Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംപിമാരും എംഎൽഎമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലേയ്ക്ക് വി.മുരളീധരനെ ക്ഷണിച്ചിരുന്നു; അദ്ദേഹത്തിന്റെ ഓഫീസുമായി കണക്ട്റ്റ് ചെയ്തത് ദൃശ്യമായിരുന്നു; മുഴുവൻ സമയവും പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിച്ചിരുന്നു; മുരളീധരന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി; സമൂഹ വ്യാപനം ഇല്ലെന്ന് ഉറപ്പാക്കാൻ കേരളം എന്ത് ചെയ്‌തെന്ന് ചോദ്യമുയർത്തി വി.മുരളീധരനും രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എംപിമാരും എംഎൽഎമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലേയ്ക്ക് കേരളീയനായ കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ വി.മുരളീധരനെ ക്ഷണിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകുകയും തുടങ്ങുമ്പോൾ കണക്റ്റ് ചെയ്യുകയും ചെയ്തിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കോൺഫറൻസിൽ അദ്ദേഹത്തിന്റെ ഓഫീസുമായി കണക്ട്റ്റ് ചെയ്തത് ദൃശ്യമായിരുന്നു. മുഴുവൻ സമയവും പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും ഇക്കാര്യത്തിൽ ചില ആക്ഷേപങ്ങൾ ഉന്നയിച്ചത് ശ്രദ്ധയിൽപെടുകയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 28-ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. മടങ്ങി വരുന്നവരിൽ രോഗലക്ഷണം ഇല്ലാത്തവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്യാനാണ് ഉദ്യോശിക്കുന്നതെന്നാണ് അന്ന് പറഞ്ഞത്. എന്നാൽ പിന്നീട് മറ്റൊരു തരത്തിൽ കാര്യങ്ങൾ മാറി. പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കുന്നവരെ കൃത്യമായ പരിശോധനയില്ലാതെ നാട്ടിലെത്തിക്കുന്നു എന്ന പ്രശ്നം ഉയർന്നു വന്നു.

ഇതോടെ നേരത്തെയുണ്ടായിരുന്ന തീരുമാനം സംസ്ഥാനത്തിന് മാറ്റം വരുത്തേണ്ടി വന്നു. പരിശോധന വേണമെന്ന കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ആരെയും നേരെ വീടുകളിലേയ്ക്ക് അയക്കാൻ പറ്റില്ലാതെ ആയി. ചുരുങ്ങിയത് ഏഴ് ദിവസം ക്വാറന്റീൻ വേണ്ടിവന്നു.

അന്ന് പലരും ആക്ഷേപിച്ചത് പരിശോധനയില്ലാതെയാണ് ആളുകളെത്തുന്നത് ആര് നൽകിയ വിവരമാണ് എന്നാണ്. വിമാനം വന്നതിന്റെ പിറ്റേ ദിവസം വിമാനത്തിൽ എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യങ്ങൾ പറയുന്നവർ ഇപ്പോഴും അത് തുടരുന്നു. കേന്ദ്രം അയച്ച സർക്കുലറുകളും വിദേശത്ത് നിന്ന് മടങ്ങുന്നവരിൽ നിന്ന് ഒപ്പിട്ട് വാങ്ങുന്നതും എന്താണ് എന്ന് വായിച്ച് നോക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ കേരളാ മോഡൽ പ്രവർത്തനത്തെ കുറിച്ച് തനിക്ക് സംശയമുണ്ടെന്നും തന്റെ സംശയങ്ങൾ ഇവയൊക്കെയാണെന്നും രേഖപ്പെടുത്തി വി മുരളീധരനും രംഗത്തെത്തി. കോവിഡ് പ്രതിരോധത്തിനും, സാമൂഹിക വ്യാപനം തടയുന്നതിനും സംസ്ഥാന സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വി മുരളീധരൻ ചോദിക്കുന്നു. കേരളം ടെസ്റ്റുകളുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ് ചെയ്തത. രാജ്യത്ത് കോവിഡ് പരിശോധനയുടെ കാര്യത്തിൽ 26ാം സ്ഥാനത്താണ് കേരളമുള്ളതെന്നും മുരളീധരൻ ആരോപിക്കുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മുരീധരന്റെ ചോദ്യം

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയോട് ഉത്തരവാദിത്തത്തോടെ ചില സംശയങ്ങൾ..... ഉത്തരങ്ങൾ വസ്തുതാപരമായിരിക്കുമെന്ന പ്രതീക്ഷയോടെ......

കേരളമോഡൽ കോവിഡ് പ്രതിരോധത്തെക്കുറിച്ച് രാജ്യത്ത് ആർക്കെങ്കിലും സംശമുണ്ടോയെന്ന് ഞാൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായി താങ്കൾ പറഞ്ഞു. എനിക്കുള്ള സംശയങ്ങൾ താഴെ പറയുന്നു.

1.കോവിഡിനെ പ്രതിരോധിക്കുന്നതിൽ മികച്ച മാതൃകയാവണമെങ്കിൽ ആദ്യം വേണ്ടത് പരമാവധി സാംപിൾ പരിശോധനകളാണ്. ലോകാരോഗ്യസംഘടന തുടക്കം മുതൽ പറയുന്ന 'TEST TEST TEST ' എന്നതു തന്നെയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും പറയുന്നത്. 13.04.2020 ന് ഐസിഎംആർ ഇറക്കിയ മാർഗനിർദേശങ്ങളുടെ ആദ്യഭാഗത്ത് തന്നെ ഇത് പറയുന്നുണ്ട്. കേരളം പക്ഷേ എന്താണ് ചെയ്തത്? ടെസ്റ്റുകളുടെ എണ്ണം പരമാവധി കുറച്ചു. ടെസ്റ്റുകളുടെ എണ്ണം കുറയുമ്പോൾ രോഗികളുടെ എണ്ണവും കുറവാകും. കോവിഡ് 19 രോഗികളിൽ നല്ല ശതമാനവും Asymptomatic അഥവാ പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണ് എന്നത് സർക്കാരിന് ഗുണമായി. ഇന്ന് രാജ്യത്ത് പരിശോധനകളുടെ കാര്യത്തിൽ 26 ആം സ്ഥാനമാണ് കേരളത്തിനുള്ളത്. ഇത് മികച്ച മാതൃകയാണോ?

2. സമൂഹ വ്യാപനം ഇല്ല എന്ന് ഉറപ്പാക്കാൻ ആദ്യഘട്ടത്തിൽ തന്നെ കേരളം എന്ത് ചെയ്തു ? രാജ്യത്ത് ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. പ്രവാസികളുടെ മടങ്ങി വരവ് തുടങ്ങിയ മെയ് 7 ന് മുമ്പ് കേരളം സമൂഹവ്യാപന സൂചനകൾ നൽകിയിരുന്നോ ? ഐസിഎംആർ നിർവചനമനുസരിച്ച് ഉറവിടം കണ്ടെത്താനാകാത്ത രോഗികളുണ്ടെങ്കിൽ അത് സമൂഹവ്യാപനത്തിന്റെ ലക്ഷണമാണ്. ഏപ്രിൽ അവസാനവാരം മുതൽ ഉറവിടം കണ്ടെത്താനാകാത്ത നിരവധി രോഗികൾ കേരളത്തിൽ ഉണ്ടായിരുന്നു. അത് സമൂഹവ്യാപനമല്ല എന്ന് കേരളം ഉറപ്പിച്ചത് എങ്ങനെയാണ് എന്ന് അങ്ങ് ശാസ്ത്രീയമായി വിശദീകരിക്കണം.

3. ഏപ്രിൽ 27 മുതലുള്ള താങ്കളുടെ വാർത്താക്കുറിപ്പിൽ 'ഓഗ്മെന്റഡ് ടെസ്റ്റ് 'എന്നൊന്ന് കാണുന്നു. അത് എന്താണെന്ന് വിശദീകരിക്കണം. ഏപ്രിൽ 30 ന് 3128 സാംപിളുകൾ ഇത്തരത്തിൽ പരിശോധിച്ചിട്ടുണ്ട്. ഇതിൽ 4 എണ്ണം പോസിറ്റീവാണെന്ന് കണ്ടെത്തി. പിന്നീട് ഓഗ്മെന്റഡ് സാംപിളുകളുടെ പ്രത്യേകമായുള്ള കണക്ക് കാണുന്നില്ല. എന്റെ അറിവിൽ യാത്രാഹിസ്റ്ററിയോ സമ്പർക്കമോ രോഗലക്ഷണമോ ഇല്ലാത്തവരെ പരിശോധിച്ച് സമൂഹവ്യാപനസാധ്യത പഠിക്കുന്നതാണ് ഓഗ്മെന്റഡ് ടെസ്റ്റ്. ശരിയല്ലെങ്കിൽ അത് എന്താണെന്നും മെയ് 2 മുതൽ ഇത്തരത്തിൽ എടുത്ത സാംപിളുകൾ എത്രയെന്നും അതിന്റെ റിസൾട്ട് എത്രയെന്നും വ്യക്തമാക്കണം. ഓഗ്മെന്റഡ് സാംപിളുകൾ ആർടിപിസിആർ ടെസ്റ്റാണോ ആന്റിബോഡി ടെസ്റ്റാണോ നടത്തിയതെന്നും വ്യക്തമാക്കണം

4.ഐസിഎംആർ മാർഗനിർദേശമനുസരിച്ച് (09/04 /2020) SARI (Severe Acute Respiratory Illness )യും ILI ( fever, cough ,sore throat , runny nose ) ഉള്ളതുമായ രോഗികളുടെ കോവിഡ് പരിശോധന നടത്തണം. ഇത് നടത്തിയിട്ടുണ്ടോ ? ഇനം തിരിച്ചുള്ള കണക്ക് തരുമോ ? അവയുടെ ഫലം നൽകിയ സൂചന എന്താണ് ?

5.പ്രവാസികളുടെ ക്വാറന്റൈൻ സംബന്ധിച്ച കാര്യങ്ങളാണ് അടുത്തത്. ശരിയാണ്, പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മെയ് 5 ന് പുറത്തിറക്കിയ ഉത്തരവിൽത്തന്നെ ക്വാറന്റൈൻ ചെലവ് സ്വന്തമായി വഹിക്കണം എന്ന് പറയുന്നുണ്ട്. ഇത് പക്ഷേ നിർബന്ധമായും എന്നില്ല. ഏതെങ്കിലും സംസ്ഥാനങ്ങൾ പണം ചെലവിടാൻ തയ്യാറെങ്കിൽ തടയുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. എന്റെ സംശയം കേന്ദ്രമാർഗനിർദ്ദേശം പിന്തുടരാനായിരുന്നു തീരുമാനമെങ്കിൽ അങ്ങയുടെ സർക്കാർ മെയ് 7 ന് കേരള ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ പ്രവാസികളുടെ ക്വാറന്റൈനായി കേരളം ഏതാണ്ട് 2.40 ലക്ഷം കിടക്കകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിൽ 1.53 ലക്ഷം അന്നു തന്നെ തയാറാണെന്നും പറഞ്ഞതെന്തിന്. ഇതിനു പുറമെ പണം കൊടുത്ത് താമസിക്കാൻ തയാറായവർക്കായി 9000 മുറികൾ വേറെ കണ്ടെത്തിയിട്ടുണ്ട് എന്നും ഹൈക്കോടതിയിൽ പറഞ്ഞു. 1.53 ലക്ഷം കിടക്കകൾക്ക് ഇപ്പോൾ എന്ത് സംഭവിച്ചു.?

6.പ്രവാസികൾക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ എന്ന് കേന്ദ്രം പറഞ്ഞപ്പോൾ അതിനെ ആദ്യം എതിർത്ത സംസ്ഥാനമാണ് കേരളം. ഹോം ക്വാറന്റൈൻ വിജയകരമാക്കിയ സംസ്ഥാനമാണ് കേരളമെന്ന് താങ്കൾ ആവർത്തിച്ച് പറഞ്ഞു. അങ്ങനെ രാജ്യത്തെ ഹോട്‌സ്‌പോട്ടുകളിൽ നിന്നെത്തിയവരെപ്പോലും വീടുകളിലേക്ക് പറഞ്ഞയച്ചു. ആ ഹോം ക്വാറന്റൈൻ വിജയകരമാണെങ്കിൽ പുറമെ നിന്നെത്തിയവർ മൂലം കോവിഡ് 19 സമൂഹത്തിൽ പടരില്ലല്ലോ? അപ്പോൾ ആ ആശങ്ക അടിസ്ഥാന രഹിതമല്ലേ ?ദിനംപ്രതി നൂറുകണക്കിന് ക്വാറന്റൈൻ ലംഘനങ്ങൾ ഉണ്ടാവുന്നത് ആരുടെ പരാജയമാണ്?

7.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ശ്രമിക് ട്രെയിനിൽ വരുന്നവർ കേരള സർക്കാരിന്റെ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്ടർ ചെയ്യണമെന്നും അല്ലാതെ വരുന്നവർക്ക് കനത്ത പിഴയിടുമെന്നും അങ്ങ് പറയുന്നു. കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമമെങ്കിൽ ട്രെയിനിലെ പിഎൻആർ നമ്പർ ചോദിക്കുന്നുവെന്ന് പറയുന്നു. ശ്രമിക് ട്രെയിനുകളിൽ പിഎൻആർ നമ്പർ ഇല്ലാത്തതിനാൽ രജിസ്റ്റർ ചെയ്യാനാവുന്നില്ല എന്ന് ഇതര സംസ്ഥാനങ്ങളിലെ മലയാളികൾ പറയുന്നു. ഇതിന് എന്താണ് മറുപടി.? മറ്റ് സംസ്ഥാനങ്ങൾ ചെയ്തതുപോലെ ആദ്യം തന്നെ സ്വന്തമായി ട്രെയിൻ അറേഞ്ച് ചെയ്ത് നോർക്കയുടെ പട്ടിക പ്രകാരം മുൻഗണനയനുസരിച്ച് ആളുകളെ കൊണ്ടു പോയിരുന്നെങ്കിൽ ഈ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുമായിരുന്നോ ?

8. ഇതരസംസ്ഥാനങ്ങളിൽ , പലപ്പോഴും ഹോട്‌സ്‌പോട്ടുകളിൽ കുടുങ്ങിപ്പോയ മലയാളികളെ രക്ഷപെടുത്താൻ അങ്ങയുടെ സർക്കാർ നേരിട്ട് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ ?

9.കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടാകുന്നത് എങ്ങനെയാണ് ?ഇവർ എല്ലാവരും നേരിട്ട് കോവിഡ് രോഗികളെ പരിചരിച്ചവരാണോ ? തടവുകാർക്ക് രോഗം കണ്ടെത്തുകയും പൊലീസുകാരും മജിസ്ട്രട്ടുമടക്കം നിരീക്ഷണത്തിലാവുകയും ചെയ്യുന്നത് എങ്ങനെയാണ് ? ചക്ക തലയിൽ വീഴുമ്പോൾ കോവിഡ് കണ്ടെത്തുന്നതിനെ താങ്കൾ കേരള മോഡൽ എന്ന് വിശേഷിപ്പിക്കുമോ ?

10. മാഹിക്കാരൻ കണ്ണൂരിൽ മരിച്ചാൽ കേരളത്തിന്റെ പട്ടികയിൽ വരില്ല. പക്ഷേ കോയമ്പത്തൂരിൽ ചികിൽസക്ക് പോയി അവിടെ മരിച്ച പാലക്കാട് സ്വദേശിയെ കേരളത്തിന്റെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ടോ ?

11.മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഞാൻ പങ്കെടുത്തില്ല എന്ന ആക്ഷേപത്തെക്കുറിച്ച്...കേരളത്തിന് പറയാനുള്ള കാര്യങ്ങളിൽ കേന്ദ്രനിലപാട് അറിയാനായിരുന്നു എന്നെ പ്രതീക്ഷിച്ചതെന്ന് താങ്കൾ പറഞ്ഞത് കേട്ടു. കേന്ദ്രത്തിന്റെ വിശദീകരണം പറയണം എന്ന നിലയിൽ എന്നെ ക്ഷണിച്ചതിന്റെ രേഖ പുറത്തുവിടാമോ.? ഡൽഹിയിൽ വന്ദേഭാരത് മിഷൻ പോലൊരു വൻ ദൗത്യത്തിന്റെ ഭാഗമായിരിക്കുന്ന എനിക്ക് ഏതെങ്കിലും ജില്ലാ കലക്ടറേറ്റിൽ വരണം എന്നൊരു പൊതു അറിയിപ്പ് മാത്രമാണ് കിട്ടിയത്. എന്റെ ഓഫീസിലേക്ക് കോൾ കണക്ട് ചെയ്തുവെന്നും ഞാൻ വേഗം പോയി എന്നും താങ്കൾ പറഞ്ഞു. ആ കോളിൽ എന്നെ കണ്ടതിന്റെ ദൃശ്യങ്ങൾ കൂടി അങ്ങ് പുറത്തുവിടണം.

വസ്തുതാപരമായ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു. മഹാമാരിയുടെ കാലത്ത് രാഷ്ട്രീയം പറയാൻ എനിക്കും താൽപര്യമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP