Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഒരുകോവിഡ് മരണം കൂടി; മരണമടഞ്ഞത് ധർമ്മടം ചാത്തോത്ത് സ്വദേശിനി ആസിയ; 62 കാരിക്ക് അന്ത്യം സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ; ആസിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പക്ഷാഘാതത്തെ തുടർന്ന്; കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചത് ഈ മാസം 20 ന്; രണ്ടുദിവസമായി ഗുരുതരാവസ്ഥയിൽ; ഹൃദയാഘാതം സംഭവിച്ചതോടെ മരണം; സംസ്ഥാനത്ത് കോവിഡ് മരണം ആറായി ഉയർന്നു

സംസ്ഥാനത്ത് ഒരുകോവിഡ് മരണം കൂടി; മരണമടഞ്ഞത് ധർമ്മടം ചാത്തോത്ത് സ്വദേശിനി ആസിയ; 62 കാരിക്ക് അന്ത്യം സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ; ആസിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പക്ഷാഘാതത്തെ തുടർന്ന്; കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചത് ഈ മാസം 20 ന്; രണ്ടുദിവസമായി ഗുരുതരാവസ്ഥയിൽ; ഹൃദയാഘാതം സംഭവിച്ചതോടെ മരണം;  സംസ്ഥാനത്ത് കോവിഡ് മരണം ആറായി ഉയർന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂർ ധർമ്മടം ചാത്തോത്ത് സ്വദേശിനി ആസിയ(62യാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചത്. ആസിയയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി.
പക്ഷാഘാതത്തെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 17-ാം തിയതി വരെ ആയിഷ തലശ്ശേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇരുപതാം തിയതിയാണ് ആസിയ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവർക്ക് കോവിഡ് വന്നത് എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. രണ്ടു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു ആസിയ. ഇന്ന് രാത്രി 8.30ന് ഇവർക്ക് ഹൃദയാഘാതം ഉണ്ടായി. തുടർന്നാണ് മരണം സംഭവിച്ചത്.

2002ൽ ഇവർക്ക് പക്ഷാഘാതം ഉണ്ടായിരുന്നു. തുടർന്നു ദീർഘനാളായി ചികിത്സിലായിരുന്നു ആസിയ. ഏപ്രിൽ 20ന് മൂത്രാശയ സംബന്ധമായ ആസുഖങ്ങളെ തുടർന്നു ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം ഭേദമായതോടെ ഏപ്രിൽ 27ന് ഡിസ്ചാർജ് ആയിരുന്നു. മെയ്‌ 10ന് രോഗം മൂർച്ഛിച്ചതോടെ ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വീണ്ടും പ്രവേശിച്ചു. ആരോഗ്യനില വഷളായതോടെ തലശേരിയിൽനിന്നും മെയ്‌ 17ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഇവർക്ക് കോവിഡ് ബാധയുണ്ടായത് എവിടെനിന്നാണെന്ന് വ്യക്തമല്ല. ഇവരുടെ കുടുംബത്തിലെ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരുള്ള വലിയ കുടുംബമാണ് ഇവരുടേത്. കുടുംബത്തിലെ അംഗങ്ങൾ എല്ലാം നിരീക്ഷണത്തിലാണ്.

ഇന്ന് കേരളത്തിൽ 49 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 14 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 4 പേർക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേർ വിദേശത്ത് നിന്നും (യു.എ.ഇ.-12, ഒമാൻ-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്‌നാട്-4, ഡൽഹി-2, കർണാടക-2) വന്നതാണ്. 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ കണ്ണൂർ ജില്ലയിലെ രണ്ട് പേർ റിമാന്റ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേരുടെയും കൊല്ലം ജില്ലയിൽ നിന്നുള്ള 2 പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 532 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 8390 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 82,678 പേരും റെയിൽവേ വഴി 4558 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 97,247 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,278 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 98,486 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 792 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 152 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1861 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 54,899 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 53,704 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 8110 സാമ്പിളുകൾ ശേഖരിച്ചതിൽ 7994 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കണ്ണൂർ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 59 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP