Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലടി മണൽപ്പുറത്തെ സിനിമ സെറ്റ് നശീകരണം ഏതോ അരികു കൂട്ടായ്മകൾ നടത്തിയ ഊച്ചാളിത്തരമായും ശ്രദ്ധ പിടിച്ചു പറ്റാനുള്ള കൈക്രിയയായും നിസ്സാരവൽക്കരിക്കരുത്; കഴിഞ്ഞ 40 വർഷമായി രാജ്യത്ത് അരങ്ങേറുന്ന ഏറ്റവും പ്രഹരശേഷിയുള്ള ഹിന്ദുത്വ രാഷ്ട്രീയപ്രവർത്തനം പള്ളി പൊളിക്കലാണ്; നിഴൽയുദ്ധം; സി രവിചന്ദ്രൻ എഴുതുന്നു  

സി രവിചന്ദ്രൻ

 

നിഴൽയുദ്ധം

(1) കാലടി മണൽപ്പുറത്തെ സിനിമ സെറ്റ് നശീകരണം ഏതോ അരികു കൂട്ടായ്മകൾ നടത്തിയ ഊച്ചാളിത്തരമായും ശ്രദ്ധ പിടിച്ചു പറ്റാനുള്ള കൈക്രിയയായും നിസ്സാരവൽക്കരിക്കരുത്. കഴിഞ്ഞ 40 വർഷമായി രാജ്യത്ത് അരങ്ങേറുന്ന ഏറ്റവും പ്രഹരശേഷിയുള്ള ഹിന്ദുത്വ രാഷ്ട്രീയപ്രവർത്തനം പള്ളിപൊളിക്കലാണ്. പലയിടത്തായി പല കാലത്തായി പലതരം പള്ളികൾ! നിർമ്മാണവസ്തു പ്ലാസ്റ്റിക്കോ കാർബോർഡോ ആകുന്നതോ പ്രകോപനം പൂജ്യമാകുന്നതോ വിഷയമല്ല. എല്ലായ്‌പ്പോഴും അവിടെ ഉദ്പാദിപ്പിക്കപെടുന്ന വികാരം സമാനമാണ്. വർഗ്ഗീയധ്രൂവീകരണത്തിനും വോട്ട് ബാങ്ക് നിർമ്മാണത്തിനും ഇത്രയധികം സഹായകരമായ മറ്റൊരു രാഷ്ട്രീയനീക്കം ഇന്ത്യയിൽ വേറെയില്ല. മതത്തെ മതത്തിനെതിരെ തിരിച്ചാണ് മതരാഷ്ട്രീയത്തിൽ മിക്കവരും അധികാരം പിടിക്കുന്നത്.

(2) പള്ളി പൊളിക്കുന്നത് രാഷ്ട്രീയ ജിഹാദായി മനസ്സിലാക്കി വെച്ചിരിക്കുന്നവർ പള്ളിയുടെ സെറ്റിട്ടാലും ചാടിവീഴും. കാറ്റാടിമരങ്ങൾ വെട്ടിയിട്ട് പോരാളിയായ ഡോൺ ക്വിക്‌സോട്ടിനെ സ്മരിക്കുക. പള്ളിസെറ്റ് പൊളിച്ചാൽ മാധ്യമങ്ങൾ ശ്രദ്ധിക്കുമെന്നും പ്രസ്താവന പെരുമഴകളും നിയമനടപടികളും വരുമെന്നും അറിയാത്തവരല്ല ആ കൃത്യം അനുഷ്ഠിച്ചത്. അവയൊക്കെ തന്നെയാണവരുടെ ലക്ഷ്യം. ഒരർത്ഥത്തിൽ സിനിമാക്കാരെ പോലെ സെറ്റിട്ട് ഷൂട്ട് ചെയ്തു റിലീസാക്കിയ ചരക്കാണത്. In fact, it was the mother of all shooting. ഹിന്ദുമത രാഷ്ട്രീയവും ഹിന്ദുത്വയും രണ്ടല്ല. ഹിന്ദുത്വം എന്നാൽ രാഷ്ട്രീയം പറഞ്ഞു തോൽപ്പിക്കാൻ സാധിക്കുന്ന അമിതദേശീയതയോ സങ്കുചിത ഫാസിസമോ മാത്രമല്ല. അതിനൊന്നും എപ്പോഴും മാർക്കറ്റില്ല. ഉണ്ടെങ്കിൽതന്നെ സുസ്ഥിര സാധ്യതകളില്ല. മതവികാരത്തിന്റെ കാര്യം അങ്ങനെയല്ല. ശിവന്റെ മണ്ണിൽ നിന്ന് യേശുവിനെ തുരത്തി എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളുടെ പ്രഹരശേഷി മറ്റൊന്നാണ്. ശരിയാണ്, ഒരു മതത്തിലും എല്ലാവരും ഒറ്റക്കെട്ടായി അക്രമമോ ഭീകരകൃത്യങ്ങളോ നടത്തുന്നില്ല. ഏറെക്കുറെ അസാധ്യമായ കാര്യമാണത്. വർഗ്ഗീയത പ്രവർത്തിക്കുന്ന കുശിനിഗ്രൂപ്പുകളെ മുഖ്യധാരാ മതം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് നിർണ്ണായകം.

(3) ആരാധനാലയങ്ങളുടെ നശീകരണം അക്രമപ്രവർത്തനമാണ്. പക്ഷെ ഇന്ത്യയിൽ അതൊരു വിശുദ്ധ രാഷ്ട്രീയപ്രവർത്തനം(holy political act) ആയി മാറുന്നു. അതങ്ങനെ അല്ലാതാകണമെങ്കിൽ മതതിമിരം ദുർബലപെടണം; പൊളിക്കുന്നവരുടെയും കയ്യടിക്കുന്നവരുടെയും; മതേതരരുടെയും നിഷ്പക്ഷരുടെയും. സിനിമാ സെറ്റ് തകർത്തത് പുണ്യംകിട്ടാനല്ല. ആസൂത്രിതമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണത്. വൈകിയിരുന്നെങ്കിൽ ഒരുപക്ഷെ സിനിമാക്കാർ തന്നെ അത് നീക്കംചെയ്‌തേനെ. സുവർണ്ണാവസരം ഗോപിക! മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതാണ് തനതു ഇന്ത്യൻ രാഷ്ട്രീയം. രാഷ്ട്രീയ വിജയത്തിന് ആവശ്യമായ മതവികാരമാണ് ഇതിലൂടെ വാറ്റിയെടുക്കപെടുന്നത്. ലോക്ക്ഡൗൺ കാലത്ത് രാമായണം സീരിയൽ ദൂരദർശനിൽ പുനഃസംപ്രേഷണം ചെയ്തപ്പോൾ ലോക റെക്കോഡുകൾ തകർക്കുന്ന ഭക്തിതിമിരം വന്നത് അതുകൊണ്ടാണ്. 2020 ഏപ്രിൽ 16 എന്ന ഒരൊറ്റ ദിവസം 7.7 കോടി പ്രേക്ഷകരാണ് ഈ പഴഞ്ചൻ സിരീയൽ കണ്ടത്. എന്തുകൊണ്ട്? മതംതിന്ന് ജീവിക്കുന്ന ജനത പഴഞ്ചൻ എന്നാൽ പവിത്രം എന്ന് മാറ്റി വായിക്കും.

4) മതം മാനവികതയുടെ ചിതയാണ്. അതിന്റെ ഉള്ളടക്കം മാറ്റമില്ലാത്തത്. മതവികാരമാകട്ടെ, ഏതൊരു ഭീരുവിനും ചെലവില്ലാതെ കുത്തിയിളക്കാവുന്ന ഒന്നും. വിഗ്രഹഭജ്ജനവും ആരാധനാലയങ്ങൾ പൊളിക്കലും ലോകമെമ്പാടും രാഷ്ട്രീയ അധികാരത്തിലേക്കുള്ള മതവഴികളാണ്. അന്യരുടെ വിഗ്രഹങ്ങളും ആരാധനാലയങ്ങളും മാത്രം തകർക്കപെടുന്നു എന്നതാണ് അതിലെ പ്രകടമായ ഉദാരത. തലമുറകൾ കഴിഞ്ഞാലും സമാന തന്ത്രങ്ങൾ സമാനഫലങ്ങൾ നിർമ്മിക്കും. പള്ളിപൊളിക്കുന്നവരും സംരക്ഷിക്കുന്നവരും എന്ന രാഷ്ടീയവിഭജനവും മതധ്രൂവീകരമവുമാണ് അക്രമികൾ ലക്ഷ്യമിടുന്നത്. പള്ളിയുടെ സെറ്റ് തകർത്തവർക്കെതിരെ എല്ലാവരും ഒരുമിക്കുന്നു. വളരെ നല്ല കാര്യം. ഇനി കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമം അതിന്റെ വഴിക്കുപോകും. അപ്പോഴും തകർക്കപെട്ട 'പള്ളി' പലരിലും നിഗൂഡമായ വിജയോന്മാദം സൃഷ്ടിക്കും. തങ്ങൾക്ക് വേണ്ടി ആരോ എന്തോ ചെയ്തു എന്ന വികല ധാരണ അവരെ ഭരിക്കും. അതിനെ ക്രമേണ അട്ടിമറിക്കുക എന്നതാണ് ഇന്ത്യ ആവശ്യപെടുന്ന യഥാർത്ഥ രാഷ്ട്രീയം. ചിതകളുടെ മരണം നാഗരികതയുടെ ബാധ്യതയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP