Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിന്നൽ മുരളിയുടെ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായത് രാഷ്ട്രീയ ബജ്റംഗദൾ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂർ; കുപ്രസിദ്ധ ഗുണ്ടയായ രതീഷ് അറിയപ്പെടുന്നത് കാരി രതീഷ് എന്ന പേരിൽ; കൊലപാതക കേസിൽ അടക്കം പ്രതി; അക്രമികൾ സെറ്റ് പൊളിക്കുമെന്ന് ഒരാഴ്ച മുമ്പേ പരസ്യ പ്രഖ്യാപനം നടത്തിയ വീഡിയോയും പുറത്തുവിട്ടു; ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയുടെ സെറ്റ് തകർക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു ആഹ്ലാദ പ്രകടനവുമായും തീവ്ര ഹിന്ദുത്വവാദ സംഘടന

മിന്നൽ മുരളിയുടെ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായത് രാഷ്ട്രീയ ബജ്റംഗദൾ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂർ; കുപ്രസിദ്ധ ഗുണ്ടയായ രതീഷ് അറിയപ്പെടുന്നത് കാരി രതീഷ് എന്ന പേരിൽ; കൊലപാതക കേസിൽ അടക്കം പ്രതി; അക്രമികൾ സെറ്റ് പൊളിക്കുമെന്ന് ഒരാഴ്ച മുമ്പേ പരസ്യ പ്രഖ്യാപനം നടത്തിയ വീഡിയോയും പുറത്തുവിട്ടു; ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയുടെ സെറ്റ് തകർക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു ആഹ്ലാദ പ്രകടനവുമായും തീവ്ര ഹിന്ദുത്വവാദ സംഘടന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാലടിയിൽ കാലടിയിൽ ടൊവിനോ തോമസ് ചിത്രം മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കേസിലെ പ്രതിയായ രതീഷാണ് അറസ്റ്റിലായത്. അങ്കമാലിയിൽ നിന്നാണ് രതീഷിനെ പിടികൂടിയത്. രാഷ്ട്രീയ ബജ്റംഗദൾ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂർ. ഇയാൾ സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ട കൂടിയാണ്. കാരി രതീഷ് എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. ആക്രമണത്തിൽ പങ്കാളികളായ നാല് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്റെയും രാഷ്ട്രീയ ബജ്‌രംഗദളിന്റെയും പ്രവർത്തകരുമാണ്.

അഖില ഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയാണ് രാഷ്ട്രീയ ബംജ്‌റംഗദൾ. കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയായ കാരി രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. മിന്നൽ മുരളിയുടെ നിർമ്മാതാവ് സോഫിയാ പോളിന് വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ആലുവ റൂറൽ എസ്‌പിക്ക് പരാതി നൽകി. ഇതോടെയാണ് എഎസ്‌പി എം.ജെ. സോജന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. കലാപം ഉണ്ടാക്കാൻ ശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം അഞ്ച് എഎച്ച്പി പ്രവർത്തകർക്കെതിരെ കേസും എടുത്തിരുന്നു.

മലയാളസിനിമാലോകം മുഴുവൻ ഈ അക്രമത്തെ ശക്തമായ ഭാഷയിലാണ് എതിർത്തത്. മുഖ്യമന്ത്രിയും അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിർമ്മാതാവ് സോഫിയ പോൾ പറഞ്ഞു. സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നൽകിയ മഹാശിവരാത്രി ആഘോഷ സമിതിയും സെറ്റ് പൊളിച്ച വിഷയത്തിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ആലുവ റൂറൽ എസ്‌പിക്ക് ആഘോഷസമിതിയും പരാതി നൽകി.

എഎച്ച്പി ജനറൽ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകർത്ത കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. കാലടി മണപ്പുറത്ത് ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് ഹിന്ദുത്വ തീവ്രവാദ സംഘടന അന്താരാഷ്ട്ര ഹിന്ദുപരിഷത് നശിപ്പിച്ചത് പരസ്യ പ്രഖ്യാപനത്തിന് പിന്നാലെയാണ്. മെയ്‌ 19ന് ഫേസ്‌ബുക്കിലൂടെയും യൂട്യൂബിലൂടെയും എ എച്ച് പി നേതാക്കൾ 'മിന്നൽ മുരളി'ക്കായി സജ്ജീകരിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് പൊളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ ബജ്റംഗ്ദളിന്റെ മാതൃസംഘടനയായ അന്താരാഷ്ട്ര ഹിന്ദുപരിഷത് സംസ്ഥാന സെക്രട്ടറി ഹരി പാലോട് ഫേസ്‌ബുക്കിലും ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.

എഎച്ച്പി നേതാവ് മെയ്‌ 19ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്:

കാലടി ശിവരാത്രി മണപ്പുറത്ത് ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നിർമ്മിച്ച പാലം കാലടി ശിവരാത്രി മണപ്പുറം കമ്മറ്റി ഭാരവാഹികൾ സിനിമ ഷൂട്ടിംഗിന്റെ ആവശ്യത്തിനായി മറിച്ചു വിൽക്കുകയും ചെയ്തു. ഇതിനെതിരെ രാഷ്ട്രീയബജ്റംഗ്ദളിന്റെ പ്രതിഷേധത്തെ തുടർന്ന് പാലം പൊളിച്ചു മാറ്റുന്നു. കാലടി ശിവരാത്രി മണപ്പുറത്ത് നിർമ്മിച്ചിരിക്കുന്ന ക്രിസ്ത്യൻ പള്ളിയുടെ സെറ്റും ഉടൻ പൊളിച്ചു മാറ്റുവാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുക .....! അല്ലാത്തപക്ഷം ഞങ്ങൾ നേരിട്ട് പൊളിക്കുന്നതായിരിക്കും ...!

രാഷ്ട്രീയ ബജ്റംഗദൾ (RBD)
കാലടി

കാലടി ശിവരാത്രി മണപ്പുറത്ത് ശിവന്റെ ക്ഷേത്രം മറച്ചുകൊണ്ട് മഹാദേവന്റെ മുഖം മറച്ച് പള്ളി നിർമ്മിച്ചിരിക്കുകയാണെന്ന് ഇത് പൊളിച്ച് നീക്കണമെന്നും അന്താരാഷ്ട്ര ഹിന്ദു പരിഷദ് വിഭാഗ് അധ്യക്ഷൻ രതീഷ് മലയാറ്റൂർ പറയുന്ന വീഡിയോയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. രതീഷ് മലയാറ്റൂരിന്റെ നേതൃത്വത്തിലാണ് പള്ളി സെറ്റ് പൊളിച്ചതെന്ന് ഹിന്ദു പരിഷത്ത് പറഞ്ഞിരുന്നു. പഞ്ചായത്ത് അനുമതിയില്ലാതെയാണ് സിനിമാ സെറ്റ് നിർമ്മിച്ചതെന്ന വാദം തള്ളി മിന്നൽ മുരളി നിർമ്മാതാക്കൾ രംഗത്ത് വന്നിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം പഞ്ചായത്തിൽ പണമടച്ചതിന്റെ രസീതാണ് ടൊവിനോ ഉൾപ്പെടെ പങ്കുവച്ചിരിക്കുന്നത്.

കാലടി മണപ്പുറത്തെ ക്രിസ്ത്യൻ പള്ളി സെറ്റ് പൊളിച്ചതിന്റെ ആഹ്ലാദപ്രകടനവും അവകാശവാദവും സാമൂഹ്യമാധ്യമങ്ങളിലും നടക്കുന്നുണ്ട്. എ എച്ച് പി, രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകർ പേജിലൂടെയും പ്രൊഫൈലിലൂടെയും ചിത്രങ്ങൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. എ എച്ച് പി സംസ്ഥാന സെക്രട്ടറി സ്വന്തം ഫോൺ നമ്പർ ഉൾപ്പെടെ നൽകിയാണ് കൂടവും കമ്പിവടികളും ഉപയോഗിച്ച് ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയുടെ സെറ്റ് തകർക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഹിന്ദുവിന്റെ സ്വാഭിമാനം സംരക്ഷിക്കാനാണ് പൊളിച്ചതെന്നാണ് അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP