Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വടക്കേ ഇന്ത്യയിലെ മതഭ്രാന്തിന്റെ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്; അതിനവർ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടില്ല; 'മിന്നൽ മുരളി'യുടെ സെറ്റ് തകർത്ത രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ ടൊവിനോ തോമസ്; സിനിമാ സെറ്റിടാൻ അനുമതി നൽകിയിരുന്നുവെന്ന് മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികൾ; ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി

വടക്കേ ഇന്ത്യയിലെ മതഭ്രാന്തിന്റെ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്; അതിനവർ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടില്ല; 'മിന്നൽ മുരളി'യുടെ സെറ്റ് തകർത്ത രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ ടൊവിനോ തോമസ്; സിനിമാ സെറ്റിടാൻ അനുമതി നൽകിയിരുന്നുവെന്ന് മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികൾ; ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'മിന്നൽ മുരളി'യുടെ സെറ്റായിട്ട പള്ളി പൊളിച്ച ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ ആഞ്ഞടിച്ചു നടൻ ടൊവിനോ തോമസ്. സെറ്റ് തകർത്ത സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സിനിമയിലെ നായകൻ ടൊവിനോ അറിയിച്ചു. 'ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ഈ സെറ്റിൽ ഷൂട്ടിങ് ആരംഭിക്കുന്നതിനു തൊട്ട് മുൻപാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതും, ഞങ്ങളുടേതുൾപ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിങ് നിർത്തി വയ്ക്കുന്നതും'. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ടൊവിനോയുടെ പ്രതികരണം.

വീണ്ടും ഷൂട്ടിങ് എന്നു ആരംഭിക്കാൻ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വർഗ്ഗീയവാദികൾ തകർത്തതെന്ന് ടൊവിനോ പറഞ്ഞു. അതിനവർ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്', ടൊവിനോ പറഞ്ഞു.

അതേസമയം സിനിമക്കായി കാലടി മണപ്പുറത്ത് നിർമ്മിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗദൾ പൊളിച്ച സംഭവത്തിൽ പൊലീസിൽ പരാതിയുമായി മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികൾ രംഗത്തെത്തി. പെരുമ്പാവൂർ പൊലീസിലാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. മിന്നൽ മുരളി സിനിമക്കായി സെറ്റ് ഇടാൻ സിനിമ സംഘത്തിന് അനുമതി നൽകിയിരുന്നതായി സമിതി വ്യക്തമാക്കി.

കാലടി മണപ്പുറത്ത് സ്ഥാപിച്ചിരുന്ന ക്രിസ്ത്യൻ ദേവാലയത്തിന്റെ സിനിമാ സെറ്റ് അഖില ഹിന്ദു പരിഷത്ത് പ്രവർത്തകരാണ് ഭാഗികമായി പൊളിച്ചുമാറ്റിയത്. ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമക്കായി നിർമ്മിച്ച സെറ്റാണ് പൊളിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കൊലപാതക കേസിലെ പ്രതി കൂടിയായ കാര രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു പൊളിക്കൽ. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമക്കായി മാർച്ചിലാണ് പള്ളിയുടെ സെറ്റിട്ടത്. ലോക് ഡൗൺ മൂലം ചിത്രീകരണം നടത്താൻ കഴിഞ്ഞിരുന്നില്ല.

കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിർമ്മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദൾ പ്രവർത്തകർ പൊളിച്ചത്. ഇതിന്റെ ചിത്രങ്ങൾ പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്. സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തിൽ സിനിമാ നിർമ്മാണം നിർത്തിവച്ചതിനാൽ പകുതിമാത്രമായി നിർമ്മാണം അവസാനിപ്പിക്കേണ്ടിവന്നു. 45 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധപ്രവർത്തനങ്ങൾക്കും വേണ്ടി ഇതിനോടകം ചെലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

സെറ്റ് നിർമ്മാണത്തിനായി അമ്പലകമ്മറ്റിയുടെയും ഇറിഗേഷൻ വിഭാഗത്തിന്റെയും അനുമതി വാങ്ങിച്ച ശേഷമാണ് സെറ്റ് നിർമ്മാണം ആരംഭിച്ചത്. ഗോദയ്ക്കു ശേഷം ബേസിൽ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളിയുടെ ആദ്യ ഘട്ട ചിത്രീകരണം വയനാട്ടിൽ പൂർത്തിയായിരുന്നു. വയനാട് ഷെഡ്യൂളിന് ശേഷം കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നതിനിടെയാണ് കൊവിഡ് ഭീഷണി ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP