Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോടികളുടെ സ്വത്ത് കൈക്കലാക്കാൻ അച്ഛനേയും രണ്ടാം ഭാര്യയേയും വിഷപാമ്പിനെ കൊണ്ട് കൊല്ലിച്ച നാഗ്പൂരിലെ നിർഭയ് രാജ്യത്തെ സർപ്പ ദംശന കൊലയിലെ ആദ്യ സൂത്രധാരൻ; ഗണപത്റാവു-സരിതാഭായി കൊലക്കേസും കൊല്ലത്തെ ഉത്രക്കൊലക്കേസിന്റെ സമാന മാതൃക; ഭാര്യയെ പാമ്പിൻവിഷം കുത്തിവച്ചു കൊലപ്പെടുത്തിയ ഭർത്താവും ആന്ധ്രയെ നടുക്കിയ കൊലയാളി; ഉത്രയെ കൊന്ന സൂരജും പിന്തുടർന്നത്  നാഗങ്ങളെ ഉപയോഗിച്ചുള്ള രീതി; രാജ്യത്തെ നടുക്കിയ സർപ്പദംശന കൊലപാതകങ്ങൾ

മറുനാടൻ ഡെസ്‌ക്‌

നാഗ്പുർ: കേരളത്തെ മുഴുവൻ നടുക്കിയ സംഭവമാണ് സൂരജ് എന്ന യുവാവ് വിഷപ്പാമ്പിനെ ഉപയോഗിച്ച് സ്വന്തം ഭാര്യയെ അരും കൊല ചെയ്തത്. വെറും സർപ്പദംശനമേറ്റ് മരണമടഞ്ഞു എന്ന് എഴുതി തള്ളിയ കൊല്ലം ഉത്രയുടെ മരണം ഒടുക്കം കൊലപാതകമാണെന്ന് തെളിഞ്ഞതും അത്യന്തം നാടകീയമായിട്ടാണ്. വിഷപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ അരുംകൊലകൾ മുൻപും രാജ്യത്ത് അരങ്ങേറിയിട്ടുണ്ട് . 

പത്തു വർഷം മുമ്പ് മാർച്ചിൽ നാഗ്പുരിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഗണപത്റാവു (84), രണ്ടാം ഭാര്യ സരിതാബായ് (78) എന്നിവരെ മകൻ നിർഭയ് ഒരു പാമ്പുപിടിത്തക്കാരന്റെ സഹായത്തോടെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നു എന്നതായിരുന്നു കേസ്.

ഗണപത്റാവുവിന്റെ ലക്ഷങ്ങളുടെ സ്വത്ത് സ്വന്തമാക്കാൻ നിർഭയ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് കണ്ടെത്തി. ഇയാൾക്കു വേണ്ടി പാമ്പിനെ എത്തിച്ചയാളെയും പിടികൂടിയിരുന്നു. എന്നാൽ ഒരു വർഷത്തിനു ശേഷം ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതികളെ വെറുതേവിട്ടു. പാമ്പ് കടിയേറ്റാണ് ദമ്പതികൾ മരിച്ചതെന്നു ശാസ്ത്രീയമായി തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തുകയായിരുന്നു.

വലിയ ഭൂസ്വത്തിന് ഉടമയായിരുന്ന ഗണപത്റാവുവും ഭാര്യയും പാമ്പുകടിയേറ്റു മരിച്ച സംഭവം സാധാരണ മരണമായാണ് പൊലീസ് ആദ്യം പരിഗണിച്ചത്. എന്നാൽ പിന്നീട് ബോധപൂർവം ആരോ പാമ്പിനെക്കൊണ്ട് ഇവരെ കടിപ്പിച്ചതായിരിക്കാം എന്ന നിഗമനത്തിലേക്കെത്തി. തുടർന്ന് കൊലപാതകക്കുറ്റം ഉൾപ്പെടുത്തി കേസെടുത്തു. ഗണപത് റാവുവിന്റെ മകൻ നിർഭയിനെയായിരുന്നു പൊലീസിനു സംശയം. സ്വത്തു തർക്കത്തെ തുടർന്ന് ഇവരെ അപായപ്പെടുത്താൻ നിർഭയ് തീരുമാനിച്ചുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.

വിശദമായ അന്വേഷണം പാമ്പുപിടിത്തക്കാരനായ സന്ദീപ് ബെൽഖെഡെയിലേക്കു പൊലീസിനെ എത്തിച്ചു. 2010 ഏപ്രിൽ ആദ്യം സന്ദീപ് നാഗ്പുർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 41കാരനായ സന്ദീപ് മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് വൃദ്ധദമ്പതികളെ കടിപ്പിച്ചുവെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഇയാൾ പണത്തിനു വേണ്ടിയാണ് പാമ്പിനെ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. ചെറുപ്രായം മുതൽ പാമ്പുകളെ പിടിച്ചിരുന്ന സന്ദീപ് 30,000ത്തോളം പാമ്പുകളെ കുടുക്കിയിട്ടുണ്ടെന്നാണു പൊലീസ് പറഞ്ഞത്. വൃദ്ധ ദമ്പതികളെ കടിപ്പിച്ച പാമ്പിനെ സന്ദീപ് കാട്ടിലേക്കു തുറന്നുവിട്ടുവെന്നും പൊലീസ് അറിയിച്ചു. കൊലപാതകമാണെന്നു പൊലീസിനു സംശയം തോന്നിയെന്ന് അറിഞ്ഞ് ഇയാൾ നാട്ടിലേക്കു മുങ്ങുകയായിരുന്നു.

ഗണപത് റാവുവിന്റെ ഏറ്റവും ഇളയമകനായ നിർഭയ അഞ്ചുലക്ഷം രൂപ സന്ദീപിനും കൂട്ടുപ്രതികളായ പ്രകാശ് ഇൻഗോൾ, കമൽ ബദേൽ എന്നിവർക്കും നൽകിയെന്നു പൊലീസ് കണ്ടെത്തി. പ്രകാശ് ആണ് സന്ദീപുമായി ബന്ധപ്പെട്ട് പാമ്പിനെ എത്തിച്ചത്. അന്വേഷണത്തിനൊടുവിൽ നിർഭയ്, പ്രകാശ്, കമൽ ഇവർ വാടകയ്ക്കെടുത്ത വാഹനത്തിന്റെ ഡ്രൈവറായ ആനന്ദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ ഒരു വർഷത്തിനു ശേഷം കേസ് കോടതിയിലെത്തിയതോടെ കാര്യങ്ങൾ മലക്കം മറിഞ്ഞു. മകൻ ഉൾപ്പെടെ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടു. പാമ്പ് കടിയേറ്റാണു ദമ്പതികൾ മരിച്ചതെന്ന പൊലീസിന്റെ വാദം രാസപരിശോധനയിൽ തെളിയിക്കാൻ കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി. സർക്കാർ മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദമ്പതികളുടെ കൈത്തണ്ടയിൽ കടിയേറ്റ പാടുള്ളതായി വ്യക്തമാക്കിയിരുന്നു.

തുടർന്നു രാസപരിശോധനാ വിദഗ്ദ്ധർക്കു കേസ് കൈമാറി. പാമ്പ് കടിച്ചുവെന്ന് ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തിയെങ്കിലും അതു മനഃപൂർവം ആരെങ്കിലും ചെയ്യിച്ചതാണെന്ന് പൂർണമായി തെളിയിക്കാൻ കഴിഞ്ഞില്ല. ഫോറൻസിക് വിദഗ്ദ്ധർ ഉറപ്പിച്ചു റിപ്പോർട്ട് നൽകാൻ തയാറാകാതിരുന്നതോടെ കോടതിയിൽ പ്രോസിക്യൂഷൻ വാദത്തിനു ബലം കുറഞ്ഞു. സാഹചര്യ തെളിവുകൾക്കൊപ്പം ശാസ്ത്രീയമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിനു കഴിയാതെ വന്നതോടെ പ്രതികളെ കോടതി വെറുതേവിടുകയായിരുന്നു.

ഗണപത് റാവുവിന്റെ ഡ്രൈവർ സുരേഷ് നായ്ക്കാണ് ആദ്യം മരണത്തെക്കുറിച്ചു പരാതി നൽകിയിരുന്നത്. എന്നാൽ വിചാരണയുടെ ഘട്ടത്തിൽ ഇയാൾ കൂറുമാറി. വൃദ്ധദമ്പതികളെ കൊലപ്പെടുത്താൻ നിർഭയ് പദ്ധതിയിട്ടിരുന്നതായി അറിയാമായിരുന്നുവെന്നാണ് ഇയാൾ ആദ്യം പറഞ്ഞിരുന്നത്. സുരേഷിനെ കൈകാര്യം ചെയ്തതിൽ പൊലീസിനു വീഴ്ച പറ്റിയെന്നു ചില അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇയാളെ പ്രതിയാക്കിയിരുന്നെങ്കിൽ മാപ്പുസാക്ഷിയാക്കാമായിരുന്നുവെന്നു പ്രോസിക്യൂട്ടർമാർ പറഞ്ഞു.

പാമ്പ് കടിയെക്കുറിച്ചുള്ള വാദം തെളിയിക്കാൻ പൊലീസ്, വിദഗ്ധരുടെ അഭിപ്രായം തേടിയില്ലെന്നും പരാതി ഉയർന്നിരുന്നു. ഒരു പാമ്പ് പെട്ടെന്നു രണ്ടു പേരെ കടിക്കുമോ എന്നും, സംഭവത്തിൽ രണ്ടു പാമ്പുകളെ ഉപയോഗിച്ചിരുന്നോ എന്നു പൊലീസ് കൃത്യമായി അന്വേഷിക്കേണ്ടിയിരുന്നുവെന്നും ഒരു പ്രോസിക്യൂട്ടർ പറഞ്ഞു. ഏറെ നൂലാമാലകൾ നിറഞ്ഞ കേസായതുകൊണ്ടാണു പ്രതികൾ രക്ഷപ്പെട്ടതെന്നും അവർ ചൂണ്ടിക്കാട്ടി.

2016-ൽ ആന്ധ്രയിലെ രാജമുന്ധ്രിയിൽ ഭർത്താവ് ഭാര്യയെ പാമ്പിൻവിഷം കുത്തിവച്ചു കൊന്ന സംഭവവും അരങ്ങേറിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഗൾ സാഹേബ് എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹോമിയോ മരുന്നിനു വേണ്ടിയാണെന്നു പറഞ്ഞ് പാമ്പാട്ടിയിൽനിന്നു പാമ്പിൻ വിഷം വാങ്ങി ഒരു നാട്ടുവൈദ്യനെക്കൊണ്ടു ഭാര്യക്കു കുത്തിവയ്ക്കുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നതോടെ ഭാര്യ അലറിക്കരഞ്ഞപ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അവിഹിതബന്ധത്തിനു ഭാര്യ തടസം നിന്നതോടെയാണു വിചിത്രമായ രീതിയിൽ അവരെ ഒഴിവാക്കാൻ സാഹെബ് പാമ്പിൻവിഷം തിരഞ്ഞെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP