Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ

ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ

ആർ പീയൂഷ്

കൊല്ലം: മൂർഖൻ പാമ്പിനെകൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊല ചെയ്ത സൂരജിന് പാമ്പിനെ നൽകിയ പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ് ഭവനിൽ ചാവറുകാവ് സുരേഷ് എന്നറിയപ്പെടുന്ന സുരേഷ് കുമാറിന്റെ വീട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച ഒരു മൂർഖൻ പാമ്പിനെ കണ്ടെടുത്തു.

വൈൽഡ് ലൈഫ് ആക്ട് പ്രകാരം സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. കൂടാതെ ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ തല്ലിക്കൊന്ന സംഭവത്തിൽ സൂരജിന്റെയും സുരേഷിന്റെയും പേരിൽ മറ്റൊരു കേസു കൂടി എടുത്തു. ഏഴു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കണ്ടെടുത്ത മൂർഖൻ പാമ്പിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നു വിട്ടു.

സുരേഷ് അടുത്തിടെയാണ് പാമ്പുപിടുത്തവുമായി രംഗത്ത് ഇറങ്ങിയത്. ബസുകളും പശു, ആട് എന്നിവയുടെ ഫാമും ഇയാൾക്ക് സ്വന്തമായുണ്ട്. പ്രശസ്തിയും പണവും ആഗ്രഹിച്ചാണ് പാമ്പു പിടുത്ത രംഗത്തേക്ക് എത്തിയതെന്ന് ഇയാളുടെ അടുത്ത സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. എവിടെയെങ്കിലും പാമ്പിനെ കണ്ടു എന്നറിഞ്ഞാൽ ഉടൻ അവിടെ പാഞ്ഞെത്തും. പാമ്പിനെ പിടികൂടിയ ശേഷം ക്യാമറക്ക് മുന്നിൽ വലിയ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

വല്ലാതെ വേദനിപ്പിച്ചാണ് പാമ്പിനെ ഇയാൾ പിടികൂടുന്നത്. വാവ സുരേഷിനെ പോലെയുള്ള വിദഗ്ദ്ധരായ പാമ്പു പിടുത്തക്കാർ പാമ്പിന് വേദനയുണ്ടാക്കാതെ സൂക്ഷമമായാണ് പിടികൂടുന്നത്. തല ഭാഗത്താണ് ഇവർ പിടിക്കുന്നത്. ഈ പിടുത്തം മുറുകിയാൽ പാമ്പിന് പരിക്ക് ഏൽക്കുകയും ഭക്ഷണം കഴിക്കാൻ കഴിയാതെയാകുകയും ചെയ്യും. പിന്നീട് ഇവ ചത്തു പോകുകയാണ് പതിവ്. തല ഭാഗത്ത് ചവിട്ടി പിടിച്ചാണ് പാമ്പിനെ സുരേഷ് പിടികൂടുന്നത്. ഇത് പാമ്പിന് ആന്തരികമായ പരിക്ക് ഏൽക്കാൻ കാരണമാകും.

പിടികൂടിയ ശേഷം ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്നൊക്കെ കാണികളെ നോക്കി തട്ടിവിടും. ഈ ദൃശ്യങ്ങളൊക്കെ ഇയാളുടെ തന്നെ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഏതാനം ദിവസങ്ങൾക്ക് മുൻപ് കൊല്ലം ഫോറസ്റ്റ് ഓഫീസിൽ എത്തി തന്നെയും പാമ്പിനെ പിടികൂടാൻ വിളിക്കണമെന്ന് ആവിശ്യപ്പെടുകയുണ്ടായി. രാജ വെമ്പാലയെ പിടിക്കുക എന്നത് തന്റെ ഒരു ആഗ്രഹമാണെന്നും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഇയാൾ പറഞ്ഞിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സുരേഷ് ആദ്യം അണലിയെ സൂരജിന് കൈമാറുന്നത്. സൂരജിന്റെ വീട്ടിൽ വച്ചായിരുന്നു ഇടപാട്. പിന്നീട് ഉഗ്ര വിഷമുള്ള കരിമൂർഖനെ ഏനാത്തിന് സമീപം റോഡിൽ വച്ചാണ് നൽകിയത്. കുപ്പിയിൽ അടച്ച മൂർഖനെ അടൂർ പറക്കോട്ടെ വീട്ടിലേക്ക് കൊണ്ടു പോകുകയും പിന്നീട് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തിക്കുകയുമായിരുന്നു. രാത്രിയിൽ ഉത്ര ഉറങ്ങുന്നതു വരെ കാത്തിരുന്ന സൂരജ് പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ട് കടിപ്പിച്ചു. ഇങ്ങനെയാണ് ഉത്ര മരണപ്പെട്ടത്.

മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു ചാവറുകാവ് സുരേഷുമായുള്ള ബന്ധം കണ്ടെത്തുന്നത്. രണ്ട് മാസത്തിനിടെ മുപ്പതിലേറെ തവണയാണ് സൂരജ് സുരേഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നത്. സുരേഷിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പാമ്പിനെ സൂരജ് വാങ്ങിയ കാര്യം പൊലീസിന് മുന്നിൽ തുറന്ന് പറഞ്ഞു. ഇതോടെ അതുവരെ പൊലീസിന് മുന്നിൽ പിടിച്ചു നിന്നിരുന്ന സൂരജ് സത്യം തുറന്നു പറയുകയായിരുന്നു.

സൂരജിന്റെ ഫോൺ കോളുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് സുരേഷുമായുള്ള ബന്ധത്തിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പാമ്പ് കടി കൊലപാതകമാണെന്ന് പൊലീസിന് മുന്നിൽ സൂരജ് സമ്മതിച്ചത്. സുരേഷിന്റെ പക്കൽ നിന്നും വാങ്ങിയ പാമ്പിനെ രാത്രിയിൽ ഉത്രയെ കടിപ്പിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഉത്രയുടെ ഭർത്താവ് സൂരജിനെയും പാമ്പു പിടുത്തക്കാരൻ ചാവറുകാവ് സുരേഷിനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ തുടങ്ങിയത്. മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിൽ സുരേഷിന്റെ പക്കൽ നിന്നും പാമ്പിനെ രൂപ കൊടുത്തു വാങ്ങി എന്ന് അന്വേഷണ സംഘം കണ്ടെത്തി. പിന്നീടാണ് സൂരജ് കുറ്റം സമ്മതിച്ചത്. വെറും ഒരു പാമ്പു കടി മാത്രമാണ് മരണ കാരണം എന്ന് കരുതിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു.

പിന്നാലെ ഇതേ സംശയമുന്നയിച്ച് നിരവധിപേർ സമൂഹ മാധ്യമങ്ങളിലും മുന്നോട്ട് വന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം കൃത്യമായ തെളിവുകളോടെ ഉത്രയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. അഞ്ചൽ പൊലീസ് അന്വേഷിക്കുന്നതിനിടയിൽ സൂരജ് കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറിന് മുൻപാകെ ഉത്രയുടെ മരണത്തിന് പിന്നിൽ സഹോദരനാണ് എന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതാണ് വെറും ഒരു പാമ്പു കടി മരണം കൊലപാതകമാണെന്ന് തെളിയാനിടയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP