Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യാനായി സെറ്റിട്ട പള്ളിയായിരുന്നു; ക്ഷേത്രത്തിന്റെ ഉൾപ്പടെ അനുമതി വാങ്ങി, ചെന്നൈയിൽ നിന്നും എത്തിച്ചു പണിത സെറ്റായിരുന്നു; മഹാമാരിയെത്തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കുകയും ഷൂട്ട് ആരംഭിക്കാനുള്ള സർക്കാർ മാർഗനിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയുമായിരുന്നു; എല്ലാവിധ അനുമതിയും ഞങ്ങൾ വാങ്ങിയിരുന്നു; സംഭവം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി; മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ചതിൽ പ്രതികരണവുമായി നിർമ്മാതാവ് സോഫിയ പോൾ

ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യാനായി സെറ്റിട്ട പള്ളിയായിരുന്നു; ക്ഷേത്രത്തിന്റെ ഉൾപ്പടെ അനുമതി വാങ്ങി, ചെന്നൈയിൽ നിന്നും എത്തിച്ചു പണിത സെറ്റായിരുന്നു; മഹാമാരിയെത്തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കുകയും ഷൂട്ട് ആരംഭിക്കാനുള്ള സർക്കാർ മാർഗനിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയുമായിരുന്നു; എല്ലാവിധ അനുമതിയും ഞങ്ങൾ വാങ്ങിയിരുന്നു; സംഭവം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി; മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ചതിൽ പ്രതികരണവുമായി നിർമ്മാതാവ് സോഫിയ പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ടൊവിനോ തോമസ് നായകനായ മിന്നൽ മുരളിയുടെ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റ് പൊളിച്ച സംഭവം നിർഭാഗ്യകരമെന്ന് ചിത്രത്തിന്റെ നിർമ്മാതാവും വീക്കെൻഡ് ബ്ലോക്‌ബസ്റ്റേഴ്സിന്റെ ഉടമയുമായ സോഫിയ പോൾ. നിർമ്മാണത്തിലായിരുന്ന മിന്നൽ മുരളി ഒരു സ്വപ്ന പദ്ധതിയാണ്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും കഴിഞ്ഞിരുന്നെന്നും സോഫിയ പ്രതികരിച്ചു.

'ചിത്രത്തിന്റെ വലിപ്പവും മറ്റും പരിഗണിച്ച് ഏകദേശം രണ്ട് വർഷമാണ് പ്രീപ്രൊഡക്ഷനും മറ്റുമായി കരുതിയിരുന്നത്. സിനിമാ ചിത്രീകരണത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മാറിയാലുടൻ ചിത്രത്തിന്റെ ബാക്കി ഭാഗങ്ങളും ഷൂട്ട് ചെയ്യും. അടുത്ത ഷൂട്ട് പ്ലാൻ ചെയ്തത് കാലടിയിലായിരുന്നു. ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യാനായി ഞങ്ങൾ ഒരു പള്ളിയുടെ സെറ്റിട്ടിരുന്നു. നിർഭാഗ്യവശാൽ, മഹാമാരിയെത്തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കുകയും ഷൂട്ട് ആരംഭിക്കാനുള്ള സർക്കാർ മാർഗനിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയുമായിരുന്നു. സെറ്റ് കാലടിയിലിടാനും ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗം അവിടെ ചിത്രീകരിക്കാനുമായിരുന്നു തീരുമാനം. ഇതിനായി എല്ലാവിധ അനുമതിയും ഞങ്ങൾ വാങ്ങിയിരുന്നു.

ഇന്നത്തെ സംഭവം വളരെ നിർഭാഗ്യകരവും വലിയ നഷ്ടവുമാണ്', സോഫിയ പറഞ്ഞു. ക്ഷേത്രം അധികൃതരിൽ നിന്ന് ഉൾപ്പെടെ എല്ലാ വകുപ്പുകളിൽ നിന്നും അനുമതി വാങ്ങിയാണ് സെറ്റ് നിർമ്മിച്ചതെന്നും സോഫിയാ പോൾ അറിയിച്ചു. വയനാട്ടിലെ ചിത്രീകരണത്തിന് ശേഷം മാർച്ച് 9 മുതൽ കാലടിയിൽ ഷൂട്ടിങ് തുടങ്ങാനിരുന്നതാണ്. കൊവിഡ് ലോക്ക് ഡൗൺ വന്നതോടെ ചിത്രീകരണം മുടങ്ങുകയായിരുന്നു എന്നാണ് സോഫിയ പറയുന്നത്. കാലടി മണപ്പുറത്ത് നിന്ന് ക്ഷേത്രഭാരവാഹികളിൽ നിന്നും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും ഉൾപ്പെടെ എല്ലാ വിഭാഗത്തിൽ നിന്നും അനുമതി വാങ്ങിച്ചാണ് സിനിമക്ക് വേണ്ടി സെറ്റിട്ടത്. ക്ഷേത്രം അധികൃതരിൽ നിന്ന് നല്ല രീതിയിലുള്ള സഹകരണമാണ് ലഭിച്ചത്.

മാർച്ച് 10 മുതൽ ഇവിടെ ചിത്രീകരിക്കാനായിരുന്നു ആലോചന. സെറ്റ് വേഗത്തിൽ തീർക്കാനായി 100 നടുത്ത് ആശാരിമാരെ ചെന്നൈയിൽ നിന്നാണ് കൊണ്ടുവന്നത്. ഇരട്ടി ദിവസക്കൂലി നൽകിയാണ് പണി പൂർത്തിയാക്കിയത്. മണപ്പുറത്ത് ചിത്രീകരിക്കുന്നതിന് വാടകയുടെ ആദ്യഗഡു നൽകിയതുമാണ്. അനുമതി ലഭിച്ചതിന്റെ പകർപ്പുകൾ കയ്യിലുണ്ട്. വലിയൊരു പള്ളിയുടെ സെറ്റാണ് സജ്ജീകരിച്ചചെന്നും അവർ പറഞ്ഞു.

കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിർമ്മാണത്തിലിരുന്ന സെറ്റാണ് ബജ്‌റംഗദൾ പ്രവർത്തകർ പൊളിച്ചത്. ഇതിന്റെ ചിത്രങ്ങൾ പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബജ്‌റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്. സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തിൽ സിനിമാ നിർമ്മാണം നിർത്തിവച്ചതിനാൽ പകുതിമാത്രമായി നിർമ്മാണം അവസാനിപ്പിക്കേണ്ടിവന്നു. 45 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധപ്രവർത്തനങ്ങൾക്കും വേണ്ടി ഇതിനോടകം ചെലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സെറ്റ് നിർമ്മാണത്തിനായി അമ്പലകമ്മറ്റിയുടെയും ഇറിഗേഷൻ വിഭാഗത്തിന്റെയും അനുമതി വാങ്ങിച്ച ശേഷമാണ് സെറ്റ് നിർമ്മാണം ആരംഭിച്ചത്.

ഗോദയ്ക്കു ശേഷം ബേസിൽ ജോസഫ് ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളിയുടെ ആദ്യ ഘട്ട ചിത്രീകരണം വയനാട്ടിൽ പൂർത്തിയായിരുന്നു. വയനാട് ഷെഡ്യൂളിന് ശേഷം കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നതിനിടെയാണ് കൊവിഡ് ഭീഷണി ഉയർന്നത്. കാലടി മണപ്പുറത്ത് ഇത്തരത്തിൽ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്‌റംഗദൾ പ്രവർത്തകരുടെ വിശദീകരണം.

സിനിമാ സെറ്റ് തകർക്കുകയും വർഗീയ വിദ്വേഷ പ്രചരണം നടത്തുകയും ചെയ്യുന്നതിനെതിരെ സിനിമയുടെ അണിയറ പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്. മനു ജഗത് ആണ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈൻ. സമീർ താഹിറാണ് മിന്നൽ മുരളിയുടെ ക്യാമറ. ജിഗർതണ്ട, ജോക്കർ എന്നീ സിനിമകളിലൂടെ ശ്രദ്ധയേനായ ഗുരു സോമസുന്ദരം ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഷാൻ റഹ്മാനാണ് സംഗീതം. കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മിന്നൽ മുരളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP