Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോലി നഷ്ടം വന്ന ജനുവരി മുതൽ കാത്തിരിക്കുന്നത് നാട്ടിലേക്കുള്ള ഫ്‌ളൈറ്റുകൾ; പല ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നത് അയ്യായിരത്തോളം പേർ; അശനിപാതം പോലെ പടരുന്നതുകൊറോണ ഭീതിയും; കാര്യങ്ങൾ കൈവിട്ട അവസ്ഥയിലെന്ന് പ്രവാസികൾ; ടിക്കറ്റ് ചാർജ് കമ്പനികൾ തന്നെ വഹിക്കും; വേണ്ടത് യാത്രാ സൗകര്യവും ക്വാറന്റൈൻ സജ്ജീകരണവും മാത്രം; എങ്ങനെയും തങ്ങളെ നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി ഖത്തർ മലയാളികൾ രംഗത്ത്

ജോലി നഷ്ടം വന്ന ജനുവരി മുതൽ കാത്തിരിക്കുന്നത് നാട്ടിലേക്കുള്ള ഫ്‌ളൈറ്റുകൾ; പല ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നത് അയ്യായിരത്തോളം പേർ; അശനിപാതം പോലെ പടരുന്നതുകൊറോണ ഭീതിയും; കാര്യങ്ങൾ കൈവിട്ട അവസ്ഥയിലെന്ന് പ്രവാസികൾ; ടിക്കറ്റ് ചാർജ് കമ്പനികൾ തന്നെ വഹിക്കും; വേണ്ടത് യാത്രാ സൗകര്യവും ക്വാറന്റൈൻ സജ്ജീകരണവും മാത്രം; എങ്ങനെയും തങ്ങളെ നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി ഖത്തർ മലയാളികൾ രംഗത്ത്

എം മനോജ് കുമാർ

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തിലേക്ക് എത്തിക്കാനുള്ള കരുതൽ കേരളത്തിന്റെ ഭാഗത്ത് നിന്ന് കാണുന്നില്ലല്ലോ എന്ന് പരസ്യമായി ചോദ്യമുയർത്തിയത് റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ്. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ സർവീസിനു കേരളം പച്ചക്കൊടി കാണിക്കാതിരുന്നതാണ് ഗോയലിനെക്കൊണ്ട് ഈ ചോദ്യം ഉയർത്തിപ്പിച്ചത്. ഇതേ ചോദ്യം പിയൂഷ് ഗോയലിനോടു തിരിച്ചു ചോദിക്കുകയാണ് ഖത്തറിലെ മലയാളികൾ. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ മോദി സർക്കാരിനു കരുതലില്ലേ എന്ന ചോദ്യമാണ് ഈ ഖത്തർ മലയാളികൾ ഉതിർക്കുന്ന ചോദ്യം. ജീവിതത്തിനും മരണത്തിനും ഇടയിലാണ് ഇവർ. ലേബർ ക്യാമ്പുകളിൽ അശനിപാതം പോലെ കൊറോണ പടരുകയാണ് എന്നാണ് ഖത്തർ ക്യു കോൺ കമ്പനിയിലെ മലയാളികൾ പറയുന്നത്.

തങ്ങളെ രക്ഷിക്കാനുള്ള ഇന്ത്യൻ സംവിധാനങ്ങൾ നോക്കുകുത്തി പോലെയാണ്. ഖത്തറിലെ ലേബർ ക്യാമ്പുകളിൽ 5000ത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കേന്ദ്ര സർക്കാർ തങ്ങളെ രക്ഷപ്പെടുത്തണം എന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. കഴിഞ്ഞ ജനുവരി മുതൽ മാസങ്ങളോളമായി ജോലി നഷ്ടപ്പെട്ട് ഇവർ ലേബർ ക്യാമ്പുകളിൽ കഴിയുകയാണ്. കൊറോണ പടർന്ന ആദ്യ ഘട്ടങ്ങളിൽ കൊറോണ രോഗികളെ ഐസൊലെഷനിൽ ആക്കാൻ അധികൃതർ താത്പര്യം എടുത്തിരുന്നു. പക്ഷെ കാര്യങ്ങൾ കൈവിട്ട അവസ്ഥയാണ് ഖത്തറിലേത് എന്നാണ് മറുനാടനോട് സംസാരിച്ച ഖത്തർ മലയാളികൾ പറഞ്ഞത്. ഇപ്പോൾ ലേബർ ക്യാമ്പിലുള്ളവർക്ക് കൊറോണ വന്നാൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നില്ല. അവർ ക്യാമ്പിൽ മറ്റുള്ളവർക്കൊപ്പം കഴിയണം. ഇതോടെ ലേബർ ക്യാമ്പുകളിൽ കൊറോണ പടർന്നു തുടങ്ങുകയാണ്. കൊറോണയുള്ളവരും ഇല്ലാത്തവരും ഒരു ക്യാമ്പിൽ ഒപ്പം തന്നെയാണ് കഴിയുന്നത്. ഒരു മരുന്നുമില്ല. ചികിത്സയുമില്ല. ചികിത്സാ സംവിധാനങ്ങൾ എല്ലാം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ അവസ്ഥയാണ്. ലേബർ ക്യാമ്പുകളിൽ കൊറോണ വന്നാൽ എല്ലാവരും മരണത്തിലേക്ക് നീങ്ങും.

എംബസിയിൽ പരാതി പറഞ്ഞെങ്കിലും നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഒരു വ്യക്തതയും വന്നിട്ടില്ല. ലേബർ ക്യാമ്പിൽ സോഷ്യൽ ഡിസ്റ്റൻസിങ് പ്രായോഗികവുമല്ല. ഇവിടുന്നു നാട്ടിലേക്ക് മടങ്ങുക മാത്രമാണ് ആകെയുള്ള പോംവഴി. കയ്യിലെ പണം തീരുകയാണ്. ജോലിയുമില്ല. അതിനാൽ പ്രത്യേക ഫ്‌ളൈറ്റ് ഓപ്പറേറ്റ് ചെയ്തിട്ടിട്ടെങ്കിലും പ്രവാസികളെ സ്വദേശത്ത് തിരികെ എത്തിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ടിക്കറ്റ് ചാർജ് കമ്പനി തന്നെ വഹിക്കാൻ തയ്യാറാണ്. യാത്രാ സൗകര്യവും നാട്ടിൽ ക്വാറന്റൈൻ സജ്ജീകരണവും മാത്രമാണ് കേന്ദ്ര സർക്കാർ ഞങ്ങൾക്ക് വേണ്ടി ചെയ്യേണ്ടത്-ഇവർ പറയുന്നു.

മറുനാടന് ഖത്തർ മലയാളികൾ നൽകിയ സന്ദേശത്തിൽ പറയുന്നത്:

ഞങ്ങൾ ഖത്തറിലെ ക്യു കോൺ കമ്പനിയിൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ജോലി ചെയ്യാനായി വന്ന മലയാളികളാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജനുവരി മുതൽ മാസങ്ങളോളമായി ജോലി നഷ്ടപ്പെട്ട് 5000ത്തോളം പേരാണ് പല ക്യാമ്പുകളിലായി ഇവിടെ കുടുങ്ങികിടക്കുന്നത്. ഇതിൽ അൻപത് ശതമാനവും മലയാളികളാണ്. ഇപ്പോൾ ഖത്തർ ഇന്ത്യൻ എംബസ്സിയുടെ നിർദേശപ്രകാരം നാട്ടിലേക്ക് മടങ്ങാനുള്ള രജിസ്ട്രേഷൻ ചെയ്ത് കാത്തിരിക്കുകയാണ് ഞങ്ങൾ. കൂടാതെ താമസസ്ഥലത്തു ദിനംപ്രതി കോവിഡ് റിപ്പോർട്ടുകൾ കൂടി വരുന്ന സാഹചര്യത്തിൽ തെഴിലാളികൾക്കിടയിൽ പ്രധിഷേധം ശക്തമാവുകയാണ്. നാട്ടിലേക്കുള്ള മടക്കത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ഗവണ്മെന്റിന്റെയോ എംബസിയുടെ ഭാഗത്തു നിന്നോ കൃത്യമായ വിവരങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല.

പ്രത്യേക വിമാന സർവീസുകളിലൊന്നും തന്നെ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പരിഗണിച്ചതായി റിപ്പോർട്ടുകളും ലഭിച്ചിട്ടില്ല. ലേബർ ക്യാമ്പുകളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാവാതെ കോവിഡ് ഭീതിയിൽ മരണത്തിന്റെ വക്കിൽ നിൽക്കുകയാണ് ഞങ്ങൾ. പലരുടെയും വിസയുടെ കാലാവധി തീർന്നിരിക്കുകയും അടുത്ത മാസങ്ങളിൽ കാലാവധി തീരാൻ പോവുകയുമാണ്. തൊഴിൽ നഷ്ടപ്പെട്ട് ശമ്പളം മുടങ്ങിയതിനാൽ ഞങ്ങളുടെ കുടുംബവും നാട്ടിൽ ബുദ്ധിമുട്ടിലാവുകയാണ്, കൂടാതെ പലർക്കും അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും പണമില്ലാതായിരിക്കുകയാണ്..

നിലവിൽ ഭക്ഷണവും താമസവും ലഭിക്കുന്നുണ്ടെങ്കിലും താമസ സ്ഥലത്തും മെസ്സ് ഹാളുകളിലും ഒരേ സമയം ആളുകൾ കൂട്ടം കൂട്ടമായി തിങ്ങി നിൽക്കുന്ന സാഹചര്യമാണുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ സാമൂഹിക അകലം പാലിക്കൽ, ബോധവൽക്കരണം, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കാത്തതുകൊണ്ട് രോഗബാധിതരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നുണ്ട്. വിവരങ്ങൾ പുറത്ത് വിടാത്തതുകൊണ്ട് രോഗസാധ്യതയോ വ്യാപനമോ അറിയാനും കഴിയുന്നില്ല. എംബസ്സിയിൽ നിന്നും കമ്പനിയിൽ നിന്നും ഇതുവരെ യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ല എന്നതും ഞങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്.

നാട്ടിലേക്കു മടങ്ങാൻ പറ്റാതെ തൽസ്ഥിതിയിൽ ഇവിടെത്തന്നെ തുടരുന്ന അവസ്ഥയാണെങ്കിൽ ഞങ്ങൾക്ക് കോവിഡിന് കീഴടങ്ങുകയല്ലാതെ നിവർത്തിയില്ല. നിലവിൽ ഞങ്ങൾ ഭൂരിഭാഗം പേരുടെയും ടിക്കറ്റ് ചാർജ് കമ്പനി തന്നെ വഹിക്കാൻ തയ്യാറാണ്. യാത്രാ സൗകര്യവും നാട്ടിൽ ക്വാറന്റൈൻ സജ്ജീകരണവും മാത്രമാണ് ആവിശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഞങ്ങളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എത്രയും പെട്ടന്ന് കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP