Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അതിഥി തൊഴിലാളികൾക്ക് തുണയായി ബോളിവുഡ്; സ്വര ഭാസ്കർ ടിക്കറ്റെടുത്ത് നൽകിയത് ഡൽഹിയിൽ കുടുങ്ങിക്കിടന്ന ഉത്തർപ്രദേശ്, ബീഹാർ സ്വദേശികളായ 1350 തൊഴിലാളികൾക്ക്

അതിഥി തൊഴിലാളികൾക്ക് തുണയായി ബോളിവുഡ്; സ്വര ഭാസ്കർ ടിക്കറ്റെടുത്ത് നൽകിയത് ഡൽഹിയിൽ കുടുങ്ങിക്കിടന്ന ഉത്തർപ്രദേശ്, ബീഹാർ സ്വദേശികളായ 1350 തൊഴിലാളികൾക്ക്

മറുനാടൻ ഡെസ്‌ക്‌

അതിഥി തൊഴിലാളികൾക്ക് കൈത്താങ്ങായി ബോളിവുഡും. നടൻ സോനു സൂദിന് പിന്നാലെ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാൻ സഹായിച്ച് നടി സ്വര ഭാസ്കറും രം​ഗത്തെത്തി. ഡൽഹിയിൽ കുടുങ്ങിപ്പോയ 1350 അതിഥി തൊഴിലാളികളെ ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കും മടക്കി അയച്ചതായി സ്വര ഭാസ്കർ പറഞ്ഞു. സഹായം ആവശ്യമായ ലക്ഷ കണക്കിന് കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനാവാത്ത സുഖകരമായ വീട്ടുവാസത്തിൽ ലജ്ജിക്കുന്നതായും ആ കുറ്റബോധമാണ് സഹായം നൽകാൻ പ്രേരിപ്പിച്ചതെന്നും സ്വര ഭാസ്കർ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുംബൈയിൽ നിന്നും ഡൽഹിയിൽ തിരിച്ചെത്തിയ താരം കുടിയേറ്റ തൊഴിലാളികൾക്കുള്ള സഹായത്തിനായി മുൻകൈ എടുക്കുകയായിരുന്നു. മടങ്ങി പോകാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ വിവരം ശേഖരിച്ച താരം ഡൽഹി സർക്കാരുമായി സഹകരിച്ച് എല്ലാവർക്കും ട്രെയിൻ ടിക്കറ്റുകൾ ഉറപ്പുവരുത്തി. ഇത്തരത്തിൽ 1350 അതിഥി തൊഴിലാളികളെ ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കും മടക്കി അയച്ചതായി സ്വര ഭാസ്കർ പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷം നിരവധി കുടിയേറ്റ തൊഴിലാളികളാണ് വീടുകളിലെത്തുന്നതിന് വേണ്ടി ഡൽഹിയിലും മറ്റും യാത്ര തുടരുന്നത്. വീടണയാനുള്ള യാത്രക്കിടെ അപകടത്തിൽ കുടിയേറ്റ തൊഴിലാളികൾ മരണപ്പെട്ടതും വലിയ വിമർശനമുയർത്തിയിരുന്നു. ഈ വാർത്തകൾക്കിടയിലാണ് നടി സ്വര ഭാസ്കർ സഹായവുമായി രംഗത്തുവരുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂർണമായ യാത്രയെ 'ഈ കാലത്തെ ഏറ്റവും നാണം കെടുത്തുന്ന സംഭവം' എന്നാണ് സ്വര നേരത്തെ ട്വിറ്ററിൽ വിശേഷിപ്പിച്ചത്.

അതേ സമയം അതിഥി തൊഴിലാളികൾക്ക് സഹായവുമായി ബോളിവുഡ് നടൻ അഭിതാബ് ബച്ചനും രംഗത്തുവന്നു. കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലെത്താൻ ആവശ്യമായ ബസുകളാണ് താരം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. മടങ്ങുന്ന തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, ചെരുപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് സഹായ സംഘങ്ങളുണ്ടെന്നും ഇത്തരത്തിൽ 1000ത്തിന് മുകളിൽ കുടിയേറ്റ തൊഴിലാളികൾക്ക് സഹായം ലഭിച്ചതായും പൂണെ ടൈംസ് റിപ്പോർട്ട് ചെയ്തു.

നേരത്തെ ഉത്തർപ്രദേശ് സർക്കാറിൽ നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികൾക്ക് ബസ് സൗകര്യം നടൻ സോനു സൂദ്ഏർപ്പെടുത്തിയിരുന്നു. രാജ്യം ലോക്ക്ഡൗണിലൂടെ കടന്നുപോവുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിഷമിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയിൽ തനിക്ക് വേദനയുണ്ടെന്നും അവർക്ക് ഗതാഗതം ക്രമീകരിക്കുന്നതിന് താൻ ആവുന്നതെല്ലാം ചെയ്യുമെന്നും സോനു പറയുന്നു. അവസാനത്തെ തൊഴിലാളിയും അവരുടെ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തും വരെ സർവീസുകൾ തുടരുമെന്നും താരം വ്യക്തമാക്കി.

നേരത്തെ കർണാടക, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലേക്കും നടൻ ബസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. നിരവധി തൊഴിലാളികളാണ് ബസ് സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. കുടിയേറ്റ തൊഴിലാളികളുമായി ബസ് പുറപ്പെട്ടപ്പോൾ യാത്രയയക്കാനായി നടനും എത്തിയിരുന്നു. നേരത്തെ മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് 1,500 പിപിഇ കിറ്റുകൾ നൽകിയും സോനു സൂദ് ശ്രദ്ധേയനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP