Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഫ്യു നീക്കി തുടങ്ങി; സൗദി അറേബ്യ സാധാരണ ജീവിതത്തിലേയ്ക്ക് നീങ്ങുന്നു; ആദ്യഘട്ടം ഇന്ന് മുതൽ; രണ്ടാം ഘട്ടം ഞായർ മുതൽ

കർഫ്യു നീക്കി തുടങ്ങി; സൗദി അറേബ്യ സാധാരണ ജീവിതത്തിലേയ്ക്ക് നീങ്ങുന്നു; ആദ്യഘട്ടം ഇന്ന് മുതൽ; രണ്ടാം ഘട്ടം ഞായർ മുതൽ

അക്‌ബർ പൊന്നാനി

ജിദ്ദ: പെരുന്നാളിനോട് അനുബന്ധിച്ച അഞ്ചു ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന അതികർശനമായ സമ്പൂർണ നിരോധനാജ്ഞയ്ക്കു ശേഷം സൗദി അറേബ്യ പടിപടിയായി സാധാരണ സ്ഥിതിയിലേക്ക് തിരിക്കുകയായി. കൊറോണാ വ്യാപനം തടയുന്നതിനായി രാജ്യത്തെങ്ങും ഏർപ്പെടുത്തിയ ഘട്ടങ്ങളായി ഏർപ്പെടുത്തിയിരുന്ന കർഫ്യു ആഭ്യന്തര മന്ത്രാലയം ഇന്ന് (വ്യാഴം, 28 മെയ്) മുതൽ ഘട്ടം ഘട്ടമായി തന്നെ പിൻവലിക്കുകയാണ്.

ആദ്യഘട്ടം ഇന്ന് കാലത്ത് ആറ് മണിക്ക് തുടങ്ങി. കാലത്ത് ആറ് മണി മുതൽ ഉച്ചതിരിഞ്ഞു മൂന്ന് വരെയുള്ള സമയത്തേയ്ക്കായിരിക്കും കർഫ്യു പിൻവലിച്ചിരിക്കുന്നത്. വെള്ളി, ശനി കൂടി ആദ്യഘട്ടം നിലനിൽക്കും. ഇതിൽ, മക്കാ നഗരം, പ്രത്യേകമായി ആരോഗ്യ ഐസൊലേഷൻ പ്രത്യേകമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങൾ എന്നിവ ഒഴികെ സൗദിയിലെങ്ങും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ന് മുതൽ പുനഃസ്ഥാപിക്കപ്പെട്ടു.

കർഫ്യുവിൽ ഇളവുള്ള സമയങ്ങളിൽ സ്വന്തം വാഹനത്തിൽ സൗദിയിലെങ്ങും സഞ്ചരിക്കാം. അതോടൊപ്പം, അവനവന്റെ ഏരിയയ്ക്കുള്ളിൽ വ്യായാമത്തിനായുള്ള നടത്തം കർഫ്യു നിലനിൽക്കുന്ന സമയത്തും അനുവദനീയമായിരിക്കും. ശാരീരിക അകലം, ആരോഗ്യ മുൻകരുതലുകൾ എന്നിവ പാലിച്ചു കൊണ്ടായിരിക്കണം ഇത്.

ചെറുകിട, മൊത്ത വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും തുറന്നു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും പുനഃസ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം, മുൻകാല തീരുമാനങ്ങളുടെ ഭാഗമായി തടയപ്പെട്ടിരുന്ന പ്രവർത്തനങ്ങൾക്കും അനുമതിയായി. എന്നാൽ, ശാരീരിക അകലം പാലിക്കാനാകാത്ത പ്രവർത്തനങ്ങളെല്ലാം ഇപ്പോഴും നിയമവിരുദ്ധമാണ്.

അതേസമയം, ഞായറാഴ്ച ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ കർഫ്യുവിലെ ഇളവ് വൈകിട്ട് എട്ട് മണി വരെയാക്കും. അന്ന് മുതൽ പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും മുഴുവൻ തൊഴിലാളികളും തൊഴിലിടങ്ങളിൽ ജോലിക്ക് എത്തണം.

മൂന്നാം ഘട്ടത്തിൽ ജൂൺ 21 മുതൽ ജനജീവിതം കർഫ്യു പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള അവസ്ഥയിലേയ്ക്ക് തിരിച്ചെത്തും.

അപ്പോഴും ഉംറ, മദീന സിയാറത്ത്, വിദേശ ഗതാഗതം എന്നിവയ്ക്കുള്ള വിലക്ക് തുടരും. അവ പുനഃസ്ഥാപിക്കുക ബന്ധപ്പെട്ട വിഭാഗങ്ങളുടെ നിരന്തരമായ അവലോകനത്തിന് അനുസരിച്ചായിരിക്കും.

എല്ലാ ഘട്ടങ്ങളിലും മാസ്‌ക് ഉപയോഗിക്കൽ, കൈകൾ കഴുകലും സാനിറ്റയ്‌സ് ചെയ്യലും, ശാരീരിക അകലം പാലിക്കൽ തുടങ്ങിയ കാര്യങ്ങൾ തുടർന്നും പാലിക്കേണ്ട ആവശ്യകത ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. പൊതുജനങ്ങളോടും തൊഴിലുടമകളോടും കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള എല്ലാ നിയമ നിയന്ത്രണങ്ങളും മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിച്ച് സാമൂഹ്യ പ്രതിബദ്ധത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഉണർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP