Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹജീവി സ്നേഹത്തിന്റെ പ്രവാഹമായി തോമസ് ഓലിയാംകുന്നേൽ

സഹജീവി സ്നേഹത്തിന്റെ പ്രവാഹമായി തോമസ് ഓലിയാംകുന്നേൽ

സ്വന്തം ലേഖകൻ

നിരാശയിൽ നിന്ന് പ്രത്യാശയിലേക്ക് മനുഷ്യരെ കൈപിടിച്ചുയർത്തുകയും അവർക്ക് വഴിവിളക്കാവുകയും ചെയ്യുന്ന മനുഷ്യരെ കാലം പല പേരുകളിൽ വിളിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച്, ആരോരുമില്ലാത്ത, തലചായ്ക്കാൻ ഒരു കൂരപോലുമില്ലാതെ, ഒരു നേരത്തെ ഭക്ഷണംപോലും ലഭിക്കാതെ വർത്തമാനകാലത്തിന്റെ തിരക്കിൽനിന്ന് നിഷ്‌കരുണം തള്ളപ്പെടുന്ന ജീവിതങ്ങളെ ചേർത്തുപിടിക്കുന്നവരെ. കരുണയുടെ ആ മുഖമാണ് മനുഷ്യത്വത്തെ മഹനീയമാക്കുന്നത്. എങ്കിൽ തോമസ് ഓലിയാംകുന്നേൽ എന്ന മലയാളിയും മനുഷ്യത്വത്തിന്റെ മഹനീയതയ്ക്ക് ഉദാഹരണമാകുന്നു. സഹജീവി സ്നേഹത്തിന്റെ ഉറവ വറ്റാത്ത ഹൃദയവും പ്രത്യാശയുടെ കരങ്ങളുമാണ് വഴത്തലയെന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന പിന്നീട് മൂവാറ്റുപുഴ മാറാടിയിലേക്ക് താമസംമാറിയ തോമസ് ഓലിയാംകുന്നേലിനെ മറ്റു മനുഷ്യരിൽനിന്ന് വ്യത്യസ്തമാക്കുന്നതും. ഏതു ദേശത്തായാലും മനുഷ്യന്റെ ദാരിദ്ര്യത്തിനും വേദനയ്ക്കും ഒരേ മുഖമാണ്. ഇതുകൊണ്ടുതന്നെയാണ് അമേരിക്കയിൽ താമസിക്കുന്ന തോമസിന് വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ ഭാഷയോ ദേശമോ തടസമാവാത്തതും. ടെക്സസിൽ താമസിക്കുന്ന തോമസിന്റെ സഹായ ഹസ്തങ്ങൾ തേടിയെത്തിയവരിൽ നിരവധിപേരുണ്ട്. ലാഭനഷ്ട കണക്കുകളിൽ തലപുകയ്ക്കുന്നവർക്കിടയിലും ജീവിതത്തിന്റെ ലഹരിയിൽ മതിമറന്നുല്ലസിക്കുന്നവർക്കിടയിലും തോമസിന്റെ ആനന്ദം വേദനിക്കുന്ന സഹജീവികളെ കൈത്താങ്ങുന്നതിലാണ്. ഇതുകൊണ്ടുതന്നെ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കു മുഖമുദ്രയായി മാറിയിരിക്കുകയാണ് തോമസ് ഓലിയാംകുന്നേൽ. ഏതൊരു മലയാളിക്കും അഭിമാനിക്കാനാവുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഇദ്ദേഹം ഏവരുടെയും പ്രിയപ്പെട്ടവനാവുന്നതും അതുകൊണ്ടുതന്നെയാണ്.

നിലവിൽ ഫോമയുടെ സതേൺ റീജിയണൽ പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. തോമസ് ഓലിയാംകുന്നേലിന്റെ കാരുണ്യപ്രവർത്തനത്തിന്റെ സഞ്ചാരപഥങ്ങളിൽ സുരക്ഷിതത്വത്തിന്റെ തീരമണഞ്ഞവർ നിരവധിയുണ്ട്. ആ സ്നേഹവും കരുതലും കരുണയും തിരിച്ചറിഞ്ഞവരുടെ പട്ടികയിൽ കോട്ടയം സ്വദേശി കുരുവിളയെ പോലുള്ളവരുമുണ്ട്. പിറന്നനാടുംവീടുംവിട്ട് അമേരിക്കയിലത്തിയ കുരുവിള പ്രതിസന്ധികളുടെ നടുക്കയത്തിലേക്ക് എറിയപ്പെട്ടപ്പോൾ ഒരു ദൈവദൂതനെപോലെ അവതരിച്ചത് തോമസ് ഓലിയാംകുന്നേലായിരുന്നു. അധികമാരും അറിയാതെ, പ്രശസ്തികളുടെ കുട ചൂടാതെ അദ്ദേഹം നടത്തിവന്ന കാരുണ്യപ്രവർത്തനം പക്ഷേ കുരുവിളയ്്ക്ക് കൈത്താങ്ങായതിലൂടെ ലോകംവീണ്ടും തിരിച്ചറിഞ്ഞു. കുരുവിളയ്ക്ക് താമസിക്കാനുള്ള സ്ഥലസൗകര്യമുൾപ്പടെ നൽകാൻ തോമസിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫോമയ്ക്കും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) ഭാരവാഹികളായ ജിജു കുളങ്ങര, സാം ജോസഫ് എന്നിവർക്കുമായി. സഹജീവിയുടെ കണ്ണീരൊപ്പിയ ആ നിമിഷങ്ങൾ ഏവർക്കും അഭിമാന മുഹൂർത്തവുമായി.

്തോമസിന്റെ കരുണാർദ്രമായ മനസിന്റെ പ്രവാഹം ഒരു സുപ്രഭാതത്തിൽ അമേരിക്കയിൽനിന്ന് പൊട്ടിമുളച്ചതല്ല. അതിന് മലയാളക്കരയുടെ പരിചിത ഗന്ധമുണ്ടായിരുന്നു. നാട്ടിൽവച്ചുതന്നെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് ജോലിതേടി കടലുകൾ താണ്ടിയെത്തിയപ്പോഴും സ്നേഹത്തിന്റെയും സഹായത്തിന്റെയും പ്രവാഹമായി ഇപ്പോഴും ഒഴുകുന്നത്. 1977 മുതൽ കേരള സ്റ്റേറ്റ് ഫാർമസിയിലായിരുന്നു തോമസിന് ജോലി. പിന്നീടാണ് പ്രവാസലോകത്തേക്കുള്ള യാത്ര ആരംഭിക്കുന്നത്. 1982 ൽ യമനിൽ പോയി. യമനിലെ മിനിസ്റ്ററി ഓഫ് ഹെൽത്തിലെ ആദ്യത്തെ ഇന്ത്യൻ ഫാർമസ്റ്റിസ്റ്റുമായിരുന്നു തോമസ് ഓലിയാംകുന്നേൽ എന്ന മൂവാറ്റുപുഴക്കാരൻ.

1986 ലാണ് അമേരിക്കയിലേക്ക് ചെക്കേറിയത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ പ്രകാശവും പൂർണതയും അമേരിക്കയിൽ നിന്ന് കൂടുതൽ ഉജ്വലമായി. ടെക്സസിലാണ് ഇപ്പോഴുള്ളത്. ബെന്റാവ് കൗണ്ടി ആശുപത്രിയിൽ 20 വർഷത്തോളമാണ് ജോലി ചെയ്തത്. 1989 ൽ ടെക്സസ് സതൺ യൂണിവേഴ്സിറ്റിയിൽ നിന്നു കാർഡിയോ പെർമനന്ററിയിൽ ബിരുദവും നേടി. അദ്ദേഹത്തിന്റെ സേവന-സന്നദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഭാര്യ ലില്ലിക്കുട്ടിയുണ്ട്. വിഎ ഹോസ്പിറ്റലിൽ നഴ്സാണ്. മൂന്നുമക്കളാണ് തോമസ്-ലില്ലിക്കുട്ടി ദമ്പതികൾക്ക്. ദിവ്യ, ഡയാന, ദീപ. പ്രവർത്തനമികവും നിരീക്ഷണപാടവും മാനവിക ദർശനവും ഒന്നിച്ചുചേർന്ന തോമസ് മലയാളികൾക്കിടയിൽ ഏറെ പ്രിയപ്പെട്ടവനായി തീർന്നു. 1988 ൽ മുതൽ മലയാളി അസോസിയേഷനിലെ സജീവ പ്രവർത്തകനാണ് ഇദ്ദേഹം. 2007 ൽ ടെക്സിലെ മലയാളി അസോസിയേഷൻ പ്രസിഡന്റായിരുന്നു. അക്കൊല്ലം സ്വന്തമായി മലയാളി അസേസിയേഷന് കെട്ടിടം വാങ്ങിയതും തോമസിന്റെ പ്രവർത്തങ്ങളുടെ വിജയമായിരുന്നു.

2010ലും 2018 ലും ഫോമയുടെ സതേൺ റീജിയൺ പ്രസിഡന്റായി. 2008, 2012 ൽ ഫോമയുടെ നാഷ്ണൽ കമ്മറ്റി അംഗമായും ഇദ്ദേഹം പ്രവർത്തിച്ചു. മഹാനഗരത്തിന്റെ തിരക്കിലും മലയാളക്കരയെ മറക്കാത്ത, വേദനിക്കുന്നവർക്ക് സഹായഹസ്തങ്ങളുമായി എത്തുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. 2009 ൽ ഫോമയ്ക്കു വേണ്ടി ഇടുക്കിയിലെ അഞ്ചു പഞ്ചായത്തുകളിലെ ആയിരം രോഗികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്താൻ തോമസിന് സാധിച്ചു. അമൃത ആശുപത്രിയുമായി സഹകരിച്ചായിരുന്നു മെഡിക്കൽ ക്യാമ്പ്. 50 പേർക്ക് സൗജന്യമായി വീൽ ചെയർ കൊടുത്തു.

ദാരിദ്ര്യത്തിലും രോഗത്തിന്റെ വേദനയിലും കഴിഞ്ഞ അനവധിപേരുടെ കണ്ണീരൊപ്പാൻ ഇതിലൂടെ തോമസിനായി. ഇതുകൊണ്ടുതന്നെ മറ്റുള്ളവരുടെ മനസിൽ തോമസ് എന്ന കരുണയുള്ള മനുഷ്യന്റെ മുഖം എപ്പോഴുമുണ്ട്.
ഇടുക്കിയിലും എറണാകുളത്തുമായി 100 ഓളം പേർക്ക് സൗജന്യമായി മെഡിക്കൽ ക്യാമ്പ് നടത്തി. തിരുവല്ല കടപ്രയിൽ ഫോമയുടെ ഭാഗമായി 40 വീടുകളാണ് നിർമ്മിച്ചുകൊടുത്തത്. ഇതിലൂടെ സ്വന്തമായി വീടെന്ന നിരവധി കുടുംബങ്ങളുടെ സ്വപ്നസഞ്ചാരത്തിൽ പങ്കാളിയാകാനും അദ്ദേഹത്തിന് സാധിച്ചു.

സഹായഹസ്തങ്ങളിൽ മാത്രമല്ല, നാടിന് ഒരു പ്രശ്നംസൃഷ്ടിക്കുന്ന വിഷയങ്ങൾക്കെതിരെ പ്രതികരിക്കാനും അദ്ദേഹം മുമ്പിലുണ്ട്. ഇതുകൊണ്ടുതന്നെയാണ് മുല്ലപ്പെരിയിറിലെ ആളുകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടു നടത്തിയ സമരത്തിൽ തോമസ് പങ്കെടുത്തത്. അമേരിക്കയിൽ നിന്നു 35 പെരെയും സമരത്തിൽ പങ്കെടുപ്പിക്കാനായി അദ്ദേഹം എത്തിച്ചുവെന്നത് നാടിന്റെ സുരക്ഷിതത്വത്തിൽ എത്രമാത്രം ജാഗ്രത കാണിക്കുന്നുവെന്നതിന്റെ തെളിവാണ്. ചെറുപ്പം മുതലക്കെ തന്നെ കോൺഗ്രസ്സ് അനുഭാവിയായ അദ്ദേഹം പാർട്ടിയോട് ഇപ്പോഴും കൂറുപുലർത്തുന്ന വ്യക്തികൂടിയാണ്. തോമസ് ഒരു പുഴപോലെ ഒഴുകുകയാണ്. അതിന്റെ സഞ്ചാരപഥങ്ങളിൽ ദേശങ്ങളും ദേശാന്തരങ്ങളുമുണ്ട്. സ്വായത്തമാക്കിയ പൈതൃക ദാന-ധർമവും അതിന്റെ ശക്തി സൗന്ദര്യങ്ങളുമുണ്ട്. അതിന്റെ പ്രവാഹങ്ങൾക്ക് നീർച്ചാലിന്റെ തെളിമയും നീലത്തടാകത്തിന്റെ സ്വച്ഛതയുമുണ്ട്. സഹജീവിസ്നേഹത്തിന്റെ ആഴവും പരപ്പുമുള്ള മഹാനദിയായി അത് ഒഴുകട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP