Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരമന അനന്തു ഗിരീഷ് കൊലക്കേസ്: തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ സെഷൻസ് കോടതി ഉത്തരവ്; കുറ്റപത്രം സമർപ്പിച്ച് സാക്ഷിവിസ്താരം ഷെഡ്യൂൾ ചെയ്ത ശേഷം തുടരന്വേഷണ അനുമതി തേടിയ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ രൂക്ഷ വിമർശനം: പ്രതികൾ 20 കാരനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയത് കൈമനം നീറമൺകര കുറ്റിക്കാട്ടിൽ വെച്ച്

കരമന അനന്തു ഗിരീഷ് കൊലക്കേസ്: തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ സെഷൻസ് കോടതി ഉത്തരവ്; കുറ്റപത്രം സമർപ്പിച്ച് സാക്ഷിവിസ്താരം ഷെഡ്യൂൾ ചെയ്ത ശേഷം തുടരന്വേഷണ അനുമതി തേടിയ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ രൂക്ഷ വിമർശനം: പ്രതികൾ 20 കാരനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയത് കൈമനം നീറമൺകര കുറ്റിക്കാട്ടിൽ വെച്ച്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം : കരമന നീറമൺകര അനന്തു ഗിരീഷ് കൊലക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. കുറ്റപത്രം സമർപ്പിച്ച് സാക്ഷി വിസ്താര വിചാരണ തീയതികൾ ഷെഡ്യൂൾ ചെയ്ത ശേഷം അന്വേഷണത്തിലെ വിടവുകൾ നികത്താനായി തുടരന്വേഷണ ആവശ്യവുമായി എത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി രൂക്ഷമായി വിമർശിച്ചു. വൈകി വന്ന വിവേകമാണോയെന്ന് കോടതി രൂക്ഷമായ ഭാഷയിൽ ചോദിക്കുകയും ചെയ്തു. തുടർന്ന് കോടതി വിചാരണ നിർത്തിവച്ചു. തുടരന്വേഷണ വിവരത്തിന് പബ്ലിക് പ്രോസിക്യൂട്ടർ മെമോ സമർപ്പിക്കാൻ നിർദ്ദേശിച്ച കോടതി പ്രത്യേക ഉത്തരവിലൂടെ വിചാരണ നിർത്തിവക്കാൻ ഉത്തരവിടുകയായിരുന്നു. 128 പ്രോസിക്യൂഷൻ സാക്ഷികൾക്ക് അയച്ച സമൻസുത്തരവ് റദ്ദ് ചെയ്ത പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ബാബു സമൻസുകൾ തിര്യെ കോടതിയിൽ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി.

20 കാരനായ ചെറുപ്പക്കാരനെ ഇഞ്ചിഞ്ചായി മൃഗീയമായി കൊലപ്പെടുത്തിയ മയക്കുമരുന്നു റാക്കറ്റിലെ കണ്ണികളായ പ്രതികൾക്ക് ജാമ്യം നൽകിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്ന് 2019 ഏപ്രിലിൽ കേസിലെ 14 പ്രതികൾക്ക്ജാമ്യം നിരസിച്ച ഉത്തരവിൽ ജഡ്ജി കെ. ബാബു വിലയിരുത്തിയിരുന്നു. കേസ് ഡയറി പരിശോധിച്ചതിൽ കൊലക്കിരയായ 20 കാരൻ യാതൊരു ലഹരിയും ഉപയോഗിക്കുന്നയാളല്ല . യുവാവിന്റെ ആമാശയത്തിൽ പോസ്റ്റ്‌മോർട്ടം പരിേശാധനയിലും രാസ പരിശോധനയിലും യാതൊരു ലഹരി പദാർത്ഥങ്ങളുടെ അംശമോ അത്തരം ഗന്ധത്തെപ്പറ്റി യാതൊരു പരാമർശവുമില്ല.

അനന്തുവിന്റെ രണ്ടു കൈകളിലെയും ഞരമ്പുകൾ മുറിച്ചതായും കണ്ണുകളിലും മറ്റു ശരീര ഭാഗങ്ങളിലും സിഗരറ്റ് വച്ച് പൊള്ളിച്ചതായും തലയിലും കൈകളിലുമടക്കം ആഴത്തിൽ മാരകമായ പരിക്കുകൾ ഉള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. മർദനമേറ്റ് തലയോട് തകർന്നതും മരണകാരണമായി റിപ്പോർട്ട് വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. കരിക്ക് , കല്ല് , വടി എന്നിവ കൊണ്ട് മർദിച്ചതായും മൂന്നു മണിക്കൂർ പീഡനം തുടർന്നതായും ഫോറൻസിക് - മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചതവുകൾക്കടിയിലെ മാംസം ജല രൂപത്തിലാണെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ടിൽ സാക് ഷ്യപ്പെടുത്തുന്നതുകൊലയുടെ ഭീകരത വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.

കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിക്കാനിരിക്കുന്ന കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ പ്രതികൾ ഒളിവിൽ പോകാനിടയുള്ളതായും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിചാരണ അട്ടിമറിക്കുമെന്നും ഉരുട്ടിക്കൊല മോഡലിൽ പൈശാചികമായി ഇഞ്ചിഞ്ചായാണ് 20കാരനായ യുവാവിനെ കൊലപ്പെടുത്തിയതെന്നും ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ പരണിയം ദേവകുമാർ ശക്തമായി വാദിച്ചിരുന്നു.

കേസിൽ ഒന്നു മുതൽ പതിനാലു വരെ പ്രതികളായ ലഹരി മാഫിയ സംഘാംഗങ്ങളായ വിഷ്ണുരാജ് , ഹരിലാൽ ,കിരൺ കൃഷ്ണ എന്ന ബാലു , വിനീഷ് രാജ് എന്ന വിനീത് , അനീഷ് എന്ന കുട്ടപ്പൻ , അഖിൽ എന്ന അപ്പു , വിഷ്ണുരാജിന്റെ സഹോദരൻ വിജയരാജ് എന്ന കുഞ്ഞുവാവ , ശരത് കുമാർ , മുഹമ്മദ് റോഷൻ , സുമേഷ് , അരുൺ ബാബു എന്നന കുട്ട , അഭിലാഷ് , രാം കാർത്തിക് എന്ന മാരി , വിപിൻ രാജ് എന്നിവരാണ് ആദ്യ കുറ്റ പത്രത്തിന്റെ അടിസ്ഥാനത്തിൽ വിചാരണ നേരിടുന്ന പ്രതികൾ. 2019 മെയ് 23നാണ് കേസിൽ കുറ്റപത്രംം സമർപ്പിച്ചത്. ഫോർട്ട് അസി.കമ്മീഷണർ പ്രതാപൻ നായരാണ് കേസന്വേഷണത്തിന് നേതൃത്വം വഹിച്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

കരമന അരശുമൂട് നിന്ന് പട്ടാപ്പകലാണ് കൊഞ്ചിറ വിള അനന്തു ഭവനിൽ അനന്തുവിനെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. കൈമനം നീറമൺകര കുറ്റിക്കാട്ടിൽ വെച്ച് പൈശാചികമായും മൃഗീയമായും കൊലപ്പെടുത്തുകയായിരുന്നു. ദ്യശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഒരു പ്രതിയുടെ പിറന്നാൾ ആഘോഷിക്കുന്നതിനിടെയാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP