Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യയിൽ കൊറോണ വൈറസ് പെരുകുന്നു; തങ്ങളുടെ പൗരന്മാരെ ഇന്ത്യയിൽ നിന്ന് ഒഴിപ്പിക്കാൻ തീരുമാനിച്ച് ചൈന; കോവിഡ് വ്യാപനം മൂലം ബുദ്ധിമുട്ടുകൾ നേരിടുന്നവരും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കും അവസരം; ഒഴിപ്പിക്കുന്നത് വിദ്യാർത്ഥികളും, വിനോദ സഞ്ചാരികളും ബിസിനസുകാരും അടക്കമുള്ളവരെ; മടക്കയാത്രയ്ക്ക് എല്ലാവിധത്തിലുള്ള ക്വാറന്റൈൻ നടപടികൾക്കും വിധേയരാകണമെന്നും ചൈനീസ് ഏംബസി; പുതിയ തീരുമാനം അതിർത്തിയിൽ സംഘർഷം പുകയുമ്പോൾ

ഇന്ത്യയിൽ കൊറോണ വൈറസ് പെരുകുന്നു; തങ്ങളുടെ പൗരന്മാരെ ഇന്ത്യയിൽ നിന്ന് ഒഴിപ്പിക്കാൻ തീരുമാനിച്ച് ചൈന; കോവിഡ് വ്യാപനം മൂലം ബുദ്ധിമുട്ടുകൾ നേരിടുന്നവരും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കും അവസരം; ഒഴിപ്പിക്കുന്നത് വിദ്യാർത്ഥികളും, വിനോദ സഞ്ചാരികളും ബിസിനസുകാരും അടക്കമുള്ളവരെ; മടക്കയാത്രയ്ക്ക് എല്ലാവിധത്തിലുള്ള ക്വാറന്റൈൻ നടപടികൾക്കും വിധേയരാകണമെന്നും ചൈനീസ് ഏംബസി; പുതിയ തീരുമാനം അതിർത്തിയിൽ സംഘർഷം പുകയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിലെ കൊറോണ വ്യാപനം മൂലം ബുദ്ധിമുട്ടിലായ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ ചൈനയുടെ തീരുമാനം. ബുദ്ധിമുട്ടുകൾ നേരിടുന്നവരും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കുമാണ് അവസരം. വിദ്യാർത്ഥികളും, വിനോദ സഞ്ചാരികളും ബിസിനസുകാരും അടക്കമുള്ളവരെയാണ് ചൈന ഒഴിപ്പിക്കുന്നത്. ഇതുസംബന്ധിച്ച നോട്ടീസ് ചൈനീസ് ഏംബസി തങ്ങളുടെ വെബ്‌സൈറ്റിൽ ഇട്ടു. പ്രത്യേക ഫ്‌ളൈറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് ഏറ്റവും അധികം ബാധിച്ച രാജ്യങ്ങളിൽ ഇന്ത്യ 10 ാമത് എത്തിയ പശ്ചാത്തലത്തിലാണ് ചൈനയുടെ പുതിയ നീക്കം.

അതേസമയം, കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലാണെന്നും ഓർക്കണം. 190 രാജ്യങ്ങളിലേക്ക് അതുപടർന്നു. 54 ലക്ഷത്തിലേറെ പേരെ അത് ബാധിച്ചു. 3.4 ലക്ഷം പേരുടെ ജീവനെടുത്തു. ഫെബ്രുവരിയിൽ വുഹാനിൽ നിന്ന് ഇന്ത്യ 700 ഇന്ത്യാക്കാരെ ഒഴിപ്പിച്ചിരുന്നു.

നാട്ടിലേക്ക് മടക്കയാത്രയ്ക്ക് ഒരുങ്ങുന്നവർ ഫ്‌ളൈറ്റിലും അതുപോലെ രാജ്യത്ത് തിരികെ പ്രവേശിക്കുമ്പോഴും എല്ലാവിധത്തിലുള്ള ക്വാറന്റൈൻ നടപടികൾക്കും വിധേയരാകണമെന്നും ചൈനീസ് ഏംബസിയുടെ നോട്ടീസിൽ പറയുന്നു. മാൻഡറിൻ ഭാഷയിലാണ് ഏംബസിയുടെ നോട്ടീസ്. കോവിഡിന് ചികിത്സിക്കുന്നവരോ, കഴിഞ്ഞ 14 ദിവസമായി രോഗ ലക്ഷണങ്ങളായ പനി, ചുമ എന്നിവയുള്ളവരോ പ്രത്യേക വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യരുത്.

വിദേശ കാര്യമന്ത്രാലയം, മറ്റു വകുപ്പുകൾ, ചൈനീസ് നയതന്ത്രകാര്യാലയങ്ങൾ എന്നിവയുടെ പിന്തുണയോട ഇന്ത്യയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളെയും താൽക്കാലിക വ്യവസായ സന്ദർശകരെയും അടിയന്തരമായി നാട്ടിൽ എത്തേണ്ടവരെയും തിരിച്ചെത്തിക്കുമെന്നാണ നോട്ടീസിൽ പറയുന്നത്. മററു ചില രാജ്യങ്ങളിൽ നിന്നുള്ളവരെയും ഒഴിപ്പിച്ചേക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. വിമാന ടിക്കറ്റിന്റെയും ക്വാറന്റൈന്റെയും ചെലവ് ഒഴിപ്പിക്കുന്നവർ വഹിക്കണം. വിമാനത്തിൽ കയറുന്നതിന് മുമ്പ് ശരീരത്തിന്റെ ചൂട് 37.3 ഡിഗ്രിയിൽ കൂടുതലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും എയർലൈൻ പ്രവേശനം നിരസിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

യഥാർഥ നിയന്ത്രണ രേഖയിലും കിഴക്കൻ ലഡാക്കിലും രണ്ടാഴ്ചയിലേറെയായി പാങ്‌ഗോങ്, ഗൽവാൻ താഴ് വര എന്നീ തർക്ക പ്രദേശങ്ങളിൽ ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിൽ സംഘർഷം നിലനിൽക്കുന്ന സമയത്താണ് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ ചൈന മുതിരുന്നത്.

ലഡാക്കിലും സിക്കിമിലും അടക്കം ചൈന അധിനിവേശത്തിന് ശ്രമിക്കുന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. ലഡാക്കിൽ ഇന്ത്യൻ സൈനികരെ ചൈനീസ് ട്രൂപ്പ് തടവിലാക്കിയെന്ന റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഇന്ത്യൻ സൈന്യം രംഗത്തുവന്നത്. മെയ് 9ന് ഇരുരാജ്യങ്ങളുടേയും സൈനികർ തമ്മിൽ കയ്യാങ്കളിയുണ്ടായി. എന്നാൽ താഴെത്തട്ടിൽ തന്നെ പ്രശ്നങ്ങൾ അവസാനിപ്പിച്ചുവെന്ന് ഇന്ത്യൻ സൈനിക വക്താവ് കേണൽ അമൻ ആനന്ദ് പറഞ്ഞു.

ലഡാക്കിൽ പാംഗോങ് ട്സോ തടാകത്തിനു സമീപം പട്രോളിങ് നടത്തിയ സൈനികരെ ചൈന തടവിലാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ. അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ പ്രശ്നം പുകയുകയാണ്. ഇരു രാജ്യങ്ങളുടേയും കമാൻഡർമാർ തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രശ്നം ഉടലെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതിഗതികൾ വിലയിരുത്തി.

കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാമെന്ന് മുതിർന്ന കേന്ദ്ര ആഭ്യന്തര ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം കനത്തതിനു പിന്നാലെ, അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ജമ്മു കശ്മീരിലെ ലേയിൽ എത്തിയിരുന്നു. സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വര, പാംഗോങ് ട്സോ തടാകത്തിന്റെ വടക്കൻ തീരം എന്നിവിടങ്ങളിലേക്ക് ഇന്ത്യ കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ, പ്രശ്നത്തിൽ ഇന്ത്യയ്ക്കു പിന്തുണയുമായി യുഎസ് രംഗത്തുവന്നു.

അതിനിടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൈന ഇന്ത്യൻ അതിർത്തി മറികടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിൽ വർധനവുണ്ടായെന്ന് കണക്കുകൾ. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് 2015 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ ആയിരക്കണക്കിന് ലംഘനങ്ങളാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഓരോ വർഷവും ഇതിൽ വർധനവുണ്ടാകുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

2020-ൽ മാത്രം ഇതുവരെ 170 തവണയാണ് ചൈന ഇന്ത്യൻ മണ്ണിലേക്ക് നിയന്ത്രണ രേഖ മറികടന്ന് കടന്നുകയറാൻ ശ്രമിച്ചിരിക്കുന്നത്. ലഡാക്ക് മുതൽ അരുണാചൽ വരെയുള്ള 4000 കിലോമീറ്റർ അതിർത്തിയിൽ 23 സ്ഥലങ്ങളിലാണ് ഇന്ത്യ- ചൈന പ്രശ്നസാധ്യത കൂടുതലുള്ള മേഖലയെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലഡാക്ക് പ്രദേശത്തെ ഡെംചോക്ക്, ചുമാർ, ട്രിഗ് കുന്നുകൾ, ഡുംചേലെ, സ്പാംഗൂർ ഗ്യാപ്, പാംഗോഗ് ട്സോ എന്നിവ കൂടുതൽ പ്രശ്നബാധിതം. മധ്യമേഖലയിൽ ബാരാഹോതി, കൗരിക്ക്, ഷിപ്കി ലാ എന്നിവയും കിഴക്കൻ മേഖലയിൽ ഡിച്ചു, നാംകാചു, അസാഫി ലാ, യാംഗ്സി, ദിബാംഗ് എന്നിവയുമാണു പ്രശ്ന സ്ഥലങ്ങൾ.

നേരത്തെ കരസേനാ മേധാവി ലഡാക്കിലെ സൈനിക ആസ്ഥാനമായ ലേ സന്ദർശിച്ചതിന് പിന്നാലെ ഇന്ത്യ സൈനിക വിന്യാസവും ശക്തമാക്കിയിരുന്നു. ലഡാക്ക്, സിക്കിം മേഖലകളിൽ ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്നതായുള്ള ചൈനയുടെ ആരോപണം നിലനിൽക്കുന്നുണ്ട്. കൂടാതെ ഇന്ത്യൻ മേഖലകളിൽ ചൈനയുടെ സേന പട്രോളിങ് നടത്തുന്നതായി ഇന്ത്യ ആരോപണം ഉന്നയിച്ചതായും ചൈന കുറ്റപ്പെടുത്തിയിട്ടുമുണ്ട്.

മെയ് ആദ്യവാരം മുതൽ സിക്കിം അതിർത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യൻ സേന തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണം ചൈന കൂടുതൽ സൈന്യത്തെ വിന്യസിച്ചതെന്നും ചൈന അറിയിച്ചു. മെയ് 5, 6 തീയതികളിൽ പാങോങ് സോയിൽ ഇരു സൈന്യങ്ങളും നേർക്ക് നേരെ വന്നതിനെ തുടർന്ന് ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുൾപ്പെടെ ഇരുരാജ്യങ്ങളും അധികസേനാവിന്യാസം നടത്തിയിട്ടുണ്ട്. ചൈന അതിർത്തിക്ക് സമീപം ഇന്ത്യ കൂടുതൽ സൈനിക ഒരുക്കങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

2 മാസമായി പാക്കിസ്ഥാനും ഏതാനും ആഴ്ചകളായി ചൈനയും വെല്ലുവിളി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ അതീവ ജാഗ്രതയിലാണ്. ഇതിനു പുറമേ, തർക്കമുന്നയിച്ച് നേപ്പാളും രംഗത്തുവന്നിട്ടുണ്ട്. 2017 ൽ സിക്കിമിലെ ദോക് ലാ സംഭവത്തിനു ശേഷം ഇന്ത്യ ചൈന അതിർത്തിയിലെ ഏറ്റവും രൂക്ഷമായ സംഘർഷമാണ് ഇപ്പോഴത്തേതെന്നു സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ സംഘർഷം വടക്കൻ സിക്കിമിലും ജമ്മു കശ്മീരിലെ കിഴക്കൻ ലഡാക്കിലുമാണ്. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വര, പാങ്ങ്യോങ് തടാകത്തിന്റെ വടക്കൻ തീരം എന്നിവിടങ്ങളിൽ ഇരു സേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നു. കിഴക്കൻ ലഡാക്കിൽ ഇരു രാജ്യങ്ങളും പങ്കിടുന്ന അതിർത്തി 826 കിലോമീറ്റർ ദൂരത്തിലാണ്. ഗാൽവൻ താഴ്‌വര ഇവിടെ ഇന്ത്യ റോഡ് നിർമ്മിച്ചതാണു ചൈനയുടെ എതിർപ്പിനു കാരണം. റോഡ് പൂർണമായി ഇന്ത്യൻ ഭാഗത്താണെങ്കിലും അതിർത്തിയിൽ ഏതു കാലാവസ്ഥയിലും സൈന്യത്തെ എത്തിക്കാൻ കഴിയുന്നവിധം റോഡ് നിർമ്മിക്കുന്നതിലാണ് എതിർപ്പ്.

പാങ്ങ്യോങ് തടാകത്തിന്റെ വടക്കൻ തീരം ഇവിടെ തർക്കങ്ങൾ പതിവ്. തടാകക്കരയിലേക്ക് അടുത്തിടെ ഇന്ത്യ സേന റോഡ് നിർമ്മിച്ചതും ചൈനയ്ക്കു രസിച്ചില്ല. ഈ മാസം 5ന് ഇവിടെ പട്ടാളക്കാർ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഈ ഭാഗത്തെ 8 മലനിരകളിൽ (സേനാ ഭാഷയിൽ 8 ഫിംഗേഴ്‌സ്) നാലാമത്തേതാണ് (ഫിംഗർ 4) അതിർത്തിയെന്ന നിലപാടിലാണ് ഇന്ത്യൻ സേന നിൽക്കുന്നത്. രണ്ടാമത്തേതാണ് അതിർത്തിയെന്ന് വാദിച്ച് ഇന്ത്യയെ 10 കിലോമീറ്ററോളം പിന്നോട്ടു തള്ളാൻ ചൈന ശ്രമിക്കുന്നു. ഒരിഞ്ചു പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇന്ത്യ.

കോവിഡിന്റെ പേരിൽ രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ട ചൈനയെ വ്യാപാര മേഖലയിൽ കടത്തിവെട്ടാൻ ഇന്ത്യ നടത്തുന്ന നീക്കങ്ങളിൽ അവർക്ക് അമർഷമുണ്ട്. അതിർത്തിത്തർക്കങ്ങൾ കുത്തിപ്പൊക്കി സംഘർഷമുണ്ടാക്കാൻ ചൈനയെ പ്രേരിപ്പിക്കുന്നത് ഇതാവാമെന്നാണ് വിലയിരുത്തൽ. ആപ്പിളിനെ അടക്കം മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചൈനീസ് എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP