Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിളക്ക്-പാത്ര വിൽപ്പനയുടെ മറവിൽ കടൽ കടക്കുക പുരാതനമൂല്യമുള്ള ക്ഷേത്ര സാമഗ്രികൾ; സ്വർണ പണയം വഴി പ്രതിവർഷം പലിശയായി ലഭിക്കുക 240 കോടിയെന്നു അനുമാനം; ഉരുക്കുമ്പോൾ നഷ്ടമാകുന്ന സ്വർണ്ണത്തെക്കുറിച്ച് ആശങ്കയും ശക്തം; ക്ഷേത്ര ആഭരണങ്ങൾ പണയം വെച്ച് സ്‌ട്രോംഗ് റൂമുകൾ ഒഴിവാക്കുമ്പോൾ സ്‌ട്രോംഗ് റൂം ഗാർഡുമാർക്കായി അപേക്ഷ ക്ഷണിച്ച് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്; അഴിമതിക്കൊപ്പം നിയമന കോഴയും! ലോക് ഡൗൺ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വിവാദം പുകയുമ്പോൾ

വിളക്ക്-പാത്ര വിൽപ്പനയുടെ മറവിൽ കടൽ കടക്കുക പുരാതനമൂല്യമുള്ള ക്ഷേത്ര സാമഗ്രികൾ; സ്വർണ പണയം വഴി പ്രതിവർഷം പലിശയായി ലഭിക്കുക 240 കോടിയെന്നു അനുമാനം; ഉരുക്കുമ്പോൾ നഷ്ടമാകുന്ന സ്വർണ്ണത്തെക്കുറിച്ച് ആശങ്കയും ശക്തം; ക്ഷേത്ര ആഭരണങ്ങൾ പണയം വെച്ച് സ്‌ട്രോംഗ് റൂമുകൾ ഒഴിവാക്കുമ്പോൾ സ്‌ട്രോംഗ് റൂം ഗാർഡുമാർക്കായി അപേക്ഷ ക്ഷണിച്ച് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്; അഴിമതിക്കൊപ്പം നിയമന കോഴയും! ലോക് ഡൗൺ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വിവാദം പുകയുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ടൺ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിനുള്ള നീക്കങ്ങൾക്ക് പിന്നിൽ ദുരൂഹത. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് പാത്രങ്ങളും നിലവിളക്കുകളും ലേലം ചെയ്യാനുള്ള നീക്കവുമായി ദേവസ്വം ബോർഡ് മുന്നോട്ട് പോകുന്നത്. വിത്തെടുത്ത് കുത്താനുള്ള ദേവസ്വം ബോർഡ് നീക്കമായാണ് നടപടി വീക്ഷിക്കപ്പെടുന്നത്. വിളക്ക്-പാത്ര വിൽപ്പനയുടെ മറവിൽ ക്ഷേത്രങ്ങളിലെ പുരാതനമൂല്യമുള്ള ഒട്ടനവധി സാധനങ്ങൾ കടൽ കടക്കും എന്നാണ് വിൽപ്പനയുമായി ബന്ധപ്പെട്ടു ദേവസ്വത്തിന്റെ അകത്തളങ്ങളിൽ നിന്നും ഉയരുന്ന സംസാരം. 2012-ൽ നടത്താൻ കഴിയാതിരുന്ന നീക്കമാണ് ലോക്ക് ഡൗണിന്റെ മറവിൽ നടക്കുന്നത്. അഴിമതിയാരോപണങ്ങൾ നേരിടാത്ത ഒരു ദേവസ്വം ഭരണ സമിതിപോലും ട്രാവൻകൂർ ദേവസ്വത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് ബോർഡ് നീക്കങ്ങളെക്കുറിച്ച് ഭക്തർക്ക് സംശയങ്ങൾ ഉയരുന്നത്.

വിൽപ്പന സംബന്ധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു നൽകിയ വാർത്താക്കുറിപ്പും സംശയാസ്പദമായി തന്നെ നിൽക്കുകയാണ്. സ്വർണ്ണത്തിന്റെയും,വിളക്കുകൾ, പഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെയും കണക്കെടുക്കുവാൻ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമുണ്ടായി. ആ പ്രക്രിയ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കണക്കെടുപ്പ് പൂർത്തിയായശേഷം കേരള ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമെ ലേല നടപടികളിലേക്ക് കടക്കുകയുള്ളൂ. അതായത് കോടതി അനുമതി ലഭിച്ചാൽ പാത്രങ്ങൾക്കും വിളക്കുകൾക്കും ഒപ്പം സ്വർണം കൂടി ലേലത്തിൽ വിൽക്കും എന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. അതായത് ഹൈക്കോടതി അനുമതി ലഭിച്ചാൽ സ്വർണം കൂടി തൂക്കി വിൽക്കും എന്നാണ് വിശദീകരണക്കുറിപ്പിൽ പ്രസിഡന്റ് വ്യക്തമാക്കുന്നത്. എന്നാൽ ഈ വാചകത്തിന്റെ മുകളിൽ പറയുന്നത് വിവിധ സ്‌ട്രോംഗ്‌റൂമുകളിലുള്ള ആചാരപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടതല്ലാത്ത സ്വർണ്ണത്തിന്റെ സ്റ്റോക്ക് തിട്ടപ്പെടുത്തി ബാങ്കിൽ പണയം വെയ്ക്കുന്ന കാര്യമാണ്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബോർഡ് നടത്തുന്ന നീക്കങ്ങളായാണ് വിളക്കുകളും പാത്രങ്ങളും തൂക്കി വിൽക്കുന്ന നടപടികൾക്ക് നൽകുന്ന വിശദീകരണം. സ്വർണം പണയം വച്ചാൽ വർഷം 240 കോടിയോളം രൂപ ബോർഡിനു ലഭിക്കും എന്നാണ് അനൗദ്യോഗികമായ കണക്കുകൾ. ഇതിൽ തന്നെ 20 കോടി രൂപ മാസം ലഭിക്കും. അതിനാണ് ഗോൾഡ് ഉരുക്കി പണയം വെയ്ക്കാനുള്ള നീക്കം നടത്തുന്നത്. ചിരപുരാതനമായ വിളക്കുകളും പാത്രങ്ങളുമാണ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ കൈവശമുള്ളത്. ഇതിൽ പലതിനും രാജഭരണ കാലത്തോളം പഴക്കവും വരും. പഴക്കമാണ് ഇവയുടെ മുഖമുദ്ര. ഈ പാത്രങ്ങളും വിളക്കുകളുമാണ് തൂക്കിവിൽക്കാൻ ബോർഡ് പദ്ധതിയിടുന്നത്. തൂക്കി വിൽക്കുമ്പോൾ ഒരിക്കലും പഴക്കത്തിന്റെ അടിസ്ഥാനത്തിലുള്ള വില ലഭിക്കുകയുമില്ല. അതുമല്ല ഗോൾഡ് ഉരുക്കുമ്പോൾ എത്ര ഗോൾഡ് ഉരുക്കുമ്പോൾ നഷ്ടമാകും എന്നതിനും കണക്കുകളില്ല. അതുകൊണ്ട് തന്നെയാണ് ദേവസ്വം ബോർഡ് നീക്കങ്ങൾ ഭക്തജനങ്ങൾ സംശയാസ്പദമായ നീക്കങ്ങളായി കാണുന്നത്.

മുൻ ദേവസ്വം കമ്മിഷണർ ആണ് ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ്. ആ വാസു ഇരിക്കുമ്പോൾ ഇതിലും ഇതിലധികവും സംഭവിക്കും എന്നാണ് ബോർഡുമായി ബന്ധപ്പെട്ടവർ മറുനാടനോട് വിശദീകരിക്കുന്നത്. നിയമാനുസൃതമായല്ലാതെ സ്വന്തം ഇച്ഛയ്ക്ക് അനുസൃതമായി തീരുമാനങ്ങൾ എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരുദ്യോഗസ്ഥൻ എന്ന രീതിയിലാണ് വാസു വീക്ഷിക്കപ്പെട്ടത്. ഒരു ബോട്ടിൽ അമ്പത് ആളുകൾക്കേ ഇടമുള്ളുവെങ്കിൽ അയ്യായിരം ആളെ കയറ്റാൻ നോക്കുന്ന രീതിയിലാണ് വാസു ഇടപെടൽ നടത്തുക. അതുകൊണ്ടൊക്കെ തന്നെയാണ് വിളക്ക്-പാത്രം വിൽപ്പന സംശയക്കണ്ണോടെ വീക്ഷിക്കപ്പെടുന്നത്. വൻ അഴിമതിക്ക് സാധ്യതയുള്ള ഇടപാടാണ് എന്നുള്ള സൂചനകൾ തന്നെയാണ് ഇടപാടുമായി ബന്ധപ്പെട്ടു ഉയരുന്നത്. മുൻപ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വലിയ വലുപ്പമുള്ള പുരാതനമായ കമ്പവിളക്കുണ്ടായിരുന്നു. ദേവസ്വം അധികൃതരുടെ ഉള്ളിൽ നിന്നുള്ള നീക്കത്തെ തുടർന്ന് ഈ വിളക്ക് ഉത്തരവാദപ്പെട്ടവർ തന്നെ തൂക്കിവിറ്റു. ഇത് വൻ വിവാദത്തിനാണ് അന്ന് തിരികൊളുത്തിയത്. അതുകൊണ്ട് തന്നെ വിളക്ക്-പാത്ര വിൽപന വരുമ്പോൾ ഭക്തർ ഇത് കൂടി ഓർത്തെടുക്കുകയാണ്. ദേവസ്വത്തിലെ മുണ്ടക്കയം ഗ്രൂപ്പിലുള്ള ആറേക്കർ സ്ഥലത്ത് രണ്ടു മൂന്നു ഏക്കർ കയ്യേറ്റത്തിൽ നഷ്ടമായി. ഇതിനെതിരെ ദേവസ്വം ഒരു നീക്കവും നടത്തിയില്ല. ഭക്തർ സമിതി രൂപീകരിച്ച് കേസിന് പോയപ്പോൾ കക്ഷി ചേരാൻ പോലും നിൽക്കാത്ത നിലപാടാണ് ദേവസ്വം കൈക്കൊണ്ടത്.

ദേവസ്വം ബോർഡ് ആഭരണങ്ങൾ ഇരിക്കുന്നത് സ്‌ട്രോംഗ് റൂമുകളിലാണ്. സ്‌ട്രോംഗ് റൂമുകൾ കുറയ്ക്കുക, അതേ സമയം സാമ്പത്തിക നേട്ടം കൈവരിക്കുക എന്ന ലകഷ്യത്തോടെയാണ് സ്‌ട്രോങ്ങ് റൂമിലെ ആഭരണങ്ങൾ പണയംവെച്ച് സ്‌ട്രോംഗ് റൂം കുറയ്ക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ നടപടികൾ അവസാനഘട്ടത്തിലാണ് എന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് വിശദീകരിക്കുന്നത്. എന്നാൽ സ്‌ട്രോങ്ങ് റൂം കുറയ്ക്കുക എന്ന തീരുമാനം ബോർഡ് കൈക്കൊള്ളുമ്പോൾ തൊട്ടടുത്തിരുന്നു ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സ്‌ട്രോംഗ് റൂം ഗാർഡുമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എൻ.രാജഗോപാലൻ നായരും ഒരേ തൂവൽ പക്ഷികളുമാണ്. സ്‌ട്രോംഗ് കുറയ്ക്കാൻ ആഭരണങ്ങൾ പണയപ്പെടുത്താൻ തീരുമാനിക്കുമ്പോൾ എന്തിനു സ്‌ട്രോംഗ് റൂം ഗാർഡുമാരെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിക്കണം. ദേവസ്വം ധൂർത്ത് വെട്ടിക്കുറച്ചാൽ തന്നെ ദേവസ്വത്തിനു നിലനിൽപ്പ് സാധ്യമാണ് എന്ന് ബോർഡ് അഭ്യുദയകാംക്ഷികൾ ഈ കൊറോണ കാലത്തും വിരൽ ചൂണ്ടുന്നത് ഇത്തരം കാര്യങ്ങൾ ഉയർത്തിപ്പിടിച്ചാണ്.

അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതല്ലാത്ത ഗോൾഡിന്റെ കണക്കെടുപ്പ് നടത്താൻ ദേവസ്വത്തിലെ ഇരുപത് ഗ്രൂപ്പുകൾക്ക് ബോർഡ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഗ്രൂപ്പുകൾക്ക് 18 സ്‌ട്രോംഗ് റൂം ആണുള്ളത്. ഇവർ തകൃതിയായി ഗോൾഡിന്റെ കണക്കെടുപ്പ് നടത്തുന്നുണ്ട്. ആഭരണങ്ങൾ മാറ്റിയാൽ സ്‌ട്രോംഗ് റൂം കുറയ്ക്കാം. സ്‌ട്രോംഗ് റൂം കുറച്ചാൽ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാം. ഈ രീതിയിൽ നീക്കങ്ങൾ നടത്തുമ്പോഴാണ് മറുവശത്ത് സ്‌ട്രോംഗ് റൂം ഗാർഡുമാരുടെ റിക്രൂട്ട്‌മെന്റും നടത്തുന്നത്. ദേവസ്വത്തിൽ സ്റ്റോക്കുള്ള ടൺ കണക്കിനുള്ള പാത്രങ്ങളും നിലവിളക്കുകളുടെയും കണക്കെടുപ്പ് തുടങ്ങുകയും അത് ഏകദേശം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽനിന്നും നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. ഭക്തർ സമർപ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളിൽനിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികൾ രംഗത്തുവന്നിട്ടുമുണ്ട്.

കഴിഞ്ഞ രണ്ട് മാസത്തെ ലോക്ക്ഡൗണിൽ ദേവസ്വം ബോർഡ് നഷ്ടം 200 കോടി കവിഞ്ഞുവെന്നാണ് ബോർഡ് പ്രസിഡന്റ് എൻ.വാസു വ്യക്തമാക്കുന്നത്. ഓരോ മാസവും നൂറ് കോടിയുടെ നനഷ്ടമാണ് ബോർഡിനു വരുന്നത്. പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങളിൽ അധികമുള്ള വിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനുള്ള നീക്കം നടത്തുന്നത്. ഇതിനു ഹൈക്കോടതിയുടെ അനുമതി തേടും എന്നാണ് വാസു വ്യക്തമാക്കുന്നത്. ശമ്പളം, പെൻഷൻ എന്നിവയ്ക്കായി പ്രതിമാസം വേണ്ട ചെലവ് ഏതാണ്ട് 50 കോടിയോളം രൂപയാണ്. ലോക്ക് ഡൗൺ ആയതിനാൽ ക്ഷേത്രങ്ങൾ അടഞ്ഞു കിടക്കുന്നു. വരുമാനവുമില്ല. അതിനാണ് ഈ നീക്കം എന്നാണ് ബോർഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നത്.

വിളക്ക്-പാത്രം വിൽപ്പന: ബോർഡ് ഇറക്കിയ വിശദീകരണം:

തിരുവിതാംകൂർ ദേവസ്വംബോർഡ് വക സ്വർണം,നിലവിളക്കുകൾ എന്നിവയുടെ കണക്കെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു.ദേവസ്വം ബോർഡിന്റെ സ്‌ട്രോംഗ്‌റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള നിത്യോപയോഗത്തിലില്ലാത്ത സ്വർണം ബാങ്കുകളിൽ ഏൽപ്പിക്കുന്നത് സംബന്ധിച്ചും വിവിധ ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ചിട്ടുള്ളതും ഉപയോഗത്തിലില്ലാത്തതുമായ വിളക്കുകൾ,പഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെ ലേലം സംബന്ധിച്ചും ചില മാധ്യമങ്ങളിൽ വന്ന വാർത്ത അവ്യക്തവും തെറ്റിദ്ധാരയുണ്ടാകുവാൻ സാധ്യതയുള്ളതുമാണെന്ന്തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു വാർത്താകുറിപ്പിൽ വ്യക്തമാക്കി.തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ വേണ്ടി കൂടുതൽ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിലേക്ക് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാനായി ഒരുസമിതിയെ ദേവസ്വംബോർഡ് നിയോഗിച്ചിരുന്നു.ബോർഡിന്റെ വിവിധ സ്‌ട്രോംഗ്‌റൂമുകളിൽ സൂക്ഷിച്ചിട്ടുള്ളതും, ആചാരപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടത് അല്ലാത്തതുമായ സ്വർണ്ണത്തിന്റെ സ്റ്റോക്ക് തിട്ടപ്പെടുത്തി, ആയത് റിസർവ്വ് ബാങ്ക് പദ്ധതി പ്രകാരം ,ബാങ്കിൽ ഏൽപ്പിച്ചാൽ ആയതിന്റെ മൂല്യത്തിന് അനുവദനീയമായ പലിശ ബോർഡിന് ലഭിക്കുമെന്ന് പ്രസ്തുത പഠനസമിതി ശുപാർശ ചെയ്തിരുന്നു.

വിവിധ ദേവസ്വങ്ങളിലായി ഭക്തർ നടക്കുവെയ്ക്കുന്ന വിളക്കുകൾ വലിയതോതിൽ അതാത് ദേവസ്വങ്ങളിൽ കെട്ടിക്കിടക്കുകയാണ്.ഇവ സൂക്ഷിക്കുവാനുള്ള സൗകര്യം ഒട്ടുമിക്ക ദേവസ്വങ്ങളിലും ഇല്ല.വർഷങ്ങളായി കുമിഞ്ഞു കൂടിക്കിടക്കുന്ന വിളക്കുകളിൽ ഒരുഭാഗം കാലാകാലങ്ങളായി ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണെന്നും ബോർഡ് വിലയിരുത്തി.അവയും ക്ഷേത്രങ്ങളിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന പഴയ ഓട്ടുപാത്രങ്ങളും മറ്റും സ്റ്റോക്ക് തിട്ടപ്പെടുത്തി ലേലം ചെയ്യണമെന്നും പഠന സമിതി ശുപാർശ ചെയ്തിട്ടുള്ളതാണ്.കോവിഡ്- 19 നെതിരായ പ്രതിരോധ നടപിടകളുടെ ഭാഗമായി രണ്ടുമാസത്തിലധികമായി ദേവസ്വംബോർഡിന്റെ ശബരിമലയുൾപ്പെടെയുള്ള എല്ലാക്ഷേത്രങ്ങളും അടഞ്ഞുകിടക്കുകയാണ്.ഇതുമൂലം തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വരുമാനം പൂർണ്ണമായി നിലച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ പഠനസമിതയുടെ മേൽപ്പറഞ്ഞ ശുപാർശ ബോർഡ് തത്വത്തിൽ അംഗീകരിക്കുകയും ബോർഡിന്റെ വകയായുള്ള സ്വർണ്ണത്തിന്റെയും,വിളക്കുകൾ,പഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെയും കണക്കെടുക്കുവാൻ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമുണ്ടായി.ആ പ്രക്രിയയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

കണക്കെടുപ്പ് പൂർത്തിയായശേഷം ബഹു.കേരളഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമെ ലേല നടപടികളിലേക്ക് കടക്കുകയുള്ളൂ.വസ്തുത ഇതായിരിക്കെ ഭക്തജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധം വാർത്തകൾ പ്രസിദ്ധീകരിച്ചത് നിർഭാഗ്യകരമാണ്.വാർത്തകളുടെ തലക്കെട്ടുകൾ അങ്ങേയറ്റം തെറ്റിദ്ധാരണാജനകവുമാണെന്ന് പ്രസിഡന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.തികച്ചും സദുദ്ദേശത്തോടുകൂടിയതും ഭക്തജനങ്ങളുടെ വികാരങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്തതുമായ പ്രസ്തുത നടപടിയോട് പൂർണ്ണമായി സഹകരിക്കണമെന്ന് മുഴുവൻ ഭക്തജനങ്ങളോടും ബോർഡ് അഭ്യർത്ഥിക്കുകയാണെന്നും പ്രസിഡന്റ് അഡ്വ.എൻ.വാസു വാർത്താകുറിപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP