Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ 121 മരണം മാത്രം; പ്രതീക്ഷയോടെ ബ്രിട്ടന്റെ മടക്കം; ദശലക്ഷത്തിൽ എത്രപേർ മരിക്കുന്നു എന്ന കണക്ക് പുറത്തുവന്നപ്പോൾ ബ്രിട്ടനും അമേരിക്കയും പിന്നിലോട്ട്

ഇന്നലെ 121 മരണം മാത്രം; പ്രതീക്ഷയോടെ ബ്രിട്ടന്റെ മടക്കം; ദശലക്ഷത്തിൽ എത്രപേർ മരിക്കുന്നു എന്ന കണക്ക് പുറത്തുവന്നപ്പോൾ ബ്രിട്ടനും അമേരിക്കയും പിന്നിലോട്ട്

സ്വന്തം ലേഖകൻ

മാസങ്ങൾ നീണ്ടുനിന്ന ദുരിതത്തിന് അറുതി വരുന്നതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. ഇന്നലെ രേഖപ്പെടുത്തിയത് വെറും 121 കോവിഡ് മരണങ്ങൾ മാത്രം. കഴിഞ്ഞ മാർച്ച് 23 ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം ഒരു തിങ്കളാഴ്‌ച്ച ദൃശ്യമാകുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന മരണ സംഖ്യയാണിത്. കഴിഞ്ഞ തിങ്കളാഴ്‌ച്ച രേഖപ്പെടുത്തിയത് 160 മരണങ്ങളായിരുന്നു. ഔദ്യോഗിക പ്രക്രിയകൾ പൂർത്തിയാക്കേണ്ടുന്നതിനാൽ ഞായറാഴ്‌ച്ചകളിലും തിങ്കളാഴ്ചകളിലും ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന മരണസംഖ്യയിൽ കുറവുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ നേരത്തേ പറഞ്ഞിരുന്നു.

ബ്രിട്ടന് ആശ്വസിക്കാൻ മറ്റൊരു കാര്യമുള്ളത് 9 ആഴ്‌ച്ചകൾക്ക് ശേഷം ഇന്നലെയാണ് 2000 ത്തിൽ താഴെ പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയത് എന്നതാണ്. ഇന്നലെ 1,625 പുതിയ കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. മറ്റൊരു കണക്ക് കാണിക്കുന്നത് ഇപ്പോൾ ബ്രിട്ടനിലെ വിവിധ ആശുപത്രികളിലായി കോവിഡ് 19 ചികിത്സയിലുള്ളത് 8,800 രോഗികളാണ് എന്നാണ്. അതായത് ഒരാഴ്‌ച്ചയിൽ രോഗികളുടെ എണ്ണത്തിൽ 12 ശതമാനം കുറവ് വന്നിരിക്കുന്നു.

ഈ ആശ്വാസത്തിന്റെ വെളിച്ചത്തിലാണ് കാർ ഷോറൂമുകൾ മറ്റ് ഔട്ട്ഡോർ വിപണികൾ എന്നിവ കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജൂൺ 1 മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കാം എന്ന് സർക്കാർ ഉത്തരവിടുന്നത്. മറ്റ് അത്യാവശ്യ വസ്തുക്കളല്ലാത്ത സാധനങ്ങൾ വില്ക്കുന്ന തുണിക്കടകൾ, ബുക്ക് ഷോപ്പുകൾ തുടങ്ങിയവ ജൂൺ 15 മുതൽ തുറന്ന് പ്രവർത്തിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.

ഇന്നലെ രേഖപ്പെടുത്തിയ 121 മരണങ്ങളിൽ 76 എണ്ണം രേഖപ്പെടുത്തിയത് ആശുപത്രികളിലാണ്. ഇതിൽ അധികവും ഇംഗ്ലണ്ടിലും. ഇതിനിടയിൽ ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചുകൊണ്ട് ഡുർഹാമിലേക്ക് യാത്രചെയ്തതിനെ കുറിച്ച് ഡൊമിനിക് കമ്മിങ്സ് ഇന്ന് ഉച്ചക്ക് ഒരു പൊതുപ്രസ്താവൻ ഇറക്കുമെന്നറിയുന്നു. കൊറോണക്കെതിരായ രാജ്യത്തിന്റെ യുദ്ധത്തിന്റെ ധാർമ്മികത തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന സർക്കാർ ശാസ്ത്ര ഉപദേഷ്ടാവിന്റെ പ്രസ്താവന വന്നതിന് പുറകേയാണ് ഈ തീരുമാനം ഉണ്ടായത്.

അതിനിടയിൽ അന്തരീക്ഷ താപനില ഉയർന്ന ഇന്നലേയും ബീച്ചുകളിലും പാർക്കുകളിലും വെയിൽ കായാനെത്തിയവരുടെ അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടു. ഇംഗ്ലണ്ടിൽ ഇപ്പോൾ പകൽ സമയത്ത് യാത്രാവിലക്കുകളില്ല, എന്നാൽ കുടുംബാംഗങ്ങൾ അല്ലാത്തവരിൽ നിന്നും ആറടി അകലം സൂക്ഷിക്കണം എന്ന നിബന്ധനയുണ്ട്. ഇതിനിടയിൽ സോമർസെറ്റ് കടൽത്തീരത്തെ ഹോട്ട്സ്പോട്ട ആയ വെസ്റ്റൺ സൂപ്പർ മെയറിലെ എൻ എച്ച് എസ് ആശുപത്രികളിൽ കോവിഡ് രോഗികളുടെ തിരക്കനുഭവപ്പെട്ടത് ആശങ്കയുണർത്തി. പുതിയ രോഗികളെ സ്വീകരിക്കുന്നത് നിർത്തേണ്ടിവന്നു ഇവിടെ.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ കടൽത്തെരങ്ങളിൽ വെയിൽ കായാനെത്തിയ ജനക്കൂട്ടമാണോ ഇത്തരമൊരു അവസ്ഥക്ക് കാരണമായതെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. അത് നിഷേധിക്കാനാവില്ല എന്നാണ് മേയർ പറയുന്നത്.

ഇതിനിടയിൽ കോവിഡിന് ബ്രിട്ടനിൽ, ഇപ്പോൾ പറയുന്നത്ര നാശം വിതയ്ക്കാനായോ എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉയർന്ന് വന്നിട്ടുണ്ട്. മരണ സംഖ്യയുടെ കാര്യത്തിൽ ബ്രിട്ടൻ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ന് നിൽക്കുന്നത്. എന്നാൽ ഇതിന്റെ ആഘാതം പരിഗണിക്കുന്നതിന് മൊത്തം ജനസംഖ്യ, ജനസാന്ദ്രത എന്നീ ഘടകങ്ങൾ കൂടി കണക്കിലെടുക്കണം എന്ന അഭിപ്രായവും ഉയര്ന്നു വന്നിട്ടുണ്ട്. മൊത്തംജനസംഖ്യ 67.9 മില്ല്യണും ജനസാന്ദ്രത 727 ഉം ഉള്ള ബ്രിട്ടനിൽ ഒരു ദശലക്ഷം ആളുകളിൽ 544 പേർ മരിച്ചപ്പോൾ, 11.6 മില്ല്യൺ ജനങ്ങളും 991 ജനസാന്ദ്രതയുമുള്ള ബെല്ജിയത്തിൽ ഒരു ദശലക്ഷം പേരിൽ 803 പേരാണ് മരിച്ചത്.

ജനങ്ങളുടെ പ്രായവും ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതുണ്ട്. ജനങ്ങളുടെ ശരാശരി പ്രായം 40 ന് മുകളിലുള്ള ബ്രിട്ടനിലും ഇറ്റലിയിലും ഓരോ ദശലക്ഷം പേരിലും 500 ൽ അധികം പേർ മരിച്ചപ്പോൾ ശരാശരി പ്രായം40 ൽ താഴെയുള്ള അമേരിക്കയിലും അയർലൻഡിലും ദശലക്ഷം പേരിൽ 300 ൽ താഴെ പേർ മാത്രമാണ് മരിച്ചിട്ടുള്ളത്. ഈ കണക്കുകൾക്ക് ഒരു അപവാദമായി നിൽക്കുന്നത് ജർമ്മനി മാത്രമാണ്. ജനസാന്ദ്രതയും ശരാശരി പ്രായവും കൂടുതലുള്ള ജർമ്മനിയിൽ പക്ഷെ ഒരു ദശലക്ഷം പേരിൽ 98 പേർ മാത്രമാണ് മരിച്ചത്.

രോഗവ്യാപനം മുൻകൂട്ടിക്കണ്ട് ജർമ്മനി കൈക്കൊണ്ട്, പരിശോധനകളുടെ വികേന്ദ്രീകരണം പോലുള്ള നടപടികൾ രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുവാനും ചികിത്സ നൽകുവാനും സഹായകരമായി. അതാണ് ജർമ്മനിയിൽ മരണസംഖ്യ പിടിച്ചുകെട്ടാൻ കാരണമെന്ന വിലയിരുത്തൽ നേരത്തേയും വന്നിരുന്നു. ഇക്കാര്യത്തിൽ മറ്റ് രാജ്യങ്ങളൊക്കെയും സമാന സാഹചര്യമുള്ളവയാണ്. രോഗവ്യാപനം നിയയന്ത്രണാതീതമായതിനു ശേഷം ആവശ്യമായ നടപടികൾ സ്വീകരിച്ചവയാണ് മറ്റ് രാജ്യങ്ങളൊക്കെയും.

പല രാജ്യങ്ങളും കോവിഡ് 19 മരണസംഖ്യാ കണക്കെടുപ്പ് നടത്തുന്ന രീതിയിലുള്ള വ്യത്യാസവും കണക്കിലെടുക്കേണ്ടതുണ്ട്. ബ്രിട്ടനിൽ കോവിഡ് പോസിറ്റീവ് ആയവരുടെ കണക്ക് മാത്രം ഉൾപ്പെടുത്തുമ്പോൾ ബൽജിയം പോലുള്ള രാജ്യങ്ങളിൽ സംശയാസ്പദ മരണങ്ങളും ലിസ്റ്റിൽ ഇടം നേടുന്നു. ലണ്ടൻ, ന്യുയോർക്ക് പോലുള്ള നഗരങ്ങളിലെ വർദ്ധിച്ച ജനസാന്ദ്രതയും ഈ രാജ്യങ്ങളിൽ മരണസംഖ്യ വർദ്ധിക്കുവാൻ കാരണമായി.

ഒരു ചതുരശ്ര കിലോമീറ്ററിൽ (അല്ലെങ്കിൽ ചതുരശ്ര മൈലിൽ) ജീവിക്കുന്ന ജനങ്ങളുടെ എണ്ണമാണ് ജനസാന്ദ്രത. ഇത് വർദ്ധിക്കും തോറും സാമൂഹിക അകലം പാലിക്കൽ തീരെ ബുദ്ധിമുട്ടുള്ള ഒന്നായിത്തീരും. കൊറോണയെ ചെറുക്കാൻ ഇപ്പോൾ നിലവിൽ ഉള്ള ഫലപ്രദമായ ഒരേയൊരു വഴി സാമൂഹിക അകലം പാലിക്കലാണെന്നിരിക്കേ, അതിന് കഴിയാത്ത സാഹചര്യത്തിൽ രോഗവ്യാപനം തുടരുക തന്നെ ചെയ്യും. ഇതാണ് ലണ്ടനിലും ന്യുയോർക്കിലുംസംഭവിച്ചതും അതാത് രാജ്യങ്ങളിലെ മരണസംഖ്യ ഉയർത്തിയതും. ഈ രണ്ട് നഗരങ്ങളിലെ കാര്യം മാറ്റിനിർത്തിയാൽ, ബ്രിട്ടനും അമേരിക്കയും മറ്റു പല രാജ്യങ്ങളേക്കാൾ ഭേദപ്പെട്ട നിലയിലാണെന്നാണ് ഈ വാദത്തെ പിന്താങ്ങുന്നവർ അവകാശപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP