Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് പോകേണ്ടവരെ കൂടി ബാറിലേക്ക് തിരിച്ചുവിടുന്നു; കുപ്പിക്ക് പത്തുരൂപവെച്ച് കൂട്ടിവാങ്ങി ബാറുകാർ കൊയ്യുന്നത് കോടികൾ; തിരിച്ചറിയൽ കാർഡ് ചോദിക്കാത്തത് കരിഞ്ചന്തക്ക് വഴിവെക്കും; തെർമൽ സ്‌കാനർ ഇല്ലാത്തത് വൻ ഭീഷണി; വെർച്വൽ ക്യൂ താളം തെറ്റുന്നതോടെയുള്ള ആൾക്കൂട്ടം വഴി കോവിഡ് വ്യാപനത്തിനും സാധ്യത; ഒരു മൊബൈൽ ആപ്ലിക്കേഷൻ നന്നായി ഡവലപ്പ്‌ചെയ്യാൻപോലും അറിയില്ലെന്നതും നാണിപ്പിക്കുന്നു; ബെവ് ക്യൂ ആപ്പിലൂടെ ആപ്പിലായി കേരള ജനത

ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് പോകേണ്ടവരെ കൂടി ബാറിലേക്ക് തിരിച്ചുവിടുന്നു; കുപ്പിക്ക് പത്തുരൂപവെച്ച് കൂട്ടിവാങ്ങി ബാറുകാർ കൊയ്യുന്നത് കോടികൾ; തിരിച്ചറിയൽ കാർഡ് ചോദിക്കാത്തത് കരിഞ്ചന്തക്ക് വഴിവെക്കും; തെർമൽ സ്‌കാനർ ഇല്ലാത്തത് വൻ ഭീഷണി; വെർച്വൽ ക്യൂ താളം തെറ്റുന്നതോടെയുള്ള ആൾക്കൂട്ടം വഴി കോവിഡ് വ്യാപനത്തിനും സാധ്യത; ഒരു മൊബൈൽ ആപ്ലിക്കേഷൻ നന്നായി ഡവലപ്പ്‌ചെയ്യാൻപോലും അറിയില്ലെന്നതും നാണിപ്പിക്കുന്നു; ബെവ് ക്യൂ  ആപ്പിലൂടെ ആപ്പിലായി കേരള ജനത

എം മാധവദാസ്

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ ഒഴിയുമ്പോൾ കേരളത്തിൽ ആകെ ഉണ്ടായിരുന്നത് 29 ബാറുകളാണ്. പക്ഷേ പിണറായിയുടെ ഭരണം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ 576ആയിമാറി. 877 ഇടങ്ങളിലാണ് ഈ കോവിഡ് കാലത്ത് സർക്കാർ മദ്യ വിതരണം പുനഃസ്ഥാപിച്ചത്. ബെവ്‌കോയുടെ 301 ഔട്ട്്‌ലെറ്റുകളിലും 576 ബാറുകളിലും 291 ബിയർ വൈൻ പാർലറുകളിലും മദ്യവിതരണം നടത്തുമെന്നാണ് എക്‌സൈ് മന്ത്രി ടി കെ രാമകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഘട്ടംഘട്ടമായി മദ്യലഭ്യത കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ എത്തിയ പിണറായി സർക്കാർ എന്നും ബാറുകാരുടെ പക്ഷത്തായിരുന്നു. അഞ്ചുവർഷത്തിൽ മലയാളി കുടിച്ച് തീർത്തത് അര ലക്ഷം കോടിയുടെ മദ്യമാണെന്നാണ് കണക്ക്. അങ്ങനെ മദ്യപാനികളുടെയും പ്രിയപ്പെട്ട സർക്കാർ അയിരുന്നു ഇത്. പക്ഷേ ഇപ്പോഴിതാ ചരിത്രത്തിൽ ആദ്യമായി മദ്യപരും ഇടതു സർക്കാറിനെതിരെ തിരിയുകയാണ്. കാരണം ഒരു ആപ്പും.

വിവരസാങ്കേതിക വിദ്യയുടെ ഈ സുവണ്ണകാലത്ത് ഇത്രയേറെ ബുദ്ധിമുട്ടുള്ള കാര്യമാണോ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടാക്കുകയെന്നുവച്ചാൽ. പക്ഷേ ഒരു പൈപ്പ്‌ലൈൻ പൊട്ടിയാൽപോലും നന്നാക്കാൻ ഒരാഴ്ചയെടുക്കുന്ന 90കളിലെ അതേ സാങ്കേതികകാലത്തുതന്നെയാണ് നാം ഇപ്പോഴും നിൽക്കുന്നതെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കയാണ്. ബെവ് ക്യൂ ആപ്പിലൂടെ. ഇറങ്ങുന്നതിന് മുമ്പ് ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുന്നു, പിന്നെ എന്തെല്ലാം പ്രശ്‌നങ്ങൾ. ഹാങ്ങാകുന്നു, ഒടിപി കിട്ടുന്നില്ല തുടങ്ങി. അതായത് തള്ളുകൾ മാറ്റിവെച്ച് നിഷ്പക്ഷമായി ചിന്തിച്ചാൽ, ഒരു മൊബൈൽ ആപ്ലിക്കേഷൻ മരിയാദക്ക് ഡെവലപ്പ്‌ചെയ്യാൻ പോലും കേരളത്തിന് അറിയില്ലെന്നത് നാണിക്കുന്നതാണ്!

അമേരിക്കൻ ചൈനീസ് ഐടി കമ്പനികളിൽ മലയാളി പുലികൾ എത്രയോ ഉള്ളകാലത്താണ് ഇതെന്ന് ഓർക്കണം. കോവിഡാനന്തരം നിരവധി കമ്പനികൾ കേരളത്തിലേക്കടക്കം വരുമെന്ന് നാം കരുതുന്നു. അവർക്കൊക്കെ നാം നൽകുന്ന സൂചനയെന്താണ്. ഇവിടെ ഒരു സാധനവും നല്ലരീതിയിൽ പ്രവർത്തിക്കുന്നില്ല എന്നാണോ? ഈ ആപ്പ് വിവാദം ഒരു ടെസ്റ്റ് ഡോസാണ്. സാങ്കേതികമായി കേരളം എത്രമാത്രം പിറകിലാണ് എന്നതിന്റെ ലിറ്റ്മസ് ടെസ്റ്റാണ് നടന്നത്.

സത്യത്തിൽ നമുക്ക് മിടുക്കന്മാരായ ടെക്കനോക്രാറ്റുകളും ഡിസൈനേഴ്‌സും ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ വന്നത്. പിണറായി സർക്കാറിന്റെ മുഖമുദ്രയായ സ്വജനപക്ഷപാതിത്വം തന്നെയാണ് ഇവിടെയും വില്ലനായത്. ആപ്പ് ഡെവലപ്പുചെയ്യുന്നതിൽ അറിവും കഴിവുമുള്ള എത്രയോ കമ്പനികളെ പിൻതള്ളിയാണ് എസ്എഫ്‌ഐ നേതാക്കൾ നയിക്കുന്ന ഈ കമ്പനിക്ക് അനുമതി കൊടുത്തതെന്നത് കേവലം പ്രതിപക്ഷ ആരോപണമായി മാത്രം തള്ളേണ്ടതില്ല. ഇനി ഇതൊക്കെ മദ്യപാനികളെ മാത്രം ബാധിക്കുന്ന പ്രശനമല്ലേ എന്ന് ചിന്തിക്കാൻ വരട്ടെ. ഈ ആപ്പിന്റെ പോരായ്മകൾമൂലം ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നത്തിലേക്കാണ് വഴിതെളിയിക്കുന്നത്. ശമ്പളവും പെൻഷനും കൊടുത്തു കഴിഞ്ഞാൽ പിന്നെ കാര്യമായൊന്നും ബാക്കിയില്ലാത്ത പൊതു ഖജനാവ് നിറക്കുന്നത് മദ്യപരുടെ പണം തന്നെയാണെന്ന് ആർക്കാണ് അറിയാത്തത്. ആ വരുമാനത്തിൽ ബിവറേജസ് കോർപ്പറേഷനെ പിന്തള്ളി ബാറുകാർക്ക് സമ്പാദിക്കാൻ കൂട്ടു നിൽക്കയാണ് സർക്കാർ ചെയ്യുന്നത്. സത്യത്തിൽ ഈ ആപ്പിലൂടെ ആപ്പിലാവാൻ പോകുന്നത് കേരള ജനതയാണ്.

'കോവിഡ് വാക്‌സിനുപോലും ഇത്രയും ബുദ്ധിമുട്ടില്ല'

ബവ്‌കോ അപ്പ് തുടങ്ങിയതുമുതൽ പരാതി പ്രവാഹമാണ്. ഒറിജിലിനു മമ്പേതന്നെ ഡ്യൂപ്പിക്കേറ്റ് ആപ്പ് ഇറങ്ങിയത് ഇപ്പോൾ പൊലീസ് അന്വേഷിക്കുകയാണ്. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ 3.30നുള്ള വാർത്താസമ്മേളനത്തിനുശേഷം പ്ലേസ്റ്റോറിൽ ആപ് വരുമെന്നായിരുന്നു കമ്പനി അധികൃതർ പറഞ്ഞത്. എന്നാൽ, രാത്രി 10 മണി കഴിഞ്ഞിട്ടും വന്നില്ല. മദ്യപരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്നലെ രാത്രി 11 മണിയോടെ ബവ്ക്യൂ ആപ് പ്ലേസ്റ്റോറിലെത്തിയെങ്കിലും ഭൂരിഭാഗം പേർക്കും ബുക്ക് ചെയ്യാനായിരുന്നില്ല. ഒടിപി (വൺ ടൈം പാസ്വേഡ്) ലഭിക്കാത്തതായിരുന്നു കാരണം.പ്ലേസ്റ്റോറിൽ സേർച്ച് ചെയ്താൽ ആപ് ലഭിക്കാത്ത പ്രശ്‌നവുമുണ്ടായി. രാത്രി 11.30ന് ശേഷം, ബുക്കിങ് ഇനി രാവിലെ 6 മണിക്കു മാത്രമേ നടക്കൂ എന്ന സന്ദേശം ചിലർക്ക് ലഭിച്ചു. പലർക്കും ഈ സന്ദേശംപോലും ലഭിച്ചില്ല.
രാവിലെ ആപ് ഹാങ്ങായെന്നാണ് പരാതി. പുതുതായി ആപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. ഇന്നത്തെ ബുക്കിങ് സമയം രാവിലെ 6 മണിയിൽനിന്ന് 9 മണിവരെ നീട്ടിയിരുന്നു.

മദ്യം ബുക്ക് ചെയ്തവരുടെ ഇ-ടോക്കൺ പരിശോധിക്കാൻ ബവ്‌കോ ഷോപ്പുകൾക്ക് നൽകിയ ആപ്പും പ്രവർത്തിക്കുന്നില്ല. വെർച്വൽ ക്യൂ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആർ കോഡ് ഔട്ട്‌ലറ്റിലെ റജിസ്‌ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് പരിശോധിക്കണമെന്നായിരുന്നു ബവ്‌കോ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. എന്നാൽ, ആപ്പ് ഡൗൺലോഡ് ചെയ്‌തെങ്കിലും പല ഷോപ്പുകളിലും ഒടിപി ലഭിക്കാത്തതിനാൽ ആപ്പ് ഉപയോഗിക്കാനായില്ല.

ഇതോടെ ഇ-ടോക്കന്റെ നമ്പർ എഴുതിയെടുത്തശേഷം മദ്യം വിതരണം ചെയ്യാൻ ബവ്‌കോ നിർദ്ദേശിക്കുകയായിരുന്നു. ആപ്പിൽ മദ്യം ബുക്ക് ചെയ്തവർക്ക് ദൂരെ സ്ഥലങ്ങളിലുള്ള മദ്യശാലകളാണ് ലഭിച്ചതെന്നും പരാതിയുണ്ട്. 20 കിലോമീറ്റർ അകലെയുള്ള മദ്യശാലകൾ ലഭിച്ചവരുമുണ്ട്. പിൻകോഡ് കൃത്യമായി മാപ്പ് ചെയ്യാത്തതാണ് പ്രശ്‌നത്തിനിടയാക്കിയത്.ബവ്‌കോ ഷോപ്പിലെത്തുന്നവരെ തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കുമെന്ന് അറിയിച്ചെങ്കിലും പലയിടത്തും സ്‌കാനർ ലഭിച്ചില്ല.

നിശ്ചിത സമയം കഴിഞ്ഞിട്ടും ആപ് ലഭിക്കാത്തതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നു കഴിഞ്ഞു. മികച്ച സേവനം നൽകാൻ ആപ് നിർമ്മാതാക്കൾ പരാജയപ്പെട്ടെന്നായിരുന്നു പ്രധാന വിമർശനം. കോവിഡ് വാക്‌സിനു വേണ്ടിപോലും ഇത്രയും കാത്തിരുന്നിട്ടില്ല ഒരു കമന്റ് ഇങ്ങനെ. ബവ്ക്യൂ ആപ്പിനായി തിരയുമ്പോൾ കൃഷി ആപ്പാണ് വരുന്നതെന്നും ഗതികെട്ട് അതു ഡൗൺലോഡ് ചെയ്ത് നാല് വാഴവച്ചെന്നുമാണ് മറ്റൊരു കമന്റ്. വാഴ കുലയ്ക്കുമ്പോഴെങ്കിലും ആപ് വരുമോയെന്നും ആപ് നിർമ്മാതാക്കളായ ഫെയർകോഡ് കമ്പനിയുടെ ഫേസ്‌ബുക്ക് പേജിൽ ഉപഭോക്താക്കൾ കുറിച്ചു.

ഫലത്തിൽ ഇത് കോവിഡ് പടർത്തും!

ഇതിന്റെ ഏറ്റവും വലിയ കെണി ഫലത്തിൽ ആപ്പിന്റ മന്ദത ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉയർത്തുന്നുവെന്നതാണ്. സർക്കാർ എന്തെല്ലാം പറയുന്നുണ്ടെങ്കിലും, ബാറുകളുടെയും ബിവറേജസ് കോർപ്പറേഷന്റെയും പ്രവർത്തനം ഈ രീതിയിൽപോയാൽ കോവിഡ് വ്യാപനം ഉറപ്പാണ്. ഉദാഹരണമായി 10മണിക്കും 10.15നും ഇടക്കായി 12പേർക്കാണ് ആപ്പുവഴി സമയം അനുവദിച്ചിരിക്കുന്നുവെന്ന് വെക്കുക. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുന്നതിലെ തകരാറും വേഗക്കുറവുമൊക്കെയായി ആ സമയത്ത് 9 മണി സമയം ലഭിച്ചവർ
പോലും പുറത്തു പോയിട്ടുണ്ടാവില്ല. ഇത് ബാറിനുമുന്നിലും ബിവറേജിന് മുന്നിലും വലിയ ആൾക്കൂട്ടമാണ് ഉണ്ടാക്കുക. ഇന്നുതന്നെ ഉച്ചക്ക് ഒരു മണിക്ക് 11മണി സമയം കൊടുത്തവരെയാണ് മാനേജ് ചെയ്യാൻ കഴിഞ്ഞത്. അഞ്ചുമണിക്ക് അടക്കണം എന്ന് വരികയും കൂടി ചെയ്യുന്നയോടെ ഉച്ചക്കശേഷം ആരും സോഷ്യൽ ഡിസ്റ്റൻസിങ്ങ് ഒന്നും പരിഗണിക്കുന്നില്ല. ബില്ലുപോലും വാങ്ങാതെയാണ് ജോലി ഫാസ്റ്റാക്കുന്നത്.

ഈ ആൾക്കൂട്ടത്തെ തടയാനാണ് സത്യത്തിൽ വെർച്വ്യ ക്യൂ കൊണ്ടുവന്നത് എന്നോർക്കണം. മിക്ക ബാറുകാരും ചെയ്യുന്നത് ആദ്യത്തെ അഞ്ചുപേരെ മാത്രം അകത്തെക്ക് വിട്ട് ബാറിന്റെ ഗേറ്റ് അടക്കുക എന്നതാണ്. ഇത് കാരണം ബാറിന് പുറത്ത് ഒരു വലിയ ആൾക്കൂട്ടം രൂപപ്പെട്ട് വരികയാണ്. ഇവർ ആകട്ടെ സോഷ്യൽ ഡിസ്റ്റൻസിങ്ങ് പാലിക്കുന്നുമില്ല. ഇങ്ങനെയായിരുന്നെങ്കിൽ എന്തിനാണ് ഇത്രയും കാശുകൊടുത്ത് ആപ്പുണ്ടാക്കിയത് എന്നാണ് ബിവറേജസ് ജീവനക്കാർ അടക്കം ഇപ്പോൾ ചോദിക്കുന്നത്. വരുന്ന ആൾക്കൂട്ടത്തെ അഞ്ചുപേർവെച്ച് നിയന്ത്രിക്കാൻ പുറത്ത് ഒരു ജീവനക്കാരനെ വച്ചാൽപോരെ എന്നാണ് അവർ ചോദിക്കുന്നത്.

മറ്റൊരു പ്രധാനപ്രശ്‌നം ഭൂരിഭാഗം ബാറുകളിലും ബിവറേജുകളിലും തെർമൽ സ്‌കാനർ ഇല്ല എന്നതാണ്. സർക്കാറും എക്‌സൈ് മന്ത്രിയും തള്ളി മറിച്ചിരുന്നത് തെർമൽ സ്‌കാനർ ഉപയോഗിച്ച് എല്ലാവരെയും പരിശോധിക്കുമെന്നും, അതിൽ പരാജയപ്പെടുന്നവരെ മടക്കി അയക്കും എന്നുമാണ്. അതുപോലെ തിരച്ചറിയൽ കാർഡും എവിടെയും ചോദിക്കുന്നില്ല. ഒരു ഔട്ട്‌ബ്രേക്ക് ഉണ്ടായാൽപോലും ആരൊക്കെവന്നുവെന്ന് പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്ത അവസ്ഥ. തെർമൽ സ്‌കാനറിൽ ആളുകളെ പരിശോധിക്കാത്തിനാൽ തങ്ങൾക്ക് നല്ല പേടിയുണ്ടെന്നാണ് ബിവറേജസ് ജീവനക്കാരും പറയുന്നത്.

ബാറുകൾക്ക് കൊള്ളലാഭം

മദ്യവർജ്ജനത്തിന് പ്രതിഞ്ജാബദ്ധം എന്നുപറഞ്ഞ് മുട്ടിന് മുട്ടിന് ബാറുതുറന്ന വീരന്മാരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഈ സർക്കാർ. നയപരമായ എന്ത് തീരുമാനം എടുക്കുമ്പോഴും മദ്യലോബിയെ പിണക്കാതിരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി തന്നെയാണ്, കോവിഡ് കാലത്തും ബാറുകൾക്ക് കൗണ്ടർ വിൽപ്പന അനുവദിച്ചുകൊണ്ട് ഉത്തരവായത്. ഒരോ ബാറുകാരിൽനിന്നും ഒരു ലക്ഷം രൂപവീതം ഇതിനായി സിപിഎം പിരിച്ചുവെന്നതും കേവലം പ്രതിപക്ഷ ആരോപണം മാത്രമല്ല. ആർക്കാണ് കാര്യങ്ങളുടെ കിടപ്പുവശം അറിയാത്തത്.

ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ബിവറേജസ് -കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ തുറക്കം എന്നല്ലാതെ ബാറുകൾക്ക് കൗണ്ടർ സെയിൽ അനുവദിക്കണം എന്ന നിർദ്ദേശം എവിടെയും ഉണ്ടായിരുന്നില്ല. എന്നാൽ വിശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി ഇടത് അണികൾ വാഴ്‌ത്തുന്ന സാക്ഷാൽ ടിപി രാമകൃഷ്ണൽ എക്‌സൈസ് മന്ത്രിയായിരിക്കവേ അതുണ്ടായി.

ഈ അപ്പ് വികസിപ്പിച്ചതിൽ തന്നെ വലിയ മേൽക്കെയാണ് ബാറുകാർക്ക് വന്നിരിക്കുന്നത്. ഉദാഹരണമായി നിങ്ങളുടെ പേരും, ഫോൺ നമ്പറും, പിൻ കോഡും മാത്രമാണ് ബെവ്‌ക്കോ ആപ്പിൽ മദ്യം ബുക്കുചെയ്യുന്നതിനായി ചോദിക്കുന്നത്. അതായത് ഏത് കടയിൽനിന്ന് വാങ്ങണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് കഴിയില്ല എന്ന് ചുരുക്കം. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ ഇരട്ടി ബാറുകളുള്ള നാട്ടിൽ ഇത് ആർക്കാണ് ഗുണം ചെയ്യുക. ഒരോ പോസ്‌റ്റോഫീസ് അടിസ്ഥാനത്തിലും ഇവിടെയുള്ളത് ബാറുകളാണ്. അതിനാൽ ബിവറേജസിൽ നിന്ന് മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പോലും അതിന് കഴിയുന്നില്ല. ഇത് ഒരു പ്രാഥമികമായ ഉപഭോക്തൃ അവകാശ ലംഘനം കൂടിയാണ്. കാരണം തനിക്ക് എവിടെനിന്നണ് ഉൽപ്പന്നം വാങ്ങേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ഉപഭോക്താമവാണ്. നാം ഊബറിലോ സെമോറ്റായിലോ ഭക്ഷണം ബുക്ക് ചെയ്താൽ, അവർ പറയുന്ന ഹോട്ടലിൽനിന്നാണോ വാങ്ങുന്നത്.

മാത്രമല്ല ബിവറേജസ് കോർപ്പറേഷൻ ഒരു വിശ്വാസ്യതയുള്ള സർക്കാർ ഏജൻസിയാണ്. അവിടുത്തെ മദ്യത്തിന്റെ നിലവാരത്തിൽ ജനത്തിന് വിശ്വാസമുണ്ട്. എക്‌സൈസ് പരിശോധനയും ബിവറേജസിന്റെ അതേ ബ്രാൻഡുതന്നെയാണ് കൊടുക്കുന്നത് എന്നൊക്കെ പറഞ്ഞാലും ബാറുകൾ വഴി വ്യാജൻ ഇറങ്ങില്ലെന്ന് എന്താണ് ഉറപ്പ്. അങ്ങനെ എത്രയോ സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ബിവറേജസ് ഔട്ടിലെറ്റിൽനിന്ന് മദ്യം വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയെക്കൂടി ബാറിലേക്ക് പറഞ്ഞുവിടുകയാണ് സർക്കാർ ചെയ്യുന്നത്.

ഇനി ബാറിലാവട്ടെ തെർമൻ സ്‌കാനുറുമില്ല. തിരിച്ചറിയൽ കാർഡും വേണ്ട്. ഇത് ഇടയാക്കുക മദ്യത്തിന്റെ കരിഞ്ചന്തക്കാണ്. സ്മാർട്ട്‌ഫോൺ ഉള്ള അപ്പൂപ്പനെവരെ ഉപയോഗിച്ച് മദ്യം വാങ്ങി കരിഞ്ചന്തയിൽ വിൽക്കുന്ന ഒരു കുടിൽ വ്യവസായത്തിനും കൂടിയാണ്, ഈ പൊട്ട ആപ്പുവഴി സർക്കാർ വഴി തുറന്നിരിക്കുന്നത്. കേരളത്തിൽ ചെറുകിട വ്യവസായങ്ങൾ വളരുന്നില്ല എന്ന് ഇനിയാരും പറയരുത്.

മിക്ക ബാറുകാരും ബിവറേജസ് മദ്യവിലയേക്കാൾ കൂടുതൽ തുകയാണ് ഈടാക്കുന്നത്. കാരണം പറയുന്നത് ബോട്ടിലിൽ ഉള്ളത് ടാക്‌സ് കൂട്ടുന്നതിന് മുമ്പുള്ള വിലയാണെന്നാണ്. ആ മറവിൽ കുപ്പിക്ക് 20രൂപവരെ അധികം കൂട്ടുന്ന ബാറുകാർ ഉണ്ട്. ബാക്കിയായി കിട്ടേണ്ട ചില്ലറയും കൊടുക്കില്ല. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി.

ചൈന ചെയ്തത് ഇങ്ങനെ

സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ചൈന എങ്ങനെയാണ് കോവിഡിൽ ഇത്തരം സർവീസുകൾ നടത്തിയതെന്ന് നോക്കുക. പ്രളയം കഴിഞ്ഞപ്പോൾ നാം മൽസ്യത്തൊഴിലാളികളെ രക്ഷകരായി ആദരിച്ചപോലെ, കോവിഡാനന്തര ചൈന ഹീറോകളായി കാണുന്നത് ഭക്ഷണ വിതരണ ആപ്പുകളിലെ തൊഴിലാളികളെയാണ്.

ഭക്ഷണം മാത്രമല്ല, മരുന്ന്, മാസ്‌കുകൾ, അവശ്യസാധനങ്ങൾ എന്നിവ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ അവർ വീടുകളിലെത്തിച്ചു. അതുകൊണ്ടുതന്നെ കടകൾ എല്ലാം അടഞ്ഞു കിടന്നിട്ടും, ചൈനയിലെ എല്ലാവീടുകളിലും ഭക്ഷണവും മരുന്നുമെത്തി. മാസ്‌കുകളും മറ്റ് എന്ത് അത്യാവശ്യ സാധനങ്ങളും അവർ തന്നെ എത്തിച്ചു. വിദ്യാഭ്യാസവും ചൈന ഓൺലൈൻ ആക്കി.

കോളജുകളും സ്‌കൂളുകളും അടഞ്ഞുകിടന്നു, പക്ഷേ, വിദ്യാഭ്യാസം നടന്നു. എല്ലാം ഡജിറ്റൽ. ഡോക്ടമാർ വീട്ടിലിരിക്കുന്ന രോഗികൾക്ക് ഓൺലൈനിൽ പരിശോധിച്ചു. മരുന്നുകൾ അടക്കമുള്ളവ എത്തിച്ചത് ഭക്ഷണ വിതരണം ചെയ്യുന്ന ആപ്പുകളിലെ തൊഴിലാളികൾ തന്നെ. ഇവർക്കും മാസ്‌ക്കും സാനിട്ടെസറും അടക്കമുള്ള എല്ലാകാര്യങ്ങളും ചൈനീസ് ഭരണകൂടം നൽകി. ഇത് ലോകത്തിനു തന്നെ പുതിയ ഒരു മാതൃകയായിരുന്നു. മദ്യവും എത്തിച്ചത് ഇവർ തന്നെയായിരുന്നു. ഇത്തരക്കാർക്ക് രോഗബാധയുമായും സുരക്ഷാസംവിധാനങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധ പരിശീലനവും സർക്കാർ മുൻകൈയെുടത്ത് നൽകി.

മാത്രമല്ല ഡിജിറ്റൽ വ്യാപാരം എന്ന പുതിയൊരു തൊഴിൽമേഖല അവിടെ ഗ്രാമങ്ങളിൽപോലും തുറന്നു. എന്നാൽ നമ്മുടെ നാട്ടിലോ. ആപ്പ് എന്ന ആശയമാത്രണാണ് ഈ കോവിഡ് കാലത്ത് നമുക്ക് മുന്നോട്ട് വെക്കാനുള്ളത്.

പ്രതിഭയില്ലാത്ത ഭരണാധികാരികൾ ആണ് ഒരു നാടിന്റെ ശാപമെന്ന് പറയുന്നത് എത്ര ശരിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP