Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരട്ട ന്യൂനമർദ്ദത്തിന് സാധ്യത പ്രവചിച്ചതോടെ കേരളം വീണ്ടും പ്രളയ ഭീതിയിലേക്ക്; ഇടുക്കി അടക്കമുള്ള ഡാമുകളിലെ ജലനിരപ്പ് പുതുക്കി നിശ്ചയിച്ച് ജലകമ്മീഷനും; അണക്കെട്ടുകൾ നിറഞ്ഞു കവിയുന്നതിന് തൊട്ടടുത്ത് എത്തുന്നതിന് മുമ്പേ ഇനി തുറന്നു വിടും; കാലവർഷം അതിരൂക്ഷമായാൽ ജൂൺ മാസത്തിൽ മലയാളിയെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ദുരിത കാലം; മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി മുൻകരുതലുകൾ; അതിവർഷം വീണ്ടുമെത്തുമ്പോൾ

ഇരട്ട ന്യൂനമർദ്ദത്തിന് സാധ്യത പ്രവചിച്ചതോടെ കേരളം വീണ്ടും പ്രളയ ഭീതിയിലേക്ക്; ഇടുക്കി അടക്കമുള്ള ഡാമുകളിലെ ജലനിരപ്പ് പുതുക്കി നിശ്ചയിച്ച് ജലകമ്മീഷനും; അണക്കെട്ടുകൾ നിറഞ്ഞു കവിയുന്നതിന് തൊട്ടടുത്ത് എത്തുന്നതിന് മുമ്പേ ഇനി തുറന്നു വിടും; കാലവർഷം അതിരൂക്ഷമായാൽ ജൂൺ മാസത്തിൽ മലയാളിയെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ദുരിത കാലം; മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി മുൻകരുതലുകൾ; അതിവർഷം വീണ്ടുമെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം വീണ്ടും പ്രളയ ഭീതിയിലേക്ക്. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മെയ്‌ 31നും മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി മെയ്‌ 29നും രണ്ട് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതനുസരിച്ച് മഴ തിമിർത്തു പെയ്താൽ കാര്യങ്ങൾ കൈവിട്ടു പോകും. പ്രളയസാധ്യത മുൻനിർത്തി സംസ്ഥാനത്തെ നാലു വലിയ അണക്കെട്ടുകളിലെ ജലനിരപ്പ് കേന്ദ്ര ജലക്കമ്മിഷൻ താഴ്‌ത്തി നിശ്ചയിച്ചു. വൈദ്യുതിബോർഡിന്റെ കീഴിലുള്ള ഇടുക്കി, കക്കി, ബാണാസുരസാഗർ, ഇടമലയാർ അണക്കെട്ടുകളിലാണിത്. ജലനിരപ്പ് ഉയർന്നാൽ മുൻകാലത്തെക്കാൾ നേരത്തേ ഡാമുകൾ തുറന്നുവിടുകയോ വൈദ്യുതി ഉത്പാദനം കൂട്ടി നിരപ്പ് താഴ്‌ത്തുകയോ വേണം. അതായത് നല്ല മഴ പെയ്താൽ ജൂൺ മാസത്തിൽ തന്നെ ഇടുക്കി അടക്കമുള്ള ഡാമുകൾ തുറക്കും. ഇതുകൊച്ചിയിൽ പോലും പ്രളയത്തിന് സാധ്യത കൂട്ടും.

ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മെയ്‌ 28 മുതൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മത്സ്യ ബന്ധനം പൂർണ്ണമായി നിരോധിച്ചു. നിലവിൽ ആഴക്കടൽ, ദീർഘദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടുക്കൊണ്ടിരിക്കുന്നവർ മെയ്‌ 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂനമർദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകി. ഏറെ കരുതലോടെയാണ് സംസ്ഥാന സർക്കാർ മുമ്പോട്ട് പോകുന്നത്. കോവിഡ് പ്രതിരോധത്തിന്റെ സാമൂഹിക അകല കാലത്ത് രക്ഷാപ്രവർത്തനത്തിന് പോലും വേണ്ടത്ര മുൻകരുതലുകൾ എടുത്തു കഴിഞ്ഞു.

മെയ് മാസം 30 വരെ തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്നും നാളെയും വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ മാസം 29 വരെ വടക്ക് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. ഈ മാസം 30 വരെ തെക്ക്കിഴക്ക് അറബിക്കടൽ,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യബന്ധന നിരോധനത്തോടൊപ്പം കടലാക്രമണ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ കണ്ടത്തി കോവിഡ് മാർഗ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിവെക്കാനും അവ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർക്ക് ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതിനാൽ വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ന്യൂനമർദം സ്വാധീനത്താൽ മഴ ലഭിക്കുന്ന ഘട്ടത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളിൽ ക്യാമ്പുകൾ സജ്ജീകരിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനുള്ള സാധ്യതയുണ്ട്. അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കുറച്ചു ദിവസം മുമ്പ് മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വളരെ നേരത്തെ തന്നെ കരുതൽ നിർദ്ദേശങ്ങൾ കുറയ്ക്കുന്നത്.

ഡാമുകളിലെ ജലനിരക്ക് പുതുക്കി നിശ്ചിയിക്കുന്നത് പ്രളയത്തെ ഒഴിവാക്കാനാണ്. വിവിധ തീയതികളിൽ വൈദ്യുതിബോർഡ് നിശ്ചയിച്ചതിനെക്കാൾ താഴ്ന്ന നിരപ്പാണ് കമ്മിഷൻ നിർദ്ദേശിച്ചത്. മഴപെയ്താലും ഇല്ലെങ്കിലും ഈ തോതിലേ അണക്കെട്ടുകളിൽ വെള്ളം ശേഖരിക്കാവൂ. കമ്മിഷന്റെ പുതിയ നിയന്ത്രണരേഖ വൈദ്യുതിബോർഡ് കഴിഞ്ഞദിവസം അംഗീകരിച്ചു. ജലനിരപ്പ് ഉയർന്നാൽ മുൻകാലത്തെക്കാൾ നേരത്തേ ഡാമുകൾ തുറന്നുവിടുകയോ വൈദ്യുതി ഉത്പാദനം കൂട്ടി നിരപ്പ് താഴ്‌ത്തുകയോ വേണം. തീവ്രമഴ പെയ്യുന്ന ഓഗസ്റ്റിൽ, ബോർഡ് നിശ്ചയിച്ചതിനെക്കാൾ നന്നേകുറഞ്ഞ നിരപ്പാണ് കമ്മിഷൻ അംഗീകരിച്ചത്. അണകളുടെ പരിപാലനത്തിൽ അന്തിമതീരുമാനം കേന്ദ്ര ജലക്കമ്മിഷന്റേതാണ്. എന്നാൽ മഴ അതിവേഗമെത്തിയാൽ അടിയന്തരമായി തന്നെ ഡാം തുറക്കേണ്ടി വരും. ഇത് പ്രളയത്തിനുള്ള സാധ്യത കൂട്ടും.

2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽനിന്നുള്ള പാഠം ഉൾക്കൊണ്ടാണ് ഡാമുകളിലെ ജലസംഭരണം കുറയ്ക്കുന്നത്. അന്ന് നിറഞ്ഞുനിന്ന ഡാമുകൾ ഒരുമിച്ച് തുറക്കേണ്ടിവന്നത് പ്രളയം രൂക്ഷമാക്കി. 2018 ഓഗസ്റ്റ് ഒമ്പതിന് 26 വർഷത്തിനുശേഷം ഇടുക്കി അണക്കെട്ട് തുറന്നത് 2398.8 അടി വെള്ളം ഉയർന്നശേഷമാണ്. എന്നാൽ, കമ്മിഷന്റെ നിയന്ത്രണരേഖയനുസരിച്ച് ഇവിടെ ഇനി ഓഗസ്റ്റ് പത്തിന് 2383.53 അടി വെള്ളമേ പാടുള്ളൂ. മുൻകാലത്ത് ശേഖരിച്ചിരുന്നതിനെക്കാൾ 15 അടിയിലേറെ താഴെ. ജൂൺ പത്തിന് ഇടുക്കിയിലെ ജലനിരപ്പ് 2373 അടി മാത്രമേ പാടുള്ളൂ. ജൂൺ 20-ന് 2375 അടി നിലനിർത്താൻ ബോർഡ് നിർദ്ദേശിച്ചെങ്കിലും കമ്മിഷൻ അത് 2373 അടിയായി താഴ്‌ത്തി. ജൂൺ 30-വരെ അതിൽക്കൂടാൻ പാടില്ല.

ഇടമലയാറിൽ ഓഗസ്റ്റ് പത്തിന് 166 മീറ്റർ നിലനിർത്താനാണ് ബോർഡ് താത്പര്യപ്പെട്ടതെങ്കിൽ ജലക്കമ്മിഷൻ 163 മീറ്ററായി കുറച്ചു. കക്കിയിൽ ജൂൺ പത്തിന് 976 മീറ്റർ ബോർഡ് നിർദ്ദേശിച്ചു. ജലക്കമ്മിഷൻ 975.36 ആയി കുറച്ചു. പ്രളയനിയന്ത്രണത്തിന് മുൻഗണന നൽകുന്നതാണ് പുതിയ മാർഗരേഖയെന്ന് ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP