Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊഴുപ്പിൽ ലയിക്കുന്ന കൃത്രിമ നിറങ്ങൾ നൽകിയും തീറ്റകളിൽ മാറ്റം വരുത്തിയും മുട്ടയുടെ നിറമാറ്റം വരുത്താം! ആയിരം രൂപക്ക് വിൽപന നടത്തിയിരുന്ന മലപ്പുറത്തെ പച്ചക്കോഴിമുട്ടകൾ അവസാനം മഞ്ഞയായി മാറി; മലപ്പുറത്തെ കോഴിമുട്ടയുടെ മഞ്ഞക്കരു പച്ചക്കരുവായതിന് പിന്നിലെ കാരണം വെറ്ററിനറി സർവകശാലയിലെ ശാസ്ത്ര സംഘം കണ്ടെത്തുമ്പോൾ

കൊഴുപ്പിൽ ലയിക്കുന്ന കൃത്രിമ നിറങ്ങൾ നൽകിയും തീറ്റകളിൽ മാറ്റം വരുത്തിയും മുട്ടയുടെ നിറമാറ്റം വരുത്താം! ആയിരം രൂപക്ക് വിൽപന നടത്തിയിരുന്ന മലപ്പുറത്തെ പച്ചക്കോഴിമുട്ടകൾ അവസാനം മഞ്ഞയായി മാറി; മലപ്പുറത്തെ കോഴിമുട്ടയുടെ മഞ്ഞക്കരു പച്ചക്കരുവായതിന് പിന്നിലെ കാരണം വെറ്ററിനറി സർവകശാലയിലെ ശാസ്ത്ര സംഘം കണ്ടെത്തുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: ആയിരംരൂപക്കുവരെ വിൽപന നടത്തിയിരുന്ന മലപ്പുറത്തെ പച്ചക്കോഴിമുട്ടകൾ അവസാനം മഞ്ഞയായിമാറി. മലപ്പുറം ഒതുക്കുങ്ങൽ അമ്പലവൻ കുളപ്പുരയ്ക്കൽ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികൾ ഇട്ടിരുന്ന പച്ച ഉണ്ണിയുള്ള മുട്ടകളുടെ രഹസ്യമാണിപ്പോൾ വെറ്ററിനറി സർവകശാല ശാസ്ത്ര സംഘം പുറത്തുവിട്ടത്.

മലപ്പുറത്തെ പച്ച ഉണ്ണിയുള്ള കോഴിമുട്ടയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം ഡോ.എസ്. ഹരികൃഷ്ണൻ, ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കര ലിംഗം എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കോഴികൾക്ക് നൽകുന്ന ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഏതോ പദാർഥമാണ് ഈ പച്ച നിറത്തിന് കാരണം എന്നായിരുന്നു ആദ്യ നിഗമനം.

സ്ഥലപരിശോധനയ്ക്ക് ശേഷം കൂടുതൽ പരിശോധനയ്ക്കായി കോഴിമുട്ട സാമ്പിളുകൾ ശേഖരിച്ച് മണ്ണുത്തിയിലെ കോഴി വളർത്തൽ ഉന്നത പഠന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികളെ പ്രത്യേക കൂട്ടിലിടാനും രണ്ടാഴ്ച നൽകാനുള്ള ചോളവും, സോയാബീനും ചേർന്ന സമീകൃത തീറ്റ അധികൃതർ നൽകി. ഒരോ ആഴ്ചയിലും വരുന്ന മാറ്റം നിരീക്ഷിക്കാൻ ഒതുക്കുങ്ങൽ മൃഗസംരക്ഷണ വകുപ്പ് ഓഫിസർ ഡോ. മായ തമ്പിക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും നിറവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് കൂടുതൽ പഠനത്തിനായി കഴിഞ്ഞ തിങ്കളാഴ്ച സർവകലാശാല അധികൃതർക്ക് രണ്ട് കോഴികളെ ശിഹാബുദ്ദീൻ കൈമാറിയിരുന്നു. കോഴി വളർത്തൽ ഉന്നത പഠനകേന്ദ്രം ഡയറക്ടർ ഡോ.പി. അനിതയുടെ നേതൃത്വത്തിൽ പഠനം തുടരുന്നതിനിടയിൽ കഴിഞ്ഞ ദിവസം സർവകലാശാല അധികൃതർ നൽകിയ ഭക്ഷണം രണ്ടാഴ്ച കഴിച്ചതോടെ ഞായറാഴ്ച ഇട്ട കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാൻ തുടങ്ങി.

ശിഹാബുദ്ദീൻ ഈ വിവരം സർവകലാശാല അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ശിഹാബുദീൻ നൽകിയ കോഴികളിട്ട മുട്ടയും അധികൃതർ പരിശോധിച്ചതോടെ നിറമാറ്റം സ്ഥിരീകരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള നിറമാറ്റം വരുത്താൻ കൊഴുപ്പിൽ ലയിക്കുന്ന കൃത്രിമ നിറങ്ങൾ നൽകിയും, തീറ്റകളിൽ മാറ്റം വരുത്തിയും സാധിക്കുമെന്ന് 1935ൽ തന്നെ പഠന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ടെന്നും ഇത് യാതൊരു വിധ ജനിതക മാറ്റമല്ലെന്നും കണ്ടെത്താൻ സർവകലാശാലയ്ക്ക് കഴിഞ്ഞെന്നും ഡോ.എസ് ഹരികൃഷ്ണൻ പറഞ്ഞു.

അതേ സമയം മുസ്ലിംലീഗിന്റെ പച്ചക്കേട്ടയിലെ പച്ച ഉണ്ണിയുള്ള മുട്ടകൾ നാട്ടുകാർക്ക് കൗതുകമായിരുന്നു. ഏഴു മാസങ്ങൾക്കു മുമ്പാണ് തന്റെ കോഴികളുടെ മുട്ടയിൽ ശിഹാബ് ഇത്തരമൊരു മാറ്റം കണ്ടുതുടങ്ങിയതെന്നാണ് പറഞ്ഞിരുന്നത്. ഇതോടെ പല തലത്തിലുള്ള കോഴികളുടെ കൂട്ടത്തിൽ നിന്നും പച്ചമുട്ടയിടുന്നവരെ മാറ്റി പാർപ്പിച്ചു. തുടർന്നു ഇത്തരം മുട്ട വിരിഞ്ഞുണ്ടാകുന്ന കോഴികളും പച്ചമുട്ടകൾ തന്നെ ഇട്ടതോടെ യാണ് നാട്ടുകാർക്കു കൗതുകമായത്. അതോടപ്പം തന്നെ വിരിയുന്ന കുഞ്ഞുങ്ങളും മുട്ടയിടുന്ന പച്ച ഉണ്ണിയോടെ എന്നറിഞ്ഞതോടെ മുട്ടക്കും കോഴിക്കുഞ്ഞുങ്ങൾക്കും ആവശ്യക്കാരേറി .

മുട്ട ഒന്നിന് 150 രൂപ മുതൽ 1000 രുപ ക്കു വരെ വിറ്റിരുന്നതായി ശിഹാബ് പറഞ്ഞു. ഇപ്പോഴും മുട്ടക്കു നിരവധി ആവശ്യക്കാരുണ്ട്. പച്ചമുട്ടക്ക് സാധാരണ മുട്ടയിലേറെ പോഷക ഗുണങ്ങളുണ്ടോ എന്നു തനിക്കറിയില്ലെന്നും നാട്ടുകാർ മുട്ട വിരിയിക്കാനായാണ് കൊണ്ട് പോകുന്നതെന്ന് ശിഹാബ് പറഞ്ഞു. പല തരത്തിലുള്ള കോഴികളെ ഒരുമിച്ചായിരുന്നു ശിഹാബ് വളർത്തിയിരുന്നത്. ഇവർ പരസ്പരമുള്ള കൂടി ചേരലിലാകാം ഇത്തരമൊരു മുട്ടയും കോഴികളും ഉണ്ടാകാൻ വഴിവെച്ചതെന്നായിരുന്നു സംഭവത്തെ കുറിച്ച് ശിഹാബ് പറഞ്ഞിരുന്നത്. ശിഹാബിന്റെ വീട്ടിൽ പച്ച മുട്ടയിടുന്ന ഏഴു കോഴികളാണുണ്ടായിരുന്നത്.

സാധാരണ കോഴി മുട്ടകളുടെ ഉണ്ണികൾ മഞ്ഞ നിറമാണെന്നതിനാൽ തന്നെ ആദ്യം പച്ച നിറംകണ്ടപ്പോൾ കേടായതാണോ മറ്റോ സംശയിച്ചുവെങ്കിലും പിന്നീടാണ് ഇത് ജനിതകമാറ്റത്തിലൂടെയോ മറ്റേ സംഭവച്ചതാകാമെന്ന് മനസ്സിലാക്കിയത്. ഏതായും നിലവിൽ പച്ചമുട്ട താരമായിരിക്കുകയാണ് മലപ്പുറത്ത്. മുമ്പ് തെരഞ്ഞെടുപ്പ് കാലങ്ങളിൽ മുസ്ലിംലീഗ് വിജയിച്ചാൽ പച്ചലെഡു വ്യാപകമായി വിതരണം ചെയ്തിരുന്ന സ്ഥലമാണ് മലപ്പുറം. ഇവിടെ തന്നെ പച്ച ഉണ്ണികളുള്ള മുട്ടയുണ്ടായതിന്റെ വ്യത്യസ്തതയും നാട്ടുകാരിൽ സംസാര വിഷയമായി മാറിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP