Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹയർ സെക്കണ്ടറി പരീക്ഷ: യാത്രാ സൗകര്യമൊരുക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ല, പരീക്ഷാ ജോലിക്കെത്താനാവാതെ അദ്ധ്യാപകർ

സ്വന്തം ലേഖകൻ

ലോക്ക് ഡൗൺ സമയത്ത് നടക്കുന്ന ഹയർ സെക്കണ്ടറി പരീക്ഷാ ജോലികൾ നിർവ്വഹിക്കാൻ അദ്ധ്യാപകർക്ക് യാത്രാ സൗകര്യം ഒരുക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പിലാവാത്തതിനാൽ പരീക്ഷാ ജോലികൾ നിർവ്വഹിക്കാനാവാതെ ഹയർ സെക്കണ്ടറി അദ്ധ്യാപകർ. അന്തർജില്ലാ പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ജില്ല മാറി ജോലി ചെയ്യുന്ന അദ്ധ്യാപകർക്കാണ് പരീക്ഷാ കേന്ദ്രങ്ങളിലെത്താനാവാതെ വന്നത്. സംസ്ഥാനതല നിയമനവും നിർബന്ധിത സ്ഥലം മാറ്റവും നടക്കുന്ന സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഭൂരിഭാഗവും അന്യജില്ലകളിൽ നിന്നുള്ള അദ്ധ്യാപകരാണ് ജോലി ചെയ്യുന്നത്. ഇവരിൽ മുക്കാൽ ഭാഗവും വനിതാ ജീവനക്കാരുമാണ്. ഈ അദ്ധ്യാപകരെല്ലാം തങ്ങൾ ജോലി ചെയ്യുന്ന ജില്ലയിലാണ് പരീക്ഷാ ജോലിക്കായി നിയമിക്കപ്പെട്ടിരുന്നത്. അന്തർജില്ലാ പൊതുഗതാഗത സംവിധാനം പൂർണ്ണമായും നിലച്ച സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ നിന്നുള്ള പല അദ്ധ്യാപകർക്കും പന്ത്രണ്ട് ജില്ലകൾ വരെ കടന്ന് കാസർകോട് പോലുള്ള വടക്കൻജില്ലകളിലേക്ക് ജോലിക്കെത്തേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

ലോക്ക് ഡൗൺ സാഹചര്യത്തിൽ പരീക്ഷാ ജോലിക്കായി യാത്രാസൗകര്യങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാവാത്തതിനെ തുടർന്ന് വടക്കൻ ജില്ലകളിലെ സ്‌കൂളുകളിൽ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നീ ജോലികൾ നിർവ്വഹിക്കേണ്ട മിക്ക അദ്ധ്യാപകരെയും ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ മുൻകൈയെടുത്ത് യാത്രാ സൗകര്യമൊരുക്കി അതാത് കേന്ദ്രങ്ങളിലെത്തിക്കുകയാണുണ്ടായത്. പരീക്ഷകളുടെ ഇൻവിജിലേഷൻ ഡ്യൂട്ടി അദ്ധ്യാപകർക്ക് അവർ ഇപ്പോൾ നിലവിലുള്ള ജില്ലകളിലായി ക്രമീകരിക്കുമെന്ന വാഗ്ദാനവും നടപ്പിലാവാത്തതിനാൽ നൂറുകണക്കിന് അദ്ധ്യാപകരാണ് യാത്രാ സൗകര്യമില്ലാത്തതിന്റെ പേരിൽ പരീക്ഷാ മേൽനോട്ടത്തിന് ഹാജരാകാൻ കഴിയാതെ ബുദ്ധിമുട്ടിയത്. പൊതുഗതാഗത സൗകര്യമൊരുക്കുമെന്ന തീരുമാനം നടപ്പാവാതെ വരികയും അദ്ധ്യാപകർ നിർബന്ധമായും ജോലിക്ക് ഹാജരാവണമെന്നും ഹാജരായില്ലെങ്കിൽ വകുപ്പുതല നടപടികളെടുക്കുമെന്നുമുള്ള നിർദ്ദേശം പുറത്തിറക്കുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അദ്ധ്യാപകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പാലക്കാട് പോലുള്ള ജില്ലകളിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പല തദ്ദേശഭരണ പ്രദേശങ്ങളും അടച്ചിടുകയും ചെയ്തിട്ടുണ്ട്. ജില്ലക്കു പുറത്തു നിന്നോ ജില്ലക്കുള്ളിൽ തന്നെയോ യാത്രാ സൗകര്യങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ പല അദ്ധ്യാപകർക്കും പരീക്ഷാ ജോലിക്കെത്താനായിട്ടില്ല. ഇത്തരം സാഹചര്യത്തിൽ പരീക്ഷാ ജോലികൾക്ക് ഹാജരാവാൻ കഴിയാതിരുന്ന അദ്ധ്യാപകർക്കെതിരെ ഒരു തരത്തിലുമുള്ള അച്ചടക്ക നടപടികളും ഉണ്ടാകരുതെന്ന് എച്ച് എസ് എസ് ടി എ സംസ്ഥാന പ്രസിഡന്റ് ആർ രാജീവൻ ആവശ്യപ്പെട്ടു.

അതേ സമയം മെയ് 30ന് പരീക്ഷാ ജോലികൾ തീരുന്ന മുറക്ക് ജൂൺ 1ന് മൂല്യനിർണ്ണയം നിലവിലുള്ള കേന്ദ്രങ്ങളിൽ പരിമിതപ്പെടുത്തി പുനരാരംഭിക്കുമെന്നുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങിയത് വിവാദമായി. നേരത്തെ ആരംഭിച്ച മൂല്യനിർണ്ണയ ക്യാമ്പുകളിൽ ഗതാഗത സൗകര്യങ്ങളുടെ കുറവുമൂലം വളരെ കുറച്ച് അദ്ധ്യാപകർ മാത്രമാണ് പങ്കെടുത്തത്. ഹയർ സെക്കണ്ടറി അദ്ധ്യാപക സംഘടനകൾ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായി നടത്തിയ ചർച്ചയിൽ രണ്ടാം ഘട്ട മൂല്യനിർണ്ണയം മുഴുവൻ അദ്ധ്യാപകർക്കും പങ്കെടുക്കാവുന്ന തരത്തിൽ ജില്ലകളിൽ സബ് സെന്ററുകൾ അനുവദിച്ച് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. ജില്ലയിൽ കൂടുതൽ മൂല്യനിർണ്ണയ കേന്ദ്രങ്ങൾ വരുന്നതോടെ മുഴുവൻ അദ്ധ്യാപകർക്കും ഹാജരാവുന്നതിനും സാമൂഹിക അകലം പാലിച്ച് സമയബന്ധിതമായി മൂല്യനിർണ്ണയം പൂർത്തീകരിച്ച് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനും കഴിയും. ചില വിഷയങ്ങളിൽ ജില്ലകളിൽ ഒന്നോ രണ്ടോ ക്യാംപുകൾ മാത്രമുള്ളതിനാൽ വിദൂര പ്രദേശങ്ങളിലെ അദ്ധ്യാപകർക്ക് എത്തിച്ചേരാൻ കഴിയാതെ വരികയും മൂല്യനിർണ്ണയം നീണ്ടുപോയി ഫല പ്രഖ്യാപനം അനിശ്ചിതത്വത്തിലാവുകയും ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ കൂടുതൽ മൂല്യനിർണ്ണയ കേന്ദ്രങ്ങൾ അനുവദിച്ച് പരീക്ഷാ ഫലം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി കൈക്കൊള്ളണമെന്ന് ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ആർ രാജീവൻ, അനിൽ എം ജോർജ്, എം സന്തോഷ് കുമാർ എന്നിവർ സർക്കാറിനോടാവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP