Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൗറീഷ്യസിൽ നിന്നും ചെന്നൈയിൽ ഇന്നലെ എത്തിയത് എയർ മൗറീഷ്യസ് വിമാനത്തിൽ; മലയാളികൾ മേൽപ്പോട്ടു നോക്കി നിന്നപ്പോൾ തമിഴ്-തെലുങ്ക് സ്വദേശികളെ വാഹനം നൽകി അവരുടെ സർക്കാരുകൾ കൊണ്ടുപോയി; ചെന്നൈയിൽ കുടുങ്ങി വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെട്ട 18 അംഗ മലയാളി സംഘം; ഇപ്പോഴുള്ളത് തമിഴ്‌നാട് സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രത്തിൽ; കേരളത്തിൽ എത്താൻ സർക്കാറിന് കനിവ് തേടി മൗറീഷ്യസിൽ നിന്നെത്തിയ മലയാളി സംഘം; ഇതാണോ പിണറായിയുടെ കരുതലെന്നും ചോദ്യം

മൗറീഷ്യസിൽ നിന്നും ചെന്നൈയിൽ ഇന്നലെ എത്തിയത് എയർ മൗറീഷ്യസ് വിമാനത്തിൽ; മലയാളികൾ മേൽപ്പോട്ടു നോക്കി നിന്നപ്പോൾ തമിഴ്-തെലുങ്ക് സ്വദേശികളെ വാഹനം നൽകി അവരുടെ സർക്കാരുകൾ കൊണ്ടുപോയി; ചെന്നൈയിൽ കുടുങ്ങി വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെട്ട 18 അംഗ മലയാളി സംഘം; ഇപ്പോഴുള്ളത് തമിഴ്‌നാട് സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രത്തിൽ; കേരളത്തിൽ എത്താൻ സർക്കാറിന് കനിവ് തേടി മൗറീഷ്യസിൽ നിന്നെത്തിയ മലയാളി സംഘം; ഇതാണോ പിണറായിയുടെ കരുതലെന്നും ചോദ്യം

എം മനോജ് കുമാർ

തിരുവനന്തപുരം: മൗറീഷ്യസിൽ നിന്നും ചെന്നൈയിൽ എത്തിയ മലയാളികൾ കേരള സർക്കാരിന്റെ കനിവ് തേടുന്നു. എയർ മൗറീഷ്യസ് വിമാനത്തിൽ ഇന്നലെ വൈകീട്ട് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ മലയാളികളാണ് സർക്കാരിന്റെ കനിവ് തേടുന്നത്. ഇപ്പോൾ ചെന്നൈ സർക്കാരിന്റെ ക്വാറന്റൈൻ സംവിധാനത്തിൽ തുടരുന്ന സ്ത്രീകൾ അടക്കമുള്ള 19 അംഗ സംഘത്തിൽ 18 പേരും മലയാളികളാണ്. ഏതെങ്കിലും വിധത്തിൽ കേരളത്തിൽ മടങ്ങാനുള്ള യാത്രാ സൗകര്യം അറേഞ്ച് ചെയ്ത് തരണം എന്നാണ് ഇവരുടെ ആവശ്യം. മൗറീഷ്യസ് വിമാനത്തിൽ ചെന്നൈയിൽ എത്തിയ ചെന്നൈ സ്വദേശികളെ ചെന്നൈ സർക്കാർ സ്വീകരിച്ചു. തെലങ്കാനയിൽ നിന്നുള്ളവരെ തെലുങ്കാന സർക്കാർ വാഹനസൗകര്യം നൽകി അവരുടെ സംസ്ഥാനത്തേക്ക് ഇന്നലെ തന്നെ കൊണ്ടുപോയി. മലയാളികൾക്ക് എല്ലാം കണ്ടു നിൽക്കേണ്ടി വന്നു.

കേരളം ഇവർക്ക് യാത്രാ സൗകര്യം ഏർപ്പാടാക്കി നൽകിയില്ലെന്ന് മനസിലാക്കിയ ചെന്നൈ അധികൃതർ രണ്ടു കാര്യങ്ങളാണ് ഇവരോട് ചോദിച്ചത്. ഒന്നുകിൽ ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഉള്ള റൂം സ്വന്തം ചെലവിൽ തുടരണം. അതിനു ദിവസം 2500 രൂപ റൂമിന് മാത്രം നൽകണം. അല്ലെങ്കിൽ സർക്കാർ സംവിധാനത്തിലേക്ക് വരണം. കയ്യിൽ പണമില്ലാത്തതിനാൽ ഇവർ സർക്കാർ സൗകര്യമാണ് സ്വീകരിച്ചിരിക്കുന്നത്. ചെന്നൈയിൽ തുടരാനല്ല സംസ്ഥാനത്തേക്ക് വരുകയാണ് വേണ്ടത് എന്നതിനാൽ ക്വാറന്റൈൻ സംവിധാനം കേരളത്തിൽ മതി എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ചെന്നൈയിലും ഒരു മാസം ക്വാറന്റൈൻ, പിന്നെ കേരളത്തിൽ എത്തിയാലും ഒരു മാസം ക്വാറന്റൈൻ എന്ന അവസ്ഥയിലാകും.

കയ്യിൽ പണം ഇല്ലാത്തതിനാൽ കേരളം വാഹനസൗകര്യം ഏർപ്പെടുത്തി നൽകണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. നിലവിൽ കൊറോണ പരിശോധനയിൽ ഇവർ നെഗറ്റീവ് ആണ്. ചെന്നൈയിൽ കൊറോണ പടരുന്നതിനാൽ തങ്ങൾക്ക് ചെന്നൈയിൽ നിന്ന് കൊറോണ പടരുമോ എന്നാണ് ഇവർ ഭയക്കുന്നത്. പുറത്തു നിന്നുള്ളവർ ഈ ഹോസ്റ്റലിലേക്ക് എത്തുന്നുണ്ട്. ഭക്ഷണം പാകം ചെയ്യാനും മുറി വൃത്തിയാകാനും എത്തുന്നത് ചെന്നൈ നിവാസികൾ തന്നെയാണ്. ഇങ്ങനെ എത്തുന്നവർക്ക് മൗറീഷ്യസിൽ നിന്നുള്ളവരെയും ഭയം കേരളക്കാർക്ക് ചെന്നൈ സ്വദേശികളെയും ഭയം എന്ന അവസ്ഥയിലാണ്.

ഒരു റൂമിൽ നാലുപേരെയാണ് ചെന്നൈ അധികൃതർ താമസിപ്പിച്ചത്. ഇങ്ങനെ തങ്ങുന്നതിൽ ഉള്ള എതിർപ്പ് അറിയിപ്പിച്ചപ്പോൾ രണ്ടു പേരെ വേറെ റൂമിലേക്ക് മാറ്റി. പക്ഷെ ബാത്ത് റൂം സൗകര്യങ്ങൾ പൊതുവിൽ ഉള്ളതാണ്. അതിനാൽ എല്ലാവരും ഒരേ ബാത്ത്‌റൂം തന്നെ ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. തെലുങ്കാന സർക്കാരും തമിഴ്‌നാട് സർക്കാരും പ്രവാസികൾക്ക് നൽകിയ പരിഗണന ഇവർ നേരിട്ട് കണ്ടതാണ്. പക്ഷെ മലയാളികളെ തിരിഞ്ഞു നോക്കാൻ അവരുടെ സർക്കാർ ഉണ്ടായിരുന്നില്ല. സജ്ജീകരണങ്ങളും ഏർപ്പെടുത്തിയില്ല. നാട്ടിൽ നിന്നും പ്രവാസം സ്വീകരിച്ച് പോയെങ്കിലും സ്വന്തം ദേശത്തേക്ക് തങ്ങൾക്ക് വരേണ്ടതുണ്ട് അതിനുള്ള സൗകര്യങ്ങൾ സർക്കാർ ചെയ്യണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. സർക്കാർ കനിഞ്ഞില്ലെങ്കിൽ വിദ്യാർത്ഥികൾ അടങ്ങിയ ഞങ്ങളുടെ ജീവിതം ദുരിതമായി മാറും. ഏതെങ്കിലും വിധത്തിൽ നാട്ടിൽ എത്താനുള്ള സൗകര്യങ്ങൾ ഞങ്ങൾക്ക് ഒരുക്കി നല്കണം-മൗറീഷ്യസിൽ നിന്നും എത്തിയ മഹേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

മഹേഷിന്റെ പ്രതികരണം ഇങ്ങനെ:

എയർ മൗറീഷ്യസ് വിമാനത്തിൽ ഇന്നലെ വൈകീട്ട് ആണ് എത്തിയത്. വിസിറ്റിങ് വിസയിലും സ്റ്റുഡന്റ്‌സ് വിസയിലും പോയവരാണ് ഞങ്ങൾ. വേൾഡ് ഫെഡറേഷന്റെയും മൗറീഷ്യൻ മലയാളികളുടെയും കനിവ് കൊണ്ടാണ് ഞങ്ങൾക്ക് ഇന്ത്യയിൽ, ,ചെന്നെയിൽ എത്താൻ കഴിഞ്ഞത്. കാശില്ലാത്തതിനാൽ സർക്കാർ സംവിധാനം മതി എന്നാണ് ഞങ്ങൾ തമിഴ്‌നാട് അധികൃതരെ അറിയിച്ചത്. എങ്ങനെയും കേരള സർക്കാർ ഞങ്ങളുടെ കാര്യത്തിൽ കനിവ് കാട്ടണം. ഞങ്ങൾക്ക് കേരളത്തിലേക്ക് തിരികെ എത്തണം. തമിഴ്‌നാട് സ്വദേശികളെ ഈ സർക്കാരും തെലുങ്കാനയിൽ നിന്നുള്ളവരെ തെലുങ്കാന സർക്കാരും കൊണ്ടുപോയി. മലയാളികൾ മാത്രം കുടുങ്ങിപ്പോയി. ഞങ്ങൾക്ക് ആർക്കും കൊറോണയില്ല. ഇനി ഇവിടെനിന്നു ഞങ്ങൾക്ക് കൊറോണ വരുമോ എന്നാണ് ഞങ്ങളുടെ സംശയം. കയ്യിൽ നിന്നും പണം മുടക്കി വരാൻ ഞങ്ങൾക്ക് പണമില്ല. അതിനാൽ ഏതു വിധേനയും സർക്കാർ തമിഴ്‌നാട് അധികൃതരെ ബന്ധപ്പെട്ട് ഞങ്ങളെ നാട്ടിലെത്തിക്കണം-മഹേഷ് ആവശ്യപ്പെടുന്നു.

പ്രവാസി മലയാളികൾ എത്തിയാൽ കേരളം കൊറോണയിൽ മുങ്ങിച്ചാകും എന്ന ഇടത് സർക്കാരിന്റെ പേടിയിലാണ് ഈ പ്രവാസികൾ വലയുന്നത്. ലക്ഷക്കണക്കിന് ആളുകളാണു സംസ്ഥാനത്തിനു പുറത്തുള്ളത്. ഇവർ ഒന്നിച്ചെത്തിയാൽ ഇവിടത്തെ പ്രവർത്തനങ്ങളുടെ താളം തെറ്റും-ഇതാണ് സർക്കാർ നിലപാട്. കൊറോണ മരണങ്ങളുടെ ഏറ്റവും കുറഞ്ഞുള്ള തോതാണ് മുഖ്യമന്ത്രി അടക്കമുളവർ ഉയർത്തിക്കാട്ടുകയും ചെയ്യുന്നത്. കേരളത്തിൽ കാര്യങ്ങൾ ഭദ്രം എന്ന് വരുത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഇവിടെയുള്ള കൊറോണ ബാധിതരെ എങ്ങനെയും ചികിത്സിച്ച് ഭേദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പുറത്ത് നിന്നുള്ളവർ ഇങ്ങോട്ട് വരുന്നത് കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു. ഈ നിലപാടാണ് മൗറീഷ്യസിൽ നിന്നും എത്തിയവർക്കും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്.

കേരളത്തിന്റെ ഈ മനോഭാവം കണ്ടു ഞെട്ടിയിട്ടാണ് ഇതര സംസ്ഥാന മലയാളികളെക്കുറിച്ചു കേരളത്തിനു കരുതലുണ്ടോ എന്ന് സംശയിക്കേണ്ട അവസ്ഥയാണെന്നു കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പ്രസ്താവന ഇറക്കിയത്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് കേരള സർക്കാർ അനുമതി നൽകാത്തതിനെ തുടർന്ന് ട്രെയിൻ റദ്ദ് ചെയ്തിരുന്നു. ഈ പ്രശ്‌നത്തിലാണ് പിയൂഷ് ഗോയലിന്റെ പ്രതികരണം വന്നത്. കേരളം പുലർത്തുന്ന ജാഗ്രതയെ റെയിൽവേ അട്ടിമറിക്കരുത്. ട്രെയിനുകൾ അയയ്ക്കുമ്പോൾ കേരളത്തിന്റെ മുൻകൂർ അനുമതി തേടണം എന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയായി പറഞ്ഞത്. ക്വാറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കങ്ങൾ മുൻ നിർത്തിയാണ് കേരളം ട്രെയിനിനു അനുമതി നിഷേധിച്ചത്. ഇതേ പ്രശ്‌നം തന്നെയാണ് മൗറീഷ്യസിൽ നിന്നുള്ളവർക്കും വിനയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP