Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാറിൽനിന്ന് കിട്ടിയ 25 ലക്ഷം പോക്കറ്റ് മണിയാക്കിയ ഡൽഹി ഭാരവാഹികൾ; റോഡപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബ സഹായ നിധിയിൽനിന്നു കയ്യിട്ടു വാരിയെന്നും ആക്ഷേപം; കുടുംബമേള തട്ടിപ്പ്, സ്പോർട്സ് തട്ടിപ്പ, സുവനീർ തട്ടിപ്പ്, ടൂർ ഫണ്ട് തട്ടിപ്പ്, സമ്മേളന ഫണ്ടു തട്ടിപ്പ്... വിവിധ പ്രസ് ക്ലബുകളിലായി കാലാകലാങ്ങളിലായി നടന്ന അഴിമതികളുടെ വിവരങ്ങൾ ഞെട്ടിക്കുന്നത്; 'അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്‌ക്ലബുകൾ'; മറുനാടൻ പരമ്പര ഇന്നുമുതൽ

സർക്കാറിൽനിന്ന് കിട്ടിയ 25 ലക്ഷം പോക്കറ്റ് മണിയാക്കിയ ഡൽഹി ഭാരവാഹികൾ; റോഡപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബ സഹായ നിധിയിൽനിന്നു കയ്യിട്ടു വാരിയെന്നും ആക്ഷേപം; കുടുംബമേള തട്ടിപ്പ്, സ്പോർട്സ് തട്ടിപ്പ, സുവനീർ തട്ടിപ്പ്, ടൂർ ഫണ്ട് തട്ടിപ്പ്, സമ്മേളന ഫണ്ടു തട്ടിപ്പ്... വിവിധ പ്രസ് ക്ലബുകളിലായി കാലാകലാങ്ങളിലായി നടന്ന അഴിമതികളുടെ വിവരങ്ങൾ ഞെട്ടിക്കുന്നത്; 'അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്‌ക്ലബുകൾ'; മറുനാടൻ പരമ്പര ഇന്നുമുതൽ

മറുനാടൻ മലയാളി ടീം

തിരുവനന്തപുരം: ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ! ലോകത്തിലെ സകല അഴിമതികളും ക്രമക്കേടുകളും വാർത്തയാക്കുകയും സമൂഹത്തിന് ദിശാബോധവും നൽകേണ്ട ഒരു വിഭാഗമാണ് മാധ്യമ പ്രവർത്തകർ. പക്ഷേ അതേ മാധ്യമ പ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെയിലും ( കേരളാ യൂണിയൻ ഓഫ് വർക്കിങ്ങ് ജേർണലിസ്റ്റ്) പ്രസ്‌ക്ലബുകളിലും നടക്കുന്ന അഴിമതികളുടെയും തട്ടിപ്പുകളുടെതും വാർത്തകൾ കേട്ടാൽ ആരും മൂക്കത്ത് വിരൽവെച്ചുപോകും.

സർക്കാറിൽനിന്ന് കിട്ടിയ കാൽക്കോടിരൂപ പോക്കറ്റ് മണിയാക്കിയതും റോഡപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബ സഹായ നിധിയിൽ നിന്ന് കൈയിട്ടുവാരിയതുമൊക്കെയുള്ളയാണ് ഡൽഹിയിൽനിന്നുള്ള വാർത്തകൾ. പുളിമൂട്ടിലെ കേസരി സ്മാരക മന്ദിരം നവീകരണത്തിന്റെ പേരിൽ നടന്നത് തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റിൽ നന്നത് വൻ അഴിമതി. ഇവിടെ ഡിജിറ്റൽ ലൈബ്രറി പദ്ധതിക്ക് കിട്ടിയ 25 ലക്ഷം രൂപ ഏതു വഴി പോയെന്ന് ആർക്കും അറിയില്ല. എറണാകുളത്ത് മാധ്യമ പ്രവർത്തകരല്ലാത്തവർക്ക് നിബ് അവാർഡുകൾ സമ്മാനിച്ചു ഭാരവാഹികൾ വൻ തുകകൾ കൈപ്പറ്റിയത് നേരത്തെ വിവാദമായിരുന്നു.വ്യവസായികളായ സി.കെ.മേനോൻ, ബോബി ചെമ്മണ്ണൂർ, ഇറോം ഗ്രൂപ്പ് എംഡി, തൃശൂരിലെ സാലി, മതപ്രഭാഷകൻ കെ.പി.യോഹന്നാൻ എന്നിവരാണ് അവാർഡ് കോഴയ്ക്ക് ഇരകളായത്. കുടുംബമേള തട്ടിപ്പ്, സ്പോർട്സ് തട്ടിപ്പ, സുവനീർ തട്ടിപ്പ്, ടൂർ ഫണ്ട് തട്ടിപ്പ്, സമ്മേളന ഫണ്ടു തട്ടിപ്പ്... വിവിധ പ്രസ്‌ക്ലബുകളിലായി കാലാകലാങ്ങളിലായി നടന്ന അഴിമതികളുടെ കഥകൾ കേട്ടാൽ ഞെട്ടിപ്പോകും!

ഏറ്റവും വിചിത്രം പത്രപ്രവർത്തക യൂണിയന്റെയും അതാത് പ്രസ്‌ക്ലബുകളുടെയും നേതൃത്വത്തിൽ പേരിന് ഒരു അന്വേഷണം നടക്കുന്നുവെന്നല്ലാതെ ഇതിൽ യാതൊരു നടപടിയും ഉണ്ടാവാറില്ല എന്നതാണ്. ചില പ്രധാന കേസുകൾ മാത്രമാണ് വിജിലൻസിലും കോടതിയിയിലും എത്താറുള്ളത്. എന്നിട്ടും ഇതേക്കുറിച്ച് പുറം ലോകത്തിന് ഒന്നും അറിയില്ല. കാരണം എല്ലാവരും ചേർന്ന് ഇത് മൂടിവെക്കും. മാധ്യമപ്രവർത്തകർ തന്നെ പ്രതിയായ കേസ് എങ്ങനെയാണ് മാധ്യമങ്ങളിൽ വരിക! ഒന്നോർത്തുനോക്കൂ, പൊലീസ് അസോസിയേഷനിലോ, ബാർ അസോസിയേഷനിലോ മറ്റോ ആണ് ഇതുപോലൊരു ക്രമക്കേട് നടന്നത് എങ്കിൽ നമ്മുടെ മാധ്യമ ശിങ്കങ്ങൾ എങ്ങനെ ഉറഞ്ഞു തുള്ളുമായിരുന്നു.

അക്ഷരാർഥത്തിൽ കേരളത്തിലെ ഫോർത്ത് എസ്റ്റേറ്റിൽ കാടുകയറുകയാണ്. 90 ശതമാനം മാധ്യമ പ്രവർത്തകരും ഈ തരികിടകൾ ഇല്ലാതാവണമെന്നും കാര്യങ്ങൾ സുതാര്യമാവണമെന്നും ആഗ്രഹിക്കുന്നവരാണ്.
അതുകൊണ്ടുതന്നെ കേരള പത്രപ്രവർത്തക യൂണിയനിലെ എല്ലാ പ്രവർത്തകരെയും ഒന്നടങ്കം വിമർശിക്ാൻ മറുനാടൻ മലയാളി ഉദ്ദേശിക്കുന്നില്ല. പക്ഷേ എത് അഴിമതിയുടെയും ക്രമക്കേടിന്റെയും വാർത്തകൾ, അത് പത്രപ്രവർത്തകർ നടത്തിയാലും ന്യായധിപന്മാരും രാഷ്ട്രീയക്കാരും നടത്തിയാലും പുറംലോകം അറിയണമെന്നും അതാണ് യഥാർഥ മാധ്യമ ധർമ്മമെന്നും കരുതന്നതുകൊണ്ടാണ് ഈ പരമ്പര പ്രസിദ്ധീകരിക്കുന്നുത്. 'അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്‌ക്ലബുകൾ', പരമ്പര ഇന്നുമുതൽ.

ഇന്ദ്രപ്രസ്ഥത്തിലെ വിശേഷാൽ പരുന്തുകൾക്ക് അഴിമതി പൊൻതൂവലുകൾ

ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥത്തിൽ നിന്നു ടുജി, കൽക്കരി കുംഭകോണങ്ങൾ ധാർമിക രോഷത്തോടെ മലയാള വാർത്താ ചാനലുകളിലും പത്രങ്ങളിലും വിളമ്പിയ പ്രമുഖരുടെ തനിനിറം വെളിപ്പെട്ടതു കെയുഡബ്ല്യൂജെ സർക്കാർ ഫണ്ട് വെട്ടിപ്പു പുറത്തു വന്നതോടെയാണ്. പ്രസ് ക്ലബ് ഓഫിസ്, ലൈബ്രറി എന്നീ പദ്ധതികൾ സമർപ്പിച്ചു കേരള സർക്കാരിൽ നിന്നു കെയുഡബ്ല്യൂജെ ഡൽഹി ഘടകം 2012 സെപ്റ്റംബറിൽ കൈപ്പറ്റിയ 25 ലക്ഷം രൂപ ഭാരവാഹികൾ പോക്കറ്റ് മണിയാക്കിയതോടെയാണ് വിവാദം തുടങ്ങിയത്. വികസനാവശ്യത്തിനു നൽകിയ തുക സംഘടനാ കാര്യങ്ങൾക്കു ചെലവിടാൻ ധനകാര്യ സെക്രട്ടറി അനുമതി നൽകിയെന്നു തെറ്റിദ്ധരിപ്പിച്ചാണു തോന്നിയ പടി ചെലവിടാൻ തുടങ്ങിയത്. അനുമതിയിൽ സംശയം തോന്നി രേഖ ആവശ്യപ്പെട്ടവരെ സംഘടനാ വിരുദ്ധരായി മുദ്രകുത്തി. അങ്ങനെയൊരു അനുമതിയും രേഖയുമില്ലെന്നു പിന്നീടു വിവരാവകാശ രേഖകളിൽ വ്യക്തമായി.

ഇതിനൊപ്പം കേരള ഹൗസിലെ മീഡിയ റൂം ബ്യൂറോയാക്കി ന്യൂസ് 18 സംഘത്തിന്റെ നടപടി കൂടി ചേർന്നതോടെ കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിൽ ഭിന്നത രൂക്ഷമായി. അഴിമതി നടത്തിയ ഭാരവാഹികളും ഫണ്ട് ദുർവിനിയോഗത്തിൽ ഗുണഭോക്താക്കളായ അനുചര സംഘവും ന്യൂസ് 18 ബ്യൂറോക്കാരും സംഘടിച്ചതോടെ എതിർചേരിയും രൂപമെടുത്തു. റോഡപകടത്തിൽ മരിച്ച സനിൽ ഫിലിപ്പിന്റെ കുടുംബ സഹായ നിധിയിൽ നിന്നു വരെ ഭാരവാഹികൾ കയ്യിട്ടു വാരിയെന്നു വെളിപ്പെട്ടതോടെ അഴിമതിക്കാരെ വെറുതെ വിടേണ്ടെന്ന അഭിപ്രായ രൂപീകരണവുമുണ്ടായി. ഇതേ തുടർന്നു കെയുഡബ്ല്യൂജെ വാട്സാപ് ഗ്രൂപ്പിൽ ചേരിതിരിഞ്ഞു വാഗ്വാദം പതിവായി.

സർക്കാർ ഫണ്ടു നിക്ഷേപിച്ച ഫെഡറൽ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് പരിശോധിക്കണമെന്ന് ചില അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടു. കണക്കു കാണണമെന്നു ആവശ്യപ്പെട്ടവർക്കെതിരെ ജാതിയും മതവും വരെ പറഞ്ഞായി ആക്ഷപം. ഡൽഹി ഘടകത്തിന്റെ അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു 19 അംഗങ്ങൾ കെയുഡബ്ല്യൂജെ സംസ്ഥാന നേതൃത്വത്തിനു രേഖാമൂലം പരാതി നൽകി. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ ഡൽഹി വിഷയം കയ്യാങ്കളിയിൽ കലാശിച്ചതോടെ മൂന്നു മുൻ സംസ്ഥാന അധ്യക്ഷന്മാരെ അന്വേഷണ കമ്മിഷനായി നിയമിച്ചു. തെളിവെടുപ്പിനായി ഡൽഹിയിലെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് സംസ്ഥാന ജനറൽ സെക്രട്ടറി നാരായണൻ 55,000 രൂപ ഡൽഹി ഘടകത്തിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയതായി മനസിലാക്കിയത്. നാരായണൻ നിയോഗിച്ച അന്വേഷണ സംഘം സംഘടനയ്ക്കു നാണക്കേടുണ്ടാകാതെ കാത്തു. ഡൽഹി ഘടകത്തിനു ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചു. സനിൽ ഫിലിപ്പ് കുടുംബ സഹായ നിധി വെട്ടിപ്പും സർക്കാർ ഫണ്ട് വെട്ടിപ്പുമെല്ലാം കമ്മിഷൻ കണ്ടില്ലെന്നു നടിച്ചു.

സംസ്ഥാന നേതൃത്വം അഴിമതിക്കു കൂട്ടു നിന്നതോടെ സംഘടനാ തലത്തിൽ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നു മനസിലാക്കി ഡൽഹിയിലെ അംഗങ്ങൾ പിആർഡിക്കും വിജിലൻസിനും പരാതി നൽകി. സമൂഹ മാധ്യമങ്ങളിൽ ഡൽഹി കെയുഡബ്ല്യൂജെ അഴിമതി വാർത്തകൾ വന്നതോടെ യൂണിയൻ ഭാരവാഹികളുടെ ചെമ്പു തെളിഞ്ഞു. വിവരമറിഞ്ഞു കേരള ഹൈക്കോടതിയിലെ അഭിഭാഷകർ പ്രശ്നത്തിൽ ഇടപെട്ടു. ലീഗൽ ലിറ്ററസി കൗൺസിൽ സെക്രട്ടറി ജതിൻ ദാസ് ഹൈക്കോടതിയൽ നൽകിയ പൊതു താൽപര്യ ഹർജിയോടെ കെയുഡബ്ല്യൂജെ ഊരാക്കുടുക്കിലായി. പ്രസിഡന്റായിരുന്ന തോമസ് ഡൊമിനിക്, സെക്രട്ടറിയായിരുന്ന പി.കെ.മണികണ്ഠൻ, ട്രഷറായിരുന്ന പ്രസൂൻ കണ്ടത്ത് എന്നിവർ ഹൈക്കോടതി കേസിൽ പ്രതികളായി.

പൊതു താൽപര്യ ഹർജിയിൽ ഹൈക്കോടതിയിൽ നിന്നു നോട്ടീസ് ലഭിച്ചതോടെ വിജിലൻസും പിആർഡിയും അന്വേഷണം തുടങ്ങി. 2011 മുതൽ പ്രസ് ക്ലബുകൾക്ക് അനുവദിച്ച സർക്കാർ ഫണ്ട് വിനിയോഗം അന്വേഷിക്കാനായി പിആർഡി ഇൻസ്പെക്ഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. സമിതിക്കു മുന്നിൽ കണക്കു സമർപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെ പല പ്രസ് ക്ലബുകൾക്കും. നിർദ്ദേശാനുസരണം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സർട്ടിഫിക്കറ്റ് സഹിതമുള്ള വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിച്ചത് കോഴിക്കോട് പ്രസ് ക്ലബ് മാത്രമാണ്. ഡൽഹി കെയുഡബ്ല്യൂജെ, തിരുവനന്തപുരം പ്രസ് ക്ലബ്, കേസരി സ്മാരക ട്രസ്റ്റ്, ആലപ്പുഴ പ്രസ് ക്ലബ് എന്നിവർ ഒരു രേഖയും സമർപ്പിച്ചിട്ടില്ല. കോട്ടയം, കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, പ്രസ് ക്ലബുകൾ സമർപ്പിച്ച വിനിയോഗ വിവരങ്ങൾക്കു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സർട്ടിഫിക്കറ്റുമില്ല.

കെയുഡബ്ല്യൂജെയുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന വിജിലൻസ് അന്വേഷണത്തിനു തടയിടാൻ ഭാരവാഹികൾ മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാക്കളുടെ കാലുപിടിക്കുന്നുണ്ട്. ഹൈക്കോടതിയിൽ കേസുള്ളതിനാൽ സർക്കാരിനു തൽക്കാലം നടപടി വൈകിക്കാമെന്നല്ലാതെ കോടതിയിൽ വസ്തുതകൾക്ക് അനുസരിച്ചു സത്യവാങ്മൂലം നൽകാതെ കഴിയില്ലെന്നു കെയുഡബ്ല്യൂജെ ഭാരവാഹികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

(തുടരും: അടുത്തലക്കം: ട്രസ്റ്റിന്റെ പേരു മാറ്റൂ; കേസരിയുടെ മാനം കാക്കൂ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP