്; സി രവിചന്ദ്രൻ എഴുതുന്നു; കടിയേറ്റ ജനത

സർപ്പദോഷം എന്നൊരു അഖിലേന്ത്യാ ഉഡായിപ്പ് ഉണ്ട്; അതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു എക്സ്‌ക്ലൂസീവ് ഷോറൂം ആലപ്പുഴ ജില്ലയിൽ കാണാനാവും; അന്ധവിശ്വാസങ്ങൾ കുറ്റകൃത്യങ്ങളുടെ ഇന്ധനശക്തിയായി മാറുന്ന രാജ്യാന്തര മോഡൽ കേരളത്തിലും വ്യാപകമാണ്; അന്ധവിശ്വാസങ്ങളുടെ അനോഫിലസ് കൊതുകുകളായി മാധ്യമങ്ങൾ മാറിയിട്ടുണ്ട്; സി രവിചന്ദ്രൻ എഴുതുന്നു; കടിയേറ്റ ജനത

സി രവിചന്ദ്രൻ

കടിയേറ്റ ജനത

(1) കഴിഞ്ഞവർഷം ഇതേ സമയം ബാങ്കിൽ നിന്ന് കിട്ടിയ ജപ്തി നോട്ടീസ് പൂജവെച്ച് അത്യാഹിതത്തിലേക്ക് നടന്നുകയറിയ ഒരു കുടുംബത്തെ കുറിച്ച് കേരളം ചർച്ച ചെയ്തിരുന്നു. ബാങ്കുകൾക്കെതിരെ വിഷംചീറ്റിയും അവരുടെ കെട്ടിടങ്ങൾ അടിച്ചു തകർത്തും അന്നു പലരും കരുത്തുകാട്ടി. ഭാര്യയെ നശിപ്പിക്കാൻ ഒരാൾ നടത്തിയ സമാനതകളില്ലാത്ത ക്രൂരകൃത്യത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ. കൊല്ലാനായി വിഷപാമ്പിനെ ഉപയോഗിച്ചു എന്നതാണ് കൊല്ലത്ത് അഞ്ചലിലെ കൊലപാതകത്തെ സവിശേഷമാക്കുന്നത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുന്ന കഥകൾ സിനിമയിലും സീരിയലിലുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും നിത്യജീവിതത്തിൽ കേരളീയർക്ക് അത്ര പരിചയമില്ലാത്ത ഒന്നാണല്ലോ. ഐ.വി ശശി സംവിധാനം ചെയ്ത കരിമ്പിൻ പൂവിനക്കരെ(1985) എന്ന ചിത്രത്തിൽ സമാനമായ ഒരു രംഗമുണ്ട്. അന്ന് അഞ്ചൽ കേസിലെ പ്രതി ജനിച്ചിട്ടില്ല.

(2) ക്രിമിനൽ സ്വാഭാവം ഉള്ളവരിൽ പലപ്പോഴും സാമാന്യബുദ്ധിയും മാനുഷികവികാരങ്ങളും വേണ്ടത്ര തോതിൽ പ്രവർത്തിച്ചേക്കില്ല എന്നതിന്റെ തെളിവാണ് (അപവാദങ്ങൾ ഇല്ലെന്നല്ല) ഈ കുറ്റകൃത്യനിർവഹണവും. വൈക്കോൽ ലോറിപോലെ പോകുന്നിടത്തെല്ലാം ടൺ കണക്കിന് തെളിവുകൾ വാരി വിതറിയാണ് പ്രതി കുറ്റകൃത്യം നിർവഹിച്ചത്. അപ്പോഴും പ്രസ്തുത തെളിവുകളെല്ലാം ഒട്ടിച്ചുവെച്ച് ശിക്ഷ വാങ്ങിക്കൊടുക അത്ര എളുപ്പമായിരുന്നില്ല. കൊല നടത്താൻ ഉപയോഗിച്ച ജീവികളാണ് നിയമത്തിന് വെല്ലുവിളി ഉയർത്തുന്നത്. എങ്കിലും കടിച്ച മൂർഖന്റെ ശവശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയത് വിഷപ്പല്ലുണ്ടെന്ന് സ്ഥിരീകരിച്ചത് വിലപെട്ട തെളിവാണ്. പാമ്പിന്റെ ജഡം അവിടെ നിന്ന് മാറ്റാനോ കുറഞ്ഞപക്ഷം സിനിമാക്കഥ മാതൃകയിൽ പകരം മറ്റെന്തെങ്കിലും വിഷമില്ലാത്ത ഇനത്തെ അവിടെ നിക്ഷേപിക്കാനോ പ്രതി തുനിഞ്ഞില്ല എന്നത് കൗതുകകരമാണ്. 'തെളിവുകൾ നശിപ്പിക്കാത്ത പ്രതി' എന്നത് ഒരു അപൂർവ സാധ്യതയാണ്. എങ്കിലും ഈ കേസിൽ വെല്ലുവിളികൾ ഇനിയുമുണ്ട്.

(3) ആറുമാസം ഭർത്താവ് കൊണ്ടുവരുന്ന പാമ്പിനെ കാത്തിരുന്ന നിർഭാഗ്യവതിയായ ആ പെൺകുട്ടിയുടെ കഥ ഗ്രീക്ക് ദുരന്തകഥകളെ വെല്ലുന്നതാണ്. ഭർത്താവിന്റെ വാക്കുംപ്രവർത്തിയും അവളൊരിക്കലും തെറ്റിദ്ധരിച്ചിരുന്നില്ല എന്നതാണ് ദയനീയം. എലിയെ കൊല്ലാനായി പതിനായിരം രൂപയുടെ പാമ്പിനെ വിൽക്കുന്നവർ വിദൂഷകവേഷമണിയുന്ന ഈ കേസിൽ മലയാളി സമൂഹം ഇടപെടുന്നത് തങ്ങൾക്കില്ലാത്ത എന്തോ ചിലത് പ്രതികളിൽ ഉണ്ടെന്ന അവകാശവാദത്തോടെയാണ്. കേരള സമൂഹത്തിന് ഒരു യാഥാർത്ഥ്യ പരിശോധന (reality check) അത്യാവശ്യമാണ്. മാലാഖമാരായി സ്വയംവിലയിരുത്തി കളിച്ചിട്ട് കാര്യമില്ല. യാഥാർത്ഥ്യബോധമില്ലാത്ത ലോകവീക്ഷണമാണ് സമൂഹത്തെ തളർത്തുന്നത്. വ്യക്തിതലം മുതൽ ഭരണനിർവഹണംവരെ അത് മുഴച്ചുനിൽക്കുന്നു. അഞ്ചൽ കേസിന്റെ എല്ലാ തലങ്ങളിലും ഇത് പ്രകടമാണ്.

(4) കൂടത്തായിലെ വിഷംകൊടുത്തുള്ള കൂട്ടക്കൊലകൾക്ക് ശേഷം 'ചായയിൽ സൈനയിഡ് ഉണ്ടോ'എന്ന് കളിയായി ചോദിക്കുന്ന ഭർത്താക്കന്മാരിൽ നിന്ന് 'മുറിയിൽ പാമ്പൊന്നും ഇല്ലല്ലോ അല്ലേ' എന്ന കുസൃതിചോദ്യം ചോദിക്കുന്ന ഭാര്യമാരിലേക്ക് സാമൂഹ്യവിനിമയങ്ങൾ മാറിയെന്നല്ലാതെ കേരളസമൂഹത്തിന്റെ അടിസ്ഥാന സ്വഭാവത്തെ തെല്ലും ഉലയ്ക്കാൻ അഞ്ചൽ കേസിനും കഴിയുമെന്ന് തോന്നുന്നില്ല. വ്യക്തിക്ക് വിലയില്ലാത്ത, ചാപ്പസംസ്‌കാരത്തിൽ ആനന്ദിക്കുന്ന ഒരു സമൂഹത്തിൽ നിന്ന് ഇത്തരം നിരീക്ഷണങ്ങൾ അസാധാരണമല്ല. നമ്മുടെ മുഖ്യധാരാ രാഷ്ടീയ ആശയങ്ങളെല്ലാംതന്നെ കളക്റ്റിവിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമാണ്. വിവാഹം എന്ന സ്റ്റാർട്ട് അപ്പ് സംരംഭത്തെ സംബന്ധിച്ച അന്ധവിശ്വാസങ്ങൾ ഇപ്പോഴും അതിമാരകമാണ്.

(5) പണ്ട് പബ്ലിക് സർവീസ് കമ്മീഷനിൽ സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന കാലം. പുതിയ ജീവനക്കാർക്കുള്ള ഇൻസർവീസ് കോഴ്സ് നടക്കുന്നു. ക്ലാസെടുത്ത രസികയായ ഒരു ഉന്നത ഉദ്യോഗസ്ഥയുടെ തമാശ ഇങ്ങനെ: ''നിങ്ങൾ ഇപ്പോൾ സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റാണ്. നിങ്ങൾക്ക് ഈ സ്ഥാപനത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും നിങ്ങൾക്ക് ചെയ്യാൻ ഇവിടെ പ്രത്യേകിച്ച് ഒന്നുമില്ല എന്നൊക്കെയാവും ധരിച്ചിരിക്കുന്നത്. നാളെ രാവിലെ ഞാനുൾപ്പടെയുള്ള 650 പേർ ഒറ്റയടിക്ക് ലീവെടുക്കുകയോ വിരമിക്കുകയോ കൊല്ലപെടുകയോ ചെയ്താൽ നിങ്ങളാണ് പുതിയ പി.എസ്.സി സെക്രട്ടറി! അതോർത്ത് വേണം ഈ ക്ലാസിൽ ഇരിക്കാൻ..'' പുതിയതായി റിക്രൂട്ട് ചെയ്യപെട്ടവർ ക്ലാസിൽ ശ്രദ്ധിക്കാനായി അവർ പറഞ്ഞ അതിശയോക്തിപരമായ ഈ തമാശ ഗൗരവമായി കാണുന്നവരാണ് കേരള സമൂഹത്തിൽ നല്ലൊരു പങ്കും എന്നു തോന്നിയിട്ടുണ്ട്.

(6) മുന്നിലും മുകളിലുമുള്ള ആളുകൾ നശിച്ചാൽ അവർ അനുഭവിക്കുന്നതെല്ലാം തനിക്ക് സ്വന്തമാകും എന്ന ചിന്ത പല സങ്കുചിത മനസ്സുകളെയും ആഴത്തിൽ ഭരിക്കുന്നു. ഇതൊരു മതാത്മക പ്രാർത്ഥനയാണ്. ശിക്ഷാഭീതി മൂലമാണ് ജനം കൂട്ടത്തോടെ കുറ്റകൃത്യത്തിലേക്ക് വഴുതിവീഴാത്തത്. കൂടത്തായിലും അഞ്ചലിലും പ്രതികൾ ചെയ്തതും മറ്റൊന്നല്ല. ആദ്യമൊക്കെ, 'തടസ്സങ്ങൾ' ഒഴിവായി കിട്ടാൻ കഠിനമായി പ്രാർത്ഥിക്കുകയും പരിഹാരക്രിയകൾ ചെയ്യുകയും ചെയ്തിട്ടുണ്ടാവും. ഒന്നും നടക്കാതെ വന്നപ്പോഴാണ് ദൈവം കളിക്കാൻ തീരുമാനിച്ചിട്ടുണ്ടാവുക. അവിശ്വാസികളാണെങ്കിൽ ഈ ഘട്ടത്തിൽ സമയവും പണവും ഊർജ്ജവും ലാഭിക്കാം :) ആരെയെങ്കിലും ഇല്ലാതാക്കിയാൽ അവർക്കുള്ളതെല്ലാം നിങ്ങൾക്ക് ലഭിക്കും എന്നത് ഒരു അന്ധവിശ്വാസമാണ്. അങ്ങനെ കിട്ടണമെന്നില്ല എന്നു മാത്രമല്ല പലപ്പോഴും വിപരീതഫലത്തിന് സാധ്യതയുണ്ടെന്ന യാഥാർത്ഥ്യബോധം ഉരുത്തിരിയണം. അന്യനെ സഹിക്കാൻ പഠിക്കണം. അറിവും സമ്പത്തുമല്ല മറിച്ച് ഇത്തരം ലളിതമായ തിരിച്ചറിവുകളും സഹിഷ്ണുതാബോധവുമാണ് നാം ജീവിക്കുന്ന ലോകത്തെ മെച്ചപെട്ട ഇടമാക്കുക. അന്യരാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ നിങ്ങൾ നരകമാണ്; നിങ്ങൾക്കും മറ്റുള്ളവർക്കും.

(7) മതപരമായ അന്ധവിശ്വാസങ്ങളുടെ പതിവ് സാന്നിധ്യമാണ് ഈ കേസിൽ ശ്രദ്ധയമായി തോന്നിയ മറ്റൊരു കാര്യം. ആദ്യത്തെ പാമ്പ് കടി സ്വാഭാവിക സംഭവമായി എല്ലാവരും കരുതിയിട്ടുണ്ടാവും. എങ്കിലും സംശയിക്കാനുള്ള നിരവധി കാരണങ്ങൾ അവിടെയുണ്ടായിരുന്നു. അന്ന് യുവതി കൊല്ലപെട്ടിരുന്നുവെങ്കിൽ ഒരുപക്ഷെ എല്ലാം അവിടെ തീർന്നേനെ എന്നു പറയാനാവില്ല. എങ്കിലും പരാജയപെട്ട ആദ്യശ്രമമായിരുന്നു പ്രതിയുടെ ഏറ്റവും മികച്ച പ്രകടനം! അതിന് മുമ്പും ശേഷവും പല തവണ യുവതിയുമായി ബന്ധപെട്ട സ്ഥലങ്ങളിൽ പാമ്പിന്റെ സാന്നിധ്യമുണ്ടായി. സർപ്പദോഷം എന്നൊരു അഖിലേന്ത്യാ ഉടായിപ്പ് ഉണ്ട്. അതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു എസ്‌ക്യൂസീവ് ഷോറൂം ആലപ്പുഴ ജില്ലയിൽ കാണാനാവും. സാധാരണ പാമ്പല്ല സർപ്പം എന്നൊക്കെയാണ് സങ്കൽപ്പം. മഹാഭാരതകഥയിൽ തക്ഷകൻ പരീക്ഷിത്തിനെ കൊന്നതുപോലെ സർപ്പശാപം ഏറ്റവരെ പാമ്പ് ഏതറ്റംവരെയും പിന്തുടരുമത്രെ!

(8) കൊല്ലപെട്ട യുവതിയെ ചുറ്റിപ്പറ്റി നിരന്തരം പാമ്പിന്റെ സാന്നിധ്യം ഉണ്ടെന്ന വാർത്തകൾ 'വിശ്വാസപൂർവം' സ്വീകരിക്കാൻ അവളുടെ ബന്ധുക്കൾ തയ്യാറായിട്ടുണ്ടാവണം. രണ്ടാമതു കടിച്ചിട്ടും ഈ വിശ്വാസം അവർ കയ്യൊഴിഞ്ഞിരുന്നില്ല എന്നുവേണം കരുതാൻ. പ്രതിയും സംഘവും ഇതേ സിദ്ധാന്തം പ്രത്യക്ഷത്തിലും പരോക്ഷമായും പ്രസരിപ്പിച്ചിരുന്നു എന്നു വ്യക്തമാണ്. എന്തുകൊണ്ട് വീണ്ടും പാമ്പുകൾ ഒരു വ്യക്തിയെ മാത്രം തേടി വരുന്നു എന്ന കപട ചോദ്യത്തിന് ഇതല്ലാതെ മറ്റൊരു വായടപ്പൻ വിശദീകരണം അസാധ്യമാണല്ലോ! സംഗതി പറഞ്ഞുവരുമ്പോൾ മുജ്ജന്മ സിദ്ധാന്തവും കർമ്മദോഷവുമൊക്കെയാണ്. അഡീഷണൽ സെക്രട്ടറി ലെവലുള്ള ആൾക്കാർ വരെ ആസുരപൂർവം ആഘോഷിക്കുന്ന യമണ്ടൻ മതാശയം! ചോദ്യം തന്നെ തെറ്റാണെന്ന് മനസ്സിലാക്കാൻ കഴിയാത്തതാണ് ഇവിടെ യഥാർത്ഥപ്രശ്നം. അങ്ങനെ പാമ്പ് ഒരാളെ സ്ഥിരമായി തേടിവരുന്നില്ല. തേടിവരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം കേവലമായ ന്യായവൈകല്യം മാത്രമാണ്.

(9) പ്രദേശനിവാസി കൂടിയായ വനിതകമ്മീഷൻ അംഗം പോലും പറഞ്ഞത് അത്തരം മതസിദ്ധാന്തങ്ങൾ എടുത്തു വീശുമോ എന്ന് ഭയപെട്ടതിനാലാണ് ആദ്യഘട്ടത്തിൽതന്നെ സംശയം തോന്നിയിട്ടും താൻ കേസുമായി മുന്നിട്ടിറങ്ങാതിരുന്നത് എന്നാണ്. എല്ലാവരും സ്വന്തം ചക്കര അന്ധവിശ്വാസങ്ങളെ താലോലിക്കുകയും അന്യന്റെ വിശ്വാസങ്ങളെക്കുറിച്ച് മൗനംപാലിക്കുകയും ചെയ്യുന്നത് സാധാരണയാണ്. മതസൗഹാർദ്ദം ഒരു പരസ്പര സഹകരണ സഹായ സംഘമാണല്ലോ. കേസിൽ ഉൾപെട്ട ഇരുകൂട്ടരും കുറെയേറെ നാട്ടുകാരും മൊത്തമായും ചില്ലറായായും സർപ്പദോഷം എന്ന അന്ധവിശ്വാസം പങ്കിട്ടിരുന്നു എന്നുവേണം കരുതാൻ. ബുദ്ധിശക്തിയും യാഥാർത്ഥ്യബോധവും പണയംവെക്കാത്ത ഒന്നോ രണ്ടോ പേർ കൊല്ലപെട്ട യുവതിയുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെങ്കിൽ ഒഴിവാക്കാൻ കഴിയുമായിരുന്ന ഒരു കൊലപാതകമാണ് അഞ്ചലിൽ നടന്നത്.

(10) അന്ധവിശ്വാസങ്ങൾ കുറ്റകൃത്യങ്ങളുടെ ഇന്ധനശക്തിയായി മാറുന്ന രാജ്യാന്തര മോഡൽ കേരളത്തിലും വ്യാപകമാണ്. കഴിഞ്ഞ 10 വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ നിരവധി ആത്മഹത്യകളും കൊലപാതകങ്ങളും മതാത്മക മനസ്സുകളുടെ അന്ധവിശ്വാസങ്ങളുടെ ഉദ്പ്പന്നമായിരുന്നു. സർപ്പദോഷമുള്ള സ്ത്രീ പാമ്പുകടിയേറ്റു മരിച്ചു എന്നൊക്കെ പറയുമ്പോഴേക്കും കിളി പോകുന്നവരാണ് ജനതയിൽ ഭൂരിപക്ഷവും. പക്ഷെ മാധ്യമങ്ങൾ സ്ഥിരം മാന്തി തളരുന്ന് മറ്റേതോ മേഖലകളിലാണ്. പ്രതി ഏതോ അന്യഗ്രഹജീവിയാണ്, നമ്മളാരും ഇങ്ങനെയല്ലല്ലോ എന്നൊക്കെയാണ് വിലാപങ്ങൾ! അന്ധവിശ്വാസങ്ങളുടെ അനോഫിലസ് കൊതുകുകളായി കേരളത്തിലെ മാധ്യമങ്ങൾ മാറിയിട്ടുണ്ട്. പല കുറ്റകൃത്യങ്ങളിലും ഗണ്യമായ സംഭാവന ചെയ്യാൻ അവർക്ക് സാധിക്കുന്നു. ആധുനിക സങ്കേതികവിദ്യയുടെ കനത്ത പിൻബലമുണ്ടായിട്ടും ഗുണപരമായ വളർച്ച ഏറ്റവും കുറച്ച് മാത്രം ദൃശ്യമാകുന്ന ഒരു മേഖലയായി മാധ്യമങ്ങൾ നിലകൊള്ളുകയാണ്. അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ അതല്ലേ ശരിക്കും 'ഞെട്ടിപ്പിക്കുന്ന വാർത്ത'?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP