Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏതെങ്കിലും തൊഴിലാളികൾ റോഡിലൂടെ നടന്നുപോകുന്നത് കണ്ടാൽ അവരെ അടുത്തുള്ള ക്യാമ്പിലേക്ക് മാറ്റണം; കുടിയേറ്റത്തൊഴിലാളികളെ സുരക്ഷിതമായി വീടുകളിലെത്തിക്കേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തം; നാട്ടിലേക്ക് മടങ്ങുന്നവരിൽ നിന്ന് യാത്രാകൂലി വാങ്ങരുത്; ഭക്ഷണവും കുടിവെള്ളവും ഉൾപ്പടെ ഉറപ്പാക്കണം ; തൊഴിലാളികളെ സുരക്ഷിതമായി എത്തിക്കുന്നതിൽ റെയിൽവേയ്ക്കും ഉത്തരവാദിത്തം; കുടിയേറ്റ തൊഴിലാളികൾക്കായി മനുഷത്വപരമായ ഉത്തരവുമായി സുപ്രീംകോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്ക് ഡൗണിൽ കുടുങ്ങി കിടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ മനുഷത്വപരമായ ഇടപെടലുമായി സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് ഇട്ടിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഭക്ഷണം ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കുടിയേറ്റ തൊഴിലാളി വിഷയത്തിൽ സുപ്രധാന വിധി പ്രസ്താവിച്ചത്.

ഏതെങ്കിലും തൊഴിലാളികൾ റോഡിലൂടെ നടന്നുപോകുന്നത് കണ്ടാൽ അവരെ അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറ്റി അവിടെനിന്നും സുരക്ഷിതമായി വീടുകളിലേക്കെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.
യാത്രാക്കൂലി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കൊപ്പം റെയിൽവേ കൂടി വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് സംസ്ഥാനത്ത് നിന്നാണോ തൊഴിലാളികൾ യാത്ര തിരിക്കുന്നത് ആ സംസ്ഥാനം ആദ്യ ദിവസത്തെ ഭക്ഷണം ഉറപ്പാക്കണം. മറ്റു ദിവസങ്ങളിലെ ഭക്ഷണം റെയിൽവേ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

കുടിവെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാനങ്ങളും റെയിൽവേയും നൽകണം. നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ എത്രയും വേഗത്തിലാക്കണമെന്നും യാത്ര ചെയ്യാനുള്ള തീവണ്ടികളുടെ എണ്ണം വർധിപ്പിക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.

സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാൻ എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് അശോക് ഭൂഷൻ, ജസ്റ്റിസ് സഞ്ചയ് കിഷൻ കൗൾ, ജസ്റ്റിസ് എംആർ ഷ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.

അന്തർ സംസ്ഥാന തൊഴിലാളികൾ രജിസ്ട്രേഷന് ശേഷം നാട്ടിലേക്ക് പോകാൻ വൈകുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു. അവരോട് യാത്രയ്ക്ക് പണം ആവശ്യപ്പെട്ടിരുന്നോ? സംസ്ഥാനങ്ങൾ പണം നൽകുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. തൊഴിലാളി പ്രശ്നം പരിഹരിക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചുവെന്നതിൽ കോടതിക്ക് തർക്കമില്ല. എന്നാൽ സഹായം ആവശ്യമുള്ളവർക്ക് അത് ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളും ഒന്നും ചെയ്യുന്നില്ല. ടിക്കറ്റ് നിരക്കിൽ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു.

എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോവാനാവില്ലെന്ന പ്രശ്നം ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ യാത്ര ഉറപ്പാവുന്നതുവരെ എല്ലാവർക്കും ഭക്ഷണവും താമസസൗകര്യവും നൽകണം. എഫ്‌സിഐ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം കെട്ടിക്കിടന്നിട്ടും എന്തുകൊണ്ട് തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല. തൊഴിലാളികളെ തിരിച്ചയക്കാൻ ഇനി എത്ര സമയം വേണം? എന്തൊക്കെ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്? എന്ത് കേന്ദ്രീകൃതസംവിധാനമാണ് ഇതിനായി നടപ്പിലാക്കുന്നത്? എപ്പോൾ പോവുമെന്നതിനെക്കുറിച്ച് തൊഴിലാളികൾ എങ്ങനെയാണ് അറിയുന്നത്, കോടതി ചോദിച്ചു.

സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവണമെന്ന് പറയുമ്പോൾ ഒരു സംസ്ഥാനത്തിനും പറ്റില്ലെന്ന് പറയാൻ സാധിക്കില്ല. ടിക്കറ്റിനുള്ള പണം ഏത് സംസ്ഥാനം നൽകുമെന്നതിനെക്കുറിച്ച് കൃത്യമായ തീരുമാനം ഉണ്ടായിരിക്കണം. ഓരോ സംസ്ഥാനങ്ങൾക്കും ഓരോ രീതി എന്നാണെങ്കിൽ അത് ആശങ്കകൾക്ക് ഇടയാക്കും. പണം നൽകാൻ തൊഴിലാളിളോട് പറയാൻ ആർക്കും സാധിക്കില്ല. ഇക്കാര്യത്തിൽ വളരെ പെട്ടന്ന് ഒരു തീരുമാനത്തിലെത്തേണ്ടതുണ്ടെന്നും കോടതി നിർദ്ദേശിച്ചു.

അതേസമയം മെയ് ഒന്ന് മുതൽ 91 ലക്ഷം കുടിയേറ്റത്തൊഴിലാളികളെ ശ്രമിക് പ്രത്യേക ട്രെയിനുകളിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിച്ചുവെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ അവസാന തൊഴിലാളിയും തിരിച്ചുപോവുന്നതുവരെ തുടരുമെന്നും തുഷാർ മെഹ്ത വ്യക്തമാക്കി.

ഇതുവരെ ഇല്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് കുടിയേറ്റത്തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ളത്. ഇതുവരെ ഇല്ലാത്ത തരത്തിലുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. യാത്രയ്ക്കുള്ള പണം നൽകുന്നത് തൊഴിലാളികളെ അയക്കുന്ന സംസ്ഥാനങ്ങൾ/ സ്വീകരിക്കുന്ന സംസ്ഥാനങ്ങൾ ആണ്. ചില സംസ്ഥാനങ്ങൾ തൊഴിലാളികളിൽ നിന്നും പണം വാങ്ങുന്നുണ്ട്, ചിലർ വാങ്ങുന്നില്ല. സംസ്ഥാനങ്ങളാണ് ഇക്കാര്യം നോക്കുന്നത്. ലക്ഷണങ്ങൾ ഉള്ളവർക്ക് യാത്ര അനുവദിക്കുന്നില്ല. ഭക്ഷണവും വെള്ളവും സൗജന്യ നിരക്കിൽ റെയിൽവേ നൽകുന്നുണ്ട്. ഇതുവരെ 80 ലക്ഷം ഭക്ഷണപ്പൊതികളും ഒരു കോടിയോളം വെള്ളക്കുപ്പികളും വിതരണം ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു.

പണം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ നിന്നും മറുപടികൾ ലഭിക്കേണ്ടതുണ്ടെന്നും എന്നാൽ താൻ ഉത്തരവാദിത്തം കൈമാറുകയല്ലെന്നും തുഷാർ മെഹ്ത. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഇടയിലും കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ അനാവശ്യ ആരോപണങ്ങൾ ഉയർത്തി ഇതിനെ രാഷ്ട്രീയ പ്രശ്നമായി മാറ്റാൻ കോടതി അനുവദിക്കരുതെന്നും തുഷാർ മെഹ്ത പറഞ്ഞു .

സാമൂഹ്യപ്രവർത്തക മേധാ പട്കർ ഉൾപ്പെടെയുള്ളവർ നൽകിയ ഒട്ടേറെ ഹർജികളാണ് കുടിയേറ്റത്തൊഴിലാളി പ്രശ്നത്തിൽ കോടതിയുടെ പരിഗണനയ്ക്കെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP