Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലസ്ഥാന നഗരത്തിലെ മാധ്യമ പ്രവർത്തകനും രോഗ ലക്ഷണങ്ങളോടെ ക്വാറന്റൈനിൽ; ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പങ്കെടുത്തത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാർത്താ സമ്മേളനം ഉൾപ്പെടെ നിരവധി പരിപാടികളിൽ; ഇടപഴകിയവരിൽ ഭൂരിപക്ഷവും മാധ്യമ പ്രവർത്തകരും; തിരുവനന്തപുരത്ത് പത്ര റിപ്പോർട്ടറുടെ പരിശോധനാ ഫലം പോസിറ്റീവായാൽ സ്ഥിതി അതീവ ഗുരുതരമാകും; ആശങ്കയോടെ രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവർത്തകരും

തലസ്ഥാന നഗരത്തിലെ മാധ്യമ പ്രവർത്തകനും രോഗ ലക്ഷണങ്ങളോടെ ക്വാറന്റൈനിൽ; ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പങ്കെടുത്തത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാർത്താ സമ്മേളനം ഉൾപ്പെടെ നിരവധി പരിപാടികളിൽ; ഇടപഴകിയവരിൽ ഭൂരിപക്ഷവും മാധ്യമ പ്രവർത്തകരും; തിരുവനന്തപുരത്ത് പത്ര റിപ്പോർട്ടറുടെ പരിശോധനാ ഫലം പോസിറ്റീവായാൽ സ്ഥിതി അതീവ ഗുരുതരമാകും; ആശങ്കയോടെ രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ സംസ്ഥാനത്ത് പുതിയ ആശങ്ക. തലസ്ഥാനത്തെ ഒരു മാധ്യമ പ്രവർത്തകനും രോഗ ലക്ഷണങ്ങളോടെ ക്വാറന്റൈനിൽ. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ഇദ്ദേഹം പനിയെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പോയത്. പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതോടെ ജനറൽ ഓപിയിൽ കാണിക്കുകയും മരുന്ന് കുറിക്കുകയും ചെയ്തു. എന്നാൽ സാധാരണയിലും കൂടുതൽ ചൂട് രേഖപ്പെടുത്തിയതോടെ കൊറോണ ഹോസ്പിറ്റലിൽ എത്തിക്കുകയും ആംബുലൻസിൽ വീട്ടിലെത്തിച്ച് ക്വാറന്റൈനിലാക്കുകയും ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ ഒരു പത്രമാധ്യമത്തിൽ സീനിയർ ലേഖകനായ ഇദ്ദേഹം പനിയും തൊണ്ടവേദനയും കലശലായതോടെയാണ് ചികിത്സ തേടിയത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം നാളെയോ മറ്റന്നാളോ ലഭിക്കും.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെ പത്രസമ്മേളനങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുകയും സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതത് ഈ മാധ്യമപ്രവർത്തകൻ ആയിരുന്നു. തലസ്ഥാന നഗരിയിലെ ഒട്ടുമിക്ക മാധ്യമ പ്രവർത്തകരുമായും ഇയാൾ അടുത്ത സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായാൽ മാധ്യമ പ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് നിരീക്ഷണത്തിൽ പോകേണ്ടി വരിക. നിലവിൽ ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണ്.

മാധ്യമ പ്രവർത്തകൻ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലായത് കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. അതേസമയം, രോഗം സ്ഥിരീകരിച്ച ആരെങ്കിലുമായി ഇദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നതായി പറയാൻ കഴിയാത്തതും ആശങ്കയുടെ ആഴം കൂട്ടുന്നു. മദ്യ ലഹരിയിൽ കാറോടിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് തലസ്ഥാന നഗരി കോവിഡ് ഭീതിയിൽ അമർന്നത്. ഇതെത്തുടർന്ന് ക്വാറന്റീനിലായത് നടൻ സുരാജ് വെഞ്ഞാറമൂട്, ഡി.കെ.മുരളി എംഎൽഎ, പ്രതിയെ റിമാൻഡ് ചെയ്ത നെടുമങ്ങാട് മജിസ്‌ട്രേട്ട്, അറസ്റ്റ് ചെയ്ത സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖരടങ്ങുന്ന നീണ്ട നിരയാണ്. കോവിഡ് സ്ഥിരീകരിച്ച ആൾ നിരവധി ആളുകളുമായാണ് സമ്പർക്കം പുലർത്തിയത്.

കൊവിഡ് ബാധിതൻ റിമാൻഡിനെത്തുടർന്ന് ഒരു ദിവസം പൂജപ്പുര സ്‌പെഷൽ ജയിലിൽ പ്രതിയെ പാർപ്പിച്ചതു മൂലം ഒമ്പതു ജയിൽ ജീവനക്കാരും നിരീക്ഷണത്തിലുണ്ട്. രോഗം സ്ഥിരീകരിച്ച ആളിന്റെ അറസ്റ്റിൽ ഉൾപ്പെട്ട വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥർ പിറ്റേന്ന് നടൻ സുരാജിന്റെ കീഴായിക്കോണത്തുള്ള പുരയിടത്തിൽ ജനമൈത്രി പൊലീസ് കൃഷിയിറക്കുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ ചടങ്ങിലെ സാന്നിധ്യം വഴിയാണ് എംഎൽഎയും സുരാജും സമ്പർക്കപ്പട്ടികയിലെത്തിയത്.രോഗം സ്ഥിരീകരിച്ച വെഞ്ഞാറമൂട് സ്വദേശിയായ 43കാരനുൾപ്പെട്ട മൂന്നംഗ സംഘം 22ന് വാഹനാപടകമുണ്ടാക്കിയതാണ് സംഭവ പരമ്പരയുടെ തുടക്കം.

ഇവർ സഞ്ചരിച്ചിരുന്ന കാർ പാറയ്ക്കലിനു സമീപത്തു പൊലീസുകാരന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി. അമിത വേഗത്തിൽ കാർ റോഡ് അവസാനിക്കുന്നിടം വരെ എത്തിയതു കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് സംഘം മദ്യ ലഹരിയിലാണെന്ന് തിരിച്ചറിയുന്നത് . പിന്നാലെ വന്ന പൊലീസ് കാറിൽ നിന്നു വാറ്റു ചാരായം ഉൾപ്പെടെ കണ്ടെത്തി. പൊലീസ് മൂന്നുപേരെയും വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. കന്യാകുളങ്ങര ആശുപത്രിയിലെത്തിച്ചു റിമാൻഡ് ചെയ്യുന്നതിനായി 23ന് നെടുമങ്ങാട് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചു. പിന്നീട് ജയിലിലേക്ക് കൊണ്ടു പോയി.

കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി.മൂന്നംഗ സംഘത്തിൽ ഒരാൾ ഫൊട്ടോഗ്രാഫറാണ്. ഇയാൾ ആദ്യം തന്നെ വിവിധ ജില്ലകളിൽ സഞ്ചരിച്ചിട്ടുണ്ടെന്ന് ആശുപത്രിയിൽ ഡോക്ടറെ അറിയിച്ചു. തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. മൂന്നാമനെ ജയിലിൽ സ്രവ പരിശോധന നടത്തിയെങ്കിലും ട്ട് നെഗറ്റീവ് ആയിരുന്നു. നേരിട്ടിടപെട്ട സിഐ,എസ്‌ഐ ഉൾപ്പെടെ 15 പൊലീസുകാരും ഇവരുമായി സമ്പർക്കത്തിലായ 19 പൊലീസുകാരും ഉൾപ്പെടെ 34 പേരെ വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശം നൽകി. 14 ദിവസം മുൻപ് വരെ സമ്പർക്കം പുലർത്തിയിരുന്ന ആൾക്കാരെ കുറിച്ച് വിവരങ്ങൾ ശേഖരിച്ചു.

അതേസമയം, തലസ്ഥാനത്തെ മാധ്യമ പ്രവർത്തകനും രോഗ ലക്ഷണങ്ങളോടെ ക്വാറന്റൈനിലായത് ആശങ്ക വർധിപ്പിക്കുകയാണ്. മാധ്യമ പ്രവർത്തകരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെ നിരവധി പ്രമുഖരുമായാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹം ബന്ധം പുലർത്തിയത്. നാളെയോ മറ്റന്നാളോ ഇയാളുടെ പരിശോധനാ ഫലം വരും എന്നാണ് വിവരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP