Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിച്ച് ഇന്നലെ കേരളത്തിനു പുറത്ത് മരിച്ചത് 10 മലയാളികൾ; ഗൾഫിൽ എട്ട് മലയാളികൾ മരിച്ചപ്പോൾ ന്യൂയോർക്കിലും മുംബൈയിലുമായി മരിച്ചത് ഓരോ മലയാളികൾ

കോവിഡ് ബാധിച്ച് ഇന്നലെ കേരളത്തിനു പുറത്ത് മരിച്ചത് 10 മലയാളികൾ; ഗൾഫിൽ എട്ട് മലയാളികൾ മരിച്ചപ്പോൾ ന്യൂയോർക്കിലും മുംബൈയിലുമായി മരിച്ചത് ഓരോ മലയാളികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഇന്നലെ കേരളത്തിനു പുറത്ത് മരിച്ചത് 10 മലയാളികൾ. ഇന്നലെ ഏറ്റവും കൂടുതൽ മലയാളി മരണം സംഭവിച്ചത് ഗൾഫിലാണ്. വിവിധ ഗൾഫ് രാജ്യങ്ങളിലായി എട്ടു പേർ മരിച്ചപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിലും മുംബൈയിലുമായി ഓരോ മലയാളികൾ വീതം മരണത്തിന് കീഴടങ്ങി.

കാസർകോട് പൊയിനാച്ചി പറമ്പ വടക്കേപറമ്പ് ഇസ്ഹാഖ് അബ്ദുൽറഹ്മാൻ (44), അടൂർ തെങ്ങമം കുളമുള്ളതിൽ ശ്രീനന്ദനത്തിൽ ജെ. ജയചന്ദ്രൻനായർ (52), കണ്ണൂർ താഴെചൊവ്വ സ്വദേശി അജയൻ മാമ്പുറത്ത് (62), ഓച്ചിറ പ്രയാർ വടക്ക് കൊല്ലശേരിൽ പടീറ്റതിൽ അബ്ദുൽ സലാം (41), ആയൂർ അർക്കന്നൂർ ഷിബു വിലാസത്തിൽ ഗോപാല കൃഷ്ണക്കുറുപ്പിന്റെ മകൻ ഷിബു(33), ആലപ്പുഴ ബീച്ച് വാർഡ് കുരിശുങ്കൽ വീട്ടിൽ പരേതനായ റോബർട്ടിന്റെ മകൻ കെ.ആർ.ജോണിച്ചൻ(51), തിരുവനന്തപുരം മംഗലപുരം വെയിലൂർ സ്വദേശി കെ.മോഹനൻ നായർ (58), മലപ്പുറം തിരൂർ ബിപി അങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി(69) എന്നിവരാണ് ഗൾഫിൽ മരിച്ചത്. കോഴഞ്ചേരി തെക്കേമല പാണ്ടിയാലയ്ക്കൽ തെക്കേമലയിൽ മാർത്താസിൽ പരേതനായ പി.ടി. മാത്യുവിന്റെ മകൻ തോമസ് മാത്യു (റോയി 63) ന്യൂയോർക്കിലും തൃശൂർ മാള സ്വദേശിയും വാശി അയ്യപ്പ മിഷൻ മുൻ മാനേജിങ് കമ്മിറ്റിയംഗമായ പി.ജി. ഗംഗാധരൻ (71) മുംബൈയിലും മരിച്ചു.

പത്തുവർഷമായി സൗദിയിൽ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്ന അബ്ദുൽ സലാം ഒരുവർഷംമുമ്പാണ് നാട്ടിൽവന്നത്. ഭാര്യ: ഷംനമോൾ. മക്കൾ: സഹൽ, മുഹമ്മദ് സിനാൻ. ഒരുമാസത്തെ അവധിക്ക് കഴിഞ്ഞ നവംബറിൽ നാട്ടിൽവന്നുമടങ്ങിയ ഷിബു മാർച്ചിൽ വീണ്ടും വരാനിരിക്കേയാണ് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. അബുദാബി ഇത്തിഹാദ് എയർവേസിൽ കാറ്ററിങ് അസിസ്റ്റന്റാണ്. അവിവാഹിതനാണ്. സഹോദരൻ വിഷ്ണു.

മംഗലം കാഞ്ഞിക്കോത്ത് കച്ചേരിപറമ്പിൽ പരേതരായ ബാപ്പുട്ടിയുടെയും ഖദീജക്കുട്ടിയുടെയും മകനാണ് സെയ്താലിക്കുട്ടി. കഴിഞ്ഞ നാൽപ്പതുവർഷത്തിലേറെയായി ദോഹയിലെ ക്യു.സി.സി. കമ്പനിയിൽ പി.ആർ.ഒ. ആയിരുന്നു. ഭാര്യ: സാറ ഉമ്മ. മക്കൾ: ശിഹാബുദ്ധീൻ (ദോഹ), സക്കീന, ഫൗസിയ, നുഷീദ, സഫിയ. മരുമക്കൾ: അബ്ദുറസാഖ്, അബ്ദുൽ ലത്തീഫ്, മൂസക്കുട്ടി, മൻസൂർ, സനൂബിയ. സഹോദരങ്ങൾ: കുഞ്ഞിബാവ (ഖത്തർ), അലി ബാവ, അബ്ദുൽ നാസർ, താഹിറ, ആയിശബീവി, മറിയം മോൾ, സുഹറ.

ഗൾഫിൽ ഡ്രൈവറായി ജോലിചെയ്യുന്ന ഇസ്ഹാഖ് പത്തുമാസം മുമ്പാണ് നാട്ടിൽ വന്നുപോയത്. ബേക്കൽ പള്ളിപ്പുഴയിൽനിന്ന് പത്തുവർഷംമുമ്പാണ് ഇസ്ഹാഖിന്റെ കുടുംബം പൊയിനാച്ചിയിലേക്ക് താമസംമാറിയത്. പരേതരായ അബ്ദുൽ റഹിമാന്റെയും സാറയുടെയും മകനാണ്. ആദൂർ പയങ്ങാടിയിലെ നസീമയാണ് ഭാര്യ. മക്കൾ: ഇർഫാൻ (അഞ്ചാം ക്ലാസ് വിദ്യാർത്ഥി, തെക്കിൽപ്പറമ്പ് ഗവ. യു.പി.സ്‌കൂൾ), ഇസാന (മൂന്നാംക്ലാസ് വിദ്യാർത്ഥിനി), ഇസാൻ.

അൽമെൻ കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസറായി ജോലിചെയ്യുകയായിരുന്നു അജയൻ. പരേതനായ കുന്നിരിക്കൻ കൃഷ്ണന്റെയും രാധയുടെയും മകനാണ്. ഭാര്യ: സുവർണ. മക്കൾ: അജേഷ്, സ്വാതി. മരുമക്കൾ: അശ്വതി, ഷെറിൻ. സഹോദരങ്ങൾ: കൃഷ്ണവേണി, അനിത, വസന്തൻ, മനോജ്, ബാബുരാജ്. അബുദാബി ഓയിൽ ഫീൽഡ് ലോജിസ്റ്റിക് സർവീസസ് കമ്പനിയിൽ സൂപ്പർവൈസറായിരുന്നു ജയചന്ദ്രൻ നായർ. ഭാര്യ: പ്രിയ. മക്കൾ: ആകാശ്, അക്ഷിത.

യു.എ.ഇ.യിൽ പ്രോജ്‌കോ കോൺട്രാക്ടിങ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മോഹനൻ നായർ. ഭാര്യ: സിന്ധു. മക്കൾ: അനൂപ്, ആര്യ. സൗദി അറേബ്യയിലെ സെൻട്രൽ ഹോസ്പിറ്റൽ ജീവനക്കാരനായിരുന്നു മരിച്ച ആലപ്പുഴ സ്വദേശി ജോണിച്ചൻ. ആദ്യത്തെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാഫലം മരണത്തിനുശേഷമാണ് ലഭിച്ചത്. ഇതിലാണ് കോവിഡ് സ്ഥീരീകരിച്ചത്. ഭാര്യ: റജിമോൾ. അമ്മ: അമ്മിണി. മക്കൾ: റോഷിൻ, നിഷിൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP