Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാടുംമേടും കടന്ന് 150 കിലോമീറ്റർ താണ്ടി ശ്രീദേവി എത്തി; കാട്ടിലൂടെ നടന്നും ബൈക്കിലൂം ആംബുലൻസിലും യാത്ര ചെയ്തും എത്തിയ ശ്രീദേവി പത്താംക്ലാസ് പരീക്ഷയെഴുത് ഒറ്റയ്ക്ക് ഒരു മുറിയിലിരുന്ന്

കാടുംമേടും കടന്ന് 150 കിലോമീറ്റർ താണ്ടി ശ്രീദേവി എത്തി; കാട്ടിലൂടെ നടന്നും ബൈക്കിലൂം ആംബുലൻസിലും യാത്ര ചെയ്തും എത്തിയ ശ്രീദേവി പത്താംക്ലാസ് പരീക്ഷയെഴുത് ഒറ്റയ്ക്ക് ഒരു മുറിയിലിരുന്ന്

സ്വന്തം ലേഖകൻ

അതിരപ്പിള്ളി: ഇന്നലെ എസ്എസ്എൽസി പരീക്ഷ പുനരാരംഭിച്ചപ്പോൾ പരീക്ഷ എഴുതാൻ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് ശ്രീദേവി എന്ന ആദിവാസി പെൺകട്ടിയാണ്. കാടും മേടും കടന്ന് 150 കിലോമീറ്റർ താണ്ടിയായിരുന്നു പരീക്ഷാ കേന്ദ്രത്തിലേക്ക് ശ്രീദേവി എത്തിയത്. ഏഴുകിലോമീറ്റർ കാട്ടിലൂടെനടന്നും ബൈക്കിലും ആംബുലൻസിലുമായിരുന്നു യാത്ര. മലക്കപ്പാറയിൽനിന്ന് ഏകദേശം 70 കിലോമീറ്ററകലെ തമിഴ്‌നാട് വാൽപ്പാറ-പൊള്ളാച്ചി വഴിയിൽ വനമധ്യത്തിലുള്ള കാടമ്പാറ ആദിവാസി ഊരിൽ അച്ഛൻ ചെല്ലമുത്തുവിന്റെ വീട്ടിൽനിന്നാണ് ശ്രീദേവിയെത്തിയത്.

ആദിവാസി ഊരിൽനിന്ന് നായരങ്ങാടി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെത്തിയപ്പോൾ അരമണിക്കൂർ വൈകി. എങ്കിലും ശ്രീദേവിയെ അധികൃതർ കാത്തിരുന്നു. ശനിയാഴ്ച ചാലക്കുടി പട്ടികവർഗക്ഷേമ ഓഫീസറും സംഘവും മലക്കപ്പാറ മേഖലയിലെ ആദിവാസി കോളനികളിലെത്തി എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ എഴുതുന്ന കുട്ടികളെ പ്രത്യേക വാഹനങ്ങളിൽ ഹോസ്റ്റലുകളിൽ എത്തിച്ചിരുന്നു.

ഈ സമയത്ത് അമ്മ കനകമ്മയുടെ വീടായ അടിച്ചിൽത്തൊട്ടി ഊരിലായിരുന്നു ശ്രീദേവി. കുട്ടിയെ കാണാത്തതിനാൽ ബന്ധുക്കളോട് പരീക്ഷ തുടങ്ങുന്ന വിവരം അറിയിക്കാൻ ആവശ്യപ്പെട്ടു. പൊള്ളാച്ചി കരിമുട്ടി മലയിൽ റോഡിൽനിന്ന് ഏഴുകിലോമീറ്റർ അകലെ വനമധ്യത്തിലുള്ള വൈദ്യുതിപോലുമില്ലാത്ത ആദിവാസി ഊരിൽ മൊബൈൽഫോണിന് റെയ്ഞ്ചില്ല. അതിനാൽ വിവരം അറിയിക്കാനായില്ല. തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ പി.എം. പ്രഭുവിനെ ഈ പ്രദേശത്ത് പരിചയമുള്ള ഒരാൾ കുട്ടി അവിടെയുണ്ടെന്നറിയിച്ചു.

ചിന്നാറിലെ ഇക്കോടൂറിസം മാനേജരായ ധനുഷ്‌കോടിയുമായി ബന്ധപ്പെട്ട് ഒരു വാച്ചറെ ഊരിലേക്ക് അയച്ചു. ഞായാഴ്ച വാച്ചർ ഊരിലെത്തി ഇവരുടെ വീട്ടിൽ വിവരം അറിയിച്ചു. വിവരമറിഞ്ഞതോടെ നാലുകിലോമീറ്റർ കാട്ടിലൂടെ അനിയനെയുംകൂട്ടി ഫോണിന് റെയ്ഞ്ചുള്ള സ്ഥലത്ത് എത്തി ശ്രീദേവി സ്‌കൂളിലെ ടീച്ചറെ വിളിച്ചു. പിന്നീട്, തേനെടുക്കാൻ കാട്ടിലുണ്ടായിരുന്ന അച്ഛനെ കണ്ടെത്തി വീട്ടിലെത്തിയത് തിങ്കളാഴ്ച രാത്രിയായിരുന്നു.

ചൊവ്വാഴ്ച അതിരാവിലെ ഊരിൽനിന്ന് നടന്നാണ് യാത്ര തുടങ്ങിയത്. പിന്നീട് റോഡിൽനിന്ന് മലക്കപ്പാറവരെ ബന്ധുവിന്റെ ബൈക്കിലും പിന്നീട് വെറ്റിലപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആംബുലൻസിലും യാത്ര തുടങ്ങി. മൊബൈൽഫോൺ റെയ്ഞ്ചിലെത്തിയപ്പോൾ കുട്ടി പരീക്ഷയ്‌ക്കെത്തുന്ന വിവരം പട്ടികവർഗക്ഷേമവകുപ്പ് അധികൃതരെ അറിയിച്ചു. ഇവർ ആരോഗ്യവകുപ്പ് അധികൃതരെയും സ്‌കൂൾഅധികൃതരെയും വിവരമറിയിച്ചു.

മലക്കപ്പാറ ചെക്പോസ്റ്റിലെ ആരോഗ്യവകുപ്പ് അധികൃതർ ഇക്കാര്യം ഡി.എം.ഒ. അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെ കുട്ടിയെ മലക്കപ്പാറയിലുള്ള ആംബുലൻസിൽ സ്‌കൂളിലെത്തിക്കാൻ തീരുമാനിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മലക്കപ്പാറയിൽനിന്ന് രണ്ടരയോടെ സ്‌കൂളിലെത്തി. കുട്ടിയെ ഒരു ക്ലാസിൽ ഒറ്റയ്ക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. പരീക്ഷയ്ക്കുശേഷം കുട്ടിയെ ഒറ്റയ്ക്ക് ഒരുമുറിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP